മരുമകൾ

മരുമകൾ

screen-shot-2016-09-13-at-10-33-05-pmഅവൾ സുന്ദരിയായിരുന്നു. വേണമെങ്കിൽ സുന്ദരികളിൽ അതിസുന്ദരിയെന്നു പറയാം. വളരെ പുരാതനമായ ഒരു കാലത്തേയ്ക്കു നമുക്കു കടന്നുചെല്ലാം. പ്രാചീനാചാരാങ്ങളും മാമൂലുകളും നിലനിന്നുപോന്ന കാലം. അടിമവേലയും ദാസ്യവൃത്തിയും നടന്നുവന്ന യുഗം.

വിശാലമായ ഭൂമിയിൽകൂടി അവർ മൂന്നു സ്ത്രീകൾ നൊമ്പരങ്ങൾ പങ്കുവെച്ചു നടന്നു. പുറമെ നിന്ന്  ശ്രദ്ധിച്ചാൽ തോന്നുന്നത് ഒരുപക്ഷെ അവർ ഉറ്റ ചങ്ങാതിമാർ ആയിരിക്കുമെന്നാണ്‌. അക്ഷരാർത്ഥത്തിൽ അവർ  അങ്ങനെതന്നെയാണ്‌. അവരിൽ ഒരാൾ അമ്മായിയമ്മയും മറ്റു രണ്ടുപേർ മരുമക്കളുമാണെന്നറിയുംമ്പോൾ  തീർച്ചയായും ആരിലും  അസൂയ ജനിപ്പിക്കും.

മുന്നിലേക്കു നീളുന്ന വഴിയെ അവർ തനിയെ നടന്നു. അനന്തമായ നീലാകാശ വിതാനത്തിൽ  ചെഞ്ചായങ്ങൾ പൂശിത്തുടങ്ങി. വെയിൽ ചായ്ഞ്ഞു തുടങ്ങിയിരുന്നു. ചക്രവാളത്തിൽ സൂര്യൻ ചെന്നെത്താറായിരിക്കുന്നു. നിഴൽ നീളുന്നതുപോലെ യാത്രയും നീളുന്നതുപോലെ തോന്നി. ദൂരെ ദിക്കിലേക്കു തീറ്റതേടിപ്പൊയ പക്ഷിജാലങ്ങളും അതിന്റെ വാസസ്ഥലത്തേയ്ക്കു മടങ്ങിത്തുടങ്ങി.  തങ്ങളും സ്വന്ത ദേശത്തേക്ക് മടങ്ങുന്നതുപോലെ.

അവൾ അമ്മായിയമ്മയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തന്റെ കാലുകൾ കുഴഞ്ഞിരിക്കുന്നതുപോലെ തന്റെ അമ്മായിയമ്മയുടെയും കാലുകൾ കുഴഞ്ഞിരിക്കില്ലേയെന്നവൾ സന്ദേഹിച്ചു.  തിരിച്ചു അമ്മായിയമ്മയും മരുമക്കളെ ഒളികണ്ണാൽ ഒളിഞ്ഞുനോക്കുന്നുണ്ടായിരുന്നു.  അവർ പരസ്പരം ഒരാൾക്കുവേണ്ടി മരിക്കാൻ വരെ തയ്യാറായിരുന്നു. അത്രകണ്ട് അവരുടെ ഹൃദയ സ്പന്ദനങ്ങളും ഹൃദയബന്ധങ്ങളും ഒന്നായിരുന്നു.

അനുജത്തിയും താനും ഒരേ ദേശത്തു നിന്നുള്ളതായിരുന്നു. പക്ഷെ ഭർത്താക്കന്മാർ മറ്റൊരു ദേശത്തു ജീവിച്ചുപോരുന്നവരായിരുന്നു. വന്നുകയറിയ മരുമക്കൾ വേറെ ദേശത്തു നിന്നുള്ളതാണെന്നതിൽ അമ്മായിയമ്മയ്ക്ക് അല്പമായെങ്കിലും നീരസ്സമില്ലായ്കയില്ല. പക്ഷെ മരുമക്കളോട് വാത്സല്യത്തോടെ  പെരുമാറൻ അവർ ശ്രദ്ധിച്ചു.  അവരെ ദൈവ ഭയത്തിലും ചൊവ്വുള്ളവരായി വളർത്താനും സദാ ജാഗരൂകയായിരുന്നു അമ്മായിയമ്മ.

അവളുടെ സ്വപ്നങ്ങൾ പൂത്തുവിരിഞ്ഞ നാട്. സമതലമായ ഭൂപ്രദേശമായിരുന്നെങ്കിലും മലകളും താഴ്വരകളും അവിടവിടായി കാണാം. ഫലഭുയിഷ്ടമായ കൃഷിയിടങ്ങൾ വേണ്ടുവോളം അവിടെയുണ്ടായിരുന്നു. കുട്ടിക്കാലത്ത് കൂട്ടുകാരോടൊത്ത് ആടുകളെ മേയ്ച്ചു  മലമടക്കുകളിൽ അലഞ്ഞ നാളുകൾ. കാട്ടു പഴങ്ങൾ തിന്നു വിശപ്പുമാറ്റിയ ദിവസ്സങ്ങൾ. കുറുനരികളെ കണ്ടു വിരണ്ടോടിയ ദിനങ്ങൾ. തന്റെ സൗന്ദര്യത്തിന്റെ പിന്നാലെവന്ന ഗ്രാമത്തിലെ ആട്ടിടയ പയ്യന്മാർ. അതിൽ നിന്നെല്ലാം പിന്മാറി പിതാക്കന്മാരുടെ പേരിനും യശസ്സിനും കോട്ടം വരുത്താതെ അവർ നിന്ദ്യരായികാണാൻ കഴിയാതെ  ഉറച്ചുനിന്ന കാലം. മനസ്സുകൊണ്ട് പലതും വ്യാമോഹിച്ചുപോയിരുന്നെങ്കിലും സ്വപ്നങ്ങളിൽ ദുഷ്ശ്ചിന്തകൾ ചേക്കേറാറുണ്ടെങ്കിലും ദൈവഭയത്തിനു മുന്നിൽ എല്ലാം അലിഞ്ഞില്ലാതെയായി. കരിങ്കല്ലിൽ നിന്നു വെള്ളം പിഴിഞ്ഞെടുക്കാൻ കഴിയുമെങ്കിൽ മാത്രമെ തന്റെ അന്തരംഗത്തിലേക്കു പാപങ്ങൾക്കു കയറിക്കൂടാനും കഴിയുമായിരുന്നുള്ളു.

ഒരിക്കൽ വിദൂരമായ പ്രദേശങ്ങളിൽ രൂക്ഷമായ ക്ഷാമം വന്നപ്പോൾ അവളുടെ നാട്ടിൽമാത്രം ക്ഷാമം ബാധിച്ചില്ല. ക്ഷാമബാധിത ദേശത്തുനിന്ന് കുറെകുടുംബങ്ങൾ തന്റെ നാട്ടിലേക്കു കുടിയേറിപ്പാർക്കുകയുണ്ടായി. അങ്ങനെ അവളുടെ ഗ്രാമത്തിലേക്ക്  കുടിയേറിയതായിരുന്നു അവളുടെ ഭർത്താവിന്റെ വീട്ടുകാർ.

ഭർത്താവിന്റെ വീട്ടുകാർ അവിടെ പരദേശികളായി താമസ്സിച്ചുകൊണ്ടിരിക്കെ അവളും ആ ഗ്രാമത്തിലെതന്നെ മറ്റൊരുത്തിയും അവരുടെ ആൺ മക്കൾക്ക് ഭാര്യമാരായിത്തീർന്നു.

തന്റെ സ്വപങ്ങളിലെന്നപോലെ തനിക്കു കിട്ടിയ ഭർത്താവിനെക്കുറിച്ച് അവൾക്കു അഭിമാനം തോന്നി. അതിലുപരി ദൈവം തനിക്കായി കരുതിവെച്ചിരുന്ന ആ കുടുംബത്തെയും തന്നെ പ്രാണനു തുല്യം സ്നേഹിക്കുന്ന അമ്മായിയമ്മയേയും അമ്മായിപ്പനെയും ഓർത്തവൾ ദൈവത്തിനു സ്തുതികൾ അർപ്പിച്ചു.

സുഗന്ധകൂട്ടുകൾ ചേർത്തു കാച്ചിയ കാച്ചെണ്ണ അമ്മായിയമ്മ തന്റെ മുടിയിൽ തേച്ചുപിടിച്ച് ചീകിത്തരും. തന്റെ ദേഹത്തിന്റെ സുഗന്ധം അമ്മാവിയമ്മ  മണത്തറിയുന്നത് ഞാനറിഞ്ഞിരുന്നു !.  വസ്ത്രങ്ങൽ യഥാസ്ഥാനങ്ങളിലാക്കി ഉടുക്കാൻ അവരെന്നെ സഹായിക്കും. തന്റെ ശിരോവസ്ത്രം എങ്ങനെ ധരിക്കണമെന്നവർ പറഞ്ഞുതരും. എല്ലാം കഴിയുമ്പോൾ തന്നിലെന്താണു കുറവെന്ന് തന്നെ സൂക്ഷിച്ചുനോക്കും. എന്നിട്ട് മനസ്സുകുളിർക്കുന്ന ചുംബനങ്ങൾ തരും. തന്റെ  ജീവിതത്തിനു പച്ചപ്പു പിടിക്കുന്നതും  സ്വപ്നങ്ങൾ ചിറകുകൾ വിടർത്തി ചെമ്പരുന്തിനേപ്പോലെ ആകാശ വിതാനത്തു പറക്കുന്ന തും താനറിഞ്ഞു.

ദുരന്തം അവരെ വേട്ടയാടിയത് പെട്ടന്നായിരുന്നു. അമ്മായിയപ്പന്റെ വിയോഗമായിരുന്നത്. അമ്മായിയമ്മയെ മരുമക്കൾക്ക് ജീവനു തുല്യമായിരുന്നു. ദുഖ:സാഗരത്തിലുഴലുന്ന തങ്ങളുടെ അമ്മായിയമ്മയുടെ അത്താണിയായവർ താങ്ങിനിന്നു. അതുകൊണ്ട് തന്റെ ഭർത്താവിന്റെ വിയോഗം അവർക്കു അല്പമായെങ്കിലും താങ്ങാനായി. ഭർത്താവ് വിട്ടുപോയ ദുഖം തീരുന്നതിനുമുമ്പെ അടുത്ത കഷ്ടകാലം അവരെ പിടികൂടി. മരുമക്കൾക്ക് കുട്ടികൾ ജനിക്കുന്നതിനുമുമ്പെ അവരുടെ ഭർത്താക്കന്മാരും മരിച്ചു അവർ വിധവകളായി.  ദൈവത്തിന്റെ കരങ്ങൾ തങ്ങൾക്കുമേൽ വിരോധമായി പ്രവർത്തിക്കുന്നു എന്നവരറിയുന്നുണ്ടായിരുന്നു.

ദീർഘനാളുകളായി അന്യനാട്ടിൽവന്നു താമസ്സിക്കുമ്പോഴും തന്റെ സ്വന്ത നാടിനെക്കുറിച്ചുള്ള സ്വപ്നങ്ങളുമായാണ്‌ അമ്മായിയമ്മ കഴിഞ്ഞിരുന്നത്. തന്റെ സ്വദേശത്തുനിന്നുള്ള വാർത്തകൾക്കായി  അവൾ കാതോർക്കുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ആ സന്തോഷവാർത്ത അവളുടെ കാതിൽ പതിഞ്ഞെത്തി. തന്റെ നാട്ടിലെ ക്ഷാമം തീർന്നിരിക്കുന്നുവെന്ന് !. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു അവർക്കപ്പോൾ.

സ്വദേശത്തേക്കു മടങ്ങുമ്പോൾ തന്റെ പ്രിയപ്പെട്ടവനും പൊന്നു മക്കളും കൂടെയുണ്ടാവില്ല എന്ന ദുഖം കനലുകളായി അവരുടെ നെഞ്ചിൽ എരിയുകയായിരുന്നു. നെഞ്ചിന്റെ ഉള്ളിൽ കുന്തമുനകൾ കുത്തിയിറക്കുന്ന വേദന അവരെ വല്ലാതെയുലച്ചു.  മരുമക്കളായി അന്യകുടുംബങ്ങളിൽ നിന്നുവന്ന രണ്ടു പെൺകുട്ടികൾകൂടി തനിക്കില്ലായിരുന്നെങ്കിൽ താൻ ഏകനായി മടങ്ങേണ്ടിവന്നേനെ..!.  ഭർത്താക്കന്മാർ മരിച്ച  അവർ തുല്യ ദുഖിതരായിരുന്നു..

എന്നിരുന്നാലും സ്വന്ത നാട്ടിലേക്ക് മടങ്ങുകതന്നെയെന്ന് അവർ തീരുമാനമെടുത്തു.  അങ്ങനെ മരുമക്കളെയും കൂട്ടി  തന്റെ സ്വന്ത നാട്ടിലേക്ക്   അവർ  യാത്രതിരിച്ചു.

വഴിമദ്ധ്യെ അമ്മാവിയമ്മ അവരോടായി പറഞ്ഞു.

“ മക്കളെ നിങ്ങൾ നിങ്ങളുടെ സ്വന്ത നാട്ടിലേക്ക് അപ്പന്റെയും അമ്മയുടെയും നിങ്ങളുടെ ദൈവത്തിന്റെയും ദേശത്തേയ്ക്ക് മടങ്ങിപ്പൊയ്ക്കൊൾക….വയസ്സായിക്കൊണ്ടിരിക്കുന്ന ഞാൻ ഏതു വിധേനയും ജീവിച്ചുകൊള്ളാം. എന്നാൽ നിങ്ങൾ യൗവ്വനക്കാരാണ്‌. നിങ്ങൾക്ക് നിങ്ങളുടെ അമ്മയപ്പന്മാർ വേരൊരുത്തനെ ചേർത്തുതന്ന് ജീവിതം നയിക്കാം..” എന്ന്.

അതിനു അവർ രണ്ടു പേരും ചേർന്ന് അമ്മായിയമ്മയെ കെട്ടിപ്പിടിച്ചു കരയുവാൻ തുടങ്ങി.

അമ്മായിയമ്മ വീണ്ടും തുടർന്നു “എന്റെ കുട്ടികളെ നിങ്ങൾക്കിനി ഭർത്താക്കന്മാർ തരുവാൻ മാത്രം എന്റെ ഉദരത്തിൽ പുത്രന്മാരുണ്ടാകുകയില്ല.  അതുകൊണ്ട് നിങ്ങൾ തിരിച്ചുപോകു മക്കളെ”  എന്നവർ വീണ്ടും പറഞ്ഞു.

കൂടുതൽ നിർബന്ധം ചെലുത്തിയപ്പോൾ ഇളയവൾ അമ്മാവിയമ്മയെ ചുംബിച്ചു തന്റെ സ്വന്ത നാട്ടിലേക്ക് അപ്പന്റെയും അമ്മയുടെയും ഗൃഹത്തിലേക്കു മടങ്ങിപ്പോയി.

ഇപ്പോൾ അമ്മാവിയമ്മയും മൂത്തമരുമകളും മാത്രമായി വഴിയിൽ . അവർ മുന്നോട്ടു നടന്നു കൊണ്ടിരുന്നു. അവർക്കൊപ്പമുള്ള നിഴലിനു നീളംകൂടിവരുന്നത് അവർ കണ്ടു. വഴി പിന്നെയും മുന്നിൽ നീണ്ടുകിടന്നു. വഴിയരികിലെ തകരകൾ സമൃദ്ധിയായി തഴച്ചുവളർന്നിരിക്കുന്നു. അതിന്റെ വിത്തുകൾ വർഷകാലത്തു പൊട്ടിമുളച്ചു, നോക്കിനില്ക്കെ വളരുകയും വേനല്ക്കാലത്ത് കരിഞ്ഞില്ലാതെയുമാകുന്നു. ഞെരിഞ്ഞിൽ മുള്ളുകൾ വഴിയോരങ്ങളിൽ ധാരാളമായുണ്ടായിരുന്നു. തകരകളെ അവ ഞെരിച്ചു കൊല്ലുന്നതുപോലെ തോന്നി.  തങ്ങളുടെ ജീവിതത്തിലും സംഭവിച്ചിരിക്കുന്നത് ഏതാണ്ടിങ്ങനെയൊക്കെ തന്നെയാണെന്നു അവർ ഓർക്കുകയായിരുന്നു.

രണ്ടുപേരും ഒരുപോലെ വിഷണ്ണരായിരുന്നു. കാലം വരുത്തിവെച്ച വിനയിൽ അവർ ദു:ഖാർത്തരായിരുന്നു. പിന്നിടാനുള്ള വഴി ദുർഘടം നിറഞ്ഞതും കല്ലും മുള്ളും നിറഞ്ഞതുമാണെന്നറിയാം. മൂന്നുപേർ പങ്കിട്ടിരുന്ന ദുഖം രണ്ടുപേർക്കായി കൊടുത്ത് അനുജത്തി വഴിമദ്ധ്യെ വിടചൊല്ലി അവളുടെ സ്വന്ത ദേശത്തേക്കു മടങ്ങിപ്പോയി.

തനിക്കതിനാവുമെന്നു തോന്നുന്നില്ല. തന്നെ ജീവനു തുല്യം സ്നേഹിക്കുന്ന അമ്മാവിയമ്മയെ പാതിവഴിയിൽ ഉപേക്ഷിക്കുകയോ…?!.  ഒരിക്കലുമില്ലെന്നല്ല അങ്ങനെ ചിന്തിക്കുന്നതുകൂടി പാപമാണ്‌…! അനുജത്തിയുടെ ഒരു ചുംബനംകൊണ്ട് അവൾ എല്ലാ കണക്കുകളും തീർത്തിരിക്കുന്നു…! ഇവിടെ ചുംബനമല്ല സാന്ത്വനമാണാവശ്യം. താങ്ങായി കൂടെനിന്ന് അവരെ സമാശ്വസ്സിപ്പിക്കുന്ന ഒരു തുണയാണ്‌ തന്റെ അമ്മാവിയമ്മയ്ക്ക് വേണ്ടതെന്ന് അവൾക്കറിയാം.

കൂടുതൽ ക്കൂടുതൽ സമ്മർദ്ദം ചെലുത്തിയാലെങ്കിലും യവ്വനക്കാരിയായ തന്റെ മൂത്ത മരുമകൾ തന്നെ വിട്ടുപോയി ഒരു നല്ല ജീവിതം തുടങ്ങട്ടെയെന്നു കരുതി അമ്മാവിയമ്മ അവളോട് വീണ്ടും പറഞ്ഞു  “നിന്റെ സഹോദരി അവളുടെ ജനത്തിന്റെയും ദൈവത്തിന്റെയും അടുത്തേക്ക്  മടങ്ങിപ്പോയതുപോലെ നീയും പൊയ്ക്കൊൾകെന്റെ പൊന്നു മകളെ…!”

അമ്മാവിയമ്മയുടെ വാക്കുകൾ കേട്ട് അവളുടെ ഹൃദയം നുറുങ്ങി. എന്നിട്ടവൾ അമ്മാവിയമ്മയുടെ കാല്ക്കൽ വീണു പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു.

“ എന്റെ പൊന്നമ്മയെ വിട്ടുപിരിയുവാൻ  എനിക്കൊരിക്കലും ആവുകയില്ല. അതുകൊണ്ട് നിന്റെ കൂടെ വരാതെ നിന്നെവിട്ടു മടങ്ങിപ്പോകണമെന്ന് ഒരിക്കലും നീ എന്നോട് പറയരുത്….നീ പോകുന്നിടത്തേയ്ക്ക് ഞാനും പോരും….നീ പാർക്കുന്നിടത്തു ഞാനും പാർക്കും…..നിന്റെ ജനം എന്റെ ജനം…നിന്റെ ദൈവം എന്റെ ദൈവം…നീ മരിക്കുന്നിടത്ത് ഞാനും മരിച്ച് അടക്കപ്പെടും…മരണത്താലല്ലാതെ നിന്നെ ഞാൻ വിട്ടുപിരിയില്ലമ്മേ….വിട്ടുപിരിയില്ല….”

മരുമകളെ അവർ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. ഇരുവരും നെഞ്ചിടിച്ചു കരഞ്ഞു..

“എന്റെ ഉദരത്തിൽ പിറക്കാതെ പോയതിലുപരി നീ ഭാഗ്യവതിയാണെന്റെ മോളെ..!” എന്നവർ ആത്മഗതം നടത്തി. പ്രകൃതി അവരെ വിറങ്ങലിച്ചു നോക്കിനിന്നു.  അനർത്ഥനാളുകളിലും തന്നോടുകൂടെ സഹവസ്സിക്കുന്ന മരുമകളെയോർത്ത് അവർ ദൈവത്തിനു നന്ദി പറഞ്ഞു.

ക്ഷാമകാലത്ത് സ്വന്തം നാടിനെയും നാട്ടുകാരെയും വിട്ടുപോയ അവൾ തിരികെ ചെല്ലുന്നത് കണ്ടപ്പോൾ അവിടത്തുകാർ അവളെ പരിഹസ്സിച്ചു. കൂടെക്കണ്ട സുന്ദരിയായ യുവതിയെക്കണ്ട് അവർ പരസ്പരം പിറുപിറുത്തു. പക്ഷെ അവർക്കു നേരിടേണ്ടിവന്ന ദുരിതത്തെക്കുറിച്ചറിഞ്ഞപ്പോൾ ഗ്രാമത്തിലുള്ളവർക്കു സഹതാപം തോന്നി.  അവരുടെ ദുഖത്തിൽ പങ്കുചേരുവാൻ ശ്രമിച്ചു.

അവർ മടങ്ങിയെത്തിയപ്പോൾ ഗോതമ്പു കൊയ്ത്തിന്റെ കാലം ആയിക്കഴിഞ്ഞിരുന്നു.

അവർ തിരിച്ചു വന്നപ്പോൾ അവർക്കു നിത്യവൃത്തിക്കായി ഒന്നും ബാക്കിയില്ലായിരുന്നു.  അമ്മായിയമ്മയെക്കൊണ്ട്  ജോലിചെയ്യിച്ച് അതിൽനിന്നു  കിട്ടുന്ന ദ്രവ്യംകൊണ്ട് പട്ടിണിമാറ്റാൻ മരുമകൾ തുനിഞ്ഞില്ല. അന്യനാട്ടിലാണ്‌ താൻ എത്തിച്ചേർന്നിരിക്കുന്നതെങ്കിലും പുതുമുഖമായ തനിക്കീ നാട്ടിൽ പല പ്രതിസന്ധികളും നേരിടേണ്ടിവരുമെന്നിരിക്കിലും തന്റെ അമ്മയ്ക്കു തുല്യമായവളെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നവൾ വിശ്വസ്സിച്ചു.

ഗോതമ്പു വിളവെടുപ്പിന്റെ കാലമായതിനാൽ അവൾ അമ്മാവിയമ്മയുടെ അനുവാദംവാങ്ങി വയലിലേക്കു  പുറപ്പെട്ടു. തന്നോടു ദയ കാണിക്കുന്ന ആരെങ്കിലും കതിർ പെറുക്കുവാൻ അനുവദിച്ചാൽ അതെല്ലാം സ്വരുക്കൂട്ടി അന്നത്തിനുള്ള വകയുണ്ടാക്കാമെന്നവൾ കൊതിച്ചുപോയി.  അങ്ങനെ അവൾ വയലിലേക്കു പോയി .

വയൽ നടത്തിപ്പുകാരനായ ഭൃത്യനോടു അവൾ അനുവാദം ചോദിച്ചു   കൊയ്ത്തുകാരുടെ പിന്നാലെ കതിർ    പെറുക്കിക്കൊള്ളട്ടെ എന്ന്.  അങ്ങനെ രാവിലെ മുതൽ അവൾ കതിർ  പെറുക്കിക്കൊണ്ടിരിക്കുന്നു. അഴകുള്ള അവളെ കൊയ്ത്തുകാർ ഒളിഞ്ഞുനോക്കുന്നുണ്ടായിരുന്നു.

പരന്നു കിടക്കുന്ന ഗോതമ്പു വയൽ.  കതിരുകളിൽ ഗോതമ്പു മണികൾ മുറ്റി നിന്നിരുന്നു.  വിളഞ്ഞ ഗോതമ്പു ചെടിക്ക് സ്വർണ്ണം പൂശിയ നിറമായിരുന്നു. അവ കാറ്റിലുലഞ്ഞപ്പോൾ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു. കൊയ്ത്തുകാരുടെ കണ്ഠങ്ങളിൽ നിന്നും കൊയ്ത്തു പാട്ടിന്റെ ഈരടികൾ മൂളുന്നതു മധുരതരമായി കേൾക്കാമായിരുന്നു.

വയലിന്റെ ഉടയവൻ വന്നപ്പോൾ കണ്ടത്  പരിചയമില്ലാത്ത ഒരു യുവതി തന്റെ വയലിൽ കതിരുകൾ പെറുക്കുന്നതാണ്‌.  തന്റെ ഭൃത്യനെ വിളിച്ചു അവൾ ആരാണെന്ന് തിരക്കി.  അതിനുത്തരമായി ഭൃത്യൻ പറഞ്ഞു  അവൾ ഇന്നവരുടെ മരുമകളായി അന്യദേശത്തുനിന്നു വന്നവളാണെന്ന്.  അപ്പോൾ വയലുടമ ഭൃത്യനോടു പറഞ്ഞു അതു തന്റെ അകന്ന ബന്ധത്തിലുളളവൾ ആണല്ലോയെന്ന് അതിശയം പ്രകടിപ്പിച്ചു. .   ഉടനെതന്നെ അയാൾ ഭൃത്യനെ വയലിലേക്കയച്ച് യുവതിയെ വിളിപ്പിച്ചു.

അവൾ ശിരോവസ്ത്രം തലയിലേക്ക് പിടിച്ചിട്ട് ഭൃത്യന്റെ പുറകെ അനുഗമിച്ചു.. തന്നെ കതിർ പെറുക്കാൻ അനുവദിച്ച ഭൃത്യനെ ഒരുപക്ഷെ  യജമാനൻ ശകാരിച്ചിരിക്കുമോ എന്നവൾ ശങ്കിച്ചു..

വയലിന്റെ ഉടയവൻ യുവതി തന്റെ അകന്ന ബന്ധത്തിലുള്ളവളുടെ മരുമകളാണെന്നും നന്നേ ചെറുപ്പത്തിൽ ഇത്തരമൊരു ദുർഗതിയിൽ ജീവിക്കേണ്ടി വന്നല്ലോ എന്നറിഞ്ഞപ്പോൾ അയാളുടെ മനസ്സിൽ അവരെ പ്രതി അനുകമ്പ തോന്നി.

അപ്പോൾ അയാൾ പറഞ്ഞു. “ മോളെ നീയിനി ഈ വയൽ വിട്ട്  മറ്റൊരുത്തന്റെ വയലിൽ കതിർ പെറുക്കുവാൻ പോകണ്ടാ. എന്റെ വാല്യക്കാരുടെ പിന്നാലെ കണ്ണുകൾവെച്ച് നീ കതിർ പെറുക്കികൊള്ളുക. അവർ നിന്നെ തൊടുകയോ ഉപദ്രവിക്കുകയോചെയ്യില്ല. നിനക്കു ദാഹിക്കുമ്പോൾ കുടിക്കാനും വിശക്കുമ്പോൾ ഭക്ഷണം തരുവാനും ഞാൻ അവരോടു കല്പ്പിച്ചിട്ടുണ്ട്… ഭർത്താവു മരിച്ചശേഷം സ്വന്ത അപ്പനെയും അമ്മയേയും സ്വദേശത്തെയും വിട്ട്‌ അറിയാത്ത ഒരു ജനതയുടെ ഇടയിലേക്ക്‌ തന്റെ അമ്മാവിയമ്മയെ പരിപാലിക്കാൻ നീ വന്നിരിക്കുന്നു എന്നു ഞാനറിയുന്നു. അതുകൊണ്ട് ദൈവം നിന്നെ അനുഗ്രഹിക്കാതിരിക്കില്ലെന്നു എനിക്കു നല്ല നിശ്ചയമുണ്ട്…”

 

അപ്പോൾ അവൾ സാഷ്ടാംഗം വീണു അദ്ദേഹത്തോടു  പറഞ്ഞു “ യജമാനനെ ഞാൻ ഒരു അന്യദേശക്കാരിയായിരുന്നിട്ടും നീയെന്റെ ബദ്ധപ്പാടുകൾ മനസ്സിലാക്കുകയും എന്നോടു ദയ കാണിക്കുകയും എന്നെ ആശ്വസിപ്പിക്കയും  അലിവോടെ സംസാരിക്കയും ചെയ്‌വാൻ  നിനക്കു കൃപതോന്നിയല്ലോ …!!” എന്നു പറഞ്ഞു കണ്ണുനീർ തൂകി.

അപ്പോൾ അയാൾ അവളെ സാന്ത്വനപ്പെടുത്തി വൈകുവോളം പെറുക്കിയ കതിരുകളുമായി വീട്ടിലേക്ക് പറഞ്ഞയച്ചു.

മകൾ പെറുക്കിയ ഗോതമ്പു കതിരുകൾ കുത്തി ഭക്ഷണം പാകം ചെയ്ത് അവർ തിന്നു തൃപ്തരായി. ഇന്നു കതിരുകൾ പെറുക്കിയത് എവിടെയാണെന്ന് അമ്മാവിയമ്മ തിരക്കി. അതിനവൾ വയലുടമയുടെ പേരുപറഞ്ഞു.  ഒപ്പം  അയാൾ തന്നോടു അലിവു കാണിക്കുകയും ഭക്ഷണവും ജലപാനം തരികയും ചെയ്തു എന്നുകൂടി പറഞ്ഞു.

ആ സമയം അമ്മാവിയമ്മ പറഞ്ഞു അയാൾ തന്റെ അകന്ന ബന്ധത്തിലുള്ളതാണെന്നും അയാൾ നിന്നെ സംരക്ഷിച്ചുകൊള്ളുമെന്നും ഇനി അവിടെ മാത്രം കതിർ പെറുക്കിയാൽ മതിയെന്നും പറഞ്ഞു.

കാലങ്ങൾ കടന്നുപോയി. തന്റെ എല്ലാമായ അമ്മാവിയമ്മയെ അവൾ പലവിധേനയുമുള്ള ത്യാഗങ്ങൾ സഹിച്ചു ശുസ്രൂഷിച്ചു.

അമ്മാവിയമ്മയുടെ സദുദ്ദേശ്യത്തോടും ദീഘവീക്ഷണത്തോടുംകൂടിയുമുള്ള നിർദേശപ്രകാരം അവരുടെ  കുലത്തിലെതന്നെ ഒരു യൗവ്വനക്കാരനുമായി  അവൾക്കു വിവാഹം ചെയ്തു കൊടുത്തു.

അവൾക്കു കുട്ടികളുണ്ടായി. അവളുടെ കുട്ടികളെ മടിയിൽ താലോലിക്കുവാനും ലാളിക്കുവാനും അമ്മായിയമ്മക്കു ഭാഗ്യം ലഭിച്ചു.  തന്നെ പിരിഞ്ഞുപോയ തന്റെ പുത്രന്മാരുടെ കുട്ടിക്കാലം തന്റെ കൈകളിൽ തിരിച്ചുവന്നതുപോലെ അമ്മാവിയമ്മയുടെ മനസ്സു കുളിർത്തു.

പല പ്രതിസന്ധികളിൽക്കൂടി ജീവിതം കടന്നുപോയെങ്കിലും അവളുടെ മനസ്സുനിറയെ അമ്മാവിയമ്മ നിറഞ്ഞുനിന്നു. അവരെ മരിക്കുവോളം അവൾ സ്നേഹംകൊണ്ടു വീർപ്പുമുട്ടിച്ചു.

“നീ മരിച്ചടങ്ങുന്നിടത്ത് ഞാനും മരിച്ചടങ്ങും” എന്നു അമ്മായിയമ്മയ്ക്കു കൊടുത്ത വാക്കുപ്രകാരം അവളും അമ്മായിയമ്മയോടൊപ്പം മരിച്ചടങ്ങി.

( ബൈബിളിലെ റൂത്തിനെ അധാരമാക്കി എഴുതിയ കഥ )

ജോയി നെടിയാലിമോളേൽ

അഹമദ്നഗർ, മഹാരാഷ്ട്ര.

മൊബ. 9423464791 / 9028265759

ഇമെയിൽ  :  joy_nediyalimolel@yahoo.co.in

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SOURCEമരുമകൾ
SHARE
Previous articleഗുരുവിന്റെ ഒരു കരം
Next articleഹിലരിക്ക് ജലദോഷം വന്നാൽ
ജനനം 1960. പതിനഞ്ചു വർഷത്തെ ആർമി (ആർമഡ് കോർപ്സിൽ) സേവനം. (ഏട്ടു വർഷം അഡ്മിനിസ്ട്രേഷനിലും ഏഴു വർഷം അക്കൗണ്ട്സിലും). ആർമിയിൽ നിന്നു സ്വയം വിരമിച്ചതിനു ശേഷം ഒരു കമ്പനിയിൽ ഇരുപതു വർഷത്തെ സേവനം. സീനിയർ മാനേജരായി റിട്ടയർ ചെയ്തു. ചിത്ര രചനയും എഴുത്തും പ്രധാന ഹോബികൾ. ഭാര്യ - വത്സല. മക്കൾ - ദർശന, ദിവ്യ. കൃതികൾ :- 1) ശിവാംഗി - ചെറുകഥാ സമാഹാരം (29 കഥകൾ). 2) ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ - നോവൽ - 3) പലായനം - നോവൽ 4) തായ് വേരുകൾ - ചെറുകഥാ സമാഹാരം (24 കഥകൾ) 5) ഫാക്ടറി - നോവൽ താമസ്സം : അഹമദ്നഗർ, മഹാരാഷ്ട്ര. മൊബൈൽ : 9423463971 / 9028265759 ഇമെയിൽ : joy_nediyalimolel@yahoo.co.in

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here