ജോസ് വെമ്മേലിയുടെ ക്രിസ്തുവിന്റെ കുമ്പസാരം എന്ന കവിത വായിക്കാം
ക്രിസ്തുവിന്റെ കുമ്പസാരം
അത്താഴവിരുന്നിന്റെ ലഹരിയിൽ നിങ്ങൾ
നൃത്തമാടി തിമർക്കുമ്പോൾ
ഞാനെന്റെ ദുർവിധിയോർത്തു
തേങ്ങുകയായിരുന്നു
സ്വസ്ഥരായി നിങ്ങൾ
സൊറ പറഞ്ഞിരിക്കുമ്പോൾ
ഞാനെന്റെ ഒറ്റുകാരന്റെ
കാലൊച്ചക്കു കാതോർക്കുകയായിരുന്നു
കോഴ വാങ്ങി ഒരുവനെന്നെ ഒറ്റിക്കൊടുത്തു
കോഴി കൂവിയപ്പോൾ
മറ്റവൻ കരഞ്ഞു കാണിച്ചു
നീതിപാലകൻ കൈകഴുകിയൊഴിഞ്ഞു
സ്വർഗ്ഗസ്ഥനായ പിതാവേ
നിന്റെ വാക്കു വിശ്വസിച്ച്
ഉയിർത്തെണീക്കാമെന്ന പ്രത്യാശയോടെയാണ് ഞാൻ
മുൾക്കിരീടവും കുരിശും ഏറ്റുവാങ്ങിയത്
നീയും എന്നെ വഞ്ചിച്ചിരിക്കുന്നു
നിങ്ങളാവട്ടെ ചെറിയ ഇരയിട്ടു
വലിയ മത്സ്യത്തെ പിടിക്കുന്ന
പഴയ പണിയിലേക്ക്
തിരികെ പോയിരിക്കുന്നു
ആണിപ്പഴുതുകളിൽ
എന്റെ ആയുസ്സ് വിലങ്ങുന്നു
എല്ലാ പ്രവചനങ്ങളും
മുൻകാലപ്രാബല്യത്തോടെ
ഞാനിതാ പിൻവലിക്കുന്നു
ദയവായി എന്നെ വിട്ടയയ്ക്കു