മാതൃഭാഷയുടെ അത്ര ആഴത്തിൽ ഒരാൾക്ക് ഒരിക്കലും മറ്റൊരു ഭാഷ ഉൾക്കൊള്ളാനാവില്ല എന്ന പൊതുധാരണ നിലവിലുണ്ട് ഈ വിശ്വാസത്തെപ്പറ്റിയുള്ള ഒഴുത്തുകാരിയുടെ അനുഭവം വിവരിക്കുകയാണ് പ്രശസ്ത നിരൂപകനായ അജയ് പി മങ്ങാട്ട്.അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
“ബംഗാളി വംശജയായ യുഎസ് എഴുത്തുകാരി ജുംപാ ലാഹിരി കഥകളും നോവലുകളുമടക്കം നാലു പുസ്തകങ്ങൾ ഇംഗ്ലിഷിൽ എഴുതിയിട്ടുണ്ട്. ഏതാനും വർഷം മുൻപ് അവർ ഒരു തീരുമാനമെടുത്തു. ഇനി ഇംഗ്ലിഷിൽ അല്ല, ഇറ്റാലിയൻ ഭാഷയിൽ മാത്രം എഴുതും. പുതിയ ഭാഷയിൽ എഴുത്തു തുടങ്ങുന്നതിനായി ബോസ്റ്റണിൽനിന്നു റോമിലേക്കു താമസവും മാറ്റി. ഇരുപതു വർഷം മുൻപു തുടങ്ങിയ ഇറ്റാലിയൻ ഭാഷാ പ്രേമത്തിലെ വഴിത്തിരിവായിരുന്നു അത്. രണ്ടുവർഷത്തിനുശേഷം ഈ ഭാഷാമാറ്റത്തെപ്പറ്റി ജുംപാ ലാഹിരി ഇറ്റാലിയനിൽ ഒരു പുസ്തകമെഴുതി. ഇൻ അതർ വേഡ്‌സ് എന്ന പേരിൽ ആൻ ഗോൾഡ്‌സ്റ്റെയിൻ അത് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തി.
വഴക്കമുളള ഭാഷ ഉപേക്ഷിച്ചു പുതുഭാഷ സ്വീകരിക്കുക എഴുത്തുകാർക്കു ഏറ്റവും പ്രയാസകരമാണ്. ലോകത്തിലെ ചില വലിയ എഴുത്തുകാർ വിജയകരമായ ഭാഷാമാറ്റം നടത്തിയിട്ടുണ്ടെങ്കിലും. ജോസഫ് കോൺറാഡ് പോളിഷ് വംശജനാണെങ്കിലും കടൽയാത്രയിലെ നീണ്ട വർഷങ്ങളിൽ ഇംഗ്ലിഷ് പഠിച്ച് ആ ഭാഷയിലെ വലിയ എഴുത്തുകാരനായി. വ്ളാഡിമിർ നബോക്കോവ് ചെറുപ്പത്തിലേ ഇംഗ്ലിഷ് പഠിച്ചു. പിന്നീട് റഷ്യനിൽനിന്നു ഇംഗ്ലിഷിലേക്കു മാറി. സാമുവൽ ബെക്കറ്റ് വർഷങ്ങളോളം ഫ്രാൻസിൽ താമസിച്ചശേഷം ഫ്രഞ്ചിലെഴുതി. ജോസഫ് ബ്രോഡ്‌സ്കി യുഎസിലേക്കു കുടിയേറിയശേഷം നിരൂപണലേഖനങ്ങളെല്ലാം ഇംഗ്ലിഷിലാണ് എഴുതിയത്. സ്വന്തം കവിതകൾ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തുകയും ചെയ്തു. മിലാൻ കൂന്ദേര പാരിസിലെത്തിയശേഷം ലേഖനങ്ങളെല്ലാം ഫ്രഞ്ചിലാണ് എഴുതിയത്. അവസാനമെഴുതിയ നോവലുകളും ഫ്രഞ്ചിൽത്തന്നെ. എന്നാൽ ജുംപാ ലാഹിരി കഷ്ടിച്ച് ഒരു വർഷം മാത്രം റോമിൽ താമസിച്ചശേഷം ആ ഭാഷയിൽ എഴുതാൻ ശ്രമിക്കുകയായിരുന്നു.
റോമിലെ ഒരു ചെറിയ ലൈബ്രറിയിലിരുന്നാണ് ജുംപാ ലാഹിരി ഇറ്റാലിയനിലുള്ള തന്റെ സാഹിത്യശ്രമങ്ങൾ നടത്തിയത്. എമിലി ഡിക്കിൻസണിനറെ കവിതകളുടെയും കത്തുകളുടെയും ഒരു സമാഹാരമല്ലാതെ ഇംഗ്ലിഷിലുള്ള ഒരു പുസ്‌തകവും അക്കാലത്തു അവർ ഒപ്പം കൊണ്ടുപോയില്ല.
ഏതാണ് എഴുത്തുകാരുടെ ഭാഷ? അത് അവരുടെ മാതൃഭാഷയോ തിരഞ്ഞെടുക്കുന്നതോ? ഒരു എഴുത്തുകാരനു സ്വന്തം ഭാഷ തിരഞ്ഞെടുക്കാനാകുമോ? തുടങ്ങിയ ചോദ്യങ്ങൾ ഉള്ളിലുയർന്നു.
ബംഗാളികളാണു ജുംപാ ലാഹിരിയുടെ മാതാപിതാക്കൾ. അമേരിക്കയിലേക്കു കുടിയേറിയെങ്കിലും ബംഗാളിഭാഷയും സംസ്‌കാരവും കർശനമായി പരിപാലിച്ചുപോന്നവർ. യുഎസിലാണെങ്കിലും മകൾ വീട്ടിൽ ബംഗാളി പറയണമെന്ന കാര്യത്തിൽ നിർബന്ധക്കാരായിരുന്നു അവർ. അമേരിക്കയിലായിരുന്നിട്ടും ബംഗാളി സംസ്കാരത്തിന്റെ ഒരു തരി പോലും നഷ്ടപ്പെടുത്തിയിട്ടില്ല എന്നു എഴുത്തുകാരിയുടെ അമ്മ അഭിമാനം കൊള്ളുമായിരുന്നു. ബംഗാളി നന്നായി അറിഞ്ഞിട്ടും ജുംപാ ലാഹിരി ബംഗാളിയിൽ ഒന്നുമെഴുതിയില്ല. കൊൽക്കത്തയിൽ ജീവിച്ചതുമില്ല . എന്നാൽ ഇംഗ്ലിഷിലെഴുതിയ ആദ്യപുസ്തകം കൊൽക്കത്ത പശ്ചാത്തലത്തിലായിരുന്നു. വീട്ടിൽ ബംഗാളിയും പുറത്തിറങ്ങിയാൽ അമേരിക്കക്കാരിയുമായിട്ടാണു താൻ വളർന്നതെന്ന് ജുംപാ ലാഹിരി പറയുന്നുണ്ട്. ഇതു ഭാഷാപ്രവാസത്തിന്റെ സ്വത്വ സങ്കീര്ണതയിലേക്ക് ആണ് എഴുത്തുകാരിയെ കൊണ്ടുപോയത്. കൂട്ടുകാർക്കിടയിലിരിക്കുമ്പോൾ അമ്മ വിളിച്ചാൽ ബംഗാളിയിൽ സംസാരിക്കുക സങ്കോചത്തോടെ ആയിരുന്നു. ഏതാണു തന്റെ മാതൃഭാഷ? ഇംഗ്ലിഷോ, ബംഗാളിയോ? ഈ സങ്കര ഭാഷാസ്വത്വത്തിന്റെ സ്വാഭാവിക പരിണതിയാകണം മൂന്നാമതൊരു ഭാഷയോടു തോന്നിയ അനുരാഗം. ഭാഷാപരമായ ഒരു തീർഥാടനം കൂടിയായി റോമിലേക്കുള്ള യാത്ര. തന്റേതായ ഭാഷയും സ്വത്വവും കണ്ടെത്താനുള്ള എഴുത്തുകാരിയുടെ അന്വേഷണം, തന്നിലെ ഇംഗ്ലിഷ് പൂർണമായി ഉപേക്ഷിച്ചായിരുന്നു.
‘കുട്ടിയായിരിക്കുമ്പോൾമുതൽ ഞാൻ എന്റെ വാക്കുകളുടെ മാത്രം സ്വന്തമായിരുന്നു. എനിക്കൊരു രാജ്യമോ പ്രത്യേകിച്ചൊരു സംസ്കാരമോ ഇല്ല. ഞാൻ എഴുതിയില്ലെങ്കിൽ, വാക്കുകളിൽ ഞാൻ പണിയെടുത്തില്ലെങ്കിൽ, ഞാൻ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നതായി എനിക്കു അനുഭവപ്പെടുമായിരുന്നില്ല.’എന്ന് സ്ഹ്ത്തുകാരി പറയുന്നു.അപ്പോൾ ഏതു ഭാഷയിലായാലും അന്വേഷണം പുതിയ വാക്കുകൾക്കു പിന്നാലെയാകണം. അർഥമറിയാത്ത വാക്കുകൾ കാണുമ്പോഴാണു ഭൂമിയിൽ അറിയാത്ത ഒട്ടേറെക്കാര്യങ്ങളുണ്ടെന്ന വീണ്ടുവിചാരം വരുന്നത്. എഴുത്തുകാരിക്ക് അത് ആവേശം പകരുന്നു.
ജുംപാ ലാഹിരിയുടെ ഭാഷാപ്രണയത്തിന്റെയും ഭാഷാപരിത്യാഗത്തിന്റെയും കഥ വായിച്ചപ്പോൾ ഭാഷാസ്വത്വം സംബന്ധിച്ച എന്റെ ചില പഴയ ദിവാസ്വപ്നങ്ങൾ വീണ്ടുമുണർന്നു. മലയാളത്തേക്കാൾ എനിക്ക് അടുപ്പം തമിഴിനോടാണ്. ഒരുദിവസം മലയാളത്തിൽ പൂർണമായും ഇല്ലാതായി തമിഴ് ഭാഷയിൽ എഴുത്തുകാരനായി ജനിക്കുന്നതു ഞാൻ സങ്കൽപിച്ചിട്ടുണ്ട്. നിലവിലെ എഴുത്തുസ്വത്വം പൂർണമായും റദ്ദു ചെയ്തു പുതിയ ഒരു എഴുത്തുകാരനായി മറ്റൊരു ഭാഷയിൽ പിറക്കുക എന്ന ഒരു ദീർഘകാലസ്വപ്നമാണു ജുംപാ ലാഹിരിയിൽ ഞാൻ യാഥാർഥ്യമായി കണ്ടത്. മറ്റു പല എഴുത്തുകാരെയും പോലെ പ്രവാസം പോലെയുള്ള നിർബന്ധിത സാഹചര്യങ്ങളിലെ ഭാഷാമാറ്റം ആയിരുന്നില്ല ജുംപാ ലാഹിരിയുടേത്. ധീരവും സാഹസികവുമായ സ്വയം തിരഞ്ഞെടുപ്പായിരുന്നു. ഇംഗ്സിഷ് പോലുള്ള ഒരു ലോകഭാഷയിൽ പ്രശസ്തയായിരിക്കേ, ഇറ്റാലിയൻ പോലെ പ്രാദേശിക ഭാഷയിലേക്കുള്ള കൂടുമാറ്റം എഴുത്തുകാരിയെന്ന നിലയിൽ ആത്മഹത്യാപരമാകുമെന്ന മുന്നറിയിപ്പും അവർ ചുമ്മാ അവഗണിക്കുകയായിരുന്നു.
എഴുത്തുകാരുടെ സ്വത്വം അവരുടെ സാഹിത്യഭാവനയാണ്. അതാകട്ടെ മാതൃഭാഷയുടെ അകത്താണു സാധാരണനിലയിൽ സംഭവിക്കുന്നത്. എന്നാൽ തീവ്രമായ അനുരാഗത്താൽ ലോകത്തിലെ ഏതു ഭാഷയും മാതൃഭാഷയാക്കിമാറ്റാമെന്ന ആത്മവിശ്വാസമാണ് ഇത് നൽകുന്നത്.
കുട്ടിക്കാലം മുതൽ തമിഴ് കേട്ടും പറഞ്ഞും വളർന്നിട്ടും തമിഴ് പാട്ടുകളിലും തമിഴ് സിനിമകളിലും മൂന്നരദശകത്തോളം ജീവിച്ചിട്ടും എനിക്ക് തമിഴ് എഴുതാനായിട്ടില്ല. തമിഴ്‌നാട്ടിലേക്കു യാത്രകളിൽ ഞാൻ ഓർക്കും, ഒരിക്കൽ ഈ ഭാഷയുടെ രസഗന്ധം എന്റെ ആത്മാവിനും പകർന്നു കിട്ടുമോ? സ്വന്തം ഭാഷ പോലും കുറച്ചകന്നു നില്ക്കവേ, ഒട്ടകലെയുള്ള മറ്റൊരു ഭാഷ അടുക്കുമോ?”
Click this button or press Ctrl+G to toggle between Malayalam and English