അമ്മ

ആരാണു കുട്ടിയുടെ കൂടെയുള്ളത്…?

ഇല്ല.. എനിക്കാരുമില്ല ….!

ആരുമില്ലാത്തവരെ അഡ്മിറ്റ് ചെയ്യാൻ കഴിയില്ല.

സിസ്റ്റർ ദയവായി എന്നെ തള്ളിക്കളയരുത്….! പ്രായത്തിൽ നിങ്ങൾ എന്റെ അമ്മയ്ക്ക് സമാനയാണു… അതുകൊണ്ട് ഒരമ്മയുടെ സ്ഥാനത്തു നിന്നുകൊണ്ട്  എന്നെ സഹായിക്കണം.  !

കുട്ടി അതു പറഞ്ഞപ്പോൾ സിസ്റ്ററിന്റെ ഹൃദയം ഒരമ്മയുടേതെന്നപോലെ തുടിച്ചു !.  അവരുടെ മുഖത്തു നിന്ന് അതു വായിച്ചെടുക്കാൻ കഴിയുമായിരുന്നു.

കുട്ടിയെ അഡ്മിറ്റ് ച്യ്തു.

രണ്ടു ദിവസ്സം കഴിഞ്ഞപ്പോൾ അവൾ പ്രസവിച്ചു. ഒരു പെൺകുഞ്ഞ്….!

ജില്ലാ ആശുപത്രിയിലെ വരാന്തയിൽ ഒരു ബെഡ് ഷീറ്റ് വിരിച്ച് അവൾക്കു കിടക്കാൻ ഇടം കൊടുത്തു.  അവളോടു ചേർത്ത് ചോരക്കുഞ്ഞിനെ കിടത്തി.

നേഴ്സുമാർ  പലതും അവളിൽ നിന്ന് ചോദിച്ചറിയാൻ ശ്രമിച്ചത് വിഫലമായിപ്പോയി.

താൻ ഒരാനാഥ ആണെന്നും   വഞ്ചിക്കപ്പെട്ടതാണെന്നും   മാത്രം അവൾ പറഞ്ഞു.

നേഴ്സുമാർ  അങ്ങും ഇങ്ങും വന്നുപൊയ്ക്കൊണ്ടിരുന്നു.

വരാന്തയിൽകൂടി കടന്നു പോകുന്നവർ സുന്ദരിയായ അമ്മയെ കണ്ട് പിറുപിറുത്തു.

” പെഴച്ചു പെറ്റവൾ ….!!”

പടിഞ്ഞാറോട്ടു നീങ്ങുന്ന സൂര്യന്റെ ചൂട് കുട്ടിയെ പരവശയാക്കുന്നുണ്ട്.  കുട്ടി കൈകാലുകൾ ശൂന്യതയിൽ തുഴഞ്ഞ് കരയുകയാണ് …!. അവളുടെ മാറിടം ചുരക്കുന്നുണ്ടായിരുന്നിട്ടും അവൾ കുട്ടിയ്ക്ക് പാൽ കൊടുത്തില്ല.

പലരുടെയും കുത്തിക്കുത്തിയുള്ള ചോദ്യങളിൽനിന്നും കൂർത്ത നോട്ടങളിൽനിന്നും രക്ഷ നേടണമെങ്കിൽ എത്രയും പെട്ടെന്ന് ഇവിടം വിടേണ്ടതായിരിക്കുന്നു എന്നവൾ ചിന്തിച്ചുറച്ചു.

തക്കം നോക്കി അവൾ കുട്ടിയുമായി ആശുപത്രിയിൽനിന്നും കടന്നുകളഞ്ഞു.

വെയിൽ ചാഞ്ഞു തുടങ്ങിയിരുന്നു.  തോളിൽ തൂക്കിയ  വാനിറ്റി ബാഗിൽ കുട്ടി നിശബ്ദമായി ഉറങ്ങുന്നുണ്ടായിരുന്നു.

ചോര കുഞ്ഞിന്റെ മണം അവളുടെ നാസാരന്ത്രങ്ങളെ തുളച്ചു കയറി അവൾക്കുള്ളിൽ അലിഞ്ഞു ചേരുന്നുണ്ടായിരുന്നു.

ചിന്തകൾ അവളുടെ മനസ്സിനെ കാർന്നു തിന്നുകയായിരുന്നു. ആരോരുമില്ലാത്ത തന്നെ വകയിൽ ഒരു കുഞമ്മ എന്നവകാശപ്പെട്ടുകൊണ്ട്  കൂട്ടിക്കൊണ്ടുപോയതും അടിമയെപ്പോലെ വീട്ടുജോലികൾ ചെയ്യിച്ചതും അവസ്സരം പാർത്ത് അവരുടെ ഭർത്താവ്  ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ചതും എല്ലാം മനസ്സിനെ കൊത്തിപ്പറിച്ചുകൊണ്ടിരുന്നു  . എല്ലാം കൈവിട്ടുപോയ നാളുകൾ.

അവൾ പട്ടണത്തിൽ നിന്നും  അങ്ങാടിയിലെ ഇടവഴികളിൽക്കൂടി നടന്നു. ഇടവഴികളിൽ നിന്ന്  പിരിയുന്ന വഴിയുടെ അറ്റം അവസാനിച്ചത് മാലിന്യങ്ങൾ കൂട്ടിയിട്ട വിജനപ്രദേശത്തായിരുന്നു.  ദുർഗന്ധം മുറ്റി നിന്നിരുന്നു അവിടമാകെ.

മാലിന്യം ചികഞു പുഴുക്കളെ തിരയുന്ന പക്ഷികൾ.  അറവു ശാലകളിൽ നിന്നു കൂട്ടിയിട്ട അസ്ഥികളിൽ പറ്റിച്ചേർന്നിരിക്കുന്ന നാമമാത്രമായ മാംസം കൊത്തിപ്പറിച്ചു തിന്നുന്ന കഴുകന്മാർ. തലങും വിലങും ഓടിനടക്കുന്ന പന്നിയെലികൾ. നഗര പ്രാന്തങളിലെ കോഴിക്കടകളിൽ നിന്നും കൊണ്ടുവന്നിട്ടിരിക്കുന്ന അവശിഷ്ടങൾ. നായ്ക്കൾ എച്ചിലിനുവേണ്ടി കടിപിടി കൂട്ടുന്നതും കാണാമായിരുന്നു.

വാനിറ്റി ബാഗിൽ നിന്നും അവൾ കുട്ടിയെ പൊതിഞ കെട്ട് പുറത്തെടുത്തു. അവിടത്തെ ദുർഗന്ധത്തെ അതികടന്ന് ചോരക്കുഞിന്റെ ഗന്ധം അവൾ അറിയുന്നുണ്ടായിരുന്നു. തന്റെതന്നെ രക്തത്തിന്റെ മണം.

ചപ്പുചവറുകൾക്കിടയിൽ അവൾ കുട്ടിയെ  കിടത്തി  തിരിഞുനടന്നു.

അവളുടെ  ചുവടുകൾ പതറിയിരുന്നെങ്കിലും വേഗത്തിൽ നടക്കാൻ ശ്രമിച്ചു. ചുവടുകളെ ആരോ പിന്നിലേക്ക് വലിക്കുന്ന പ്രതീതി.  ശരീരം ചുട്ടു പൊള്ളുന്നതുപോലെ തോന്നി.  ഹൃദയമിടിപ്പിന്റെ ഗതി കൂടിവന്നു.  വിയർപ്പു പൊടിഞ് ദേഹം നനവാർന്നു തുടങി. ആരും തന്നെ കാണുന്നില്ല. കുട്ടിയുടെ സബ്ദം കേൾക്കാതെ കാതുകൾ പൊത്തണമെന്നു തൊന്നിയ നിമിഷങൾ.

പക്ഷെ പുറകിൽ നിന്നു കുട്ടിയുടെ രോദനം ഉയർന്നു കേട്ടു. ഇപ്പോൾ അവളുടെ കാലുകളുടെ ചലനം അറ്റതുപോലെയായിരിക്കുന്നു. കണ്മുന്നിൽ ഇരുട്ടുപരക്കുന്നതായി തോന്നി. കഴുകന്മാർ  ചിറകടിക്കുന്ന ശബ്ദവും അതിന്റെ      ശീൽക്കാരം  ഉയർന്നു കേട്ടു.

ഇനി മൂന്നുനാലടി കൂടി മുന്നോട്ടു  നടന്നാൽ ആ വഴി തിരിഞ് കുട്ടി കിടക്കുന്നിടം കാണാതെയാകും. പിന്നെ താനായി തന്റെ പാടായി എന്നവൾ സ്വയം ചിന്തിച്ചു.  മറവു ചെയ്ത് സ്മശാനത്തിൽ നിന്ന് മടങ്ങുന്ന പ്രതീതിയായിരുന്നു അപ്പോൾ.  സ്മശാന മൂകത അവിടെ തളം കെട്ടിയിരുന്നു.

നായ്ക്കളിൽ ചിലത്   ഓലിയിടുന്നുണ്ട്.  അവ  കുട്ടിയ്ക്കു ചുറ്റും കൂടിയിട്ടുണ്ട് . ഇനി അധിക സമയം വേണ്ടിവരില്ല കുട്ടിയെ നായ്ക്കൾ കടിച്ചുകീറി തിന്നുവാൻ.  അതവൾക്ക് അറിയായ്കയല്ല. എന്നിട്ടും മനപ്പൂർവ്വം അങ്ങനെയൊരു തെറ്റു ചെയ്യേണ്ടി വന്നു.

വീണ്ടും കുട്ടി കരഞു. തിരിഞു നോക്കില്ലെന്ന് മനസ്സിനെ ദൃഢപ്പെടുത്തി. വീണ്ടും കുട്ടി കരഞു. ഇപ്പോൾ അവൾക്ക് തിരിഞു നോക്കാതിരിക്കാനായില്ല. അവൾ തിരിഞു നോക്കി. കുട്ടിയെ കിടത്തിയിരുന്ന  തുണിക്കെട്ടും കടിച്ചുതൂക്കി ഒരു നായ തന്നെ ലക്ഷ്യമാക്കി വരുന്നു.

പിന്നെ അവൾ ഒരോട്ടമായിരുന്നു. അവളുടെ വഴിയെ അല്ല. കുട്ടിയെ ലക്ഷ്യമാക്കി അവൾ  തിരിഞോടി. നായ കുട്ടിയെ അവളുടെ മുന്നിൽ വെച്ചു.  അതു വാലാട്ടി  അവൾക്ക് മുന്നിൽ നിന്നു. സ്നേഹത്തോടെ മോങ്ങി.  അതു ഹൃദയം നൊന്ത് കണ്ണുനീർ പൊഴിക്കുന്നതുപോലെ തോന്നി.

ആ നായയും ഒരിക്കൽ പെറ്റിട്ടുണ്ടാവും !. ഒരമ്മയുടെ സ്നേഹം അതിനു നന്നായ് അറിയാമായിരിക്കും !.  ഒരു നായയെക്കാൾ താൻ ഹൃദയ ശൂന്യയായിപ്പോയല്ലോ എന്ന് ഒരു നിമിഷം അവൾ  ചിന്തിച്ചു.

അവൾ മറ്റൊന്നും ചിന്തിക്കാതെ കുട്ടിയെ കോരിയെടുത്തു.  അപ്പോൾ നായ മോങ്ങൽ നിർത്തി അവളെ വിട്ട് തിരിച്ച് എച്ചിൽ കൂമ്പാരത്തിലേക്ക് മടങ്ങി.

അവിടെത്തന്നെ മുട്ടിന്മേൽ നിന്ന് അവൾ കുട്ടിയ്ക്ക് മുലയൂട്ടി….!

പഴയപടി കുട്ടിയെ വാനിറ്റി ബാഗിൽ ഒതുക്കിയല്ല അവൾ നടന്നത്.  ഇപ്പോൾ അവർ മാറോടണച്ചാണു കുട്ടിയെ പിടിച്ചു നടക്കുന്നത്. കുട്ടിയുടെ കരച്ചിൽ നിന്നിരിക്കുന്നു. അമ്മയുടെ നെഞ്ചിലെ ചൂട് കുട്ടിയെ മയക്കത്തിലേക്ക് നയിച്ചു.

നഗരത്തിലെ അനാഥാലയം തേടി അവൾ നഗരം  മുഴുക്കെ അലഞ്ഞു നടന്നു.  ഒടുവിൽ അനാഥാലയത്തിന്റെ പടിപ്പുരയിൽ ചെന്ന് മണിയടിക്കുമ്പോൾ നേരം പാതിരയോട് അടുത്തുകഴിഞിരുന്നു. ആരും പടിപ്പുരയിലേക്ക് എത്തിനോക്കിയില്ല

മഴ ചാറുന്നുണ്ടായിരുന്നു. പിന്നീട് മഴയ്ക്ക് കട്ടികൂടിത്തുടങ്ങി. ഘനത്ത മഴത്തുള്ളികളുടെ ശബ്ദം. ഇടിയോടും മിന്നലുകളോടുംകൂടി മഴ തിമർത്തുപെയ്തു. . കാറ്റിൽ ആടി ഉലയുന്ന മരച്ചില്ലകൾ. പതിരുകൾ പേറ്റുന്നതുപോലെ ഇലകളെ കാറ്റ് പേറ്റിക്കൊണ്ടുപോകുന്നതു കാണാം. തണുത്ത കാറ്റ് ആഞ്ഞടിച്ചു. കുളിർ കോരിയിട്ടു.

ആശുപത്രിയിൽ നിന്നെടുത്ത പുതപ്പു പുതച്ച് ഒരു മൂങ്ങയെപ്പോലെ അവൾ കുട്ടിയുമായി പതുങ്ങിയിരുന്നു  . ഇടിമിന്നലിൽ അവൾ പരിഭ്രാന്തികൊണ്ടു.  ഒരു വെള്ളിടി വെട്ടി തങളെ ഭസ്മമാക്കിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോയ നിമിഷങൾ. മരണം കാംഷിച്ചിട്ടും അതുണ്ടായില്ല.

അടിച്ചു തൂപ്പുകാരി പടിവാതിൽ തുറന്നപ്പോൾ യുവതിയേയും കുട്ടിയേയും കണ്ടു.

തൂപ്പുകാരി അനാഥാലയത്തിന്റെ മദർ സുപ്പീരിയറെ വിവരം അറിയിച്ചു.

മദർ കുട്ടിയെ ഏറ്റുവാങാൻ വിസമ്മദിച്ചു.

തനിക്കു പറ്റിയ ചതികളെ അവൾ മദറിന്റെ മുന്നിൽ ഏറ്റുപറഞു. തന്റെ ഗതി കുട്ടിയ്ക്ക് ഉണ്ടാകാതിരിക്കാൻ കുട്ടിയെ ഏറ്റെടുക്കണമെന്ന് അവൾ മദറിന്റെ കാലുപിടിച്ച് കെഞ്ചി.

കുട്ടിയുടെ ചിലവിനുള്ളത് താൻ എല്ലാ മാസവും എത്തിച്ചുകൊള്ളാമെന്ന് അവൾ ഉറപ്പുകൊടുത്തു.

മദറിന്റെ നിർദ്ദേശപ്രകാരം കുട്ടിയെ കന്യാസ്ത്രീകളിൽ ഒരാൾ  ഏറ്റുവാങി. കുട്ടിയെ എടുത്ത് അവർ  അകത്തേയ്ക്ക് പോകുന്നതും നോക്കി അവൾ പടിപ്പുര വാതിലിൽ  ജീവശ്ചവംപോലെ  നിന്നു.

പടിപ്പുരയുടെ വാതിൽ അവൾക്കു നേരെ കൊട്ടിയടച്ചു. അവൾ ഗത്യന്തരമില്ലാതെ തിരിഞു നടന്നു. മനസ്സിനെ ചിന്തകൾ വേട്ടയാടിക്കൊണ്ടിരുന്നു. ഒരുപക്ഷെ കുട്ടിയെ ആ പെൺനായ തന്നെ ഏല്പ്പിച്ചില്ലായിരുന്നെങ്കിൽ  ദയയില്ലാത്ത മറ്റു നായ്ക്കൾ കുട്ടിയെ തിന്നു തീർക്കുമായിരുന്നു.

ശൂന്യത മാത്രമായിരുന്നു മുന്നിൽ.  എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടിയില്ല.

കുട്ടി വളർന്നു വന്നു.  അനാഥാലയത്തിൽ അവൾ പിച്ചവെച്ചു നടന്നു. മദർ സുപ്പീരിയറിന്റെ വിരലുകൾ പിടിച്ചു അവൾ നടന്നു.   ഒരു കൊച്ചുമകളോടെന്ന പോലെ മദർ കുട്ടിയോടു വാത്സല്യം കാട്ടി.

കുട്ടിയുടെ അമ്മ പലരുടെയും വീടുകളിൽ ജോലി ചെയ്ത്  സ്വരുകൂട്ടിയ പൈസയുമായി  എല്ലാമാസവും അനാഥാലയത്തിന്റെ   പടിവാതിക്കൽ വന്ന് മണിയടിക്കും.  പൈസ ഏൽപ്പിക്കും.  പിന്നെ കുട്ടിയെ ദൂരെ നിന്ന് കണ്ട്   നെഞ്ചിൽ കുറെ കൂരമ്പുകൾ തറയ്ക്കുന്ന വേദനയോടെ  മടങ്ങിപ്പോകും.

” ഇനിയില്ല ജന്മസാഫല്യമെനിക്കു നേടുവാൻ …അവൾ തൻ ജീവിത സൗഭാഗ്യ  നാളുകളല്ലാതെ….!! ”

എന്ന് മാത്രമായിരുന്നു അവളുടെ ചിന്തയിൽ. ഋതു ഭേദങ്ങൾ കടന്നുപോയി.  അവൾ ഋതുമാതിയായതും അമ്മ അറിഞ്ഞിട്ടുണ്ടാവില്ല.

കുട്ടിയിന്ന് അനാഥാലത്തിലെ കുട്ടികളിൽ പ്രമുഖയായിക്കഴിഞു. അതുപോലെതന്നെ മദർ സുപ്പീരിയറിന്റെ അടുത്ത സഹായിയും. പഠിത്തത്തിൽ അവൾ മുടുക്കിയായി. കളികളിലും അവളുടെ പ്രാവിണ്യം തെളിയിച്ചു.

ധാരളമായി പഠിക്കുന്നതിന്റെ കൂടെ മറ്റു കുട്ടികളെയും പഠിപ്പിക്കുന്നതിൽ സഹായിച്ചു. അവൾ അങനെ എല്ലാരുടെയും കണ്ണിലുണ്ണിയായി.

പലപ്പോഴും തന്റെ അച്ചനും അമ്മയും ആരാണെന്ന്  തിരക്കണമെന്നു തോന്നിയ നിമിഷങ്ളുണ്ട്. പക്ഷെ ആരോടു തിരക്കും?.  മറ്റു കുട്ടികളെപ്പോലെ താനും  ഒരനാഥമാത്രം എന്നു കുട്ടി സമാശ്വസിച്ചു..

പള്ളിയിലേക്കു പോകുവാൻ പടിപ്പുര കടന്നു വരുമ്പോളാണു കുട്ടിയുടെ അമ്മ മദറെ കണ്ടത്. മദറിനെ പ്രായം അതിക്രമിച്ചിരിക്കുന്നതുപോലെ തോന്നി.  അവൾക്കും പ്രായം കൂടിയിരിക്കുന്നു.

മദർ പറഞു.

“നിങൾ എത്ര നാളാണു ഇങനെ സ്വന്തം മകളെ ഒളിച്ചും പതുങിയും കാണുന്നത്…..ഞാൻ കുട്ടിയെ വിളിച്ച് നിങൾ അമ്മയാണെന്ന് പറയുവാൻ പോവുകയാണു…. നാളെ… എനിക്കെന്തെങ്കിലും സംഭവിച്ചുപോയാൽ…. പിന്നെ ആരു ശ്രമിച്ചാലും നിങളുടെ ബന്ധത്തെ കൂട്ടിയോജിപ്പിക്കാൻ കഴിയില്ല.  അതിനു മുമ്പ് എനിക്ക് ആ സത്യം കുട്ടിയെ അറിയിക്കണം..!!”

“ഇങനെ അറം പറ്റുന്ന വാക്കുകൾ  ദയവായി പറയാതെ മദർ….. ഒരിക്കലും കുട്ടി അറിയേണ്ട ഞാൻ അവളുടെ അമ്മയാണെന്ന്. മദർ….ഞാൻ അവളെ ഇങനെ ദൂരെ നിന്നു കണ്ട് സായൂജ്യം നേടിക്കൊള്ളാം….അവൾ ഒരിക്കലും എന്നെ കാണണ്ടാ…..” എന്നു പറഞ് അവൾ മദറിന്റെ കാലുപിടിച്ചു.

“ങും..” എന്നു മൂളി മദർ നടന്നകന്നു.

പള്ളിയിലേക്ക് പോകുവാനായി കുട്ടികളെ നയിച്ചു കൊണ്ടുവരുന്നുണ്ട്. അവരെ നിയന്ത്രിച്ചുകൊണ്ട് വരുന്നത് അവരുടെ മകൾതന്നെയാണു.

പടിപ്പുരയുടെ കോണുപറ്റി അവർ നിന്നു തന്റെ മകളെ കൺകുളിർക്കെ കണ്ടു.  മുത്തു മണികൾപോലെ കണ്ണുനീർ അവളുടെ കണ്ണുകളിൽ നിന്നും അടർന്നു വീഴുന്നുണ്ടായിരുന്നു. മകളെ കൺകുളിർക്കെ കണ്ടതിന്റെ ആനന്ദാശ്രുക്കൾ.

വഴിയരികിലെ കുരിശടിയിൽ കുമ്പിട്ടിരുന്നു.

“ മഗ്ദലക്കാരി മറിയത്തിനു മാപ്പുകൊടുത്ത കർത്താവെ എന്നെ നീ ഇനിയും പരീക്ഷിക്കുന്നത് എന്തിനു…?” എന്നവൾ മനമുരുകി പ്രാർത്ഥിച്ചു.

കൂടെപ്പിറപ്പായി പിന്തുടരുന്ന പരീക്ഷണങളിൽ കൂടി പിന്നിട്ടുപൊയ വഴികളെയും കാലങളെയും ഓർത്ത് വ്യസനിച്ചു.

പകുതി കത്തിയ മെഴുകു തിരികളിൽ നിന്നു കുറെ എടുത്ത് അവൾ കർത്താവിന്റെ പടത്തിനു മുന്നിൽ കത്തിച്ചുവെച്ചു.

“ ഞാൻ തന്നെ വഴിയും സത്യവും ജീവനുമാകുന്നു.”

എന്ന വേദവാക്യം അവിടെ എഴുതി വെച്ചിരിക്കുന്നത് വായിച്ചു.

കർത്താവിന്റെ പടത്തിലേക്ക് ഉറ്റു നോക്കി.  തീഷ്ണവും എന്നാൽ സൗമ്യവുമായ ആ ദൃഷ്ടികൾ തന്നെ സ്വാന്തനപ്പെടുത്തുന്നതുപോലെ തോന്നി.  ലോകത്തോട് ദൃഡതയിൽ പറഞ്ഞ  ആ വാക്കുകൾ പലകുറി മനസ്സിൽ ഉരുവിട്ടു.        പ്രത്യാശ കൈവിടാതെ നടന്നു.

 

അന്നത്തെ  പത്രത്തിന്റെ തലക്കെട്ടിനു പ്രാധാന്യമുണ്ടായിരുന്നു. എല്ലാ മാധ്യമങളിലെയും തലക്കെട്ടും ഫോട്ടോയും ഒരാളുടേത് മാത്രമായിരുന്നു.

ക്രിസ്റ്റിനയുടേത്.  കുട്ടിയ്ക്ക് ആ പേരിട്ടത് മദറാണു.

ക്രിസ്റ്റിന സിവിൽ സർവ്വീസ് പരീക്ഷയിൽ ഒന്നാം റാങ്ക്  കരസ്ഥമാക്കിയിരിക്കുന്നു. ക്രിസ്റ്റിനയെക്കുറിച്ചും അനാഥാലയത്തെക്കുറിച്ചും മദറിനെക്കുറിച്ചും എല്ലാം ഫ്രണ്ട്പേജു നിറഞു നില്ക്കുന്ന പത്രങൾ.

ടി.വി യിലും മറ്റും വാർത്തകൾ വന്നു തുടങി.

അവൾക്ക് പിടിച്ചു നില്ക്കാനായില്ല. ഒത്തിരിക്കാലമായി ഒതുക്കിവെച്ച വികാരങൾ ഇനിയും പിടിച്ചുനിർത്താൻ കഴിഞില്ല. അവളുടെ വസ്ത്രം എങനെയെന്നോ കോലമെന്തെന്നോ രൂപമെന്തെന്നോ ഒന്നും അപ്പോൾ ആലോചിച്ചില്ല.

ഓരോട്ടമായിരുന്നു. ആ ഓട്ടത്തിനു ആക്കം കൂടി. അവളുടെ ചിന്താമണ്ഡത്തിൽ ചിരകാലം തെളിഞുവന്നു. നായ്ക്കൂട്ടങൾക്കിടയിൽ ഉപേക്ഷിച്ച് തിരിച്ചു പോന്ന മകൾ….നായ്ക്കൂട്ടങൾ… അതിന്റെ ഓലിയിടൽ….വിജനത…നാസാരന്ത്രങളെ തുളയ്ക്കുന്ന ദുർഗണ്ഡം…..തന്റെ മനം  മാറ്റം….ആ കുട്ടി…തന്റെ കുട്ടി….അങനെ ചിന്തിച്ച് ഓടുകയാണവർ അനാഥാലയത്തിലേയ്ക്ക്. ഇന്നവൾ പടിപ്പുരയിൽ ഓച്ഛാനിച്ച്  നിന്നില്ല. പടിപ്പുരയുടെ വാതിൽ തള്ളി തുറന്നു അവൾ അകത്തേയ്ക്ക് ഓടി.

സെക്യുരിറ്റി ജീവനക്കാർ അവരെ തടയാൻ ശ്രമിച്ചു. സെക്യുരിറ്റികളെ തള്ളിയകറ്റി അവൾ കത്തേയ്ക്ക് പാഞു.

അവിടെ പത്രക്കാരും ടി.വി ക്കാരും ഇന്റർവ്യു ചെയ്യുന്നതിനിടയിൽ കടന്നുചെന്ന് ക്രിസ്റ്റിനയെ കെട്ടിപ്പിടിച്ചു ഗാഢഗാഡം ചുമ്പിച്ചു.

എന്താണിതൊക്കെ എന്നു കരുതി ക്രിസ്റ്റിന പകച്ചു നില്ക്കുമ്പോൾ ആ സ്ത്രീയുടെ നേരെ കണ്ണുകളയച്ച് മദർ ഗദ്ഗദത്തോടെ  കിസ്റ്റിനയോടു പറഞു.

“അ….മ്മ”

ക്രിസ്റ്റിന വിതുമ്പുന്ന ഹൃദയത്തോടെ, സമ്മിശ്ര വികാരങളോടെ “അമ്മേ…..അമ്മേ….”  എന്ന് വിളിച്ച് അവരെ കെട്ടിപ്പിടിച്ച് കരഞു.

അപ്പോൾ പത്രക്കാരുടെയും ടി.വിക്കാരുടെയും ക്യാമറക്കണ്ണുകൾ അവർക്കു നേരെ ഇടതടവില്ലാതെ ചിമ്മിക്കൊണ്ടിരുന്നു.

 

 

ജോയി നെടിയാലിമോളേൽ

അഹമദ്നഗർ, മഹാരാഷ്ട്ര.

മൊബ. 9423464791 / 9028265759

ഇമെയിൽ : joy_nediyalimolel@yahoo.co.in

 

 

 

 

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅവസാനത്തെ റൊട്ടി കഷ്ണം
Next articleഓ എന്‍ വി
ജനനം 1960. പതിനഞ്ചു വർഷത്തെ ആർമി (ആർമഡ് കോർപ്സിൽ) സേവനം. (ഏട്ടു വർഷം അഡ്മിനിസ്ട്രേഷനിലും ഏഴു വർഷം അക്കൗണ്ട്സിലും). ആർമിയിൽ നിന്നു സ്വയം വിരമിച്ചതിനു ശേഷം ഒരു കമ്പനിയിൽ ഇരുപതു വർഷത്തെ സേവനം. സീനിയർ മാനേജരായി റിട്ടയർ ചെയ്തു. ചിത്ര രചനയും എഴുത്തും പ്രധാന ഹോബികൾ. ഭാര്യ - വത്സല. മക്കൾ - ദർശന, ദിവ്യ. കൃതികൾ :- 1) ശിവാംഗി - ചെറുകഥാ സമാഹാരം (29 കഥകൾ). 2) ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ - നോവൽ - 3) പലായനം - നോവൽ 4) തായ് വേരുകൾ - ചെറുകഥാ സമാഹാരം (24 കഥകൾ) 5) ഫാക്ടറി - നോവൽ താമസ്സം : അഹമദ്നഗർ, മഹാരാഷ്ട്ര. മൊബൈൽ : 9423463971 / 9028265759 ഇമെയിൽ : joy_nediyalimolel@yahoo.co.in

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English