ഒരിക്കലും കാണരുതെന്ന് മനസ്സിൽ എത്രയോ വട്ടം ഉറപ്പിച്ചിട്ടും ഈ ബസ്സിൽ എന്റെ വലതു സീറ്റുമാത്രം ഒഴിഞ്ഞു കിടന്നതും, മൊബൈലിലേക്ക് മുഖം പൂഴ്ത്തിയിരുന്ന എന്നെ ശ്രദ്ധിക്കാതെ ജെയ് അവിടെ വന്നിരുന്നതും എന്നത്തേയും പോലെ എന്നിലേക്ക് വന്ന യാദൃശ്ചികതകളിൽ ഒന്നായിരുന്നു.
തൊട്ടറിഞ്ഞ ചൂട് കയ്യിൽ പടർന്നപ്പോഴാണ് മുഖമുയർത്തി നോക്കിയത്. അപ്പോൾ അവൻ എന്നെത്തന്നെ നോക്കുകയായിരുന്നു.
ഭൂതകാലത്തിൽ അടിയൊഴുക്കുകളിൽ നിന്ന് ഓർമ്മ കണ്ടെടുക്കാനായി അവന്റെ പുരികങ്ങൾ ചുളിയുന്നത് ഞാൻ ഒരു ചിരിയോടെ കണ്ടു.
പണ്ടും ജെയ് ഇങ്ങനെയായിരുന്നല്ലോ! സംശയങ്ങളുടെ നീരാളിക്കയങ്ങളിൽ മുങ്ങി താഴുമ്പോൾ അവൻറെ പുരികങ്ങൾ വളയും, കണ്ണുകൾ ചുളിയും, ചുണ്ടുകൾ വിറയ്ക്കും.
” ജില്ലൂ..”?! അവന് ഇപ്പോഴും സംശയമാണ്.
ഞങ്ങളുടെ കാൽവിരലുകൾ മുട്ടിയിരുന്നു, കൈത്തണ്ടകൾ തൊട്ടിരുന്നു, അരക്കെട്ടുകൾ ചേർന്നിരുന്നു. എന്നിട്ടും അവന് സംശയമാണ്, അല്ലെങ്കിലും പണ്ടേ അവൻ ഇങ്ങനെയാണല്ലോ!
ബസ്സ് ഇറങ്ങി നടക്കുമ്പോൾ ഒപ്പമെത്താൻ അവൻ ഓടിക്കിതച്ചു. രാവിലെ ഇറങ്ങുമ്പോൾ ബാഗിലെ അവസാന കള്ളിയിലാണ് താക്കോലിട്ടത് എന്നാണ് ഓർമ്മ. പലവട്ടം പരതി, കിട്ടുന്നില്ല. ബാഗ് മുഴുവനായി സിറ്റൗട്ടിൽ കമിഴ്ത്തി.
വെറുതെ നുണയാൻ എന്നോ വാങ്ങി ബാഗിലിട്ട നാരങ്ങ മിട്ടായി പകുതി മുക്കാലും ഉറുമ്പരിച്ച് ഒലിച്ചിറങ്ങി കിടപ്പുണ്ട്. മാസങ്ങളായുള്ള ബെസ്റ്റ് ടിക്കറ്റുകൾ മുഴുവൻ അതിൽ ഒട്ടി നനഞ്ഞിട്ടുണ്ട്. കണ്ടക്ടർ ബാക്കി തന്ന നാണയങ്ങൾ ഉരഞ്ഞ് പുതിയ കൂളിങ്ങ് ഗ്ലാസ് മുഴുവൻ പോറിയിരിക്കുന്നു.
അപ്പോഴാണ് ഓർത്തത്, രാവിലെ ഇറങ്ങുമ്പോൾ രഘു എങ്ങാനും വന്നാലോ എന്നോർത്ത് താക്കോൽ ചവിട്ടിക്കടിയിൽ ഇട്ടിട്ടാണ് പോയത്.
കോളിംഗ് ബെൽ അടിക്കാൻ തോന്നിയില്ല, ചവിട്ടി പൊക്കി നോക്കി. കരുതിയതുപോലെ തന്നെ രഘു വന്നിട്ടില്ല. ഓഫീസ് ടൂറുകൾ എന്ന് അവസാനിക്കും എന്ന മെസ്സേജ് പോലും ഈയിടെയായി ഇല്ല.
ഫാൻ ഏറ്റവും കൂട്ടിയിട്ടു. ജെയ് ആകെ വിയർത്തിയിട്ടുണ്ട്. സോഫയിൽ ചാഞ്ഞ് കണ്ണടച്ച് അവൻ ഇരുന്നു. സിറ്റൗട്ടിൽ കമിഴ്ത്തിയതെല്ലാം ബാഗിലേക്ക് തിരിച്ചു കുത്തിക്കയറ്റി ഞാൻ അടുക്കളയിലേക്ക് നടന്നു.
ഇഞ്ചി ചുരണ്ടി ചതച്ചെടുത്തു. അര ഗ്ലാസ് പാലും അര ഗ്ലാസ് വെള്ളവും. അതാണ് ജെയുടെ കണക്ക്. നല്ല കടുപ്പത്തിൽ ഇഞ്ചിയിട്ട ഒരു ചായ.
ഊതിയൂതി കുടിക്കുമ്പോൾ അവൻ എന്നോട് ചേർന്നിരുന്നു.
” നീ ആകെ മാറിയിരിക്കുന്നു ജില്ലൂ,” ബോയ് കട്ടടിച്ച എന്റെ തലയിൽ തലോടി അവൻ പറഞ്ഞു.
” നിന്റെ നീണ്ട മുടിക്കുള്ളിലായിരുന്നു ഞാനാദ്യം കാടിറങ്ങിയത്”.
പഴയ സിനിമാ നടൻ വിൻസന്റിന്റെ കണ്ണുകളാണ് ജെയ്യുടേത്. പ്രണയത്തിൻറെ അലകൾ നിർത്താതെ തിരയടിക്കുന്ന നോട്ടം.
” നിനക്ക് ഒരു മാറ്റവുമില്ല ജെയ്”.
” നിൻറെ ശബ്ദം പോലും മാറിയിരിക്കുന്നു” ജെയ് അസ്വസ്ഥതയോടെ കാൽ തറയിലുരച്ചു. പണ്ടും അവനിങ്ങനെയാണേല്ലോ.
അപ്പോഴാണോർത്തത്, ഓടിപ്പോയി ഫ്രിഡ്ജ് തുറന്ന് ഞാനൊരു ജിലേബി എടുത്തു. ഇറ്റിയിറങ്ങിയ തേനെല്ലാം തണുപ്പിന്റെ മരവിപ്പിൽ ഉറച്ചു പോയിരിക്കുന്നു. വെളുവെളുത്ത തരികളായി അത് പടർന്നിരിക്കുന്നുണ്ട്.
പാതി മുറിച്ച് അവനു കൊടുത്തു. ചെറിയൊരു കഷ്ണം പൊട്ടിച്ച് അവൻ വായിലിട്ടു.
” ഷുഗറുണ്ടോ..? ” മറുപടി ആ മധുരത്തിന്റെ പകരലായിരുന്നു. ജിലേബിയുടെ ഉടലാഴങ്ങളിൽ നാവുകൾ തേൻ തിരഞ്ഞു, അന്നത്തെതു പോലെ.
കണ്ണുകളടച്ച് ഇങ്ങനെയാഴച്ചുഴിയിലിറങ്ങുമ്പോഴാണ് ആത്മാവിന്റെ സ്വാദു നുണയാനാവുക എന്ന് വീണ്ടും പിറുപിറുത്തു, അന്നത്തേതു പോലെ.
” നീയെന്റെ ജിലേബിയാണ്.. മധുരമിറ്റിക്കുന്ന തേൻ ജിലേബി.” ആദ്യമായ് ഉടൽ പൂത്തപ്പോൾ ജെയ് പറഞ്ഞു.
” പക്ഷേ മധുരം ഊറ്റിയെടുത്താൽ ജിലേബി തരികൾ വെറും ചണ്ടാണു പിന്നെ, നീരൂറ്റിയെടുത്ത കരിമ്പ് പോലെ…” അതുവരെ അറിയാത്ത ഉടൽ പ്രവിശ്യകളിലേക്കാഴ്ന്ന് അന്ന് പറഞ്ഞു.
ഒരു കിതപ്പിലെടുത്ത ഒറ്റശ്വാസത്തിൽ ഞാൻ പാടി
” ജീവൻ ജീവനിൽ പൂക്കുമാ…” മുഴുമിപ്പിച്ചില്ല. ചുണ്ടിൽ ചുണ്ടു കൊരുത്ത്, മെയ്യിൽ മെയ്യിണക്കി അവൻ ജിലേബിയുടെ ഉടൽ മടക്കുകളിൽ തേനിറ്റിക്കാൻ തുടങ്ങി.പാതിയടഞ്ഞ കണ്ണുകളിൽ തേൻ തുള്ളികൾ വിരിഞ്ഞു.
ഒരപ്പൂപ്പൻതാടി പോലെ അങ്ങനെ പറെന്നാട്ടി കിടക്കുമ്പോൾ ജെയ് വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.
” ജില്ലൂ.. ഏത് സ്റ്റേജാണ്?”
അന്നത്തെപ്പോലെ മുടിയിഴകളിൽ വിരലോടിച്ച് അവൻ ചോദിച്ചു, ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു.
” നാലാമത്തെ…”
നാവിൽ തടഞ്ഞ അവസാന തേൻതുള്ളിയെ ഞൊട്ടി നുണഞ്ഞു.
” ആ കറുത്ത മറുക്, അതുണ്ടിപ്പോഴും അവിടെ” ഒപ്പേറേഷെൻറ വൻചുഴികൾക്കിടയിൽ നിന്നും അവൻ ആ മറുക് കണ്ടെടുത്തു.
” ഇന്ന്……?” അവൻറെ പുരികങ്ങൾ വളഞ്ഞിരുന്നു.
” കീമോയ്ക്ക് പോയതാണ്.” അവൻറെ നെഞ്ചിലെ രോമങ്ങൾ മുക്കാലും നരച്ചിരുന്നു.
” ആരാണ് ഡോക്ടർ…?” അവൻറെ കണ്ണുകൾ ചുളിഞ്ഞിരുന്നു.
” ഗംഗാധരൻ..” അവന്റെ താടിയിൽ വെറുതെ മുഖമുരുമ്മി.
ഒരു നിശ്വാസം, ഒരു കിതപ്പ്.. പണ്ടും അവൻ അങ്ങനെ ആയിരുന്നല്ലോ.
” ഒരു ചായ കൂടി വേണം” ബാത്റൂമിൽ നിന്ന് ഇറങ്ങി ജെയ് പറഞ്ഞു.
ഇഞ്ചി ചുരണ്ടിക്കൊണ്ടിരിക്കുമ്പോൾ പിറകിലൂടെ വന്ന് കഴുത്തിൽ മുഖമർത്തി, മാറത്ത് പരതി അവൻ ചോദിച്ചു.
” ആ നാരങ്ങാ മിട്ടായി നിനക്കാരാ തന്നത്??”