ജോസേപ്പേന്ന് പത്താനകളുടെ
ശക്തിയുണ്ടായിരുന്നു.
അഞ്ചാം ക്ലാസിലെ
അവസാനത്തെ ദിവസം
പുസ്തകം തുറക്കണ്ടല്ലോ –
യിന്ന് എന്നോർത്ത്
വെല്ലക്കായും ചവച്ച്
വഴിയിലെ ഈച്ചകളെ –
മൊത്തം മോന്തയ്ക്ക്
തേച്ച് പിടിപ്പിച്ച്
വരായിരുന്നു ഞാൻ.
കറ്റ മെതിച്ച്
വയ്ക്കചണ്ടി വലിച്ചെറിയണ
പോലെ ജോസേപ്പേൻ
ആറു പേരെ ആകാശ-
ത്തേക്കെറിഞ്ഞിടുന്നു.
ആൾക്കാരൊക്കെ അടി
തടുക്കാൻ മറന്ന് വാ,
പൊളിച്ച് ഊരിലുള്ള
പാറ്റ കേറ്റി നിൽപ്പാണ്.
പിന്നെ, ഏത് ഇംഗ്ലീഷ് –
പടം കണ്ടാലും
അതിലൊക്കെ
ജോസേപ്പേൻ തന്നാ
നായകനും വില്ലനും.
ജോസേപ്പൻ രാവിലെ
തോർത്ത് മുണ്ടുടുത്ത്
പുഴയിൽ ചാടാൻ
വരണൊരു വരവുണ്ട്,
അലക്കാൻ വന്ന പെണ്ണു-
ങ്ങളൊക്കെ തുണിയെടുത്ത്
പ്രാകി കടവൊഴിയും.
അവളുമാരെ വായ നോക്കാൻ
പൊന്തക്കാട്ടിൽ പെറ്റു
കിടന്നോരും
പെണ്ണുങ്ങളുടെ അലക്ക്
കഴിഞ്ഞ് കുളിക്കാൻ
കാത്തു കെട്ടി കിടന്നോരും
ചെറിയ മൂരി മുക്രിയിടുന്ന
പോലെ പതിഞ്ഞ ശബ്ദം
പോലെന്തോ ഉണ്ടാക്കി
അവിടം വിടും.
ജോസേപ്പൻ കൈയ്യും കാലും
കറക്കി ആകാശം നോക്കി
പുഴയിലേക്ക് ചാടും.
പുഴ നടുവൊടിഞ്ഞ് വീഴും.
ജോസേപ്പേൻ പുഴ
പലതായി മുറിച്ച്
അങ്ങോട്ടും ഇങ്ങോട്ടും
നീന്തും.
പുഴയിലേക്ക് എത്ര വട്ടം
നോക്കിയാലും പുഴ
നീന്തുന്ന ജോസേപ്പേനെ
മാത്രേ കാണൂ…
പുഴയെക്കാളും ചന്തം
ജോസേപ്പേന് തന്നാ.
ജോസേപ്പേന് മൂന്നു
വെട്ടീന്ന് തെങ്ങു വീഴ്ത്തും.
കുറെ ചോറ് തിന്നും.
ചട്ടി നെറയെ ചായ
മോന്തും, പിന്നെയും
എന്തൊക്കെയോ തിന്നും;
ഞാൻ കണ്ടിട്ടില്ല.
ഇടയ്ക്ക് ജോസേപ്പേന്
സ്വപ്നത്തിൽ വന്ന്
ഉയരമുള്ള മലയിന്ന്
എന്നെ മുകളിലേക്കോ
താഴെക്കോ എറിയും.
ഞാൻ കാറിക്കൊണ്ട്
എണീക്കും.
അമ്മ ജോസേപ്പേന്
പ്രാകി; എന്റെ
നെറ്റിയിൽ ഊതിയുറക്കും.
എനിക്കുറക്കം വരില്ല.
ജോസേപ്പേന് പുഴടെ
മണമാണെന്ന് എനിക്ക്
തോന്നും.
മലപൊട്ടിയൊലിച്ച
ഏതോ ദിവസമാണ്
ജോസേപ്പേന് നെഞ്ച്
തകർന്ന് ചത്തത്.
ആരോ ജോസേപ്പേന്റെ
നാലുവയസുകാരിയെ
വെറുതെ ആറിലേക്കേറിഞ്ഞത്.
ജോസേപ്പേന് അഞ്ചാറുമുങ്ങിൽ
ആറു കലക്കി
കൊച്ചിനെയെടുത്ത്
നിലവിളിച്ചു, അപ്പൊത്തന്നെ
നെഞ്ച് പൊട്ടി, ച്ചത്തു.
ജോസേപ്പേനേം കൊച്ചിനേം
ഒന്നിച്ചാണ് കുളിപ്പിച്ചതും
അടക്കിയതും.
അയാൾക്കൊരു പൂവിന്റെ
കനം പോലുമില്ലായിരുന്നു
എന്നാണ് ജോസേപ്പേനെ
ചുമന്നോണ്ട് പോയോരൊക്കെ
പറയണത്…
എന്തോ…?
അതിനു ശേഷം
ജോസേപ്പേനെ ഞാൻ
സ്വപ്നം കണ്ടിട്ടില്ല.
വെങ്കിടേശ്വരി കെ
പാലക്കാട്