ഒരു വെളുത്ത കടലാസില്‍ ജീവിതത്തിന്‍ ചിത്രം
വരയ്ക്കാനൊരുങ്ങുകയാണ് ഞാന്‍
പലവര്‍ണ്ണച്ചായങ്ങള്‍ നിരനിരയായി
നിരന്നിരിപ്പുണ്ടെന്‍റെ മുന്‍പില്‍
ഏതു വര്‍ണ്ണം കൊടുക്കണമേതു
നിറമാണ് ജീവിതത്തിനെന്നറിയില്ലെങ്കിലും
ഞാനാദ്യം സ്വാര്‍ത്ഥമാം
രക്തവര്‍ണ്ണ ചുവപ്പ് കൊടുത്തു
പൊടുന്നനെ കേട്ടു ഞാന്‍
കൂട്ടകരച്ചിലുകളാര്‍ത്തനാദങ്ങള്‍
കാതടപ്പിക്കും പോര്‍വിമാനത്തിനിരമ്പലുകള്‍
വാള്‍ത്തലകള്‍ കൂട്ടിമുട്ടും ശബ്ദകോലാഹലങ്ങള്‍
പെട്ടെന്നു വരയ്ക്കാനെടുത്തയാ പേപ്പര്‍
ചെറുതുണ്ടുകളായി പൊട്ടിച്ചിതറി
ഓരോ തുണ്ടിന്‍ തുമ്പില്‍ നിന്നും
ചുടുരക്തതുള്ളികള്‍ തെറിച്ചുവീണു
അതുകണ്ടു ഭയന്ന ഞാന്‍
മോഹമാം പച്ച പൂശിനോക്കി
ആദ്യമൊരാനചന്തം തോന്നിയെങ്കിലും
മെല്ലെയാ പച്ചതിളക്കം മങ്ങാന്‍ തുടങ്ങി
പയ്യെപയ്യെയതില്‍ കരിപടര്‍ന്നു
അതുകണ്ടുള്ളം നീറിപുകഞ്ഞാ-
നീറ്റലശ്രുബിന്ദുക്കളായി വീണാ-
പേപ്പറിനെ നനച്ചു കുതിര്‍ത്തു
പിന്നെയാ ചിത്രത്തിനു കറുപ്പ്നിറം കൊടുത്തതും
ചുറ്റിലും കനത്തയിരുട്ട് പടര്‍ന്നു
ഹേതുവെന്തെന്നറിയാത്തൊരു വിഷാദം
ഹൃത്തടത്തില്‍ തളംകെട്ടി നിന്നു
പയ്യെയാ കടലാസിനൊരറ്റത്തു
നിന്നഗ്നി പടര്‍ന്നുവാഗ്നിയിലതു
വെന്തെരിഞ്ഞൊരു പിടി
ചാരമായി തീര്‍ന്നു
ഒടുവിലായി ഞാനാചിത്രത്തിനു സ്നേഹനീലിമ ചാര്‍ത്തി
ആകാശപരപ്പിന്‍ നീലിമ
ആഴക്കടലിന്‍ നീലിമ
അപ്പോളതാ താളില്‍
അല്പ്പാല്പ്പമായി തെളിയുന്നു
അപൂര്‍ണ്ണമായൊരു ചാരുചിത്രം
ആ നീലിമയിലൊരല്പ്പം
ശാന്തിതന്‍ വെണ്മ കൂടി ചേര്‍ക്കവേ
ലോലമാമാതാളില്‍ തിളങ്ങീടുന്നു
മികവുറ്റ പൂര്‍ണ്ണ ജീവിതചിത്രം
മതിമറന്നാ ചാരുതയിലേക്കു നോക്കിനില്ക്കേ
ഞാന്‍ വരയ്ക്കാതെതന്നെ ആ ചിത്രത്തിലെ
നീലിമയില്‍ മിന്നിതിളങ്ങുന്നൊരായിരം പൊന്‍താരകങ്ങള്‍
ആ വെണ്മയില്‍ പാറിടുന്നൊരായിരം വെള്ളരിപ്രാവുകള്‍.