ജുവാന്‍ എന്ന സുന്ദരി

images

സാംസങ്ങ്  ഗാലക്സിയുടെ ഏറ്റവും പുതിയ മോഡല്‍ മൊബൈലിന്‍റെ ഗുണഗണങ്ങളും സൗകര്യങ്ങളും സ്ഫുടതയുള്ള  ആംഗലേയത്തില്‍ അവള്‍ വര്‍ണ്ണിക്കുമ്പോഴും  സാമിന്‍റെ നോട്ടം  അവളുടെ മുഖത്തും പിന്നെ പയ്യെ മറ്റു ശരീരഭാഗങ്ങളിലേക്കും ഇഴഞ്ഞുനീങ്ങികൊണ്ടിരിക്കുന്നതു  രാഹുല്‍  ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അരമണിക്കൂറോളം  അവളുടെ വര്‍ണ്ണന മുഴുവന്‍  ക്ഷമയോടെ കേട്ടുനിന്നെങ്കിലും അവര് മൊബൈലൊന്നും  വാങ്ങിയില്ല. അല്ലേലും വാങ്ങാനൊന്നുമല്ലല്ലോ പോയത്. വെള്ളിയാഴ്ച  ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഒരുറക്കവും കഴിഞ്ഞു എഴുന്നേറ്റാല്‍ ഗള്‍ഫിലെ ബാച്ചിലേഴ്സിനിടയില്‍ പിന്നെയൊരു ആശയകുഴപ്പമാണ്. ഇനിയെന്തു ചെയ്യും നേരം കൊല്ലാന്‍. അപ്പോ പിന്നെ ഒറ്റയ്ക്കോ കൂട്ടമായോ ഏതെങ്കിലും ഷോപ്പിംഗ് മാളുകളിലോ  പാര്‍ക്കുകളിലോ ചുമ്മായിങ്ങനെ  ചുറ്റിത്തിരിയും. ആ ചുറ്റിത്തിരിയലിനിടയിലാണ് സാം  തന്‍റെ  പുതിയ ഇരയെ തിരയുന്നത്.

“ആ മൊബൈല്‍ സെക്ഷനിലെ പെണ്ണ് കൊള്ളാം അല്ലേടാ.”  ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നിറങ്ങിയപ്പോള്‍ സാം രാഹുലിനോട്  പറഞ്ഞു.

“നിന്‍റെയാ നോട്ടം  കണ്ടപ്പഴേ എനിക്കു തോന്നി  നിന്‍റെയടുത്ത ഇര അവളായിരിക്കുമെന്ന്”

“ഞാനിതുവരെ കണ്ട പെണ്ണുങ്ങളെ  പോലെയല്ല  അവള്‍. അവള്‍ക്ക് എന്തോയൊരു പ്രത്യേകതയുണ്ട്. നീയവള്ടെ കണ്ണുകള്‍ ശ്രദ്ധിച്ചായിരുന്നോ. ശരിക്കും ഒരു നീലക്കടല്‍ അലയടിക്കുന്ന പോലെ. ആ കണ്ണുകള്‍ കണ്ടാലറിയാം അവള്‍ എന്തിനോ കൊതിക്കുന്നുണ്ടെന്ന്.” സാം അവളെ ശരിക്കും പഠിച്ചെടുത്ത മട്ടില്‍ പറഞ്ഞു.

“സാധാരണ എല്ലാരും കല്യാണം കഴിഞ്ഞാലെങ്കിലും നേരെയാകും. പെണ്ണ് കെട്ടീട്ടും നിന്‍റെ സ്വഭാവത്തിന്  മാത്രം ഒരു മാറ്റവും ഇല്ലല്ലോടാ.നിന്‍റെയിവ്ടത്തെ ചുറ്റിക്കളികളും വഴിവിട്ട  ബന്ധങ്ങളുയൊക്കെ നിന്‍റെ ഭാര്യ അറിഞ്ഞാല്‍  പ്രശ്നമാവില്ലേ. യഥാര്‍ത്ഥത്തില്‍ നീയവളെയും ചതിക്ക്കയല്ലേ.”

“ഒന്ന് പോടാ. നാട്ടിലുള്ള അവളെങ്ങനെ അറിയ്യാനാ. അവള്ന്നല്ല ഈ വക  കാര്യങ്ങളൊക്കെ ഒരു പൂച്ചകുഞ്ഞ് പോലും അറിയാതെ കൊണ്ട് നടക്കാന്‍ സാമിന് അറിയാം. ഞാനീ ഫീല്‍ഡിലിറങ്ങിയിട്ട് കാലം കൊറച്ചായേ. കല്യാണം വേറെ  ചുറ്റിക്കളി വേറെ. ഈ ചുറ്റിക്കളീന്ന്  കിട്ടുന്ന സുഖവും  ആനന്ദവുമൊന്നും  കല്യാണം കൊണ്ട് കിട്ടില്ല. കല്യാണം ഇച്ചിരി കൂടി സങ്കീര്‍ണ്ണത നിറഞ്ഞതല്ലേ.ഈ ചുട്ടുപൊള്ളുന്ന മരുഭൂമിയില് ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ ഇതൊക്കെയല്ലേയുള്ളൂ ഒരാശ്വാസത്തിന്. നീ  നോക്കിക്കോ. ഒരാഴ്ച കൊണ്ട് ഞാനവളെ വളയ്ക്കും. ബെറ്റിനുണ്ടോ.”

“ഞാനൊരു ബെറ്റിനുമില്ലേയ്. ബെറ്റിനു നിന്നാല്‍ ഞാന്‍ തന്നെ തോല്‍ക്കും. പെണ്ണുങ്ങളെ  വീഴ്ത്താനുള്ള നിന്‍റെ കഴിവ് അപാരം തന്നെ. അതു ഞാന്‍ പലതവണ കണ്ടിട്ടുള്ളതല്ലേ. സംസാരം കൊണ്ട് എന്തും നേടിയെടുക്കുവാന്‍ നിനക്കുള്ളത്ര കഴിവ് മറ്റാര്‍ക്കും ഉണ്ടാവില്ല.

സാം വെല്ലുവിളിച്ചതു പോലെതന്നെ ഒരാഴ്ച കൊണ്ട്  നീല കണ്ണുള്ള സ്വര്‍ണ്ണമുടിയുള്ള ജുവാന്‍ എന്ന  സുന്ദരി സാമിന്‍റെ വലയില്‍. അതോടെ സാമിന്‍റെ ദിവസങ്ങള്‍  കൂടുതല്‍ തിരക്കുള്ളതായി. അവന്‍ അവളെയും കൊണ്ട് ഷോപ്പിംഗ് മാളുകളിലും പാര്‍ക്കുകളിലും റസ്റ്റോറന്‍ഡുകളിലും എല്ലാം കറങ്ങിനടന്നു.

സാമിന് ജുവാന്‍  മരുഭൂമിയിലെ വിരസതയകറ്റാനുള്ള വെറുമൊരു നേരമ്പോക്ക് മാത്രമായിരുന്നെങ്കിലും ജുവാന് സാം അങ്ങനെയായിരുന്നില്ല. അവള്‍ക്ക് അവനെ  വിശ്വാസമായിരുന്നു. ജീവിക്കാനുള്ള പ്രചോദനമായിരുന്നു. അവള്‍ക്ക് മാത്രം അറിയുന്ന , അവള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന അവളുടെ കൂരിരുട്ടിലേക്ക്‌ ഉദിച്ചുയര്‍ന്ന  സൂര്യനായിരുന്നു.

പ്രശ്ന സങ്കീർണ്ണമായ  ഒരു ഭൂതക്കാലമായിരുന്നു ജുവാന്‍റേത്. മുഴുക്കുടിയനായിരുന്ന അച്ഛന്‍. സ്വന്തം ജീവിതത്തിനും സ്വന്തം സുഖത്തിനും  മാത്രം പ്രാധാന്യം കൊടുത്തിരുന്ന  അമ്മ. ഏതോ ശാപം പോലെ ഈ ലോകത്തിലേക്ക്‌ വന്നു പിറക്കപ്പെട്ട  രണ്ടു കുരുന്നുകളായിരുന്നു ജുവാനും അവളുടെ അനിയനും. സ്വന്തം അമ്മയെ അച്ഛന്‍റെ ഉറ്റസുഹൃത്തിനോടൊപ്പം പലതവണ കാണാന്‍ പാടില്ലാത്ത സാഹചര്യങ്ങളില്‍ കണ്ടിട്ടും  അതിനെക്കുറിച്ച്  ഒരാളോടും ഒരു സങ്കടം പോലും പറയാന്‍ പറ്റാത്ത ശപിക്കപ്പെട്ട മകള്‍.

ഒരുദിവസം തന്‍റെ ഭാര്യയും താനേറെ  വിശ്വസിച്ചിരുന്ന ഉറ്റസുഹൃത്തും തമ്മിലുള്ള  രഹസ്യബന്ധം  അച്ഛന്‍ നേരില്‍ കാണാനിടയായി. അതോടെ അച്ഛന്‍റെ മനസ്സിന്‍റെ  സമനില തെറ്റി. അന്ന് കലിയിളകി ഒരു മുഴുഭ്രാന്തനെപ്പോലെ വീട്ടിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയ അച്ഛന്‍ കൈയ്യില്‍ കിട്ടിയ ചുറ്റികയെടുത്ത് രണ്ടിന്‍റെയും  തലയ്ക്കടിച്ചു കൊന്നു. എന്നിട്ടും കലിയടങ്ങാതെ ആ മൃതദേഹങ്ങള്‍ക്കുമേല്‍ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി. എന്നിട്ട് ആ ആളികത്തുന്ന അഗ്നിയിലേക്ക്  അച്ഛനും എടുത്തുചാടി.

ഇതൊക്കെയും കണ്ണിനു നേരെ കണ്ടുകൊണ്ട് ഒന്നനങ്ങാന്‍ പോലുമാവാതെ ശ്വാസം വിടാന്‍ പോലും പേടിച്ച്  മരവിച്ചു നില്‍ക്കുകയായിരുന്നു അന്ന്  പന്ത്രണ്ടു വയസ്സ് മാത്രം പ്രായമുള്ള  ജുവാനും അവളുടെ ഏഴുവയസ്സുകാരന്‍ അനിയനും. അതിനുശേഷം  അവളുടെ അനിയനൊന്ന് മിണ്ടീട്ടില്ല, ചിരിച്ചിട്ടില്ല. കരഞ്ഞിട്ടും ഇല്ല. ഇപ്പോള്‍ വര്‍ഷം പന്ത്രണ്ടു കഴിഞ്ഞിരിക്കുന്നു. ഇത്രയും കാലമായി ഏതോ മാനസികാരോഗ്യകേന്ദ്രത്തിന്‍റെ ഇരുട്ടില്‍ കഴിയുന്ന അവനെ സാധാരണ ജീവിതത്തിലേക്കു  കൊണ്ടുവരിക എന്നതാണ് ജീവിതത്തിലെ അവള്ടെ ഏക ലക്ഷ്യം. അവളുടെ ഏറ്റവുംവലിയ സ്വപ്നവും അതുതന്നെ. തന്‍റെ പ്രശ്നങ്ങളൊക്കെ അറിയുമ്പോള്‍ സാം തനിക്കൊരു താങ്ങാകുമെന്നവള്‍  കരുതി.

ഒരുദിവസം ജുവാന്‍  ഇതുവരെ ആരോടും പറയാത്ത തന്‍റെ എല്ലാ സങ്കടങ്ങളും  സാമിനോട്  തുറന്നുപറഞ്ഞു. പൊട്ടിക്കരഞ്ഞു കൊണ്ടു  അവള്‍ മനസ്സ് തുറക്കുമ്പോഴും അവന്‍റെ നോട്ടം അവള്ടെ മാസ്മരികസൗന്ദര്യത്തിലുടക്കി നില്ക്കുകയായിരുന്നു.  അവള്‍ പറഞ്ഞതൊന്നും വ്യക്തമായി  കേട്ടില്ലെങ്കില്‍ പോലും  സംസാരം കൊണ്ട് ആരേയും വീഴ്ത്താനറിയുന്ന അവന്‍ അവളെ  സമാധാനിപ്പിക്കുന്നതായി  അഭിനയിച്ചു.  അവള്ടെ എല്ലാ സങ്കടങ്ങളിലും പ്രശ്നങ്ങളിലും ഒരത്താണിയായി  ജീവിതാവസാനം വരെ താന്‍ കൂടെയുണ്ടാകുമെന്നവന്‍ അവളെ  വിശ്വസിപ്പിച്ചു.

അതിനു ശേഷം അവള്ടെ മനസ്സില്‍  അവനുള്ള സ്ഥാനം മറ്റെല്ലാറ്റിലുമുപരിയായി. തന്‍റെ വഴിയില്‍ തന്നൊപ്പം നടക്കുവാന്‍, താന്‍ തളരുമ്പോള്‍ തന്‍റെ  ദൌത്യങ്ങള്‍ ഏറ്റെടുത്തു നടത്തുവാന്‍ എന്നുമവന്‍ കൂടെയുണ്ടാകുമെന്നവള്‍ വിശ്വസിച്ചു.  അതുകൊണ്ടാകാം അവള്‍ അവളെ തന്നെ പൂര്‍ണ്ണ മനസ്സോടെ അവന് സമ്മാനിച്ചത്.

കാലമങ്ങനെ കുറച്ചു കഴിഞ്ഞുപോയി. എല്ലാ കാര്യങ്ങളും താന്‍ ഉദ്ദേശിച്ച പോലെതന്നെ നടന്നു കഴിഞ്ഞപ്പോള്‍ പിന്നെ സാമിന്  അവളെ മടുത്തു തുടങ്ങി. അവന്‍ മനപൂര്‍വ്വം അവളെ ഒഴിവാക്കാന്‍ ശ്രമിച്ചു. പക്ഷേ അവനവളെ ഒഴിവാക്കാന്‍ നോക്കുന്തോറും  അവനോട് കൂടുതല്‍ അടുക്കാനാണ് അവള്‍ ശ്രമിച്ചുകൊണ്ടിരുന്നത്.

ഫോണ്‍  വിളിച്ചിട്ടും  മെസ്സേജ് അയച്ചിട്ടും ഒന്നും അവന്‍ പ്രതികരിക്കാതെയായപ്പോള്‍ അവളവനെ അന്വേഷിച്ച് അവന്‍റെ ഒാഫീസില്‍ ചെന്നു. കാര്യങ്ങള്‍ അത്രടം വരെയായപ്പോള്‍ ഇനിയവളെ  തന്‍റെ ജീവിതത്തില്‍  നിന്ന്‍ പൂര്‍ണ്ണമായി ഒഴിപ്പിച്ചു നിറുത്തേണ്ടത് അനിവാര്യമാണെന്നവന് തോന്നി.

അന്നു വൈകിട്ട് അവന്‍ അവള്‍ക്കു മെസ്സേജ് അയച്ചു.

“അച്ഛനു സുഖമില്ല, ഇന്നു  രാത്രീലെ ഫ്ലൈറ്റിനു  നാട്ടില്‍ പോവുകയാണ്. ഒരു മാസം കഴിഞ്ഞിട്ടേ തിരിച്ചു വരൂ. വന്നിട്ട് കാണാം. എന്നെ നീ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ഒന്നും ചെയ്യണ്ട. സമയം കിട്ടുമ്പോള്‍ ഞാന്‍ നിന്നെ വിളിച്ചോളാം.”

ഇതവന്‍റെ ഒരു പതിവു രീതിയാണ്. ഒരു ചുറ്റിക്കളിയെ  ഒഴിവാക്കണമെന്ന്  അവന് തോന്നിയാല്‍ അവര്‍ക്ക് ഇതുപോലൊരു മെസ്സേജ്  അയച്ച് കുറച്ചു ദിവസം അവധിയെടുത്ത് അവനവിടുന്ന്  ഒന്ന് മാറി നില്ക്കും. അവന്‍ തിരിച്ചു വരുമ്പോഴേക്കും മിക്കവാറും കേസുകളില്‍ അവരവനെയും മറന്നിട്ടുണ്ടാകും.അതുപോലെ ജുവാനും തന്നെ മറന്ന് മറ്റൊരു  ബോയ്‌ഫ്രണ്ടിനെ തേടിപ്പോകുമെന്നാണവന്‍ കരുതിയത്.

പക്ഷേ അവനരികിലില്ലാത്ത ഓരോ നിമിഷവും അവളവനെ കുറിച്ചു മാത്രം ചിന്തിച്ചു. അവനെ മാത്രം സ്വപ്നം കണ്ടു. ഏതുനേരവും അവനെ മനസ്സില്‍ കൊണ്ടു നടന്നു.അവള്‍ക്കവന്‍ എത്രത്തോളം പ്രിയപ്പെട്ടവനായി  തീര്‍ന്നു  കഴിഞ്ഞിരിക്കുന്നു എന്നവള്‍ തിരിച്ചറിയുകയായിരുന്നു.  സമയസൂചി ഒട്ടും ചലിക്കാത്തപോലെ തോന്നി അവള്‍ക്ക്.

കാത്തുകാത്തിരുന്നങ്ങനെ ഒരു മാസം കഴിഞ്ഞു. അവനെത്തിയിട്ടുണ്ടാകുമോ. ഒരു മാസം കഴിഞ്ഞ് വരുമെന്നല്ലേ പറഞ്ഞത്. ഒന്ന് വിളിച്ചു നോക്കിയാലോ. വേണ്ട  വിളിക്കേണ്ടന്നല്ലേ പറഞ്ഞത്. എത്തിയിട്ടുണ്ടായിര്ന്നേല്‍ അവന്‍ വിളിച്ചേനെ. അവള്ടെ മനസ്സില്‍  ചിന്തകള്‍ അങ്ങനെ മാറിയും മറഞ്ഞും വന്നു. രണ്ടുദിവസങ്ങള്‍ പിന്നെയും കടന്നുപോയി. അവനെക്കുറിച്ചൊരു  വിവരവും ഇല്ല. നോക്കാം, രണ്ടുദിവസം കൂടി കാത്തുനോക്കീട്ടും ഒരു വിവരവുമില്ലെങ്കില്  അവന്‍റെ ഒാഫീസ് വരെ ഒന്നു പോയി നോക്കാം.

അങ്ങനെയൊരു തീരുമാനം എടുത്തിട്ടാണ് അന്നു രാവിലെ അവള്‍ ജോലിക്കു പോയത്. തിരിച്ചു വരുമ്പോള്‍ ചില അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനായി അവള്‍ ഷോപ്പിംഗ് മാളിലൊന്നു കയറി. അപ്പോളതാ അവിടെയൊരു  കോഫീ ഷോപ്പില്‍  കളിച്ചു ചിരിച്ചു തമാശകള്‍ പറഞ്ഞു  മറ്റൊരു പെണ്‍കുട്ടിയോടൊപ്പം അവന്‍.

അവള്‍ക്കു താന്‍ കണ്ണുകൊണ്ട് കാണുന്നയാ കാഴ്ച വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എല്ലാം തന്‍റെയൊരു തോന്നലു മാത്രമാവണേ എന്നവള്‍ പ്രാര്‍ത്ഥിച്ചു. പ്രാണനായി താന്‍ കണ്ടിരുന്ന സാം തന്നെ ചതിക്കുകയോ. അവള്‍ക്കത് അംഗീകരിക്കാനേ ആയില്ല.ഇനിയുമവിടെ നിന്നാല്‍ പരിസരം മറന്ന് പൊട്ടികരഞ്ഞു പോകും എന്നു തോന്നിയിട്ടാവണം അവള്‍ തന്‍റെ താമസസ്ഥലം ലക്ഷ്യമാക്കി നടന്നു .

ഈ ലോകത്ത് ആളുകള്‍ക്ക്  പലതരത്തിലുള്ള മനോവിഷമങ്ങളും ഉണ്ടാകും . ചതിക്കപ്പെട്ടവരുടെ വിഷമമാണ് അതിലേറ്റവും തീവ്രതയേറിയത് എന്നവള്‍ക്കു തോന്നി.ഇന്നേവരെ തന്‍റെ അച്ഛനോട്  അവള്‍ക്ക് വെറുപ്പും ദേഷ്യവുമല്ലാതെ മറ്റൊന്നും തോന്നീട്ടില്ല. പക്ഷേ അന്നാദ്യമായി അവള്‍ക്ക് തന്‍റെ  അച്ഛനാണ് ശരിയെന്നു തോന്നി. അന്നങ്ങനെ കണ്ടപ്പോള്‍  അച്ഛന്‍ എന്തുമാത്രം വേദനിച്ചു കാണും. അച്ഛന്‍റെ കാഴ്ചപ്പാടാണ് ശരി. മറ്റുള്ളവരെ ചതിച്ച്  സന്തോഷിക്കുന്നവര്‍ ഈ ലോകത്ത് ജീവിക്കാന്‍ അര്‍ഹരല്ല.

പിറ്റേന്നു കാലത്ത് രണ്ടും കല്പ്പിച്ച് ജുവാന്‍  സാമിന്‍റെ ഓഫീസിലേക്കു ചെന്നു. അവളെ കണ്ടപ്പോള്‍  മുഖത്തെ ജാള്യത മറയ്ക്കാന്‍ ശ്രമിച്ചു കൊണ്ട്  അവന്‍ പറഞ്ഞു.

“ഞാനിന്ന് മോര്‍ണിംഗ് ഫ്ലൈറ്റിന് എത്തിയതേയുള്ളൂ. വൈകിട്ട് നിന്നെ വന്ന് കാണാന്ന് കരുതി.  അതാ വിളിക്കാതിര്ന്നെ.”

“നീയെത്തിയിട്ടുണ്ടാകുമെന്ന് എന്‍റെ  മനസ്സു പറഞ്ഞു . അതാ ഞാനിങ്ങോട്ടു വന്നെ. എന്താ മനപ്പൊരുത്തം അല്ലേ . നിന്നെയെനിക്കൊന്ന്  ഒറ്റയ്ക്കു  കാണണം. വേറെയാരും വേണ്ട. ഒന്നും വേണ്ട . നീയും ഞാനും മാത്രം. നിന്നെയെനിക്കൊന്ന് മതിമറന്നു സ്നേഹിക്കണം .” നാണത്തില്‍ പൊതിഞ്ഞ ഒരു ചെറുപുഞ്ചിരി ചുണ്ടില്‍  ചാര്‍ത്തി കൊണ്ടവള്‍ തുടര്‍ന്നു.

“ഇന്ന് വൈകിട്ട് ഏഴുമണിക്ക്  എന്‍റെ  റൂമിലേക്ക്‌ വര്വോ. അവിടെ ഞാന്‍ ഒറ്റയ്ക്കേയുള്ളൂ. റൂമേറ്റ്സ് നാട്ടില്‍ പോയിരിക്ക്യാ.”

“ഞാന്‍ തീര്‍ച്ചയായും വരാം.” അതിയായ സന്തോഷത്തോടെ അവന്‍ പറഞ്ഞു

അന്നു വൈകിട്ട് ഏഴുമണിക്ക് പത്തുമിനിറ്റ് മുമ്പു തന്നെ അവന്‍ അവളുടെ റൂമിലെത്തി. ചോര പോലുള്ള റെഡ് വൈന്‍ അവളവനു കുടിക്കാന്‍ കൊടുത്തു.

“ഇതെന്താ ചോര പോലുണ്ടല്ലോ.” വൈന്‍ ഗ്ലാസ് അല്പം  ഉയര്‍ത്തി പിടിച്ചുകൊണ്ടവന്‍ പറഞ്ഞപ്പോള്‍ അവളൊന്ന് നിഗൂഢമായി  ചിരിച്ചു എന്നിട്ട് പറഞ്ഞു .

“ചോരയും മരണവും പരസ്പരം ബന്ധപ്പെട്ടു കിടക്കുകയല്ലേ. മരണത്തെക്കുറിച്ച് എന്താ  നിന്‍റെ അഭിപ്രായം . എങ്ങനെ മരിക്കാനാ  നിനക്കിഷ്ടം. മരിച്ചാല്‍  നീ സ്വര്‍ഗ്ഗത്തില്‍  പോവ്വോ  അതോ നരകത്തിലോ. നീയതേക്കുറിച്ച് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ.”

“നീ  എന്തൊക്കെയാ ഇപ്പറേന്നെ , നിനക്കെന്താ പറ്റിയേ.” ഒന്നും മനസ്സിലാവാതെ നേരിയ അന്ധാളിപ്പോടെ അവന്‍ ചോദിച്ചു

“ഏയ്‌ ഒന്നുമില്ല , ഏഴു മണിയാവാന്‍  ഇനിയും സമയമുണ്ടല്ലോ. അതുവരെ എന്തെങ്കിലും  സംസാരിച്ചിരിക്കാം എന്നു കരുതി. കൃത്യം ഏഴു മണിയായാല്‍ ഞാന്‍ നിന്നെ സ്നേഹിക്കാന്‍ തുടങ്ങും. നിന്നിലെനിക്ക് ഏറ്റവും ഇഷ്ടമുള്ളത് എന്താണെന്നറിയ്യോ. നിന്‍റെ സംസാരം . എത്ര മധുരമായിട്ടാ നീ സംസാരിക്കുന്നെ . അതിലാ ഞാന്‍ വീണു പോയെ. എനിക്കു തോന്നുന്നത് നിന്‍റെ നാക്കിന്  എന്തോ പ്രത്യേകതയുണ്ടെന്നാ. അതാ നിനക്കിത്രയും സ്വീറ്റായിട്ട്  സംസാരിക്കാന്‍ പറ്റ്ന്നെ. നീയാ  നാക്കൊന്ന് നീട്ടിയേ.”   അവള്‍ കുറച്ചു കൂടി  അവന്‍റടുത്തേക്ക് നീങ്ങി നിന്നു .

അവന്‍ നാക്ക് നീട്ടിയതും അവള്‍ കൈയ്യില്‍ കരുതിയിരുന്ന മൂര്‍ച്ചയേറിയ വാള് കൊണ്ട് അവന്‍റെ നാക്ക് അരിഞ്ഞു വീഴ്ത്തി. അപ്പോള്‍ ക്ലോക്കില്‍ മണി ഏഴടിക്കുന്നുണ്ടായിരുന്നു.

വേദന കൊണ്ട് പുളയുന്ന അവനെ നോക്കി അവള്‍ പറഞ്ഞു .

“പിന്നെയെനിക്കിഷ്ടം  എന്താണെന്നറിയ്യോ. നിന്‍റെയീ  കൈകള്‍ . എന്നെ പലപ്പോഴും  സ്നേഹപൂര്‍വ്വം തലോടിയിട്ടുള്ള ഈ കൈകള്‍ . അതു ഞാനിങ്ങ് എട്ക്കുകയാ.” പറഞ്ഞു തീര്‍ന്നതും ഭ്രാന്തമായ ആവേശത്തോടെ   അവന്‍റെ രണ്ടുകൈകളും അവള്‍  വെട്ടി വീഴ്ത്തി. അപ്പോള്‍  അവളുടെ കണ്ണുകള്‍ ജ്വലിക്കുന്ന  രണ്ടു തീ ഗോളങ്ങളായിരുന്നു. പിന്നെയവന്‍റെ ജനനേന്ദ്രിയം .അപ്പോഴേക്കും രക്തം വാര്‍ന്ന് വാര്‍ന്ന് അവന്‍റെ ജീവന്‍ പോയിരുന്നു.

എന്നിട്ടും കലിയടങ്ങാതെ  അവള്‍ അവന്‍റെ ചേതനയറ്റ ശരീരത്തെ ചെറു തുണ്ടുകളായി വെട്ടി നുറുക്കുകയാണ് .അവളുടെ മുഖത്ത്   അപ്പോള്‍ ഒരു  പ്രത്യേകതരം ആനന്ദമുണ്ടായിരുന്നു. പ്രതികാരത്തിന്‍റെ ആനന്ദം. ഒടുവില്‍  കഷ്ണങ്ങളായി ചിതറി കിടക്കുന്ന ആ മൃതദേഹത്തെ നോക്കി അവള്‍ ആക്രോശിക്കുകയാണ്.

“ഇതു നിനക്കു മാത്രമല്ല, നിന്നെപ്പോലെ പെണ്ണിനെ ചതിക്കുകയും  നശിപ്പിക്കുകയും  ചെയ്യുന്ന, പെണ്ണിനെ ഒരു ഉപഭോഗ വസ്തുവായി മാത്രം കാണുന്ന ഏതൊരുത്തനും ഉള്ള പാഠമാണ്. ഞാനിതു ചെയ്തതു ഇനിയീ ലോകത്ത് ഒരു പെണ്ണും നശിപ്പിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ്.”  അവളുടെ ഘോരമായ ശബ്ദം കേട്ട്  ആ മുറിയുടെ ഭിത്തികള്‍ വരെ കുലുങ്ങി വിറച്ചു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English