വീണ്ടും തളിർക്കുന്നു ചിത്തഭൂമി
വീണ്ടും തളിർക്കുമെൻ ജീവ ഭൂമി
ചലനങ്ങൾ പാറും ചിത്തഭൂമി
വീണ്ടും തളിർക്കുമെൻ ജീവ ഭൂമി.
ഇവിടെയീ മിശ്രിത കാറ്റേറ്റിരുന്നിടാം
ഇടതൂർന്ന കാടിന്റെ ഗന്ധമുണ്ണാം
പടവുകളെണ്ണാം, നടന്നുകേറാം മല,
അറിവിന്റെ ലോകം കവർന്നെടുക്കാം,
സ്വരലോക കണ്ഠങ്ങ ളുച്ചരിക്കും
കുളിരേകും വാക്കുകളുണ്ടു തീർക്കാം
പടവേണ്ടാ, വാളിന്റുറപ്പ് വേണ്ട,
പണിയേണ്ട കോട്ടകൾ, കൊത്തളങ്ങൾ
രുചി വേണ്ട നാക്കിന്റെയഗ്രമില്ല,
പഴമകൾ ചൊല്ലേണ്ട ഭൂതകാലം
ശ്രവണേന്ദ്രിയങ്ങളടഞ്ഞുപോയി.
കടലുകൾ ഭൂമിയെ ആക്രമിപ്പൂ
കരയുന്നു കുട്ടികൾ ക്കന്നമില്ല,
ഒരുപാടു കരളുകൾ കോർത്തെടുത്ത
മതമന്ത്രവാദിതൻ മാലയുണ്ട്,
ചുടു ചോര ഗന്ധമീ കാറ്റിലുണ്ട്,
മദമേകുംമാംസത്തിൻ ഗന്ധമുണ്ട്,
കരടായ് ജീവിതം കണ്ണിലേറി
കരയുവാൻ കണ്ണുനീരില്ലെനിക്ക്
കരടായിട്ടെന്തിനീ കൺകളിൽ നീ
ഒരുപാടു കാലം തപസ്സിരിപ്പൂ?
ഒരു കവി പാടുവാൻ വായ് തുറന്നൂ
ഒരുപാട് ഹസ്തങ്ങൾ വായടച്ചു.
ഹൃദയങ്ങൾ ചൊല്ലുന്ന മന്ത്രമെല്ലാം
ഇവിടെ പ്രകൃതിയിൽ കാറ്റെടുത്തൂ
ഇലകൾ കൊഴിഞ്ഞ താം മാമരത്തിൻ
അരികത്തിരിക്കുന്നതെന്തിനായ് നീ
ജല ബിന്ദു വറ്റിയ അരുവിക്കരയിലെ
ഹരിതാഭ വറ്റിയ മാമരമായ്
ഇവിടെ നീവന്നപ്പോൾ എന്ത് കിട്ടി?
ഹൃദയത്തിൻ സ്പന്ദന മുത്ത് കിട്യോ?
പകലിന്റെ കത്തിയ ചാരമെല്ലാം
ഇരുകൈയ്യും നീട്ടി നീ സ്വീകരിച്ചോ?
ഇവിടെയീ രാത്രിക്ക് കൂട്ട് നിൽക്കാൻ
ഒരുപിടിയോർമ്മ ഞാൻ നീക്കി വെക്കാം,
മൃത്യുവിൻ കാൽകൾ ഞാൻ കെട്ടി നോക്കാം,
പട്ടടസ്ഥാനങ്ങൾ തച്ചുടക്കാം,
മർത്ത്യന്റെ മനസ ഭിത്തിയിലെ
മൃത്യുവിൻ ഓർമ്മ ഞാൻ മാച്ചെടുക്കാം
ഒരു സത്യ ബീജം വിതച്ചു കൊണ്ടാ-
യൊരുപാട്സത്യങ്ങൾ കൊയ്തെടുക്കാം,
ഒടിയാത്ത വാക്കിന്റെ വായ തേടാം
ഒരുപാട് വാക്കുകൾ കോർത്തെടുക്കാം,
പടരുന്ന രോഗത്തിൻ ജീവബീജം
ഒരു വൈദ്യ തന്ത്രം കൊടുത്തു കൊല്ലാം,
വളരുന്ന വൃക്ഷത്തിൻ കൈകളിലെ
അമരത്വ ബീജം പകർന്നെടുക്കാം
കറയില്ലാ മർത്ത്യന്റെ മാനസത്തിൻ
പതയുന്ന ഭാവനാ സത്തെടുക്കാം,
ഇവിടെയീപ്രകൃതിതൻ ജീവചിത്രം
ഒരു ചിത്ത ഭിത്തിയിൽ തീർത്തെടുക്കാം
ചിന്തക ചിത്തത്തിൻ ഭാവനകൾ
ചന്തയിൽ പോയി ഞാൻ വാങ്ങിവെക്കാം
ഒത്തിരി ചിത്ത പശി യകറ്റാം
ഒത്തിരി ജ്ഞാന പ്രഭ എടുക്കാം
പുസ്തക ചന്തയിൽ ചിത്ത ചിന്ത
ക്കിത്തിരി പേരിട്ട് കാശ് വാങ്ങാം
ഒത്തിരി പട്ടിണി കുട്ടികൾക്കായി
ഇത്തിരി അന്നം എടുത്തു വയ്ക്കാം
പകലിന്റെ അന്ത്യത്തിൽ നെയ്തെടുത്ത
ഒരുപാട് ജ്ഞാനം ഞാൻ കാഴ്ചവെക്കാം
നരകേറി ചിന്തകൾ കാഠിന്യമായ്
ഒരുപാട് ചിന്ത മറന്നു പോയി
വിറപൂണ്ട വാർദ്ധക്യ ചിന്തകളിൻ
സ്വര രേണു ഒന്ന് പിടിച്ചു വെക്കാം
കരയുന്ന കുഞ്ഞിന്റെ ചുണ്ടിണയിൽ
പതയുന്ന വാത്സല്യം കാഴ്ച വയ്ക്കാം
ഇവിടെ ഈ കാലം കവർന്നുതിന്ന
ചിതതിന്ന ഭൂമിയിൽ ഒന്നിരിക്കാം
മനുജന്റെ ചിന്തകൾ കൂട്ടിവെച്ചാ
ചിതയുടെ താപം മുകർന്നു കൊള്ളാം.
രാത്രിയാം മണ്ഡലി കാത്തിരിപ്പിൻ
നിമിഷങ്ങൾ എണ്ണി തകർന്നിരിപ്പൂ
പകലിന്റെ മണ്ടൂകം വായ്പൊളിച്ച്
കരയുന്ന രാത്രിയെ വെട്ടിലാക്കി
തകരുന്ന മാത്രയെ മറവുചെയ്ത്
അകലുന്നകാലത്തിൻ കൈ കഴച്ചു
ഒരു ബോധവീജിതൻ ഗന്ധം എല്ലാം
അരികത്തെ മർത്ത്യർ പകർന്നെടുത്തു
കവിളത്തെ കണ്ണുനീർ മുത്തെടുത്ത്
ഒരു സൂര്യരശ്മിയാൽ സത്തെടുത്തു
നിറമുള്ള കണ്ണുനീർ സത്യമായി
ട്ടൊരുപാടു കാലം ഈ യാത്ര വേണം
പ്രകൃതിയാണമ്മ ഈ ജീവ വർണ്ണം
അരികത്തായ് അന്ത്യത്തിൽ കൂട്ടിരിക്കും
വീണ്ടും തളിർത്തയീ ചിത്തഭൂമി
കാണുന്നതെല്ലാം പറഞ്ഞൊടുങ്ങും
കാലന്റെ കൈ വിരൽ തുമ്പാലൊരിക്കലീ
പാടുന്ന ചിത്തം പറിച്ചെടുക്കും.
True reflection of the present scenario in our society
Sajichetta…vaakkukal illenikk, kooduthal kavithakal pratheekshikkunnu
സോറി ദിവ്യ കമന്റ് എന്റെ ശ്രദ്ധയിൽ പെട്ടില്ല. ഉണ്ണിച്ചേട്ടന്റ മകളല്ലേ. Thank you for your comments. കുട്ടിയുടെ സൃഷ്ടികൾ ഞാൻ കണ്ടിട്ടുണ്ട് even youtube channels also. Very good all.