ഇന്നുതന്നെ ഒരു കവിതയെഴുതണം.
നീളമൊട്ടും കുറയാതെ,
ഒരു നൂറ് അല്ലെങ്കിൽ, നൂറ്റിയമ്പത് താളുകൾ
എഴുതി നിറക്കണം.
അതിൽ ഒരു നായകൻ വേണം.
അവന് ഒരു ശത്രുവെങ്കിലും വേണം.
അവർ എപ്പോഴും കലഹിക്കണം.
കലഹം മൂക്കുമ്പോൾ,
ശത്രുക്കൾക്ക് തട്ടിക്കൊണ്ടുപോകാൻ
ഭാര്യയോ മക്കളോ
ശിഷ്യരോ വേണം.
അതിന്റെ പേരിൽ
അവർ കലഹം തുടരണം.
വാളുകൾ തമ്മിലിടയണം;
കളത്തിലിറങ്ങിയവർ മരിച്ചുവീഴണം.
പരിചകൾ തട്ടിത്തെറിപ്പിക്കണം;
കണ്ടുനിന്നവരുടെ ചോര പൊടിയണം.
ശത്രുവിനെ നിരായുധനാക്കണം.
കയ്യിലൊരു കമ്പോ
നെഞ്ചിലൊരു കവചമോ ഇല്ലാതെ
നിലത്തുവീണുകിടക്കുന്ന
ശത്രുവിന്റെ നെഞ്ചിൽത്തന്നെ
കയറിയിരിക്കണം നായകൻ.
അടിയറവുചൊല്ലി കരുണ യാചിക്കുന്ന
കണ്ണുകളിലൊന്ന് നോക്കുക കൂടി ചെയ്യാതെ
കൃത്യമായി ഹൃദയത്തിലേക്കുതന്നെ
വാൾമുന കുത്തിയിറക്കുകയും വേണം.
അപ്പോൾ പതഞ്ഞൊഴുകുന്ന രക്തം കണ്ട്
ചുറ്റുമുള്ളവർ ആരവം മുഴക്കണം.
പിന്നെ എല്ലാവരും ചിരകാലം
സന്തുഷ്ടരായി ജീവിക്കണം.
പരിസമാപ്തിക്ക് കനം പോരെന്നാകിൽപ്പിന്നെ
നായകൻ അസാന്മാർഗിയായി മാറണം.
ആൾക്കൂട്ടം കൂടി അവനെ കല്ലെറിയണം;
സദാചാരക്കുരിശിൽ തറക്കണം.
കവിതയിലെ കഥ
അവിടെത്തീരണം.
ഇന്നുതന്നെ ഒരു കവിതയെഴുതണം.
കവിതക്കൊടുക്കം
ആർക്കും തിരിയുന്ന ഭാഷയിൽ
ഇപ്പറഞ്ഞതൊക്കെ തികച്ചും സാങ്കല്പികമാണെന്നു
എഴുതിവെക്കണം.
അല്ലെങ്കിലൊരുപക്ഷേ,
ഞാനും എന്നെ അറിയുന്നവരും
മൺമറഞ്ഞ്,
പിന്നെയും
ഒരുപാട് വർഷവും
ഒരുപാട് ശൈത്യവും
അവയ്ക്കൊപ്പം
വേനലും വറുതിയും കഴിഞ്ഞാലും
എങ്ങാനും ഈ അക്ഷരങ്ങൾ
മങ്ങാതിരുന്നാൽ,
ആരെങ്കിലും വന്ന് ഇക്കവിതക്കൊരു
വ്യാഖ്യാനമൊരുക്കും;
അത് മനസ്സിലായെന്നുധരിക്കുന്നവർ
പുനർവ്യാഖ്യാനങ്ങളും.
കഥയിൽ യുദ്ധം ജയിച്ചവൻ ചെയ്തതെന്തോ
അതാണ് നന്മയെന്നും
തോറ്റവൻ ചെയ്തത് തിന്മയെന്നും
നിർവചനങ്ങളുണ്ടാകും.
പിന്നെ കാലം കടന്നുപോകുമ്പോൾ
ചിലർ അതിനെ
മഹാകാവ്യമെന്നുവിളിക്കും;
പിന്നെയും കുറെകഴിഞ്ഞാൽ, ഇതിഹാസമെന്നും.
അങ്ങനെയങ്ങനെ,
ഇപ്പാവം കവിത
പാഠപുസ്തകവും ചരിത്രവുമാകും.
നായകനും പ്രതിനായകനും ഒക്കെ
ആരാധനാപാത്രങ്ങളാകും.
അവർക്കുമുന്നിൽ കുറേപ്പേർ
കുമ്പിടും; മുട്ടുമടക്കും;
അങ്ങനെചെയ്യാത്തവരെ
മുട്ടുമടക്കിത്തൊഴിക്കും.
കലഹങ്ങൾ അങ്ങനെ
തുടർന്നുകൊണ്ടേയിരിക്കും.
ഇന്നുതന്നെ ഒരു കവിതയെഴുതണം.
കവിതയുടെ എല്ലാ ഏടുകളിലും
ആർക്കും തിരിയുന്ന ഭാഷയിൽ
ഇപ്പറഞ്ഞതൊക്കെ
തികച്ചും സാങ്കല്പികമാണെന്നു
എഴുതിവെക്കണം.
അവസാനതാളിൽ മാത്രമൊതുക്കിയാൽ
ഇനിയെങ്ങാനും
ബുദ്ധി വക്രിച്ചൊരാൾ വന്ന്
അത് മാത്രം ചീന്തിയെറിഞ്ഞാലോ!
Click this button or press Ctrl+G to toggle between Malayalam and English