ഈ ക്രൂരവിനോദം കായികബലപ്രദര്‍ശനം
പാരമ്പര്യാര്‍ജ്ജിത പൈതൃകപുണ്യമഹാത്ഭുതം.
തൊട്ടുപോകരുതാരുമിതിനെ
തീക്കളിയാവുമത്, പോര്‍വിളിയിത്
ഇന്‍ഡ്യന്‍ മാറ്റഡോറുകളുടെ
ഡിംഡിമനാദക്കാളപ്പോര്‍വിളി.
ജനസഹസ്രം ആബാലവൃദ്ധം
തെരുവുകളിലലറും കാഹളം
വിദ്യാര്‍ത്ഥികള്‍ പഠനമുറികളേറാതെ
പൊതുനിരത്തുകളില്‍ ചൊരിയും പ്രതിഷേധം
വേണം ഞങ്ങള്‍ക്കീ വിനോദം,
കളിയല്ലിത് മഹത്തരമാം ജന്തുസ്നേഹം
നാട്ടിലെ മഹാനീതിപീഠമൊരുവശം
കൂടെ ചിലക്കും മൃഗസ്നേഹികള്‍
അവരില്‍ ചിലര്‍ ദൈവസൃഷ്ടികളെയാകമാനം
പൊരിച്ചുതിന്നു രസിക്കും നരഭോജികള്‍
ആവേശാന്ധത മറുവശം മാറത്തടിച്ചു
തീരാ സമരം ചെയ്തു വളരും
ജനാധിപത്യമഹാമഹം
അഭിപ്രായം പറയാനറിയാതെ
പറയാനെന്തുണ്ടെന്നാരും ചോദിക്കാതെ
ചൊല്ലാനുള്ളതാരും കേള്‍ക്കാതെ
നില്‍പൂ പാവം കൈലാസക്കൊടും
തണുപ്പില്‍ പുരാണവൃഷഭം
നന്ദികേശന്‍ ശിവപ്രിയന്‍.
ആര്‍ക്കു കേള്‍ക്കണം
ആ പാവത്തിന്‍ ശബ്ദം,
വാവിട്ടു മുക്രയിടും ദീനരോദനം
ആര്‍ക്കുകാണണം
വരിവരിയായ് അറവുശാലകളില്‍
ഒരു ഗണതന്ത്രദിനപ്രകടത്തിനെന്നോണം നില്‍ക്കും
മിണ്ടാജന്മങ്ങളുടെ കണ്ണിലെ മഹാഭയം
കുനിഞ്ഞവരുടെ പാല്‍മണമൂറും നിറുകയില്‍
ഒരുമ്മ വെക്കാനാരുണ്ടിവിടെ
വരൂ വൃഷഭനാഥാ ആദ്യജൈനതീര്‍ത്ഥങ്കരാ
സമാധിവിട്ടുണരൂ നിന്‍റെ ഭാരതം വിളിക്കുന്നു.