ജല ജിസാനിലെ 350 കോവിഡ് ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

ജിസാൻ: പ്രവിശ്യയിലെ വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ സേവനമനുഷ്ഠിക്കുന്ന മലയാളികളടക്കമുള്ള 350 ഇന്ത്യക്കാരായ ആരോഗ്യ പ്രവർത്തകരെ ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (ജല) ആദരിച്ചു. ജിസാനിലെ ഡോക്ടറന്മാരും നഴ്‌സുമാരും ആരോഗ്യ പ്രവർത്തകരും പങ്കെടുത്ത വെർച്വൽ ചടങ്ങിൽ പ്രശസ്‌ത ആരോഗ്യ വിദഗ്‌ധനും സംസ്ഥാന കൊറോണ വിദഗ്‌ധ സമിതി അധ്യക്ഷനുമായ ഡോ.ബി.ഇഖ്ബാൽ മുഖ്യാതിഥിയായിരുന്നു. പൊതുജനാരോഗ്യ വിദഗ്‌ധനും ലോകകേരള സഭാംഗവുമായ ഡോ.മുബാറക്ക് സാനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രി ഡയറക്‌ടറും റോയൽ ഫിസിഷ്യനുമായ ഡോ.ഷെയ്ഖ് റഹീൽ ബഷീർ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. മാധ്യമ പ്രവർത്തകനും ജല രക്ഷാധികാരിയുമായ താഹ കൊല്ലേത്ത് ആരോഗ്യ പ്രവർത്തകരെ ചടങ്ങിൽ പരിചയപ്പെടുത്തി.

ആരോഗ്യവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച്‌ കൊണ്ടുപോകേണ്ട സാമൂഹിക പ്രക്രിയയാണെന്നും മൃഗങ്ങളുടെ ആവാസ വ്യവസ്ഥകൾ മനുഷ്യൻ കയ്യേറുമ്പോഴാണ് അവ മനുഷ്യനിലേക്ക് ബന്ധപ്പെടുകയും കൊറോണ പോലുള്ള വൈറസുകൾ വ്യാപിക്കുകയും ചെയ്യുന്നതെന്നും ഡോ. ബി.ഇഖ്ബാൽ അഭിപ്രായപ്പെട്ടു. കൊറോണക്കെതിരെയുള്ള വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങൾ ഇപ്പോൾ മൂന്നാം ഘട്ടത്തിലാണെന്നും മനുഷ്യ പരീക്ഷണത്തിനു ശേഷമുള്ള നിരവധി ഘട്ടങ്ങൾ പിന്നിട്ട ശേഷമേ ഉൽപ്പാദനവും വിപണനവും സാധ്യമാക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ വാക്‌സിൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.   ചടങ്ങിൽ ഡോ.റബീബുദ്ദീൻ, ഡോ. രവികുമാർ, ജല ജനറൽ സെക്രട്ടറി വെന്നിയൂർ ദേവൻ, പ്രസിഡൻറ് എം.കെ.ഓമനക്കുട്ടൻ, റസൽ കരുനാഗപ്പള്ളി, മനോജ് കുമാർ, സണ്ണി ഓതറ എന്നിവർ ആശംസകൾ നേർന്നു. പ്രവിശ്യയിലെ ആരോഗ്യ പ്രവർത്തകരായ ഷീബ അബ്രഹാം, ജിപ്‌സി ജോർജ്ജ്, ജയമോൾ ഷിബു, ഷീലാ മണി, ജിബിൻ മാത്യു, അൻസി ജെയിംസ്, സിജി വർഗീസ്,ജോബി സൂസൻ, ജാൻസി ജോസഫ്, ആർഷ ശ്രീധർ, ജോമി ജോർജ്ജ്, ബിന്ദു രവീന്ദ്രൻ, സോണിമോൾ ജോൺ, പ്രിജിമോൾ വാസു, എലിസബത്ത് തോമസ്,ഹരിയത്ത് മാത്യു, ജിബിൻ മാത്യു, മെറിൻ ബെന്നി, ഷീജ സാജോ, വിനിജ വിശ്വം, ജിൻസി ബിജു, സെമി കുഞ്ഞുമോൾ, സജി വർഗീസ്, സജി ചരുവിള എന്നിവർ കോവിഡ് സേവന അനുഭവങ്ങൾ പങ്കുവെച്ചു.

ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രി, ജിസാൻ കിംഗ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രി, ജിസാൻ സാത്തി ആശുപത്രി, സബിയ, അബൂഅരീഷ്, സാംത, ബെയ്ഷ്, ഫറസാൻ, ബനി മാലിക്ക്, അൽറീത്ത് ജനറൽ ആശുപത്രികൾ, ജിസാൻ സ്റ്റേഷൻ 5 ഡിസ്‌ട്രിക്‌ട് ആശുപത്രി, അബൂഅരീഷ് ആംഡ് ഫോഴ്‌സ് ആശുപത്രി, അൽഹയാത്ത് ആശുപത്രി, അൽഎമീസ് ആശുപത്രി എന്നിവിടങ്ങളിലെ നെഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയുമാണ് ‘ജല’ ചടങ്ങിൽ ആദരിച്ചത്. പ്രവിശ്യയിലെ വിവിധ ആശുപത്രികളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സംഘടിപ്പിക്കുന്ന ലളിതമായ ചടങ്ങുകളിൽ വച്ച് പ്രശംസാ പത്രങ്ങൾ ആരോഗ്യപ്രവർത്തകർക്ക് കൈമാറുമെന്ന് ‘ജല ‘ ജനറൽ സെക്രട്ടറി വെന്നിയൂർ ദേവൻ അറിയിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here