കൈയകലത്തിലെ ജിലേബികൾ

 

“ഓനൊരു പെൺകോന്തനാ.. അല്ലെങ്കിലുണ്ടോ ഇങ്ങനെ..”

സിനുവും ഭർത്താവും  എന്തോ പറഞ്ഞും  ചിരിച്ചും  നടന്നു പോകുന്നത് കണ്ട അയൽവാസി ചേച്ചി പിറുപിറുത്തു.

“അനക്കെന്താ പെണ്ണേ, അവനവന്റെ കാര്യം തന്നെ എടുക്കുവോളം ണ്ട്.. പിന്നെന്തിനാ ആവശ്യല്ലാതെ ആരാന്റെ കാര്യം നോക്ക്ണത്..”

“ഇതന്നെ ഞാനും പറഞ്ഞത്.. ഇങ്ങളെ പോലെ ഇങ്ങനത്തെ  ശുണ്ഠിയൊന്നും ഇല്ലാത്ത ഓളെ കെട്ടിയോനോക്കെ ഒരാണാണോ?”

താനൊരു ആണാണെന്ന അംഗീകാരം കൈവന്നതോടെ അയാൾ മൗനം പുൽകിയെങ്കിലും ചർച്ചകൾ അപ്പുറത്തെ വീട്ടിലും തുടർന്നു.

“കല്യാണം കഴിഞ്ഞ് വർഷം കുറേ കഴിഞ്ഞെങ്കിലും ഓർക്കെന്നും പുതുമോടിയാ.. അങ്ങോട്ട് നോക്ക്..”

അകലേക്ക് മറഞ്ഞു തുടങ്ങിയെങ്കിലും കൂട്ടത്തിലൊരാൾ സിനുവിന്റെയും ഭർത്താവിന്റെയും നടത്തത്തിലേക്ക് കൂടെയുള്ളവരുടെ  ശ്രദ്ധ ക്ഷണിച്ചു.

“നമ്മുടെ വീട്ടിലും ഉണ്ട് ഒരാൾ.. എന്തേലും ചടങ്ങിന് എവിടേലും പോവാണേൽ മൂപ്പര് തനിയെ ബൈക്കിൽ വരും.. ഞാനും മോനും ആട്ടോയിലോ ബസ്സിലോ കേറിപ്പോവണം..”

“അതിനൊക്കെ ആ സിനുവിനെ കണ്ടു പഠിക്കണം.. ഓളു വരച്ച വരയ്ക്കപ്പുറം ഓന് ചാടൂല്ല..”

ചർച്ചകളങ്ങിനെ പുരോഗമിക്കവെ അയൽവാസികളുടെ  കാഴ്ച്ചകൾ മറച്ച്  വീട്ടുവളപ്പ് വിട്ട് സിനുവും ഭർത്താവും  റോഡിലേക്കിറങ്ങി.

“നമുക്ക് ഓട്ടോ വിളിച്ചാലോ..” സിനു ചിണുങ്ങിക്കൊണ്ട് ചോദിച്ചു.

“വേണ്ട, ഓഡിറ്റോറിത്തിലേക്ക് ഇവിടുന്നു കുറച്ചു ദൂരല്ലേ ഉള്ളൂ.. പതുക്കെ നടക്കാം.. ബിരിയാണിക്ക് മുമ്പ്‌ ഇത്തിരി നടത്തം നല്ലതാ.. ”

“ഇങ്ങൾക്കാണ് ഓട്ടവും നടത്തവുമൊക്കെ വേണ്ടത്.. വെയ്റ്റ് നല്ലോം കൂടീക്ക് ണ്..

“അന്റെ വെയ്റ്റും കൂടുതലാട്ടാ… ഞാൻ പിന്നെ പറയാത്തതാ..”

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഉച്ചവെയിലേറ്റ് തിളങ്ങിയ സിനുവിന്റെ മുഖത്ത് നാണപ്പൂക്കൾ വിരിഞ്ഞു. കൂടെ വന്ന ചിരി റോഡരികിലുള്ളവരെ ഭയന്ന്  അടക്കിപ്പിടിച്ചപ്പോൾ നാണപ്പൂക്കൾ പലപല ഇതളുകളായി നുണക്കുഴിയിൽ വീണു.

“ഡാ അന്റെ ചേട്ടനും പെണ്ണും അല്ലേ അത്..? ഓര് പ്രേമിച്ചു കെട്ടിയതാണോ..?”

“അല്ല, ഓര് കെട്ടിയതിന് ശേഷം പ്രേമിച്ചു തുടങ്ങിയതാ..”

ബാർബർഷാപ്പിലൊരു കൂട്ടച്ചിരി മുഴങ്ങി.

“ആരാന്റെ പച്ചയിറച്ചി തിന്നാൻ എന്താ രസം..”

പ്രായമേറിയ ആ ശബ്ദം കേട്ടപ്പോൾ ചിരികൾ പൊടുന്നനെ നിലച്ചു.

കറങ്ങുന്ന കസേരയ്ക്ക് ചുറ്റും മുറിഞ്ഞു വീണുകൊണ്ടിരുന്ന  വെളുത്ത മുടികളുടെ  ഉടമയിൽ നിന്നുമുയർന്ന ഒറ്റ വാചകത്തിൽ  ആ ചർച്ചയ്ക്കവിടെ വിരാമമായി. തലതാഴ്ത്തി കത്രികയുടെ സുഗമമായ സഞ്ചാരത്തിന് പാതയൊരുക്കുകയാണെങ്കിലും പ്രായമേറെയായ  കാതുകൾ സദാ ജാഗ്രതയിലാണെന്ന തിരിച്ചറിവിൽ പൊട്ടി ചിരിപൊഴിച്ച പലരും കടിച്ചുപിടിച്ചൊരു ഈർഷ്യയോടെ ബാർബർഷാപ്പ്  വിട്ടു.

“ഈ ഇറച്ചി ഇങ്ങളെടുത്തോ.. എനിക്ക് ഒരു പീസ് മതി..” എന്നു പറഞ്ഞു സിനു തന്റെ പാത്രത്തിൽ നിന്നൊരു കഷ്ണമെടുത്ത്‌  ഭർത്താവിൻറെ പാത്രത്തിലേക്കിട്ടു കൊടുത്തു.

ഭക്ഷണം  നൽകുന്ന സ്ഥലം സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം  വേർതിരിച്ചിരുന്നുവെങ്കിലും പുരുഷന്മാരുടെ ഭാഗത്ത് തന്നെ വേർതിരിവില്ലാതെ അവരിരുന്നു.

മുതിർന്നവരാരും അവർക്കരികെ വന്നിരിക്കാതെ മറ്റിടം തേടിപ്പോയപ്പോൾ നാലാൾക്കിരിക്കാവുന്ന ആ ടേബിളിൽ വിളമ്പി വെച്ചതിന്റെ  പങ്കുപറ്റാനെത്തിയത് രണ്ടു കുട്ടികളാണ്.

തങ്ങൾക്കരികിലെ ഒഴിഞ്ഞ കസേരകളിൽ ആളെത്തിയപ്പോഴാണ് ആ വലിയ ഹാളിൽ സ്ത്രീ പുരുഷ വേർതിരിവില്ലാതെ ഒരുമിച്ചിരുന്ന സൈനുവിന് മനസ്സമാധാനമായത്. ഒറ്റപ്പെട്ടെന്ന ആശങ്കയഴിച്ചുവെച്ച് അവൾ ബിരിയാണിയുടെ രുചി നുകർന്നു.

“ഇതേടി നിനക്കിഷ്ട്ടള്ള  കച്ചമ്പർ..”

അയാൾ സിനുവിന്റെ പ്ളേറ്റിലേക്ക് വിനാഗിരിയിൽ കുതിർന്ന ഉള്ളി സാലഡ് വിളമ്പി.

“മതി മതി, ആ കുട്ട്യോൾക്കും കൂടി കൊടുക്ക്..”

അവളുടെ നിർദ്ദേശാനുസരണം അയാൾ എതിർവശമിരുന്ന കുട്ടികൾക്കും വിളമ്പിക്കൊടുത്തു. നേർത്ത പുഞ്ചിരികൾ അവർ പകരം  നൽകി.

“അവിടെ ജിലേബി പൊരിക്കുന്നുണ്ട്.. പക്ഷെ, ആകെ തിക്കും തിരക്കുമാണ്.. നീ അപ്പുറത്തെ സൈഡിൽ പോയി നിൽക്ക്, ഞാൻ എടുത്തോണ്ട് വരാം..”

ടാപ്പിൽ നൂല് കൊണ്ട് കെട്ടിയിട്ട മത്സ്യരൂപമുള്ള സോപ്പിനെ ബിരിയാണിയുടെ നെയ്യ് പറ്റിപ്പിടിച്ച കൈകൊണ്ട് തൊട്ടു തലോടി അയാൾ അവളുടെ കാതിൽ പറഞ്ഞു.

വായ കഴുകാൻ നിറച്ച വെള്ളം പുറത്തു ചാടാതിരിക്കാൻ ചുണ്ടുകളാൽ കൂട്ടിപ്പിടിച്ച് അവൾ തലയാട്ടി.

“അതേ, തിരിച്ചു പോകുമ്പോ മക്കൾക്ക് ഫൈമസിൽന്ന് കുറച്ചു ജിലേബി വാങ്ങണം.. കല്ല്യാണം ഉള്ളതറിഞ്ഞ് രണ്ടും മനസ്സില്ലാ മനസോടെയാണ് സ്‌കൂളിൽ പോയിട്ടുള്ളത്..”

“അതിനെന്താ വാങ്ങിക്കാം..  എന്തായാലും ഇനി നടക്കാൻ വയ്യട്ടാ.. ഓട്ടോ വിളിക്കാം..”

“നടക്കണം, ഓടണം, എന്തായിരുന്നു ഉപദേശം.. വയറു നിറഞ്ഞപ്പോ എല്ലാം പോയി..”

പറഞ്ഞു കൊണ്ട്  സിനു കൈവെള്ളയിൽ വീണ ജിലേബിയിൽ നിന്ന് ഒലിച്ചിറങ്ങിയ പഞ്ചസാര ലായനിത്തുള്ളികൾ നാവ് കൊണ്ട് വൃത്തിയാക്കി.

അവളുടെ കളിയാക്കൽ കേട്ട് അയാൾ പൊട്ടിച്ചിരിച്ചു.

ഓഡിറ്റോറിയത്തിന്റെ ആളൊഴിഞ്ഞ മൂലയിൽ നിന്ന് ജിലേബി പോൽ ജീവിതമധുരം നുകർന്ന അവരിലേക്ക് പല കോണിൽ നിന്നും നോട്ടങ്ങൾ വന്നുവീണു.

“ഇങ്ങളെ മോനും മരുമോളും അല്ലേ അത്..”

അടുത്തു നിൽക്കുന്നവളുടെ തോണ്ടലും സംസാരവും കേട്ടപ്പോൾ  കട്ടിച്ചില്ലുള്ള കണ്ണട ഒന്നുസ്ഥാനം  ശെരിയാക്കി വെച്ച് അവരൊന്നു താഴേക്ക് സൂക്ഷിച്ച് നോക്കി.

ദൂരെയെങ്കിലും ഇത്തിരി അവ്യക്തതയുണ്ടെങ്കിലും അവരത് കണ്ടു.
തൂവാല കൊണ്ട് മകൻറെ ചുണ്ടുകൾ വൃത്തിയാക്കുകയാണ് സിനു.

“ഒരു പത്തുപതിനഞ്ച് കൊല്ലെങ്കിലും ആയിണ്ടാവില്ലേ ഓര് കെട്ടീട്ട്.. ഇപ്പോഴും ചെക്കനും പെണ്ണും ആണെന്നാ വിചാരം..”

മറ്റൊരാൾ ആ സ്നേഹ പ്രകടനത്തിന് പ്രായം നിശ്ചയിച്ചു.

“ഇങ്ങളെ മോനൊരു ഇങ്ങനൊരു ഉശിര് ഇല്ലാത്തവനായല്ലോ..”

അതുവരെ മകനെയും മരുമകളെയും നോക്കി മിണ്ടാതിരുന്ന അവർ നോട്ടക്കാരികളെ ഒന്നു തുറിച്ചു നോക്കി. എന്നിട്ട് പറഞ്ഞു.

“എന്റെ മോനാണ് ആൺകുട്ടി! സ്വന്തമായി വീടുണ്ടാക്കി, എന്നെയും അവളെയും അവരുടെ രണ്ടു മക്കളെയും പൊന്നുപോലെ നോക്കുന്നുമുണ്ട്.. പിന്നെ, നാട്ടുകാരുടെ മുമ്പിൽ ദേഷ്യം കാണിച്ചും  അറയിൽ കയറുമ്പോൾ അരക്കെട്ട് തുറക്കാൻ  മാത്രം  തേനും പാലും ഒഴുക്കുന്നതല്ല ആണത്തം..!”

കാല ചക്രത്തിന്റെ പാച്ചിലിനിടയിൽ  ഇണയൊരു ഓർമ്മയായി മാറിയെങ്കിലും  നടന്നുതീർത്ത  പ്രണയ ദിനങ്ങളുടെ ചരിത്രങ്ങൾ കണ്ണടച്ചിട്ടും ഓർമ്മയുടെ കട്ടിക്കണ്ണട അവർക്ക് കാണിച്ചു കൊടുത്തു.

അമ്മായിയമ്മപ്പോരിന് കോപ്പ് കൂട്ടിയവരിലെ ഏഷണിയുടെ  വെടിമരുന്നിൽ ചിന്തയുടെ നനവ് പടർന്നു. മറ്റുള്ളവർ കാണുമെന്ന് കരുതി ഒന്നിച്ചിരിക്കേണ്ട എത്ര നിമിഷങ്ങളെയാണ് കൊന്നത്? മറ്റുള്ളവർ  എന്ത് വിചാരിക്കുമെന്ന് ചിന്തിച്ചു എത്രയൊക്കെ വാക്കുകളെയാണ് തളച്ചിട്ടത്? അവർക്കെന്തെങ്കിലും തോന്നിയാലോ എന്ന് വിചാരിച്ച് എത്രയെത്ര യാത്രകളിലാണ് അകന്നിരുന്നത്. ഒരുമിച്ച് കൊള്ളേണ്ട കാറ്റും ഒരുമിച്ച്  കുട ചൂടേണ്ട വെയിലും ഒരു കുടയിൽ ചേക്കേറേണ്ട മഴയും അങ്ങിനെ ഒരുമിച്ചു നുകരേണ്ട എന്തൊക്കെയാണ് ഇക്കാലയളവിൽ നഷ്ടപ്പെടുത്തിയത്..

നഷ്ട പ്രണയത്തിൻറെ മഞ്ഞുതുള്ളികൾ വീണ ഹൃദയവുമായി സിനുവിന്റെയും ഭർത്താവിന്റേയും വിമർശകരിൽ ചിലർ പുരുഷന്മാരുടെ ഭാഗത്ത് തങ്ങളുടെ ഇണകളെ തിരഞ്ഞു.

ഹാളിൻറെ പലഭാഗങ്ങളിലായി പല ഭർത്താക്കൻമാരുടെയും കാതുകളിൽ ഭാര്യമാരുടെ ശ്വാസോച്ഛാസം വന്നു വീണു. പ്രായവും ആരോഗ്യവുമനുസരിച്ച് ശ്വാസഗതിയും ശബ്ദവും  പലർക്കും പലതായിരുന്നെങ്കിലും അവരെല്ലാം ചൂണ്ടിക്കാണിച്ചതും പറഞ്ഞതും ഒന്നായിരുന്നു:

“ഇങ്ങള് അവിടെ പോയി ഒരു ജിലേബി എടുത്തോണ്ട് വരോ..!”

(ശുഭം)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here