മാധ്യമ പ്രവർത്തകനും മാതൃഭൂമി മുൻ അസിസ്റ്റന്റ് എഡിറ്ററുമായ എ. സഹദേവൻ(70) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, രാവിലെ 11.55 ഓടെയായിരുന്നു അന്ത്യം. ചലച്ചിത്ര നിരൂപകനായും അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.
പാലക്കാട് പുതുശ്ശേരി സ്വദേശിയാണ്. 1951 ഒക്ടോബർ 15-നായിരുന്നു ജനനം. മാത്തൂർ താഴത്തെ കളത്തിൽ കെ. സി. നായരുടെയും പൊൽപ്പുള്ളി ആത്തൂർ പത്മാവതി അമ്മയുടെയും മകനാണ്. പുതുശ്ശേരി പൊൽപ്പുള്ളി, ഇലപ്പുള്ള, പാലക്കാട് മോത്തിലാൽ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് ബി.എ.യും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് എം.എയും പാസായി. ഫോർട്ട് കൊച്ചി ഡെൽറ്റാ സ്റ്റഡി, നീലഗിരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.
ബി.എ.യ്ക്ക് പഠിക്കുമ്പോൾ ആദ്യ കഥ ഒക്ടോബർ പക്ഷിയുടെ ശവം (1971) മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. തുടർന്ന് മലയാളനാട്, ദേശാഭിമാനി, നവയുഗം, കലാകൗമുദി തുടങ്ങി പ്രസിദ്ധീകരണങ്ങളിൽ കഥയെഴുതി.
1982ൽ മാതൃഭൂമിയിൽ പത്രപ്രവർത്തകനായി ചേർന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, ചിത്രഭൂമി, വാരാന്തപ്പതിപ്പ് എന്നിവയുടെ ചുമതലക്കാരനായിരുന്നു. പിന്നീട് ഇന്ത്യാ വിഷനിൽ ചേർന്നു. 24 ഫ്രെയിംസ് എന്ന പേരിൽ സിനിമാ സംബന്ധിയായ പംക്തി കൈകാര്യംചെയ്തു. മികച്ച പത്രപ്രവർത്തകനുള്ള പാമ്പൻ മാധവൻ സ്മാരക അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: തിരുവണ്ണൂർ ചെങ്കളത്ത് പുഷ്പ. മകൾ: ചാരുലേഖ.
Click this button or press Ctrl+G to toggle between Malayalam and English