
ദേശീയതലത്തിലുള്ള പോളുകളിൽ ജോ ബൈഡന്റെ ലീഡ് വളരെ നാളുകളായിട്ട് 10 ശതമാനത്തിന് അടുത്താണ്. അത്തരത്തിലുള്ള ഒരു മുന്തൂക്കം ഇലക്ടറൽ കോളജിന്റെ സങ്കീർണ്ണതയൊക്കെ നിസ്സാരമാക്കി ബൈഡന് വിജയം ഉറപ്പുവരുത്തും എന്ന ഒരു വാദം രാഷ്ട്രീയനിരീക്ഷകരുടെ ഇടയിൽ പൊതുവേ ഉണ്ട്.
എന്നാലും ഫലം അത്ര ഉറപ്പിക്കാത്താൻ പറ്റാത്താത്ത സംസ്ഥാനങ്ങളിലെ (Battleground States എന്നാണ് ഈ സംസ്ഥാനങ്ങളെ വിളിക്കുന്നത്. സ്ഥാനാർഥികൾ അവിടങ്ങളിൽ മാത്രമേ കാര്യമായി പ്രചരണം നടത്താറുള്ളൂ) ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നോക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.
realclearpolitics.com എല്ലാ തരത്തിലുള്ള പോളുകളെയും ട്രാക്ക് ചെയ്യുന്നുണ്ട്. അവരുടെ കണക്കുപ്രകാരം ഇപ്പോഴത്തെ സാഹചര്യത്തിൽ 222 ഇലക്ടറൽ വോട്ടുകൾ ബൈഡനും 125 വോട്ടുകൾ ട്രമ്പിനും ഉറപ്പാണ്. ബാക്കിയുള്ള 191 വോട്ടുകൾ തീരുമാനിക്കാനായിരിക്കും തിരഞ്ഞെടുപ്പ് ശരിക്കും നടക്കുക. 270 വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
ഇനി മുൻപറഞ്ഞ 191 വോട്ടുകളിൽ എന്ത് അനുമാനങ്ങൾ നടത്താൻ സാധിക്കും എന്ന് നോക്കാം:
മുൻചരിത്രവും ഇപ്പോഴത്തെ പോളുകളുടെ പോക്കും നോക്കിയാൽ ഈ സംസ്ഥാനങ്ങളിൽ ബൈഡൻ ജയിക്കും എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്. ഒപ്പം കൊടുത്തിട്ടുള്ളത് ആ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇലക്ടറൽ വോട്ടുകൾ:
നെവാഡ (6) – പൊതുവേ ഡമോക്രാറ്റുകളെയാണ് നെവാഡ പിന്താങ്ങുക.
അരിസോണ (11) – പൊതുവേ റിപ്പബ്ളിക്കൻ സംസ്ഥാനമാണ്. പക്ഷേ, പോളുകൾ സൂചിപ്പിക്കുന്നത് ഇത്തവണ അത് ഡമോക്രാറ്റുകൾ പിടിച്ചെടുക്കുമെന്നാണ്.
വിസ്ക്കോൻസിൻ (10) – പൊതുവേ ഡമോക്രാറ്റുകളെയാണ് വിസ്ക്കോൻസിൻ പിന്താങ്ങുക. പക്ഷേ, കഴിഞ്ഞ തവണ ട്രമ്പ് നേരിയ ഭൂരിപക്ഷത്തിന് പിടിച്ചെടുത്തു. പോളുകൾ സൂചിപ്പിക്കുന്നത് ഇത്തവണ അത് ഡമോക്രാറ്റുകൾ തിരിച്ചു പിടിക്കുമെന്നാണ്.
മിഷിഗൺ (16) – വിസ്ക്കോൻസിന്റെ സ്ഥിതി.
പെൻസിൽവേനിയ (20) – വിസ്ക്കോൻസിന്റെ സ്ഥിതി.
വിസ്ക്കോൻസിൻ, മിഷിഗൺ, പെൻസിൽവേനിയ എന്നീ സംസ്ഥാനങ്ങളിലെ നേരിയതും അപ്രതീക്ഷിതവുമായ വിജയമാണ് 2016-ൽ ട്രമ്പിന്റെ പൊതുതിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കിയത്.
ന്യൂ ഹാമ്പ്ഷയർ (4) – പൊതുവേ ഡമോക്രാറ്റുകളെയാണ് ഈ സംസ്ഥാനം പിന്താങ്ങുക.
ഈ സംസ്ഥാനങ്ങളിൽ ബൈഡന്റെ വിജയം ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറെക്കുറെ ഉറപ്പാണ്. 67 വോട്ടുകൾ അതു വഴി ബൈഡന് ലഭിക്കും. അങ്ങനെ മൊത്തം 289 വോട്ടുകൾ ബൈഡന്.
വിജയത്തിന് 270 മതിയെന്നിരിക്കേ മുകളിൽ പറഞ്ഞ ഒന്നോ രണ്ടോ ചെറിയ സംസ്ഥാനങ്ങളിൽ തോറ്റാലും ബൈഡന്റെ വിജയം സുനിശ്ചിതമാണെന്ന് വ്യക്തം.
വെറും ജയത്തിനപ്പുറം, റിപ്പബ്ളിക്കൻ കോട്ടകളായ ടെക്സസ്, ജോർജിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബൈഡൻ ട്രമ്പിന്റെ തറപറ്റിക്കുമോ എന്നാണ് ഇപ്പോൾ നോക്കുന്നത്. അങ്ങനെ സംഭവിച്ചാൽ തികച്ചും ദയനീയ പരാജയമായിരിക്കും റിപ്പബ്ളിക്കൻ പാർട്ടിയെയും ട്രമ്പിനെയും നവംബറിൽ കാത്തിരിക്കുന്നത്.