ജീവിതമെന്ന റിയാലിറ്റി ഷോ

 

 

 

 

 

 

“നീ അങ്ങനെ ചെയ്‌താൽ നാട്ടുകാർ എന്തുവിചാരിക്കും?”

“അയ്യേ ഇതൊക്കെ ഇട്ടാൽ നിന്നെ ബാക്കി ഉള്ളവർ കളിയാക്കും”

“എടാ അത് ചെയ്യല്ലേ..! നിന്നെ പറ്റി അവർ മോശം പറയും..”

നാട്ടുകാർ, കുടുംബക്കാർ, അയൽക്കാർ… ഇങ്ങനെ നീണ്ടുനിവർന്നു കിടക്കുന്ന ഒരു കൂട്ടം “ജഡ്ജസ്”.

ഒരു റിയാലിറ്റി ഷോ എന്നപോലെ നാമോരോരുത്തരും ഈ ചെറിയ ജീവിതം മറ്റുള്ളവരുടെ അഭിപ്രായത്തിനും അംഗീകാരത്തിനും വേണ്ടി ജീവിച്ചു തീർക്കുന്നു. നേട്ടങ്ങളെക്കാൾ നഷ്ടങ്ങൾ ആണെങ്കിലും മറ്റൊരാളുടെ കണ്ണിൽ നല്ലതാണെന്നു തോന്നിപ്പിക്കാൻ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യാറുണ്ട്.

കിട്ടുന്ന അംഗീകാരത്തിന് പ്രോത്സാഹനങ്ങൾ ലഭിക്കുമെന്നിരുന്നാലും ഒരു തോൽവി സംഭവിക്കുമ്പോള്‍ ആരൊക്കെ കൂടെ ഉണ്ടാവുമെന്ന് ആലോചിക്കാറുണ്ടോ?

നാട്ടുകാരുടെ “കണ്ണിലുണ്ണി” ആയി മാറിയാലും ഒരു പ്രശ്നം വന്നാല്‍ ഇവർ ആരും കൂടെ ഉണ്ടാവില്ല. എന്നു മാത്രമല്ല, നീ എന്ന വ്യക്‌തിയുമായി യാതൊരു അടുപ്പവുമില്ലെന്നു വരെ അവർ പറയും.

പൊതുവെ ആൾക്കാർ പറയുന്ന ഒരു കാര്യമുണ്ട് “എന്റെ തീരുമാനങ്ങൾ എന്റേത് മാത്രമാണ്. ആരുടേയും അഭിപ്രായങ്ങൾ ഞാൻ കണക്കിലെടുക്കാറില്ല”. വാക്കുകൊണ്ടിങ്ങനെ പറഞ്ഞാലും പ്രവൃത്തിയിൽ ഇത് പൂർണമായും പാലിക്കുന്നുണ്ടോ സുഹൃത്തേ?

കാലങ്ങളായി നിനക്കു ചെയ്യാൻ ഇഷ്ടമുണ്ടായിരുന്ന ഒരു കാര്യം, നീ അത് ചെയ്‌താൽ മറ്റുള്ളവർ എന്ത് വിചാരിക്കും, കുറ്റം പറയുമോ, എന്നെ കളിയാക്കുമോ എന്നോർത്തു വിഷമത്തോടെ വേണ്ടെന്നു വെച്ചിട്ടില്ലെന്നു നിനക്കു പറയാൻ സാധിക്കുമോ?

ഞാൻ ഒരു ചെറിയ ഉദാഹരണം ഇവിടെ പറയാം.

ഈ അടുത്തകാലത്തു നടന്ന ഒരു സംഭവമാണിത്. എന്റെ സുഹൃത്തിനു ” Pulsar NS” എന്ന ബൈക്ക് ഒരുപാട് ഇഷ്ടമാണ്. കാലങ്ങളായി അത് സ്വന്തമാക്കണമെന്നു അവൻ ആഗ്രഹിച്ചിരുന്നു, ആ ഒരു ഉദ്ദേശം മനസിൽ വെച്ചുകൊണ്ട് ജോലി ചെയ്‌തു പണം സമ്പാദിച്ചു. ഈ ഇടയ്ക്കു ഞാൻ അവനെ സന്ദർശിച്ചിരുന്നു, എന്നാൽ വീട്ടുമുറ്റത്തു കിടക്കുന്ന വണ്ടി കണ്ടിട്ട് ഞാൻ ഒരു ഞെട്ടലോടെ ചോദിച്ചു.

” നീ എന്താടാ NS എടുക്കാതെ ഇതെടുത്തെ?”

അവന്റെ ഉത്തരം ഇതായിരുന്നു.

” എടാ ഞാൻ ഒരുപാടാഗ്രഹിച്ച ബൈക്ക് ആണ്, പക്ഷെ എടുക്കാൻ പോകുന്നതിനുമുമ്പ് ആൾക്കാരോട് ചോദിച്ചപ്പോ അതൊരു “കോളനി” വണ്ടിയാണെന്നും അതെടുത്താൽ നീ ഒരു “കോളനി വാണം” ആണെന്ന് ആൾക്കാർ പറയുമെന്നും പറഞ്ഞു.

“കോളനി”…എന്താണ് ആ വാക്കിനെ ഇവിടെ ഉള്ളവർ തരംതാഴ്ത്തി കാണുന്നത്? എന്നു മുതലാണ് കോളണിയിൽ താമസിക്കുന്നവർ നമ്മളിൽ ഒരാളല്ലാതായി തീർന്നത്?

നിങ്ങൾ പറയുന്നത് തെറ്റെന്നു മാത്രമല്ല, വളർന്നു വരുന്ന ഒരു തലമുറക്കു കൂടി ഈ “കുഷ്ഠം” പകർന്നു നല്കികൊണ്ടിരിക്കുന്നു.

ഒരു നല്ല പേര് ഉണ്ടാക്കിയെടുക്കുമ്പോള്‍ നീ നീയല്ലാതായി മാറി കഴിഞ്ഞാൽ പിന്നെ എന്ത് കാര്യം? ഇവിടെ നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള കഴിവാണെന്നു മറക്കാതിരിക്കുക.

ഈ ചുറ്റുമുള്ള കാര്യങ്ങളിൽ എറ്റവും കൂടുതൽ മാറ്റം വരുത്താൻ കഴിവുള്ള ജനറേഷൻ ആണ് നമ്മുടേത്.

ഈ ജീവിതമെന്ന റിയാലിറ്റി ഷോയിൽ നാലാൾക്കാരെ പ്രീതിപ്പെടുത്തി മുന്നോട്ട് പോകുന്നതിലും നല്ലത് എലിമിനേഷൻ ചോദിച്ചു വാങ്ങി ആത്മാഭിമാനത്തോടെ ജീവിക്കുന്നതാണെന്നു ഓർമിപ്പിച്ചുകൊണ്ട് ഇവിടെ നിർത്തുന്നു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here