ജഡ്ജി ഒളിവിലാണ്…

judji

യുവജനോൽസവങ്ങളുടെ സീസണായാൽ പിന്നെ പാവം വിധികർത്താക്കളുടെ കാര്യം കഷ്ടം തന്നെ. രക്ഷകർത്താക്കളുടെ ഭീഷണിക്ക് പുറമെ ഇപ്പോൾ വിജിലൻസും പിടിമുറുക്കിയിരിക്കുകയാണ്. ഏതെങ്കിലും രക്ഷകർത്താക്കളുമായി സംസാരിക്കുകയോ ഫോൺ വഴിയോ വാട്സ് ആപ്പ് വഴിയോ ഒക്കെ ബന്ധപ്പെടുകയോ ചെയ്താൽ അകത്താകും എന്നതാണ് സ്ഥിതി. ആർക്കും പിടി കൊടുക്കാതെ ഒളിവിൽ കഴിയാൻ അങ്ങനെയാണ് തീരുമാനിക്കുന്നത്. ജഡ്ജിമാരുടെ പേരും വീട്ടുപേരും ഫോൺ നമ്പരുമൊക്കെ തപ്പിപ്പിടിക്കാൻ രക്ഷകർത്താക്കൾക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. എല്ലാവരുടെയും ആഗ്രഹം സ്വന്തം മക്കൾക്ക് തന്നെ ഒന്നാം സ്ഥാനം കിട്ടണമെന്നാണ്. അതിന് വിധികർത്താക്കളെ സ്വാധിനിക്കാൻ കഴിഞ്ഞാൽ അതാണല്ലോ എളുപ്പവഴി. ഒളിച്ചിരിക്കാമെന്ന് വെച്ചാൽ ഫോൺ വഴിയോ വാട്ട്സ് ആപ്പ് വഴിയോ വീഴ്ത്താൻ നോക്കും. ഏതോ ഒരു വിധികർത്താവിന് വാട്സ് ആപ് വഴി സൂചനകൾ അയച്ച രക്ഷകർത്താവിനെ പിടിച്ച വാർത്ത അറിഞ്ഞയുടൻ ഞാൻ വാട്സ് ആപ്പും ക്ളോസാക്കി. എന്തിന് വെറുതെ ആപ്പിലാവുന്നു?ജയിലിൽ പോകാനുള്ള യോഗം വാട്സ് ആപ്പ് വഴിയും വന്നെന്ന് വരാം.
ഏറ്റവും നല്ലത് യുവജനോൽസവങ്ങൾ കഴിയുന്നത് വരെ ലീവെടുത്ത് എവിടെയെങ്കിലും വിനോദയാത്ര പോകുന്നതാണെന്ന് തോന്നുന്നു. വല്ല പ്രലോഭനത്തിലും പെട്ട് ജഡ്ജിയായിപ്പോയാൽ മാനഹാനിയും മർദ്ദനവും ഉറപ്പ്. ഒരാൾക്ക് മാർക്ക് കുറഞ്ഞാലും കൂടിയാലും പാവം വിധി കർത്താവിന്റെ വിധി. ഈ സമയത്ത് വിധികർത്താവിന്റെ വാരഫലം എഴുതാൻ വളരെ എളുപ്പമാണ്.

മാനഹാനി,ധനനഷ്ടം,ആശുപത്രിവാസം,ജയിൽ താമസം. ഇതിലേതെങ്കിലും ഒന്നോ എല്ലാം കൂടി ചേർന്നോ ഉറപ്പായിരിക്കും. മൽസരം ഇപ്പോൾ തുടങ്ങും എന്ന് ഓരോ മണിക്കൂറും ഇടവിട്ടടവിട്ട് പ്രഖ്യാപിക്കുകയാണ്. ഇപ്പോൾ മറ്റൊരു മൽസരയിനം. രാവിലെ തുടങ്ങേണ്ട മൽസരം രാത്രിയെങ്കിലും തുടങ്ങിയാൽ അതാണ് വാർത്ത. എല്ലാത്തിനും ഓരോ കാരണം കാണും [പ്രാർഥിക്കാൻ മാത്രമല്ല] ജഡ്ജിമാർ ഊണ് കഴിക്കാൻ ചെന്നപ്പോൾ ഇല പോലും ബാക്കിയുണ്ടായിരുന്നില്ല എന്നതിന്റെ പേരിൽ കഴിഞ്ഞ ദിവസം ഒരു മൽസരം വൈകിയത് മണിക്കൂറുകളാണ്. ഒടുവിൽ എവിടെ നിന്നോ ഇഡ്ഡലി കൊണ്ട് വന്ന് വിധികർത്താക്കളെ ഊർജ്വസ്വലരാക്കിയാണ് മൽസരങ്ങൾ തുടർന്നത്. ചിന്തകൾക്ക് വിരാമമിട്ട് കോളിംഗ്ബെൽ മുഴങ്ങിയപ്പോൾ ചാടിയെഴുന്നേറ്റു. ഈശ്വരാ,ലംബോധരൻ മാഷാണ്. ജഡ്ജിമാരെ തപ്പിപ്പിടിക്കുന്ന കമ്മറ്റിയുടെ കൺവീനറാണ്. ജനലിൽ കൂടി എത്തി നോക്കിയപ്പോൾ പരസ്പരം കണ്ടതിനാൽ ഇനി ഒളിക്കാനും നിവൃത്തിയില്ല.

‘’മാഷിനെ എത്ര ദിവസമായി തിരക്കി നടക്കുന്നു, മൊബൈലിൽ വിളിക്കുമ്പോൾ എപ്പോഴും സ്വിച്ച് ഓഫ്. എന്നാൽ നേരിട്ട് വന്ന് നോക്കാമെന്ന് കരുതി.’’ ലംബോദരൻ പറഞ്ഞത് കേട്ടപ്പോൾ ഞാനോർത്തു,അതേതായാലും വളരെ നന്നായി. കണ്ടകശനി കൊണ്ടേ പോകൂ എന്നാണല്ലോ. ‘’നാളെയാണ് നമ്മുടെ പരിപാടി തുടങ്ങുന്നത്. മാഷ് വീട്ടിലുണ്ടാകുമോ എന്നായിരുന്നു എന്റെ പേടി. ഇപ്പോഴാണ് ഒരാശ്വാസമായത്.. ‘’ മാഷിന് ആശ്വാസമായപ്പോൾ പോയത് എന്റെ ആശ്വാസമാണ്. പരിപാടികളെല്ലാം കഴിയുമ്പോൾ ഇനി ശ്വാസം പോകാതിരുന്നാൽ മതിയായിരുന്നു. ഏതോ വലിയ കാര്യം നേടിയ മട്ടിൽ മാഷ് യാത്ര പറഞ്ഞിറങ്ങി.

മൽസര ദിവസം രാവിലെ ഭാര്യയെയും മക്കളെയും അടുത്തു വിളിച്ചു യാത്ര പറഞ്ഞു. അങ്ങനെ പതിവില്ലാത്തതിനാൽ അവർ അമ്പരന്നു.
’മറ്റൊന്നുമല്ല, പോകുന്നത് യുവജനോൽസവത്തിലെ വിധികർത്താവായിട്ടാണ്. ഇനി ചിലപ്പോൾ കാണുന്നത് ആശുപത്രിയോ അല്ലെങ്കിൽ ജയിലിലോ ആയെന്ന് വരാം..’’
ഒരു വശത്ത് ജഡ്ജിമാരെ തല്ലാൻ രക്ഷകർത്താക്കളും മറുവശത്ത് അവരെ പൊക്കാൻ വിജിലൻസുകാരും ഓടി നടക്കുമ്പോൾ ഒരു പാവം വിധികർത്താവിന് അങ്ങനെയല്ലേ യാത്ര പറയാൻ കഴിയൂ..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleശൂന്യം
Next articleമൂഢൻ
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here