ഒരിടത്ത് ഉണ്ണിച്ചെല്ലമ്മ എന്നൊരു കുസൃതിക്കുടുക്കയുണ്ടായിരുന്നു. മുത്തച്ഛന്റേയും മുത്തശിയുടെയും കൂടെയാണ് അവളുടെ താമസം . അങ്ങനെയിരിക്കെ , ഉണ്ണിച്ചെല്ലമ്മയുടെ പിറന്നാൾ ദിവസം വന്നു . പിറന്നാൾ ദിവസം രാവിലെ മുത്തശിയും മുത്തച്ഛനും കൂടി അടുക്കളയിൽ കടന്ന് മധുര ജിലേബിയുണ്ടാക്കാൻ തുടങ്ങി.
പഞ്ചസാരയും നറുനെയ്യുമെല്ലാം ചേർത്ത് ഉണ്ണിച്ചെല്ലമ്മക്കു സമ്മാനിക്കാൻ അവർ വലിയൊരു ജിലേബിയുണ്ടാക്കി. കണ്ടാലാരും കൊതിച്ച് പോകുന്ന നല്ല കൽക്കണ്ട ജിലേബി.
മുത്തച്ഛൻ സന്തോഷത്തോടെ ജിലേബിയെടുത്ത് കൈയിൽ വച്ച് തിരിച്ചും മറിച്ചും നോക്കി . ഹായ് , എന്തൊരത്ഭുതം ! അപ്പോഴുണ്ട് ജിലേബിക്കു കൈയും കാലുമെല്ലാം മുളച്ചുവരുന്നു. അത് കണ്ണുതുറക്കുന്നു, ചുണ്ടനക്കുന്നു !
അതു കണ്ട് അന്തം വിട്ട മുത്തച്ഛൻ മുത്തശ്ശിയേയും ഉണ്ണിയെയുമെല്ലാം വിളിച്ച് കൂട്ടി. മുത്തച്ഛൻ ഉണ്ണിച്ചെല്ലമ്മയോട് പറഞ്ഞു.
” കണ്ടോ മോളെ ചെചെല്ലമ്മേ
ജിലേബി കണ്ണ് തുറന്നല്ലോ
കൈകാലൊക്കെ മുളച്ചല്ലോ
കള്ളനെ നന്നായി സൂക്ഷിച്ചോ!! ‘
‘
ഇത്രയും പറഞ്ഞിട്ട് മുത്തച്ഛൻ ജിലേബിക്കുട്ടനെയെടുത്ത് ഉണ്ണിച്ചെല്ലമ്മക്കു നീട്ടി. അതിനിടയിൽ ജിലേബിക്കുട്ടൻ പെട്ടന്നൊരു ചാട്ടം. അവൻ അവൻ ഇറയത്ത് നിന്നും ചാടി മുറ്റത്തിറങ്ങി.
ഇത് കണ്ട് മുത്തച്ഛനും മുത്തശിയും ഉണ്ണിച്ചെല്ലമ്മയും ചാടി പുറത്തിറങ്ങി . ഉണ്ണിച്ചെല്ലമ്മ രണ്ട് കൈയും നീട്ടി ഉറക്കെ അവനെ വിളിച്ചു .
”ജിലേബിയണ്ണാ പോകല്ലേ
ഞങ്ങളെ വിട്ടൊണ്ടോട്ടല്ലേ
പൊന്നെ നിന്നെ തേനൂട്ടാം
തൊട്ടിലിലെന്നും ചാഞ്ചാട്ടം ”
ജിലേബിക്കുട്ടൻ ഒരു നിമിഷം നിന്നിട്ടു പറഞ്ഞു.
” ചെല്ലക്കുട്ടിയെ കൺമണിയെ
ലോകം കാണാൻ പോണൂ ഞാൻ
കണ്ട വ ഴിക്കു കുതിക്കും ഞാൻ
കുണ്ടാമണ്ടികൾ കാട്ടും ഞാൻ”
അതു കേട്ടപ്പോൾ ഉണ്ണിച്ചെല്ലമ്മക്കു പേടി തോന്നി. ജിലേബിക്കുട്ടൻ വല്ല ആപത്തിലും ചെന്ന് പെട്ടാലോ ? അവൾ പറഞ്ഞു.
” കണ്ട വഴിക്കു നടക്കല്ലേ
കുണ്ടാമണ്ടികൾ കാട്ടല്ലേ
കുണ്ടാമണ്ടിക്കുട്ടന്മാർ
കുഴിയിൽ ചാടും സൂക്ഷിച്ചോ”
പക്ഷെ അവളുടെ മുന്നറിയിപ്പൊന്നും ജിലേബിക്കുട്ടൻ ചെവികൊണ്ടില്ല. അവൻ നേരെ കുണ്ടനിടവഴിയിലൂടെ കുതിച്ചു പാഞ്ഞു.
അതുകണ്ട് ഉണ്ണിച്ചെല്ലമ്മയും മുത്തച്ഛനും മുത്തശിയും കൂടി ജിലേബിക്കുട്ടന്റെ പിന്നാലെ ഓടി . പക്ഷെ അവനെയുണ്ടോ അവർക്ക് തൊടാൻ കിട്ടുന്നു?
ജിലേബിക്കുട്ടൻ ഓടിയോടി തെരുവിലെത്തി . അപ്പോൾ തെരുവിലിരുന്ന് ചെരുപ്പുകുത്തുന്ന ചെറിയാച്ചൻ അവനെ കണ്ടു . അതെന്തു ജന്തുവെന്നറിയാതെ ചെറിയാച്ചൻ ആദ്യം അമ്പരന്നു.
‘പാമ്പോ, ചേമ്പോ, ചുണ്ണാമ്പോ? അടുത്തെത്തിയപ്പോഴതാ ഒരു ജിലേബി. ചെറിയാച്ചനു കൊതിയടക്കാനായില്ല. അവൻ സ്നേഹം നടിച്ച് ജിലേബിക്കുട്ടനെ കൈകാട്ടി വിളിച്ചു .
”’ മധുര ജിലേബി വന്നാട്ടെ
ഇത്തിരി നേരം നിന്നാട്ടെ
ചെരുപ്പുതുന്നി തന്നീടാം
ചെറുപലഹാരംതന്നീടാം ”!
പക്ഷെ ജിലേബിക്കുട്ടൻ അവിടെ നിന്നില്ല അവൻ പറഞ്ഞു.
”സൂത്രം കയ്യിലിരിക്കട്ടെ
എന്നെ തിന്നാൻ നോക്കണ്ട
മുത്തച്ഛനേയും പറ്റിച്ച്
ചെല്ലമ്മാളിനെയും പറ്റിച്ച്
ഓടിപ്പോരികയാണ് ഞാൻ
സൂത്രക്കാരാ ചങ്ങാതി
നിന്നേം പറ്റിച്ചോടും ഞാൻ”
ഇത് കേട്ടതോടെ ചെറിയാച്ചൻ കയ്യിലിരുന്ന ചെരിപ്പും വലിച്ചെറിഞ്ഞ് വാശിയോടെ ജിലേബിക്കുട്ടന്റെ പിന്നാലെ ഓടി . പക്ഷെ അവനെ പിടികൂടാൻ കഴിയാതെ ചെറിയാച്ചൻ നാണിച്ച് തിരിച്ചു പോന്നു .
ജിലേബിക്കുട്ടൻ ഓടിയോടി പട്ടണക്കാട്ടിലെത്തി . അപ്പോൾ റോഡ് നന്നാക്കുന്ന കുറെപേർ അവനെ കണ്ടു . അതെന്തു ജന്തുവാണെന്നു അറിയാതെ ആദ്യം അവർ കുഴങ്ങി . എലിയോ, കിലിയോ, പുലിവാലോ?
അടുത്തെത്തിയപ്പോഴതാ ഒരു ജിലേബി ! അവർ അവനെ വിളിച്ചു
” മധുരാജിലേബി വെറുതെ നീ
വെയിലത്തോടി പോകേണ്ട
കാറോ ബസോ വന്നാൽ
ഞങ്ങൾ നിന്നെ കേറ്റി വിടാം ”
പക്ഷെ ജിലേബി അവിടെ നിന്നില്ല അവൻ പറഞ്ഞു.
” വേല മനസിലിരിക്കട്ടെ
എന്നെ തിന്നാൻ നോക്കണ്ട
പലരെയും ഞാൻ പറ്റിച്ചു
നിങ്ങളെയും ഞാൻ പറ്റിക്കും ”
അതുകേട്ട് പണിയാളുകൾക്ക് ദേഷ്യം മൂത്തു . അവർ മൺവെട്ടിയും കുന്താലിയുമെടുത്ത് ജിലേബിക്കുട്ടന്റെ പിന്നാലെ പാഞ്ഞു . പക്ഷെ അവനെ പിടികൂടാൻ കഴിയാതെ അവർ നിരാശരായി മടങ്ങി.
ജിലേബിക്കുട്ടൻ ഓടിയോടി ജഗന്നാഥപുരത്തെത്തി. അപ്പോൾ ജഗന്നാഥനമ്മാവന്റെ ജഗജില്ലിപ്പട്ടി അവനെ കണ്ട് ഒറ്റ നോട്ടത്തിൽ തന്നെ ആളെ തിരിച്ചറിഞ്ഞു . ജഗജില്ലിപ്പട്ടി വാലാട്ടിക്കൊണ്ടു അവനെ വിളിച്ചു
” കൽക്കണ്ടം പോൽ മധുരിക്കും
കനകജിലേബി വന്നാട്ടെ
എന്റെ മടിയിലിരുന്നിട്ട്
നല്ലൊരു ഗാനം മൂളിയാട്ടെ !”
ജഗജില്ലി പട്ടിയുടെ ചക്കരവർത്തമാനം കേട്ടപ്പോൾ ജിലേബിക്കുട്ടൻ പെട്ടന്ന് നിന്നു . അവൻ കാലിന്മേൽ കാലുകൾ കയറ്റിയിരുന്നിട്ട് പാട്ടു പാടാൻ തുടങ്ങി.
” ചെറിയാച്ചനെയും വെട്ടിച്ച്
പണിയാളുകളെയും വെട്ടിച്ച്
ഓടിപ്പോരികയാണ് ഞാൻ
കെണിയിൽ വീഴ്ത്താൻ നിൽക്കേണ്ട ”
ജിലേബിക്കുട്ടന്റെ പാട്ടു കേട്ട് ജഗജില്ലിപ്പട്ടിക്ക് ചിരി വന്നു. അവൻ പറഞ്ഞു
” എത്ര മനോഹരമീ ഗാനം
ഇമ്പം വഴിയും നിൻ ഗാനം
ഒടുവിൽ പാടിയ വരികൾ ഞാൻ
കേട്ടില്ലെന്ന്‌റെ ചങ്ങാതി
വീണ്ടും നീയത് -പാടാമോ
എനിക്ക് വേണ്ടി പാടാമോ?”
ഇതുകേട്ടതോടെ ജിലേബിക്കുട്ടന് ഗമ അടക്കാനായില്ല ഹയ്യട , താനൊരു വലിയ പാട്ടുകാരൻ തന്നെ.
അവൻ ഗമയിൽ ഞെളിഞ്ഞു വന്ന് ജഗജില്ലിപ്പട്ടിയുടെ മടിയിൽ കയറിയിരുന്നു . ജഗജില്ലി പട്ടി അവനെ കൈകൊണ്ട് ചേർത്ത് പിടിച്ചു . ജിലേബിക്കുട്ടൻ വീണ്ടും പാട്ടു തുടങ്ങി . പാട്ടു മൂത്ത് വന്നപ്പോൾ ജഗജില്ലി പട്ടി ‘ ടപ്പേ’ എന്ന് വായ് തുറന്നു ‘ ഗപ്പ് ‘ എന്നൊരൊറ്റ വിഴുങ്ങ് ! അങ്ങനെ താന്തോന്നിയായ ജിലേബിക്കുട്ടൻ ജഗജില്ലിപ്പട്ടിയുടെ വയറ്റിലായി .
Click this button or press Ctrl+G to toggle between Malayalam and English