വി .രവികുമാറിന്റെ പരിഭാഷയിൽ  ജ്യോത്സ്ന മിലന്റെ എട്ട് കവിതകള്‍

ജ്യോത്സ്ന മിലൻ (1941-2014)- മുംബൈയിൽ ജനിച്ചു. ഗുജറാത്തിയിലും ഇംഗ്ളീഷിലും എം.എ. കവിതകളും കഥകളും നോവലുകളും എഴുതിയിട്ടുണ്ട്. സ്ത്രീകളുടെ സന്നദ്ധസംഘടനയായ SEWA-യുടെ അനസൂയ എന്ന മാസികയുടെ എഡിറ്റർ ആയിരുന്നു.

പിന്നിൽ

നടന്നുകൊണ്ടിരിക്കെ
തിരിഞ്ഞൊന്നു നോക്കുമ്പോൾ
പിന്നിൽ പാതയില്ല, പാടമില്ല,
അവൾക്കു ജന്മം കൊടുത്ത
ആ നഗരം,
ആ ഭവനം,
ആ സ്ഥലങ്ങൾ,
ആ ജനങ്ങൾ,
അതൊന്നിന്റെയും
പാടു പോലുമില്ല,
അവൾ ഇതേവരെ ജീവിച്ച ജീവിതം
ആരോ വടിച്ചുമാറ്റിയപോലെ.

പാദങ്ങൾ

പാദങ്ങൾ
അറച്ചുനിന്നു-
നിൽക്കണോ, നടക്കണോ?
നടന്നു തുടങ്ങും മുമ്പ്
അവയൊന്നു ചിന്താധീനമായി
മുമ്പിങ്ങനെയായിരുന്നില്ല
ക്ഷണനേരത്തിലായിരുന്നു
പാദങ്ങളുയരുന്നതും
നടന്നുതുടങ്ങുന്നതും
അവളുടെ ബാല്യത്തിൽ
നിൽക്കുന്നതിനും നടക്കുന്നതിനും
ഇന്ന കാരണമെന്നുമുണ്ടായിരുന്നില്ല
പാദങ്ങൾക്കു ചിന്ത പോയിട്ടേയില്ല
ഒരുനാൾ
തങ്ങൾ ചിന്തിച്ചുതുടങ്ങുമെന്ന്

നിരന്തരം

പെട്ടെന്നു കാൽച്ചുവട്ടിലേക്കു നോക്കുമ്പോൾ
ഞാൻ ഭീതയായിപ്പോയി:
വർഷങ്ങൾക്കു മുമ്പ്
എന്നെ നട്ടുവച്ചിടത്തു തന്നെ
നിൽക്കുകയാണു ഞാൻ.
സർവരും എന്റെ മേൽ കൊണ്ടുവന്നു തൂക്കുകയാണ്‌,
അവർക്കു തോന്നിയതൊക്കെ:
സഞ്ചി, തൊപ്പി, ടൌവൽ,
അല്ലെങ്കിൽ തങ്ങളുടെ തളർച്ച.
ഇതുവരെ ഞാൻ കരുതിയതോ,
നിരന്തരചലനത്തിലായിരുന്നു ഞാനെന്നും.

രാത്രി 

ഒരമ്മയുടെ പകലാണാദ്യം തുടങ്ങുക,
വെള്ളി പൊട്ടുമ്പോൾ.
അതാണൊടുവിലവസാനിക്കുന്നതും.
അമ്മയുടെ രാത്രികളെന്നും ഹ്രസ്വം,
അവരുടെ പകലുകൾ ദീർഘവും,
രാത്രിയിലേക്കു നീളുന്നതും.
ആരുമതു കാണുന്നില്ല,
അമ്മയുടെ രാത്രിയിലേക്ക്
പകലിന്റെ കടന്നുകയറ്റമാണതെന്ന്.
ഉറങ്ങുമ്പോഴവരെപ്പോഴും
കാലുകൾ ചേർത്തുവയ്ക്കും-
ബാക്കി വന്ന രാത്രിയിൽ
മടങ്ങിക്കൂടി ഒരമ്മ.
അമ്മയുടെ രാത്രികൾക്കു നീളമില്ല,
ഒന്നു നിവർന്നു കിടക്കാൻ കൂടി.

സ്ത്രീ 

പ്രണയനിമിഷങ്ങളിൽ
ചിലപ്പോഴൊക്കെ
പുരുഷൻ ദൈവത്തെപ്പോലെയാണെന്ന്
സ്ത്രീയ്ക്കു തോന്നുന്നു
ദൈവമേ…ദൈവമേ എന്ന വിളിയിൽ
അവളുടെ ആത്മാവിനു തീ പിടിക്കുന്നു
പെട്ടെന്നു പുരുഷൻ പറയുന്നു
‘നോക്കൂ, ഞാൻ ദൈവമാണ്‌.’
അവൾ അയാളെ നോക്കുന്നു
ദൈവനഷ്ടത്തിന്റെ വേദനയിൽ
അവൾ മുഖം തിരിക്കുന്നു.

മറ്റൊരു നാട്

നാട്ടിൽ നിന്നവൾ
വളരെയകലെപ്പോയി
മറ്റൊരു നാട്ടിൽ പോവുകയാണെന്നപോലെ,
നാട്ടിലേക്കു മടങ്ങുകയാണെന്ന പോലെ
തനിക്കു മടങ്ങാമെന്നതിനായി

അർത്ഥം

അപ്പത്തിന്റെ ദുഃഖം
ഞാനറിഞ്ഞിട്ടേയില്ല
അപ്പമെന്നല്ലാതൊരർത്ഥം
ജീവിതത്തിനില്ലാതിരുന്ന കാലം.
അതല്പാല്പം ഞാനറിയുന്നു
ഉടലിലാമഗ്നമായിരുന്ന ആത്മാവ്
അതിൽ നിന്നഴിഞ്ഞുപോരുമ്പോൾ
പിടയുന്ന ഉടലിന്‌
അപ്പം പോലും
അർത്ഥമില്ലാത്തതാവുമ്പോൾ.

വാക്കുകൾ

അവൾ കണ്ണുകളടയ്ക്കുന്നു
പെൻസിൽ കൊണ്ടവൾ
ഒരു വൃത്തം വരയ്ക്കുന്നു
അതിനുള്ളിൽ
എത്ര ശൂന്യത കൊള്ളും?
അതിനോടു പൊരുതാൻ
ഒരേയൊരു വാക്കിനായി
അവൾ ഭാഷയാകെ പരതുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English