ഓസ്റ്റിൻ: ഡാളസ് മോർണിംഗ് ന്യൂസും യൂണിവേഴ്സിറ്റി ഓഫ് ടെക്സസും ചേർന്നു നടത്തിയ ഒരു പോളിൽ ജോ ബൈഡന് ടെക്സസ് സംസ്ഥാനത്ത് ട്രമ്പിനെക്കാൾ 5% കൂടുതൽ പിന്തുണയുണ്ടെന്ന് കണ്ടെത്തി.
കാലിഫോർണിയ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇലക്ടറൽ വോട്ടുകൾ ഉള്ളത് ടെക്സസിൽ ആണ്. പരമ്പരാഗതമായി റിപ്പബ്ളിക്കൻ പ്രസിഡൻ്റ് സ്ഥാനാർഥികളെ പിന്തുണച്ചു വരുന്ന ഈ സംസ്ഥാനത്ത് ഭരണകൂടത്തിൻ്റെ എല്ലാ തലങ്ങളിലും റിപ്പബ്ളിക്കൻ ഭൂരിപക്ഷമാണുള്ളത്. ടെക്സസിലെ ഇലക്ടറൽ വോട്ടുകൾ ഇല്ലാതെ റിപ്പബ്ളിക്കൻ സ്ഥാനാർഥിക്ക് പ്രസിഡൻ്റ് സ്ഥാനത്തെത്തുക ദുഷ്ക്കരമായിരിക്കും.
മറ്റു പല പോളുകളും ജോ ബൈഡൻ്റെ മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത്ര ലീഡ് കാണിക്കുന്ന ഒരു പ്രധാനപ്പെട്ട പോൾ ഫലം ആദ്യമായിട്ടാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്.
ടെക്സസിൽ കോവിഡ്-19 പടർന്നു പിടിക്കുകയാണ്. അതിനെതിരെ പ്രതിരോധിക്കാൻ റിപ്പബ്ളിക്കൻ നിയമനിർമ്മാക്കളും ട്രമ്പും കാണിക്കുന്ന വിമുഖതയാണ് ബൈഡന് ഇത്രയധികം പിന്തുണ ലഭിക്കാൻ സഹായിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.