ജയ്‌പൂർ പുസ്തകോത്സവത്തിന് തുടക്കമായി.28 ജനുവരി വരെയാണ് പരിപാടികൾ പതിനൊന്നു വർഷം മുമ്പ് ആരംഭിച്ച മേള ഇന്ന് ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ പുസ്തക മേളകളിൽ ഒന്നെന്ന പേര് നേടിയെടുത്തിട്ടുണ്ട്. ഓരോ വർഷവും ലോക സാഹിത്യത്തിലേയും ഇന്ത്യൻ സാഹിത്യത്തിലേയും മികച്ച എഴുത്തുകാർക്കൊപ്പം ചിന്തകരും,രാഷ്ട്രീയപ്രവർത്തകരും, സാമൂഹ്യ സേവകരും എല്ലാം ഒത്തുകൂടുന്ന ഒരു സാംസ്കാരിക ജൈവലോകവുമായിത്തീരാൻ മേളക്ക് കഴിഞ്ഞിട്ടുണ്ട്.പ്രശസ്ത എഴുത്തുകാരായ നമിത ഗോഖലെയും, വില്യം ഡാൽറിംപിളുമാണ് ഇത്തവണയും മേളയുടെ മേൽനോട്ടം.
ഹോമി കെ ഭാഹ,പീറ്റർ ബെർഗെൻ ,ലിസ റാൻഡൽ,ടോം സ്റ്റോപ്പാഡ്,മൈക്കിൾ ഓഡ്‌ജന്റെ,ആമി ടാൻ തുടങ്ങി വിവിധ മേഖലകളിലെ സ്‌പെഷിലിസ്റ്റുകളുടെ നീണ്ട നിരയാണ് ഇത്തവണത്തെ പുസ്തകോത്സവത്തിൽ സാഹിത്യ പ്രേമികളെ കാത്തിരിക്കുന്നത്. ലോകത്തിന്റെ വിവിധ പ്രദേശങ്ങളുടെ വൈവിധ്യം അടങ്ങുന്ന അവയുടെ സാഹിത്യ കൃതികളെ അർഹിക്കുന്ന പ്രധാന്യത്തോടെ ഇത്തവണത്തെ മേള ചർച്ച ചെയ്യുമെന്നും ഫെസ്റ്റിവലിന്റെ സഹ സംവിധായകനായ വില്യം ഡാൽറിംപിൾ അഭിപ്രായപ്പെട്ടു. മേളയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കും മറ്റുമായി നിരവധി മത്സരങ്ങളും സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ വിഷയങ്ങളിലായി ഏകദേശം 200ലധികം സെഷനുകൾ ജെ.എൽ .എഫിൽ ഇത്തവണ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്