ജസ്റ്റ് ബ്രൗസ് എ ചിക്

chicken

 

അത്രയ്ക്ക് നഗരമൊന്നുമായിട്ടില്ല. എന്നാലും നരച്ച തലമുടി ചായമടിച്ചു കറുപ്പിച്ചു പ്രഭാത സവാരിക്കിറങ്ങുന്ന പരിഷ്കാരിയുടെ എല്ലാ രൂപഭാവങ്ങളും ഉള്ള കെട്ടിടങ്ങള്‍. അവക്കിടയിലാണ് ലവ് ബേര്‍ഡ്സ് ചിക്കന്‍ സ്ടാള്‍.

ഒരു മാതിരിപ്പെട്ട കോഴിക്കടകള്‍ക്കൊക്കെ ഇറച്ചിക്കോഴികള്‍ വില്‍ക്കപ്പെടും എന്ന ബോര്‍ഡ് ഉണ്ടാകുമെങ്കിലും തന്റെ കടക്കു വ്യത്യസ്തമായ എന്തെങ്കിലും വേണമെന്ന് സാലിം അലിക്ക് നിര്‍ബന്ധമുണ്ടായിരുന്നത് കൊണ്ടാണ് ലവ് ബേര്‍ഡ്സ് എന്ന് പേരിട്ടത്.

ജസ്റ്റ് ബ്രൗസ് എ ചിക്

എന്ന പരസ്യവാചകവും അങ്ങിനെ പിറന്നതാണ്. ലവ് ബേര്‍ഡ്സ് എന്ന പേരില്‍ ഫേസ്‌ബുക്കിലും വാട്സപ്പിലും പേജുകള്‍ തുടങ്ങാനും അവന്‍ മറന്നില്ല. അതിലൂടെ ഇടപാടുകാര്‍ക്ക് വീട്ടിലിരുന്നു ഓര്‍ഡര്‍ ചെയ്യാനും ആവശ്യമെങ്കില്‍ ഡോര്‍ ഡെലിവറി ചെയ്തു കൊടുക്കാനും സൗകര്യം ഒരുക്കിയിരുന്നു. കടയില്‍ വന്നു ഇറച്ചിക്കായി കാത്തു നില്‍ക്കുന്നവര്‍ക്ക് സൗജന്യ വൈ ഫൈ സംവിധാനവും ലവ് ബെര്‍ഡ്സില്‍ ഉണ്ട്. അവന്റെ ഫോണ്‍ എപ്പോളും ഓണ്‍ലൈന്‍ ആയിരിക്കുകയും ചെയ്യും.

നഗരത്തിലെ ഒരു കടയില്‍ നിന്ന് കൊണ്ടാണ് അവന്‍ പണി പഠിച്ചത്. ആദ്യം വെറും കയ്യാള്‍. പിന്നെ കോഴിക്കച്ചവടത്തിന്റെ ബാലപാഠങ്ങള്‍ ഓരോന്നായി ചിക്കിചിനക്കി. നഗരത്തിലെ കടയിലെ ജോലി നിര്‍ത്തി സ്വന്തമായി ഒരു കടയെന്ന മോഹം കൂവി വിളിക്കാന്‍ തുടങ്ങിയതും അധികം കോഴിക്കടകള്‍ മുളച്ചു പൊന്താത്ത ഇവിടം തിരഞ്ഞെടുത്ത് ഒരു കട തട്ടിക്കൂട്ടിയതും അങ്ങിനെയാണ്. സഹായികള്‍ ആരുമില്ലാതെ ഒറ്റയ്ക്ക് തന്നെയാണ് സാലിം അലി എല്ലാം ചെയ്തിരുന്നത്.

രാവിലെ കട തുറന്നു ഇതുവരെയായി ആരും എത്താത്തതിനാല്‍ അവന്‍ വാട്സ് അപ്പില്‍ തന്നെയായിരുന്നു. കടയില്‍ ഒരാള്‍ വന്നാല്‍ അവരുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ചു വച്ച് ഗ്രൂപ്പില്‍ ചേര്‍ക്കല്‍ സാലിമിന്റെ ഒരു രീതിയായിരുന്നു. അങ്ങിനെ കിട്ടിയതാണ് മാധുരിയുമായുള്ള ബന്ധവും. ഒരു ദിവസം കോഴി വാങ്ങാന്‍ വന്നതാണ് മാധുരി. ലവ് ബേര്‍ഡ്സ് എന്ന പേരും ജസ്റ്റ് ബ്രൗസ് എ ചിക് എന്ന നീക്കുപോക്കും മാധുരിക്കു നന്നായി പിടിച്ചു. ഇത് വരെ പലയിടങ്ങളില്‍ നിന്നും കോഴി വാങ്ങിയിരുന്നെങ്കിലും ഇത്ര നെറ്റ് ഫ്രണ്ട്ലി ആയ ഒരു കട ആദ്യം കാണുകയായിരുന്നത് കൊണ്ടും സാലിം ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ സ്ത്രീ സഹജമായ സംശയം ഇല്ലാതെ തന്നെ അവര്‍ നല്‍കുകയും ചെയ്തു. അനായാസമായി കലാപരതയോടെ കോഴിയെ ഡ്രസ്സ്‌ ചെയ്യുന്ന സാലീമിനോട് അവള്‍ക്കൊരു ആരാധനയുടെ തൂവല്‍ മുളക്കുകയും ചെയ്തു. അന്ന് തുടങ്ങിയതാണ്‌ സാലിമുമായി ഉള്ള ചാറ്റ് സൗഹൃദം മാധുരിക്കു ഒരു പിടക്കോഴിയുടെ എല്ലാ ചന്തവും സാലിമിനും തോന്നിയിരുന്നു. രാവിലെ ഉണര്‍ന്നു വാട്സ് അപ്പ് തുറന്നാല്‍ അവനെ ഉണര്‍ത്തിയിട്ടുണ്ടാകുക മാധുരിയുടെ ഗുഡ് മോര്‍ണിംഗ് കൂവലായിരുന്നു. ഒരു ഒത്ത പൂവന്റെ ചിറകടിയോടെ അവന്‍ തിരിച്ചും കൂവും. പിന്നെ അതങ്ങിനെ നീളും.. പാതിരാവില്‍ “ഗുഡ് നൈറ്റ്‌” പറഞ്ഞു പിരിയും വരെ. ചിലപ്പോള്‍ പുലര്‍ച്ചെ വരെ നീളുന്ന ചാറ്റ്. അവള്‍ക്കും ഇഷ്ടം പോലെ സമയം. രാവിലെ കുട്ടികള്‍ സ്കൂളില്‍ പോയാല്‍ മുതല്‍ തനിച്ചിരിക്കുന്നതിന്റെ മടുപ്പ് പോകും. പിന്നെ ഗള്‍ഫില്‍ ഉള്ള ഭര്‍ത്താവ് വല്ലപ്പോളും ലൈനില്‍ വന്നാലായി. അതാകട്ടെ നാലോ അഞ്ചോ വാചകങ്ങളില്‍ ഒതുങ്ങി പോകുകയും ചെയ്യും. അത് കൊണ്ട് തന്നെ സാലിമിന്റെ ദീര്‍ഘനേരമുള്ള ചാറ്റ് അവള്‍ക്കും ഒരു ഹരമായി. ഇടയ്ക്കു ചില ഒഴിഞ്ഞ ദിവസങ്ങളില്‍ വാട്സ് അപ്പുവഴി അവള്‍ കോഴി ഓര്‍ഡര്‍ ചെയ്യും. അപ്പോള്‍ സാലിം കൃത്യമായി ഡോര്‍ ഡെലിവറി നടത്തുകയും ചെയ്യാറുണ്ട്. അങ്ങിനെ മാധുരിയുടെ വീടിന്റെ സകല അഴികളും വലകളും നൂഴ്ചകളും സാലിമിനും കൃത്യമാണ്.

കോഴി ഇടപാട് കൂടാതെ ഇടയ്ക്കു ഫോണ്‍ ബാലന്‍സ് തീരുമ്പോള്‍ റീ ചാര്‍ജ് ചെയ്യാനും സാലിമിനെ ആശ്രയിക്കാറുണ്ട്. ഒരു മടിയും കൂടാതെ കണക്കുപോലും പറയാതെ സാലിം അത് ചെയ്യുകയും ചെയ്യും. മാധുരി പറഞ്ഞു വേറെ ചില വലിയ ഓര്‍ഡറുകളും സാലിമിന് കിട്ടിയിട്ടുമുണ്ട്.

മാധുരി അയച്ച ഒരു ദ്വയാര്‍ത്ഥ തമാശക്ക് ഉരുളക്ക് ഉപ്പേരി ടൈപ്പ് ചെയ്യുന്നതിനിടെയാണ് ഒരു പാര്‍ട്ടി വന്നു വീണത്. അവര്‍ക്കാവശ്യം മൂപ്പില്ലാത്തതാണ്. കോഴിക്കടയില്‍ അളവും തൂക്കവും മൂപ്പും കണ്ണ് കൊണ്ട് അറിയണം. കൂട്ടില്‍ കിതച്ചിരിക്കുന്നവയില്‍ നിന്നും ഒറ്റ നോട്ടത്തില്‍ കണ്ടെത്തണം. കൂടിന്റെ ചെറിയ വിടവിലൂടെ അകത്തേക്ക് കയ്യിടുമ്പോള്‍ ഒരു പരക്കം പാച്ചിലാകും. പണി തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ അത് കാണുമ്പോള്‍ വലിയ ചങ്കിടിപ്പായിയുന്നു. ഒന്നിന്റെ കാലില്‍ പിടിച്ചു പുറത്തേക്ക് എടുത്തപ്പോളേക്കും മാധുരിയുടെ ചാറ്റ് പിന്നെയും.

എവിടെ ഡാ..?

എന്താടാ മിണ്ടാത്തെ?

എന്തോ വീഡിയോ ഫയല്‍ ആണ്.. അത് ഡൗണ്‍ലോഡ് കൊടുത്തു കോഴിയുടെ ചിറകുകള്‍ പിണച്ചു ത്രാസിന്റെ പലകയിലേക്ക് ഇട്ടു. പാര്‍ട്ടിയുടെ ആവശ്യം പത്ത് കിലോയാണ്. പത്ത് കിലോ ഇറച്ചിയായി കിട്ടണമെങ്കില്‍ ചുരുങ്ങിയത് ആറെണ്ണം വേണം.. പിന്നെയും കൂട്ടിലേക്ക് കൈ നീണ്ടു. പഴയ കലമ്പലുകള്‍ പിന്നെയും. എല്ലാറ്റിനെയും തൂക്കി. കോഴിയെ തൂക്കുമ്പോള്‍ ഒട്ടും കുറവ് വരരുത്.. ഇത്തിരി കൂടിയാലും കുഴപ്പമില്ല. അല്ലെങ്കില്‍ തടിക്കു തട്ടും. ഇനി അറവുപലകയിലേക്ക്. ഇപ്പൊ എല്ലാറ്റിന്റെയും കിതപ്പ് ഒതുങ്ങിയിരിക്കുന്നു. മൊബൈലിന്റെ സൈഡ് സ്വിച്ചില്‍ അമര്‍ത്തി ഇടതു കൈ കൊണ്ട് ലോക്ക് തുറന്നു. മാധുരി പോയിട്ടില്ല.. എങ്ങേനെയുണ്ട് വീഡിയോ?

കുറെ കാലമായി ചോദിക്കുന്നതല്ലേ. ഇന്നാ അയക്കാന്‍ ധൈര്യം വന്നത്.

പല വരികളിലായി ചാറ്റ് ഒരു പടി കിടക്കുന്നു… എന്താകാം മാധുരി അയച്ചത്.. തലേന്നത്തെ രാത്രി ചാറ്റില്‍ ചോദിച്ച മാധുരിയുടെ തന്നെ വീഡിയോ ആകുമോ… അവന്റെ മനസ്സില്‍ ആകെ ഇളക്കമായി… പണി പെട്ടെന്ന് തീര്‍ക്കണം.. പാര്‍ട്ടി കാത്തു നില്‍ക്കുകയാണ്.. പണിക്ക് നില്‍ക്കുമ്പോള്‍ ധരിക്കാന്‍ ഉള്ള കട്ടികൂടിയ തുണി ചുമലിലേക്ക് എടുത്തു കെട്ടി. ചോര തട്ടി തട്ടി നിറം കനത്ത അത് മാറ്റാറായിരിക്കുന്നു കോഴിയെ അറവുമുട്ടിയിലേക്ക് എടുത്തു വച്ചു. ഇടത്തെകൈ കൊണ്ട് കഴുത്തില്‍ തെല്ലൊന്നു അമര്‍ത്തിയപ്പോള്‍ കൊക്ക് തെല്ലൊന്നു പിളര്‍ന്നു. വലതു കൈ കൊണ്ട് അപ്പുറത്തെ തൊട്ടിയില്‍ നിന്നും ഇത്തിരി വെള്ളം എടുത്തു കൊക്കില്‍ ഒഴിച്ചു. അതൊരു കീഴ്വഴക്കമാണ്.. കൊല്ലുന്നതിനു മുമ്പ് വെള്ളം കൊടുത്തിരിക്കണം. മിക്കവാറും കൊടുക്കുന്നത് തൊട്ടു മുന്നേ അറുത്തത്തിന്റെ ചോര പുരണ്ട വെള്ളമായിരിക്കും. കൂടെപ്പിറപ്പിന്റെ രക്തം കലര്‍ന്ന വെള്ളം കൊണ്ടുള്ള അവസാന ദാഹം. ആദ്യകാലങ്ങളില്‍ ഇത് ചെയ്യുമ്പോള്‍ ആകെ ഒരു ചാഞ്ചാട്ടമായിരുന്നു മനസ്സില്‍. ഇടതു കൈ കൊണ്ട് തല പിറകിലേക്ക് വലിച്ചു പിടിക്കണം. കത്തി കൊണ്ട് ഒറ്റ വലിക്കു കുരല്‍ പോകണം. ചോര ചിന്തും മുമ്പ് വീപ്പയിലേക്ക് എറിയണം. പിടച്ചിലിന് ഏതോ വന്യ നൃത്തത്തിന്റെ താളമുണ്ടാകും. പതുക്കെ പതുക്കെ പിടച്ചിലിന്റെ ഒച്ച നിലക്കും. വീഡിയോ ഡൗണ്‍ലോഡ് മുഴുവനായില്ല..

കണ്ടോ?

എങ്ങിനെ ഉണ്ട്?

ഇഷ്ടമായോ? മാധുരിയുടെ വാക്കുകള്‍ വന്നു ചാറ്റ് ബോക്സ് നിറഞ്ഞിരിക്കുന്നു. കയ്യില്‍ അപ്പടി ചോരയാണ്.. പാര്‍ട്ടി കാത്തു നില്‍ക്കുകയും. നാശം പിടിച്ച സമയത്താണല്ലോ പണി വന്നത് എന്നത് മനസ്സിലോര്‍ത്തു സാലിം പാര്‍ട്ടിയെ ഒന്ന് പാളി നോക്കി. താന്‍ മൊബൈല്‍ നോക്കുന്നത് അയാള്‍ കാണുന്നുണ്ട് എന്ന് മനസ്സിലായപ്പോള്‍ അവന്‍ മൊബൈല്‍ തുണി കൂട്ടിപ്പിടിച്ചു ജനലിന്റെ കവരത്തിലേക്ക് വച്ചു. വീപ്പയിലെ ആറെണ്ണത്തിന്റെയും ചിറകില്‍ കൂട്ടിപ്പിടിച്ച് മുട്ടിപ്പലക്ക് മുകളിലേക്ക് വച്ചു. കോഴിയെ ഡ്രസ്സ്‌ ചെയ്യുന്നത് ഒരു കലയാണ്‌. ചുരുങ്ങിയ സമയത്തില്‍ കൃത്യതയോടെ ചെയ്യണം. തൂവല്‍ പെടാന്‍ പാടില്ല. അതിനു ചില പ്രത്യേക മുറിക്കലുകള്‍ ആണ്. ഒന്നോ രണ്ടോ കീറലെ വേണ്ടൂ.. തൊലിയും തൂവലും ഒറ്റയടിക്ക് പറിച്ച് എടുക്കാം. രണ്ടു കൈയും യന്ത്രം പോലെ പ്രവര്‍ത്തിക്കണം. ഒരു വലിക്കു തീറ്റപ്പണ്ടം പുറത്തെടുക്കണം.

കറിക്കാണോ ?

പൊരിക്കാണോ?

സാലിം പാര്‍ട്ടിയോട് ധൃതിയില്‍ ചോദിച്ചു.

പകുതി കറിക്ക്, പകുതി പൊരിക്കാന്‍.

കറിക്കും പൊരിക്കും കട്ടിംഗ് വേറെയാണ്. വന്ന പാര്‍ട്ടി പിന്നെയും വരണമെങ്കില്‍ എല്ലാം നോക്കണം.. മാധുരി ദേഷ്യപ്പെട്ടു പോയോ ആവോ? വിളറിയ നിറത്തോടെ തികച്ചും നഗ്നമായ ആറെണ്ണം. കട്ടിങ്ങിനുള്ള വലിയ കത്തി അറ്റം തുണികൊണ്ട് ഒന്ന് തുടച്ചു സാലിം പണി തുടങ്ങി.. മുട്ടിയില്‍ വച്ചു പാകത്തിന് കഷണങ്ങള്‍ ആക്കി. കറിക്കുള്ളതും പൊരിക്കാന്‍ ഉള്ളതും വേറെ വേറെ പ്ലാസ്റിക് കൂടുകളിലാക്കി.. സാധാരണ ആറെണ്ണത്തിന് എടുക്കെണ്ടതിന്റെ അധികം സമയം ഇന്നെടുത്തോ എന്ന് അവനു തോന്നി.. കവറുകള്‍ പാര്‍ടിക്ക് കൊടുത്തു. കാല്‍ക്കുലേട്ടരില്‍ തുക കൂട്ടി. ചില്ലറ ബാക്കി നല്‍കി. കൈകള്‍ തൊട്ടിയിലെ വെള്ളത്തില്‍ ഒന്ന് സോപ്പിട്ടു കഴുകി. തോര്‍ത്ത് കൊണ്ട് ഒന്ന് തുടച്ചു. ചുമലിലെ തുണി അഴിച്ചെടുത്ത് ചുവരിലെ ആണിയില്‍ തൂക്കിയിട്ടു.. വല്ലാത്ത കിതപ്പോടെ മൊബൈല്‍ എടുത്തു. താനിപ്പോള്‍ അറക്കാന്‍ പിടിക്കുന്ന കോഴിയുടെ പോലെ ആയല്ലോ എന്ന് സാലിമിന് ഉള്ളില്‍ തോന്നി. ധൃതിയില്‍ ലോക്ക് തുറന്നു.. കണ്ടാല്‍ ഉടന്‍ ഡിലിറ്റ് ചെയ്യണം ട്ടോ.

സൂക്ഷിക്കരുത്, എനിക്ക് പേടിയുണ്ട്..

സലിം പ്ലീസ്..

ഇപ്പൊ രാവിലെ എടുത്തതാ.

ആരും അറിയരുത്

നിന്നെ വിശ്വാസം ഉണ്ട് എന്നാലും ..
നീ എന്തെടുക്കുകയാ എവിടെയാ ?

കാണാന്‍ ഇല്ലല്ലോ ?

പേടിയാകുന്നു …

അയക്കെണ്ടിയിരുന്നില്ല തോന്നുന്നു..

എവിടെടാ..? മാധുരി ഓണ്‍ലൈനില്‍ നിന്നും പോയിരിക്കുന്നു..

മാധുരി അയച്ച വീഡിയോ ഡൗണ്‍ ലോഡ് ആയിരിക്കുന്നു
. ചൂണ്ടു വിരല്‍ കൊണ്ട് ഫയലില്‍ അമര്‍ത്തി.. ഹോ അവന്‍ കോരിത്തരിച്ചു പോയി. തലേന്ന് ഒരു ആവേശത്തിന് ചാറ്റില്‍ അങ്ങിനെ ചോദിച്ചപ്പോളെക്കും ഇത്ര പെട്ടെന്ന് അതും ഇങ്ങിനെത്തെ ഒരു വീഡിയോ സ്വയം എടുത്ത് അയക്കുമെന്ന് അവന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.. കോഴിക്കൂട്ടങ്ങല്‍ക്കിടയില്‍ നിന്ന് പാര്‍ടിക്ക് വേണ്ട തൂക്കമുള്ള ഒന്നിനെ തിരയുന്ന തുറുകണ്ണുകളോടെ സാലിം ആ വീഡിയോ മുഴുവന്‍ ഒറ്റയിരുപ്പിനു കണ്ടു.. കൂട്ടിലുള്ള എല്ലാ കോഴികളെയും തുറന്നു വിട്ടു റോഡിലേക്ക് ഓടിയാലോ എന്നവനു തോന്നി.. അവള്‍ ലൈനില്‍ ഇല്ലല്ലോ.. നാശം പിടിച്ച നേരത്താ പണി വന്നത്..കഷ്ടം.

ബിസി ആയി പോയി.. ഒരു മുടിഞ്ഞ പണി വന്നു.

ആറെണ്ണം ഉണ്ടായിരുന്നു.. സോറി… പോയോ ?

വിറയ്ക്കുന്ന വിരലുകൊണ്ട് അവന്‍ മറുപടി എഴുതി.

കടയുടെ ബോര്‍ഡിലെ ലവ് ബേര്‍ഡിന്റെ ചിത്രത്തില്‍ ഒരു അങ്ങാടിക്കുരുവി രണ്ടു മൂന്ന് പ്രാവശ്യം കൊത്തി പറന്നു പോയി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleതിരുപ്പിറവി
Next articleസുനാമിഓര്‍മ്മയില്‍
1975 ൽ പാലക്കാട് ജില്ല തച്ചനാട്ടുകരയിൽ ജനനം.1995 മുതൽ വിവിധ ആനുകാലികങ്ങളിൽ സൃഷ്ടികൾ പ്രസിദ്ധീകരിച്ചു വരുന്നു. ഡോ പദ്മ തമ്പാട്ടി ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത കവിതകൾ കേന്ദ്ര സാഹിത്യ അക്കാദമി ജേർണൽ, മ്യൂസ് ഇന്ത്യ ഓൺലൈൻ ജേർണൽ എന്നിവയിൽ പ്രസിദ്ധീകരിച്ചു. സ്ട്രീറ്റ് വോയ്സ് എന്ന ജർമൻ ജേർണലിൽ ജർമൻ ഭാഷയിലേക്ക് കവിതകൾ തർജമ ചെയ്യപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്നു. കുണ്ടൂർക്കുന്ന് വി പി എ യു പി സ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്നു വിലാസംഃ ശിവപ്രസാദ്‌ പാലോട്‌, കുന്നത്ത്‌, പാലോട്‌ പി.ഒ., മണ്ണാർക്കാട്‌ കോളേജ്‌, പാലക്കാട്‌. Post Code: 678 583 Phone: 9249857148

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English