ജെല്ലിഫിഷ് -അനന്തതയിലേക്കുള്ള ജീവിതയാത്ര
 

 

 

“എനിക്കിതൊക്കെ വിഡ്ഢിത്തങ്ങളാണെന്ന് അറിയാഞ്ഞിട്ടല്ല
പക്ഷെ ,കണ്മുന്നിൽ കാണുന്നത് എങ്ങനെ വിശ്വസിക്കാതിരിക്കും ..?”

യാസിർ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു .
മോഹൻ അവന്റെ തോളിൽ കൈയിട്ട് ആഴിയിലേക്ക് മിഴികൾ നട്ടുകൊണ്ടിരുന്നു

പാറക്കല്ലുകളിൽ തിരമാലകൾ ആഞ്ഞടിക്കുകയാണ് .
ഓരോ തിരയും വരുമ്പോൾ ,അതവരെ പാടെ നനച്ചുകൊണ്ടേ തിരികെ മടങ്ങൂ എന്ന് തോന്നിപ്പോകും .അവരിലേക്കെത്താനാവാതെ ശിലകളിൽ തലതല്ലിക്കൊണ്ടവർ മടങ്ങും .കൂടെ ആരൊക്കെയോ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളും കവറുകളും .
തിരകൾക്കുമപ്പുറം ചുവപ്പു ചുറ്റിക്കൊണ്ട്‌ ആഴിയിലേക്കിറങ്ങാൻ തുടങ്ങുന്ന സൂര്യനിൽ നിന്നുള്ള രശ്മികളേറ്റാവണം യാസിറിന്റെ മുഖം ചുവന്നിരിക്കുന്നു .
മോഹനാകട്ടെ അവനോടു പറയാനുള്ള വാക്കുകൾക്കായി പരതുകയായിരുന്നു .ഒടുവിൽ ആഴിയെയും സൂര്യനെയും കൂട്ടുപിടിച്ചുകൊണ്ടവൻ പറഞ്ഞു ..

“ടാ.. ഈ സൂര്യനും മറയും ..ഇരുളും ..മറ്റൊരിടത്തുനിന്നും വീണ്ടും വരും ..സ്ഥായിയായി ഒന്നും ഇല്ലല്ലോ … ഈ തിരകൾ പോലും “

മുഴുവനാക്കാൻ സമ്മതിക്കാതെ യാസിർ അവനെ കൈകൾ കൊണ്ടവനെ തടഞ്ഞു .

“പക്ഷെ നമ്മൾ എപ്പോഴും വർത്തമാനകാലത്താണ് ജീവിക്കുന്നത്.
വരുമെന്ന് പ്രതീക്ഷിക്കുന്ന ഭാവിയിലോ വന്നുകഴിഞ്ഞ ഭൂതകാലത്തോ അല്ലല്ലോ .. ഇന്നിനെ .. ഈ ദിവസത്തെ എങ്ങനെ നേരിടണമെന്നറിയാതെ പകച്ചിരിക്കുന്ന എനിക്ക് ..ഈ ലൗകിക തത്വങ്ങളിൽ ആശ്വാസം കൊള്ളാനാവില്ല മോഹൻ .. “

അവൻ അകലേക്ക് നോക്കിയിരിക്കുകയാണ് .

കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ അവൻ തുടക്കാൻ മെനക്കെട്ടില്ല .
എന്തോ ഓർത്തിട്ടെന്നവണ്ണം തല ഇരുവശങ്ങളിലേക്കും ആട്ടിക്കൊണ്ടിരുന്നു.

രണ്ടു മാസങ്ങൾക്കു മുമ്പാണ് യാസിർ ഗൾഫിൽ നിന്നും നാട്ടിലെത്തിയത് .
വീട്ടുകാര് വിളിച്ചുവരുത്തുകയായിരുന്നു .അതിനു കാരണമായത് അവന്റെ ഭാര്യയുടെ ചില പെരുമാറ്റ വൈചിത്ര്യങ്ങളാണ് .ചില സമയങ്ങളിൽ അലറിക്കരയുക അല്ലെങ്കിൽ പൊട്ടിച്ചിരിക്കുക, ഇങ്ങനെ ഒരു മാനസിക രോഗത്തിന്റെ ലക്ഷണങ്ങൾ അവളിൽ കാണാൻ തുടങ്ങിയപ്പോഴാണ് അവരാ വിവരം യാസറിനെ അറിയിച്ചത് .ഇപ്പോൾ അവളിൽ മരുന്നും മന്ത്രവും മാറിമാറി പരീക്ഷിക്കുകയാണവൻ .ആരോ കൂടോത്രം ചെയ്തതാണെന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നു .അതവളുടെ കുടുംബത്തിൽ നിന്നുമാണെന്നും അവൾ അനുമാനിക്കുന്നു .ചില സമയങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ഈ അസുഖം ,ശരീരമാസകലം വേദനയായിട്ടോ ശരീരം ഇളകാൻ വയ്യാത്ത മട്ടിലോ ഒക്കെ വരാറുണ്ട് . കുട്ടികൾ അവൾക്ക് അപരിചിതരാണ് ഈ സമയങ്ങളിൽ .. യാസിറും ഏറെക്കുറെ അങ്ങനെ തന്നെ .

“ജെല്ലിഫിഷുകളെക്കുറിച്ചു കേട്ടിട്ടുള്ള അദ്ഭുതകരമായ ഒരു കാര്യമാണ് അവയ്ക്കു മരണമില്ല എന്നത് .കേട്ടിട്ടുണ്ടോ മോഹൻ ..?”

സാഗരം ചിപ്പികൾ വാരിവിതറിയ തീരത്തുകൂടെ നടക്കുകയാണ് അവരിപ്പോൾ . കക്ഷത്തിൽ ഡയറിയും കയ്യിൽ പക്ഷിക്കൂടുമായി വൃദ്ധനായ ഒരു കൃശഗാത്രൻ അവരുടെ മുന്നിലായി നടന്നു നീങ്ങുന്നു .ഇരുമ്പുകൂട്ടിനുള്ളിൽ നാലുവശത്തേക്കും തലവെട്ടിച്ചുകൊണ്ട് എന്തൊക്കെയോ പിറുപിറുക്കുന്ന അയാളുടെ തത്തമ്മ അതവരെ നോക്കിക്കൊണ്ട് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.

സന്ദർശകർ ഒഴിയുന്നതിനനുസരിച്ചു കൺചിമ്മുന്ന വഴിയോരത്തെ പെട്ടിക്കടകൾ. അവയിലൊന്നിൽ പെട്രോൾമാക്സിന്റെ വെളിച്ചം കെടുത്താൻ ശ്രമിക്കുന്ന കടക്കാരനും അയാളുടെ അനുയായിയും . ചില്ലുകൂട്ടിൽ വിശ്രമിക്കുന്ന മാവിൽ മുക്കി പൊരിച്ച കല്ലുമ്മക്കായയും, പുഴുങ്ങി മസാലചേർത്ത കാടമുട്ടയും .
മാന്റലിന്റെ വെള്ള വെളിച്ചം പൊടുന്നനെ ഇരുട്ടിലേക്ക് വഴിമാറി ,കൂടെ അയാളും അനുയായിയും മറ്റുള്ളവയും ..

“അവയുടെ ശരീരമാകെ വെള്ളമാണ് ,ഏകദേശം തൊണ്ണൂറ്റിഎഴോ എട്ടോ ശതമാനം വെള്ളമുള്ള ഏക ജീവി വർഗ്ഗമാണത്രെ ഈ ജെല്ലിഫിഷുകൾ .
പുറത്തും അകത്തുമുള്ള വെള്ളത്തിനിടയിൽ നേർത്ത പാട പോലെയാവും അവയുടെ ചർമ്മം അല്ലെ മോഹൻ ..”

അവന്റെ സംസാരം മറ്റു വിഷയങ്ങളിലേക്ക് മാറുന്നത് മനസ്സിൽ കടുത്ത സമ്മർദ്ധം ഉള്ളപ്പോഴാണ് . ആ സമയങ്ങളിൽ വിഷയം മാറ്റാൻ അവനൊരിക്കലും സമ്മതിക്കാറില്ല .അതിനാൽ ഒന്നും മിണ്ടാതെ അവന്റെ കൂടെ നടന്നു .

നാട്ടിലെത്തിയ ശേഷം അവൻ ഇതുവരെ അവളെയും കൊണ്ടുള്ള ഓട്ടത്തിലായിരുന്നു.  നഗരത്തിലെ പ്രമുഖ മനോരോഗ വിദഗ്ധന്റെ മരുന്നുകൾ അവളെ ഉറക്കിക്കിടത്തിയെങ്കിലും വേദനകളിൽ നിന്നോ പേടിയിൽ നിന്നോ മോചനം നൽകിയില്ല .ഡോക്ടർമാരിൽ നിന്നും മാറി മന്ത്രവാദം പരീക്ഷിക്കാൻ പറഞ്ഞത് അവളുടെ ഉമ്മയായിരുന്നു .

മൗലൂദും കുത്തറാതീബും കണ്ടുവളർന്ന ,ജിന്നിനെയും ശെയ്ത്താന്റെയും കഥകൾ കേട്ടുവളർന്ന അവൾക്ക് അതാവും പ്രയോജനം ചെയ്യുകയെന്ന് ഏതോ ദുർബല നിമിഷത്തിൽ യാസിറിനും തോന്നിക്കാണണം .മരുന്നുമറി മന്ത്രത്തിന്റെ വഴിയേ പോയ അവർക്ക് ഏതോ ഉസ്താദിൽ നിന്നുമാണ് കൂടോത്രത്തിന്റെ കഥ ലഭിക്കുന്നത് .അതോടെ കുടുംബത്തിനുള്ളിലെ പുറത്തുമുള്ള ശത്രുക്കളെ അവൾ ചികഞ്ഞെടുക്കാൻ തുടങ്ങുകയും ഒരാളെ കണ്ടെത്തുകയും ചെയ്തു .

മന്ത്രവാദത്തിൽ താല്പര്യമുള്ള അവളുടെ ആങ്ങളയുടെ ഭാര്യയായിരുന്നു അത്. യാസിർ അതിനെ ചിരിച്ചുതള്ളിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ അവനതിനു മാറ്റങ്ങൾ വരുത്തേണ്ടി വന്നു . അവളോടൊത്തുള്ള വിഭ്രമാത്മക രാത്രീകളും മറ്റേതോ ശബ്ദത്തിലുള്ള അവളുടെ ജല്പനങ്ങളും അവനെ മറ്റേതോ ലോകത്തേക്ക് നയിച്ചിരിക്കണം .

വഴിവിളക്കുകൾ തെളിയാൻ തുടങ്ങുന്നു ..

തീരത്തെ മണലിൽ ബലൂണുകളുടെ ചരടുകൾ കെട്ടിക്കൊണ്ടിരിക്കുന്ന ഒരു ഉത്തരേന്ത്യൻ ബാലിക .പലവർണ്ണത്തിലുള്ള ബലൂണുകളിലെ നിറങ്ങളോരോന്നും അവളുടെ ഉടുപ്പിലും കാണാമായിരുന്നു . പക്ഷെ അവയുടെ നിറം മങ്ങിയിരിക്കയാണെന്നു മാത്രം . വഴിവിളക്കിന്റെ നരച്ച വെളിച്ചത്തിൽ അവൾ ജോലിതീർത്തുകൊണ്ടു മടങ്ങാൻ ധൃതികാട്ടി .

ഒരുപക്ഷെ ഈ രാത്രി കഴിച്ചുകൂട്ടുന്നത് ബീച്ചിലെ മറ്റേതെങ്കിലും കോണിലാകാം അതും ബീറ്റുപോലീസിന്റെ കരുണയനുസരിച്ചുമാത്രം . കടത്തിണ്ണകളോ ,മറ്റു വരാന്തകളോ. എങ്കിലും പെൺകുട്ടി ധൃതിയിലാണ് .

വാരകൾക്കകലെയായി മെലിഞ്ഞുണങ്ങിയ സ്ത്രീ അവളോടെന്തൊക്കെയോ ഉച്ചത്തിൽ സംസാരിക്കുന്നുണ്ട് .അവളാകട്ടെ ഭാവഭേദങ്ങളില്ലാതെ ജോലി തുടർന്നു.

യാസിർ അവൾക്കരികിലായി മുട്ടുകുത്തിയിരുന്നുകൊണ്ട് അവളെ നോക്കി പുഞ്ചിരിച്ചു .അവളാകട്ടെ യാസിറിനെയും ആ സ്ത്രീയെയും മാറി മാറി നോക്കിക്കൊണ്ട് അവളുടെ ജോലിയിൽ മുഴുകി .

അവളുടെ കയ്യിൽ നിന്നും വലിയ രണ്ടു പന്തുകൾ വാങ്ങിക്കൊണ്ടവൻ അവൾക്കു നേരെ ഒരു വലിയ നോട്ടു നീട്ടി .ആ സ്ത്രീ അത് വാങ്ങിക്കൊണ്ട് ബാക്കി നൽകിയെങ്കിലും അവനത് ആ പെൺകുട്ടിയുടെ ഉള്ളം കയ്യിൽവച്ചു കൊടുത്തു .

“വളർച്ചയുടെ പലഘട്ടങ്ങൾക്കു ശേഷം അവ വീണ്ടും ഭ്രൂണാവസ്ഥയിലേക്കു പോകുമത്രേ .ഒരു തരം ബാല്യത്തിലേക്കുള്ള മടക്കം ആണല്ലോ അത് .നമുക്ക് ചുറ്റുമുള്ള ലോകം മാറുമെങ്കിലും നമ്മൾ വീണ്ടും ബാല്യത്തിലേക്ക് മടങ്ങുന്നു . മുൻജന്മത്തിലെ കളിക്കൂട്ടുകാരെല്ലാം മുതിർന്നവരായി മാറിയ ലോകത്ത് നമ്മൾ കുട്ടികൾ ..”

അവന്റെ ശബ്ദത്തിന്റെ മുഴക്കം കൂടി വരുന്നു .

പിറകിൽ ആ പെൺകുട്ടി കയ്യിലുള്ള പണം ആ സ്ത്രീയെ ഏല്പിച്ചുകൊണ്ടവളുടെ കയ്യിലെ ബലൂണുകൾ കെട്ടുന്നതു തുടർന്നു.

അവനാകട്ടെ ആ പന്തുകളിലൊന്നിനെ വെളിച്ചം തൂകാൻ തുടങ്ങിയ നിരത്തിലേക്കും മറ്റൊന്നിനെ ആഴിയുടെ ഇരുളിലേക്കും തട്ടിയകറ്റി .

റോഡിലെ വെളിച്ചത്തിൽ അവയിലൊന്ന് അപ്രത്യക്ഷമാകുകയും, ഇരുളിലേത് തിരകൾക്കടുത്തെത്താൻ തിടുക്കം കാട്ടുകയും ചെയ്തുകൊണ്ടിരുന്നു .തിരകളാകട്ടെ പന്തിനടുത്തെത്താനും തിടുക്കം കാട്ടുന്നു ..അവയ്ക്കിടയിൽ വീശിക്കൊണ്ടിരിക്കുന്ന കാറ്റാവട്ടെ ഇരുവരെയും കബളിപ്പിച്ചുകൊണ്ടിരുന്നു .തിരകൾക്കുമപ്പുറം കടൽക്കാഴ്ചകളുടെ ഒരറ്റത്തുനിന്നും ബോട്ടുകൾ വെളിച്ചം വിതറിക്കൊണ്ട് നീങ്ങുന്നു .

“ഒരിക്കലും തിരികെപ്പോകാത്തവണ്ണം അവയെ മാത്രം ഇവിടെ നിറുത്തുന്നത് എന്താവും മോഹൻ . ഭൂമിയുള്ളടത്തോളം കാലം അവർക്കും തുടരാം .ജലം നിറഞ്ഞ ശരീരവുമായി ജലത്തിന്റെ ഉൾപ്പടർപ്പുകളിൽ പല രൂപങ്ങളിൽ . തലമുറകൾ എന്ന വാക്കുകൾക്കർത്ഥമില്ലാതാവുന്നതിവിടെയാണ് . ആഴങ്ങളിലേക്കിറങ്ങി രൂപപരിണാമം വരുത്തിവീണ്ടും ജീവിതചര്യ തുടരുന്ന അവ വാർധക്യത്തിൽ നിന്നും ബാല്യത്തിലേക്കാണ് ആഴ്ന്നിറങ്ങുന്നത് ..”

കാറിൽ ഇരുന്നുകൊണ്ട് അവൻ സംസാരം തുടർന്നുകൊണ്ടേയിരുന്നു .അവന്റെ കണ്ണുകൾ കടലിലേക്കായിരുന്നു .ആളുകളെല്ലാം ഒഴിഞ്ഞ കടൽത്തീരം .ഇരുളിൽ മുങ്ങി നിൽക്കുന്ന കടൽത്തീരം .തിരയുടെ ശബ്ദങ്ങൾ മാത്രം കേൾക്കാം ..

“അന്ധമായ ഈ വിശ്വാസങ്ങൾക്കും ഒരു ജെല്ലിഫിഷിന്റെ ജീവചക്രമാണെന്നെനിക്കു തോന്നുന്നു .അവളുടെ കുടംബത്തിൽ പിറന്നുവീഴുന്ന ഓരോ കുഞ്ഞിനേയും മുലപ്പാലിനൊപ്പം ഊട്ടിയിരുന്ന ഈ വിശ്വാസങ്ങൾ . അവ മാത്രം നിലനിൽക്കുന്നു. തലമുറകളിലേക്ക് ,ജലം പോലെ അവ മനസ്സാകമാനം നിറയുന്നു .അതും വഹിച്ചുകൊണ്ട് കണ്ണുകളില്ലാതെ, എല്ലുകളില്ലാതെ അവർ കാലചക്രം പിന്നിടുന്നു .”

സംസാരം വല്ലാത്ത ഒരു അവസ്ഥയിലേക്ക് പോകുന്നതായി മോഹന് അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ അവൻ പറഞ്ഞു.


” വാ .. നമുക്ക് പോകാം ..”

യാസിർ അവന്റെ വലതുകൈത്തലം പിടിച്ചമർത്തി ..

” ഞാനാദ്യം കാണിച്ച ഡോക്ടർ പറഞ്ഞത് അവളുടെ മനസ്സിൽ ആഴ്ന്നിറങ്ങിയിട്ടുള്ള ഈ വിശ്വാസങ്ങളെക്കുറിച്ചായിരുന്നു .ദുർബലമായ മനസ്സിനുള്ളിൽ നിറഞ്ഞിരിക്കുന്നത് ,ചെറിയൊരു പുറംതോടിനുള്ളിൽ അവ വിരാജിക്കുകയായിരുന്നു .പിന്നീടൊരു കാര്യം കൂടി പറഞ്ഞു .
അവൾ പറയാൻ ബാക്കിവച്ച എന്തൊക്കെയോ ഉണ്ടെന്നൊരു തോന്നൽ അദ്ദേഹത്തിനു വന്നുപോലും .അവയിൽ നിന്നും മോചനം നേടാൻ അബോധ മനസ്സ് കണ്ടുപിടിച്ചതാവാം മന്ത്രവാദങ്ങളെന്നും .പിന്നീടാ ഡോക്ടറെ കാണാൻ അവൾ വന്നില്ല ..”

“നമുക്കൊന്നുകൂടി നടന്നാലോ .. ” യാസിർ ചോദിച്ചു.

” ആ ഡോക്ടറെ പിന്നീട് നീ കാണാൻ പോയില്ലേ ..? മോഹൻ വണ്ടിയിൽ നിന്നും ഇറങ്ങുന്നതിനിടയിൽ ചോദിച്ചു .

അവൻ ഒന്ന് മൂളുക മാത്രം ചെയ്തു .

അവർ ഇരുവരും വീണ്ടും കടലിനു നേരെ നടക്കാൻ തുടങ്ങി .

“എന്നിട്ടോ ..”

” എന്നിട്ടെന്താ അതങ്ങനെ നിൽക്കുന്നു ..”

“അവളോട് നീ ചോദിച്ചില്ലേ .”

“ഒരു ഭ്രാന്തിയോട് ഞാൻ എന്തുചോദിക്കാൻ ..”

മോഹൻ പിന്നീടൊന്നും ചോദിച്ചില്ല .

യാസർ കുറച്ചു മുന്നിലെത്തിയിരുന്നു .അവന്റെ കാലുകളിൽ തിരകൾ ചുംബിക്കാൻ തുടങ്ങുമ്പോൾ അവൻ തിരിഞ്ഞു നിന്നുകൊണ്ട് മോഹനോട് ചോദിച്ചു .

” മോഹൻ ..നിനക്കറിയാമായിരിക്കുമല്ലോ ജെല്ലിഫിഷുകളെക്കുറിച്ച് എന്നെക്കാളധികം ..ഒരുപാട് …ഇല്ലേ ..?”

മോഹൻ ഉത്തരം നൽകാതെ അവന്റെ മുഖത്തേക്ക് തറച്ചുനോക്കി .
അവന്റെ മുട്ടുകാലിനൊപ്പം എത്തിയ ഒരു തിര ,മോഹനെയും തെല്ലു നനച്ചു

“മോഹൻ ,പറഞ്ഞു തരൂ ..കുറച്ചുകൂടി കാര്യങ്ങൾ അവയെക്കുറിച്ച് ..”
“എനിക്കറിയില്ല ..”

മോഹൻ ഒറ്റവാക്കിൽ മറുപടി പറഞ്ഞു .

“ചില ജെല്ലിഫിഷുകൾ വിഷമുള്ളവയാണത്രെ .ബോക്സ് ജെല്ലിഫിഷുകൾ പോലെ. അവ മറ്റുള്ള ജീവജാലങ്ങളിലേക്കു വിഷം വമിപ്പിക്കുകയും അവയെ മരണത്തിലേക്കും മറ്റു ബുദ്ധിമുട്ടുകളിലേക്കും തള്ളി വിടുന്നു .അവയാകട്ടെ ചിരഞ്ജീവികളും . ഇത് നീതിയാണോ ..?”


യാസറിന്റെ ശബ്ദം ചിലമ്പിക്കുന്നുവോ ..

മോഹന് മുന്നിൽ അരയോളം പൊക്കത്തിൽ തിരയും അതിൽ മുങ്ങി നിൽക്കുന്ന യാസിറും . അവനുള്ളിൽ നിന്നും അനേകം ജെല്ലിഫിഷിന്റെ കൈകൾ പൊങ്ങിവരുന്നു .

അവയിലൊരു കൈ മോഹനെ വരിഞ്ഞുമുറുക്കാൻ തുടങ്ങുന്നു .
അവന്റെ ശബ്ദം കേൾക്കാം.

“അതിനാൽ തന്നെ ..പ്രിയ സുഹൃത്തേ ജെല്ലിഫിഷുകളെ നാം കൊല്ലുക തന്നെ വേണം ..എങ്കിലേ നമുക്ക് ഈ ലോകത്തോട് നീതിപുലർത്താനാവൂ. ജീവശാസ്ത്രപരമായ മരണമില്ലാത്തവയെ നാം ഇതുപോലെ ഇല്ലാതാക്കണം “

യാസിറിന്റെ വാക്കുകൾ അകന്നകന്നുപോകുമ്പോൾ, ജെല്ലിഫിഷുകളുടെ ഒരുകൂട്ടം കൈകൾ മോഹനെ വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്നു ..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleധർമടത്ത് മത്സരിക്കാൻ സുധാകരനില്ല
Next articleവിപ്ലവകാള
നിശാന്ത് .കെ മലപ്പുറം ജില്ലയിലെ ചുങ്കത്തറ എന്ന പ്രദേശത്ത് 1982 ഏപ്രിൽ 6 ന് ജനനം.പിതാവ് കൂത്രാടൻ ഉസ്മാൻ ,മാതാവ് സൗദാബി. എഴുത്തിനോട് ചെറുപ്പം മുതലേ അഭിനിവേശം. ബിരുദാനന്തര ബിരുദത്തിനു ശേഷം പാരലൽ കോളേജ് ,പ്രൈവറ് സ്‌കൂൾ തുടങ്ങിയവയിൽ അധ്യാപക ജോലി .ഇപ്പോൾ യൂണിമണി ഫിനാൻഷ്യൽ സെർവീസസിൽ ബ്രാഞ്ച് മാനേജർ ആയി ജോലി ചെയ്യുന്നു. "ഫത്തേ ദർവാസാ ,ജീവിതം മുഴങ്ങുന്നിടം" എന്ന പേരിൽ ഒരു ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഭാര്യ റൈഹാനത്ത് ,മക്കൾ അനഘ ,ആദി

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here