രജതജൂബിലി

 

ജയേഷിന്‍റെ പിന്‍കഴുത്തില്‍ വെന്തും വിങ്ങിയും വിണ്ടുകിടന്ന കാക്കക്കാല്‍ കാലം ശമിപ്പിച്ചിട്ട് ആണ്ടേറെ തികഞ്ഞതിന്‍റെ ഒത്തുചേരലായിരുന്നു അന്ന്.
ഏഴു വേട്ടക്കാരും ജയേഷ് എന്ന ഇരയും .

വേട്ടക്കാര്‍ക്കൊപ്പം ഇരയും തന്‍റെ പ്രാണപ്പിടച്ചിലിന്‍റെ ഇരുപത്തഞ്ചാം വാര്‍ഷികത്തിന് ആറാം വേട്ടക്കാരന്‍റെ കൊട്ടാരമൊത്ത വീടിന്‍റെ മുറ്റത്ത് പ്രാതലിനിട്ട പന്തലില്‍ ക്ഷണിക്കപ്പെട്ടെത്തിയത് മറ്റ് അതിഥികള്‍ക്ക് വളരെ കൗതുകപ്പെട്ട കാഴ്ച്ചയായിരുന്നു.

“ജയേഷിന്‍റെ അന്നത്തെ ഓട്ടം ഒന്നൂടെ ഓടിച്ച് ടീവീക്കാണിച്ചിരുന്നേല്‍ ചേലാരുന്നേനെ”

കൂറുമാറിയ സാക്ഷികളിലൊരാള്‍ നാലാള്‍ കേള്‍ക്കെ പറയുന്നത് കേട്ട് കഷണ്ടിയും നരയും കയറിത്തുടങ്ങിയ തല തടവി ക്രൗര്യം വറ്റിവലിഞ്ഞ കണ്ണുകള്‍ ഇറുക്കിയടച്ച് കുമ്പകുലുക്കി ചിരിച്ച ഒന്നാം പ്രതിയുടെ മകളുടെ കൂട്ടുകാരി കൗതുകപ്പെട്ടു:

“‘അയ്യോ,നിന്‍റെ പപ്പാ ഈ കൊടവയറും കൊണ്ടോടിയെന്നോ….”

വട്ടംകൂടി നിന്ന കൂട്ടുകാരികള്‍ക്ക് കാന്താരിപ്പതിനേഴിലെ മകളുടെ ഉത്തരം പുളച്ചു:

“എടീ അന്നൊക്കെ എന്‍റെ പപ്പയ്ക്ക് പുള്ളിപ്പുലിയുടെ മെയ്യൊതുക്കമാരുന്നു”

“ഹോ,ജോച്ചന്‍റെ വെട്ട് ! ഒന്നൊന്നര വെട്ടാരുന്നു.തല വീണുരുണ്ടേനെ.ജയേഷിന്‍റെ ഭാഗ്യം. അല്ലാതെന്താ…”

കുശലങ്ങള്‍ക്കും ചെറുതിമിര്‍പ്പുകള്‍ക്കുമിടയില്‍ ഇളിഭ്യതയുടെ കണിക മിന്നുന്ന ചിരിയുമായി നിന്ന ജയേഷില്‍ പരിഭ്രമത്തിന്‍റെ ചുഴിയാട്ടം തുടങ്ങി.
പന്തലിലേക്ക് വന്നവരെല്ലാം ഉറ്റവരിലാരുടെയോ മഹാസൗഭാഗ്യത്തില്‍ പങ്കെടുക്കുന്ന ഉല്‍സാഹത്തിലും പെരുമയിലുമായിരുന്നെന്നത് ജയേഷിനെ കൂടുതല്‍ അസ്വസ്തനാക്കി.

ഇവരെന്താണാഘോഷിക്കുന്നത്?

ഒരു മനുഷ്യന്‍റെ അറ്റു പോകുമായിരുന്ന ആയുസ്സില്‍ വേട്ടക്കാരന്‍റെ ഔദാര്യത്താല്‍ നീട്ടി നല്‍കിയെന്ന് ഇവര്‍ കരുതുന്ന കാല്‍നൂറ്റാണ്ടോ?
“രണ്ടാമത്തെ വെട്ടും കൂടി ഏറ്റിരുന്നേല്‍ ജയേഷിന്‍റെ പൊലകുളിയുടെ ഇഡഢലി അന്നേ വിളമ്പിയേനെ. പക്ഷേ വെട്ട് കൈക്കിട്ടായിപ്പോയി.”

വലിയ തമാശ എന്ന മട്ടില്‍ കൂറുമാറ്റക്കാരന്‍ എല്ലാവരേയും നോക്കി.
പിന്‍കഴുത്തിലെന്നപോലെ കൈയ്യില്‍ വലത് തോളിന് താഴെ ഇരുപത്തഞ്ചാണ്ട് മുമ്പ് മുറികൂടിയ മാംസത്തില്‍ ഒരു വേദന മിന്നിപ്പുളഞ്ഞു.
മരണപ്പാച്ചിലിനിടയ്ക്ക് പിന്നില്‍ നിന്ന് കിട്ടിയതായതിനാല്‍ ആഞ്ഞു വെട്ടിയതാരായിരുന്നു എന്നറിഞ്ഞില്ല.

പിന്‍കഴുത്തില്‍ നിന്നും തോളിലേക്കുള്ള ആയുസ്സിലെ നാരിഴയകലം വായ്ത്തലയെ തെന്നിച്ചത് ആരെന്നുമറിഞ്ഞില്ല.

“എത്ര ദിവസമാ ഒറക്കം വരാതെ കിടന്നത്. കണ്ണടച്ചാ ജയേഷിന്‍റെ നിലവിളിയും വെട്ടുകാരുടെ ആക്രോശവും. എല്ലാപ്പള്ളീലും നേര്‍ച്ചനേര്‍ന്നാ നേരം വെളുപ്പിച്ചത്. ഏത് കോടതീലും പറയുമെന്ന് പുസ്തകത്തെത്തൊട്ട് ഞാനും കെട്ട്യോളും സത്യം ചെയ്തതാ…സ്വര്‍ഗ്ഗസ്ഥന്‍റെ മുമ്പില്‍ ഏത്തമിട്ട് ഏറ്റതാ”

കൂറുമാറ്റത്തിന്‍റെ കാഠിന്യം ഓര്‍ത്ത് സാക്ഷി കൈത്തണ്ടയിലെ സ്വര്‍ണ്ണച്ചയിനിലൊന്ന് തടവി.

”പിന്നെ വക്കീലും പോലീസും ലോകം നേരത്തേ തിരിഞ്ഞ കെട്ട്യോളും വിശദമായി പറഞ്ഞപ്പോഴാ എനിക്ക് വെളിച്ചം വീണത്.”

രണ്ടു ചെറുപ്പക്കാരും ഒരു മുതിര്‍ന്ന സ്ത്രീയും അവരുടെ കുടുംബാംഗങ്ങളെന്ന് തോന്നിച്ചവരുമായി ഒരു ചെറുകൂട്ടം ജയേഷിനടുത്തേക്ക് വന്നു.പ്രത്യക്ഷത്തില്‍ സഹോദരങ്ങളെന്ന പ്രതീതി ജനിപ്പിച്ച ചെറുപ്പക്കാരിലൊരാളുടെ ഭാര്യയെന്ന് തോന്നിപ്പിക്കുന്ന യുവതിയും അക്കൂട്ടത്തിലിണ്ടായിരുന്നു.

“അങ്കിളിന് ഞങ്ങളെ മനസ്സിലായോ?”

പറയണോ വേണ്ടയോ എന്ന ഞെരുക്കത്തിന് അടിമപ്പെട്ടെങ്കിലും അയാള്‍ തുടര്‍ന്നു:

“ആണ്ടിപ്പീറ്ററിന്‍റെ മക്കളാ”

വയറ്റിലൊരു പിടച്ചില്‍.
വാള്‍ മുനയില്‍ നിന്ന് പിടഞ്ഞൂര്‍ന്ന് മാറിയതിന് ശേഷം നാളേറെ മച്ചില്‍ കണ്ണും നട്ട് കിടക്കവേ റെയിലെഞ്ചിന്‍റെ വേഗത പിണഞ്ഞ സീലിങ്ങ് ഫാനില്‍ കൊലവിളിയുമായി കഴുത്തിലും മുഖത്തും നെഞ്ചത്തും തുരുതുരെ ആഞ്ഞുവെട്ടുന്ന ആണ്ടിപ്പീറ്ററിന്‍റെ രൗദ്രം.

ജോച്ചന്‍ വെട്ടിയിടുമ്പോ മരണം ഉറപ്പാക്കണ്ട ദൗത്യം ആണ്ടിപ്പീറ്ററിനായിരുന്നല്ലോ .

പീറ്ററിന്‍റെ ദൗത്യസാഫല്യത്തിന്‍റെ ചോരച്ചെളിയില്‍ ജയേഷ് പിടഞ്ഞ് വീഴുന്നതിന് മുമ്പാണല്ലോ ഇല്ലിപ്പറമ്പന്‍ ജോസഫിന്‍റെ രാഷ്ട്രീയമേതുമില്ലാത്ത വളര്‍ത്തുനായ മരണപ്പാച്ചിലിനിടയിലേക്ക് ഓടിക്കയറിയതും ജോച്ചന്‍റെയും ആണ്ടിപ്പീറ്ററിന്‍റെയും വെട്ടുകള്‍ അവതാളത്തിലായതും.

ആളെക്കൊല്ലാന്‍ തന്നെക്കഴിഞ്ഞേയുള്ളൂ എന്ന വമ്പുടഞ്ഞ് മുങ്ങിയ ആണ്ടിപ്പീറ്ററിനെ കണ്ടുകിട്ടിയത് ആഴ്ചകള്‍ക്ക് ശേഷമാണ്.

നഗരമദ്ധ്യത്തിലെ പീറ്ററിന്‍റെ ഒളിയിടമായിരുന്ന ഫ്ളാറ്റിലെ ലിഫ്റ്റിനുള്ളില്‍.
കുത്തിക്കൊല്ലപ്പെട്ട നിലയില്‍.

ഉള്‍പ്പേജില്‍ നിന്നും പൂനാവയല്‍ ജയേഷ് വധശ്രമക്കേസ്സ് ആണ്ടിപ്പീറ്ററിന്‍റെ ദുരൂഹമരണവുമായി കൂട്ടിപ്പിണഞ്ഞ് മുന്‍പേജിലേക്ക് വന്നു.

പാര്‍ട്ടികള്‍ തമ്മിലെ ഭീഷണികളും പരസ്യവിദ്വേഷങ്ങളും. പരസ്പരം കൊല്ലേണ്ടതിന്‍റെ പട്ടികതയ്യാറാക്കല്‍. ആക്രമണത്തിന്‍റെയും പ്രത്യാക്രമണത്തിന്‍റെയും കളമെഴുത്ത്.നിഗൂഢമായ വാക്കും നോക്കും ആംഗ്യങ്ങളും.ആയുധങ്ങള്‍ക്ക് മൂര്‍ച്ചയേറ്റല്‍.

ജയേഷ് വധശ്രമത്തിന് മറുപടിയായി പാര്‍ട്ടി ആസൂത്രണം ചെയ്തതായിരുന്നു ആണ്ടിപ്പീറ്ററിന്‍റെ കൊലപാതകം എന്ന കൂനിേന്മേൽ കുരുക്കഴിക്കാന്‍ അന്വേഷണത്തിന്‍റെ പീഢനവഴികളൊക്കെ തുറന്നു.

അക്കാലം ക്യാമറകള്‍ തൃക്കണ്‍ തുറിച്ച് നാടിറങ്ങിയിട്ടില്ലായിരുന്നല്ലോ.

ഒടുവില്‍ സി ബി ഐ.

പിന്നെ കീഴ്ക്കോടതിയുടെ ശിക്ഷ മേല്‍ക്കോടതി തള്ളിയും ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ ഉരുത്തിരിഞ്ഞും മറ്റും മറ്റും എല്ലാം പര്യവസാനിച്ചു.

കൂട്ടത്തിലെ പെണ്‍കുട്ടിയുടെ കൈയ്യില്‍ നിന്നും അപായധ്വനികളില്ലാതെ അപ്രസക്തമായിരുന്ന ദണ്ഡ് ആണ്ടിപ്പീറ്ററിന്‍റെ മകന്‍ പെട്ടെന്ന് വലിച്ചു വാങ്ങിയപ്പോള്‍ ഇതേത് ആയുധമെന്ന് ജയേഷിന്‍റെ സ്വത്വം വിറച്ചു.

സെല്‍ഫിക്കോല്‍ വലിച്ചു നീട്ടുന്നതിനിടയില്‍ പീറ്ററിന്‍റെ മകന്‍ കെഞ്ചും പോലെ ചോദിച്ചു:

“അങ്കിളെ ഒരു സെല്‍ഫി, പ്ലീസ്….”

പീറ്ററിന്‍റെ ഭാര്യയുടെയും മക്കളുടെയും കണ്ണുകളില്‍ മിന്നിയ നന്ദി എന്തിന്‍റെതെന്ന് അവര്‍ തന്നെ ചോദിക്കാതെ പറഞ്ഞു.

“അപ്പന്‍ മരിച്ചതിപ്പിന്നാ ഞങ്ങക്കൊരു നെലേം വെലേമൊക്കെ ഒണ്ടായത്. അതുവരെ കൂറപ്പേനുകളായിരുന്ന ഞങ്ങള്‍ ധീരരക്തസാക്ഷിയുടെ മക്കളായി.”

പിന്നത്തെ തെരഞ്ഞെടുപ്പ് കൊടും അഹിംസയെ മുന്‍നിര്‍ത്തിയായിരുന്നു.
മലയോരത്തെ കുടിലിനു മുമ്പിലെ പ്രാകൃതരായ മൂന്ന് കുഞ്ഞുങ്ങളുടെ മുഖത്തെ ദൈന്യതയായിരുന്നു പ്രചാരണപ്പഴുതുകളിലെല്ലാം.

ഇരുപത്തഞ്ച് കൊല്ലങ്ങള്‍ക്കിപ്പുറം അവരെത്തിയിരിക്കുന്നു.

അപ്പന്‍റെ ചോരയ്ക്ക് നന്ദി പറയാന്‍.

ചോദിക്കാന്‍ പകരങ്ങളൊന്നുമില്ലല്ലോ.

“വന്നേ വന്നേ നമുക്കിരിക്കാം…ഇങ്ങനെ നിന്നാ മതിയോ?”

ആരോ തിരക്ക് കൂട്ടി.

“ഇങ്ങനെ നിക്കുന്നതീ തെറ്റൊന്നുമില്ല…പക്ഷേ ജയേഷിന് പോളിസികള്‍ മിസ്സാവും”

വികാരിയച്ചന്‍ സ്വന്തം തിരക്ക് മറച്ചു പിടിച്ചു.

“ഓ പോളിസിയൊന്നും മിസ്സാവുകേല. ഞങ്ങളോരോരുത്തരും സ്വന്തം പേരിലും പെമ്പ്രന്നോത്തിമാരുടെ പേരിലും ഓരോ പോളിസി എടുക്കാന്‍ തീരുമാനിച്ചിണ്ടുണ്ട്.ആകെ പതിനാലു ലക്ഷം. കൈയ്യോടെ.”

തീന്‍ മേശയിലെ വിശിഷ്ടമദ്യത്തില്‍ അഴിയാന്‍ പാടില്ലാത്ത ദൃഢതകള്‍ പലതും അലിഞ്ഞു.

“ജയേഷേ,അന്ന് തന്‍റെ കഴുത്തിന് വെട്ടിയത് ആണ്ടിപ്പീറ്ററല്ല, ഞാനാ”
ڈ
ആദ്യം സാക്ഷിയായി തടി കാക്കുകയും പിന്നെ കൂറുമാറുകയും ചെയ്ത സത്ക്കര്‍മ്മിയത് പറഞ്ഞപ്പോള്‍ വികാരിയച്ചന്‍റെ കണ്ണുകള്‍ താക്കീത് പോലെ മറ്റുള്ളവര്‍ക്ക് നേരെ ഉയര്‍ന്നു.

“കഞ്ചാവിന്‍റെ കണക്ക് തെറ്റിയതോണ്ട് ആണ്ടിയുടെ വെട്ടും തെറ്റി.വെട്ടാനറിയാത്ത ഞാന്‍ വെട്ടുന്നതിനിടേല്‍ ആ പട്ടിയും വന്ന് കേറി.”

“ഇതാ ദൈവനിന്ദേന്ന് പറയുന്നത്. പട്ടി വന്ന് കേറിയതല്ല. ഒരു നിഷ്ക്കളങ്കജീവന്‍ രക്ഷിക്കാനായി ഒടേ തമ്പുരാന്‍ ഓടിച്ച് കേറ്റിയതല്ലേ. പക്ഷേ എനിക്ക് മനസ്സിലാകാത്തൊരു കാര്യമുണ്ട് “ ചെറുപ്പക്കാരനാനാണ് എങ്കിലും നാട്ടുകാരനാകയാല്‍ എല്ലാവരുടേം കുടുംബകഥകള്‍ അടക്കം അറിയാമായിരുന്ന വികാരിയച്ചന്‍ ചോദിച്ചു: “നല്ലവരില്‍ നല്ലവനായ ഈ പാവം ജയേഷിനെ എന്തിന് കൊല്ലാന്‍ തെരഞ്ഞടുത്തു?”

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടിലെങ്ങും നിറഞ്ഞ ചോദ്യമായിരുന്നു അത്.

അച്ഛന്‍റെ മരണത്തിന് ശേഷം അത്താണിയില്ലാത്ത കുടുംബത്തെ ചുമലി ലേറ്റിയവന്‍.
പത്താം ക്ലാസ്സ് മുതല്‍ റബ്ബറ് വെട്ടിയും കന്നുകാലിയെ വളര്‍ത്തിയും ട്യൂഷനെടുത്തും കുടുംബം നോക്കിയവന്‍. പതിനെട്ട് വയസ്സ് കഴിഞ്ഞതില്‍ പിന്നെ എല്‍ ഐ സി ഏജന്‍റുമായി. കടം വാങ്ങിച്ചാല്‍ തിരികെ കൊടുക്കാന്‍ നിഷ്ഠയുള്ളവന്‍. പ്രസ്ഥാനത്തെ ആശ്രയമായി കാണാതെ ആവേശമായി സ്വീകരിച്ചവന്‍.

ജയേഷ് മരണത്തോട് മല്ലിട്ടപ്പോള്‍ പൂനാവയലിലെ നാട്ടുകാരെല്ലാം ദുഖിച്ചു.
സഹോദരിമാരുടെ കൂട്ടുകാരികള്‍ പലരും മെഴുകുതിരി നേര്‍ന്നു.
അന്യമതസ്ഥരായ കൂട്ടുകാരികള്‍ പലരും മുട്ടവിറ്റും പാലുവിറ്റും പുല്ലുവിറ്റും സുക്ഷിച്ചിരുന്ന നോട്ടുകള്‍ ചുരുട്ടി അമ്മയുടെ കൈയില്‍ പിടിപ്പിച്ചിട്ട് പറഞ്ഞു:
“നേര്‍ച്ചയോ കാഴ്ച്ചയോ എന്താന്ന് വച്ചാ നടത്തണം. ബാക്കി കൈയ്യീ വച്ചോ”

എല്ലാക്കണക്കും അമ്മ മനസ്സില്‍ കുറിച്ചു വച്ചു. പിന്നെ വീട്ടുകയും ചെയ്തു.

 

 

 

ചികിത്സയുടെ ചിലവെല്ലാം പാര്‍ട്ടിയാണ് വഹിച്ചത്. എങ്കിലും പൂനാവയലിന്‍റെ കരുതലും പ്രാര്‍ത്ഥനയും ഒപ്പം നിന്നു.

ആശുപത്രിയില്‍ നിന്ന് മടങ്ങി വന്ന് കൂനാച്ചിപ്പുരയിലെ ഒറ്റമുറിയില്‍ മൂന്ന് മാസത്തോളം യാതനയോടെ കിടന്നു.

രജതജൂബിലി ആഘോഷത്തിലേക്ക് ജയേഷ് മടങ്ങിയത് ചുറ്റുമിരുന്ന പലരും പലതും പറഞ്ഞത് ചേര്‍ത്ത് വച്ച് സ്വരൂപിച്ച മറുപടിയിലേക്കായിരുന്നു :
“നല്ലവരില്‍ നല്ലവനായത് കൊണ്ട് തന്നെ. നമുക്ക് മേല്‍ക്കൈയുള്ള പ്രദേശത്ത് വേരിറക്കാന്‍ ജയേഷിനെപ്പോലെ വേറൊരാള്‍ മറ്റവര്‍ക്ക് ഇല്ലാത്തത് കൊണ്ട്.”

നേരത്തേ തന്നെ അറിയാമായിരുന്ന കാര്യം വാളോങ്ങിയവരുടെ വായില്‍ നിന്ന് കേട്ടപ്പോഴും ജയേഷ് ചെറുതായി ചിരിച്ചതേയുള്ളൂ.

“ഏതായാലും നൗകകളെല്ലാം തീരത്തടുത്തു.ശത്രുതകളെല്ലാം സമരസപ്പെട്ടു.നിങ്ങളുടെയെല്ലാം ജീവിതങ്ങള്‍ പൂക്കുകയും തളിര്‍ക്കുകയും ഫലവത്താവുകയും ചെയ്തു.വിഷസത്വമായതിനെ വെട്ടിക്കളയുകയും അത് പനിനീര്‍ ചെടിയായി വീണ്ടും കിളിര്‍ക്കുകയും ചെയ്തു.നമുക്ക് നന്ദിയോടെ സ്മരിച്ചു ജീവിക്കാം “

വികാരിയച്ചന്‍ കാറിലേറി യാത്രയായി.

“നമുക്ക് പോളിസിയുടെ കാര്യങ്ങളിലേക്ക് കടന്നാലോ…”

തിരക്കുള്ള ഒരാളുടെ ചോദ്യത്തിന് തിരക്ക് ഒട്ടുമില്ലാത്ത ഒരാളാണ് മറുപടി പറഞ്ഞത്:

“അതിന് മുമ്പ് പഴയ ആ ഓട്ടം ഒന്നൂടെ….”

“വീര്യം ആവശ്യത്തിന് വയറ്റിലുണ്ട്…കഞ്ചാവുമൊപ്പിക്കാം…പക്ഷേ വാളിനെവിടെ പോകും?”

“വാളൊക്കെയൊണ്ട്. എണ്ണയിട്ട് മിനുക്കിയാമതി. അതിന് മിനിറ്റ് മതി.”

“പിന്നെന്നാ വേണം…വാളെടുക്ക് തൊടങ്ങാം”

“പക്ഷേ ജയേഷ് റെഡിയാകണ്ടേ?”

“എന്നാ റെഡിയാകാനാ…. നമ്മള് വാളും കൊണ്ട് പാഞ്ഞു ചെല്ലുമ്പം ജയേഷ് ഓടിക്കോളും”

ജയേഷും മറ്റുള്ളവരും എതിര്‍ ചേരിയായി തിരിയുന്നത് അന്തരീക്ഷത്തില്‍ നിഴലിക്കാന്‍ തുടങ്ങി.

ഒരുവശത്ത് ഉല്‍സാഹം മൗനത്തിലേക്ക് മുഖം പൊത്തുന്നതിന്‍റെയും മറുവശത്ത് ഉല്‍സാഹം വന്യമാകുന്നതിന്‍റെയും നിഴലെഴുത്തുകള്‍.

മൂന്നാം പ്രതിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ മകള്‍ ലിന്‍സ ഇതെല്ലാം കണ്ടും കേട്ടും തൊട്ടടുത്ത മേശയില്‍ മൊബൈലില്‍ ആരുമായോ ചാറ്റു ചെയ്യുന്നതിനിടയില്‍ അപ്പനെയും കൂട്ടുകാരെയും കൈ കൊട്ടി വിളിച്ചു.

“ഏയ്, അച്ചായന്മാരേ….നിങ്ങടെ മോഹങ്ങളൊന്നും നടക്കാന്‍ പോകുന്നില്ല”
“അതെന്നാടീ…വാളും ഞങ്ങളും ഈ ജയേഷുമുണ്ടെങ്കി തീരുമാനിച്ചത് നടന്നിരിക്കും”

തീരുമാനിച്ചത് നടത്തിയെടുക്കാനുള്ള കെട്ടിയോന്മാരുടെ വാശിയറിയാവുന്ന പെമ്പ്രന്നോത്തിമാര്‍ കളിക്കും കാര്യത്തിനുമിടയില്‍ ഇടറി.

ഇറങ്ങിയോടുന്നത് ചാകാതെ ചാകുന്നതിലും ദാരുണമെന്ന് കുരുതിമൃഗത്തിന്‍റെ നിസ്സഹായതയിലും പകപ്പിലും ജയേഷ് തപിച്ചു.

ആവേശമെല്ലാം മാര്‍ക്കറ്റിങ്ങിലിട്ട് മെഴുക്കുപുരട്ടിയാക്കി വേണം ജനായത്തച്ചന്തയില്‍ പ്രയോഗിക്കേണ്ടതെന്ന നയവ്യതിയാനം വന്നപ്പോള്‍ സ്വയമറിഞ്ഞ് ഒഴിവായത് കൊണ്ട് പഴയ പാര്‍ട്ടയിുടെ പിന്‍ബലവുമില്ല. അങ്ങേയറ്റം പോയാല്‍ ഒരു പന്തം കൊളുത്തി പ്രകടനം.

പുരുഷഹോര്‍മോണുകളുടെ തിളയ്ക്കുന്ന ഗര്‍വങ്ങള്‍ ലിന്‍സ ചുണ്ട് വലിച്ചു മുറുക്കി ഒതുക്കി.

“വീശി വെട്ടാന്‍ വടിവാളുണ്ട്,വെട്ടിക്കൊല്ലാന്‍ നിങ്ങളുണ്ട്, ഒന്നിനും വേണ്ടിയല്ലാതെ ചാകാന്‍ ജയേഷങ്കിളുണ്ട്…പക്ഷേ…”

“എന്നാ പക്ഷേ….?”

“ഇടയിലേക്കോടിക്കേറാന്‍ ഇല്ലിപ്പറമ്പന്‍റെ പട്ടിയില്ലല്ലോ….”

“ആണ്ടെ കൊഴഞ്ഞ് കെടക്കുന്നു”

പ്രതിപ്പട്ടികയിലെ ഒരുവന്‍ ഉച്ചത്തില്‍ വാളു വെച്ചു.

“വാളെടുക്കാമ്പറഞ്ഞപ്പം ദേണ്ടെ വാളുവെക്കുന്നു”

പിടയ്ക്കുന്ന സ്വന്തം ഉയിരിനെ ചൊല്ലിയാണല്ലോ ഈ കൊഴമറിച്ചിലുകള്‍ എന്ന അങ്കലാപ്പില്‍ നിന്നും ലിന്‍സയുടെ കണ്ണാംഗ്യം ജയേഷിനെ ബൈക്കിനരികിലെത്തിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅയനം
Next articleഓണപ്പുലികൾ
സ്റ്റേറ്റ്സ്മാൻ, ഇന്ത്യൻ എക്സ്പ്രസ്, പേടിയറ്റ് ,ക്രോസ് ലൈറ്റ് എന്നിവയിൽ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതീന്ദ്രിയം എന്നൊരു കാര്‍ട്ടൂണ്‍ കോളം ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മാതൃഭൂമി ഓൺ ലൈനിൽ കുഞ്ചിരി എന്നെ കാർട്ടൂൺ കോളം വരച്ചു. കഥപറയാനൊരിടം, ബഹുജനോത്സവം, തായാട്ട്, ക്യാപ്ഷഷക്രിയ എന്നീ കഥാ സമാഹാരങ്ങളും പുകില് എന്ന കാർട്ടൂൺ സമാഹാരവും പ്രസിദ്ധീകരിച്ചു. വിലാസംഃ സിറ്റാഡൽ കിസ്മത് പടി ഏറ്റുമാനൂര്‍ പി ഓ കോട്ടയം. 686631

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English