ഡോ. കെ.എൻ. പണിക്കർ സംസ്‌കൃത സർവകലാശാലയിലും ചരിത്രം കുറിച്ചു

അദ്വിതിയനായ ശാസ്‌ത്രീയ ചരിത്രകാരൻ, സാംസ്‌കാരിക നായകൻ, വിദ്യാഭ്യാസവിചക്ഷണൻ, പണ്‌ഡിതനായ പ്രഭാഷകൻ, എഡിറ്റർ, ഗ്രന്ഥകാരൻ, വിപ്ലവകാരി, കലോപാസകൻ, സംഘാടകൻ, കീർത്തിനേടിയ ഡോ.കെ.എൻ. പണിക്കർ നല്ലൊരു ഭരണാധികാരി കൂടിയാണെന്ന്‌ തെളിയിച്ചുകൊണ്ട്‌ 2004 ഡിസംബർ 10ന്‌ സംസ്‌കൃത സർവകലാശാല വൈസ്‌ചാൻസിലർ സ്ഥാനം ഒഴിഞ്ഞു.

തൃശൂർ ജില്ലയിൽ ഗുരുവായൂരിൽ 1936-ൽ ജനിച്ച കണ്ടിയൂർ നാരായണപ്പണിക്കരെന്ന ഡോ.കെ.എൻ. പണിക്കർ പാലക്കാട്‌ വിക്‌ടോറിയ കോളേജിൽനിന്ന്‌ ബിരുദവും ജയ്‌പൂർ സർവകലാശാലയിൽനിന്ന്‌ ബിരുദാനന്തര ബിരുദവും നേടി ഡൽഹിയിൽ ഹൻസ്രാജ്‌ കോളേജിലും ജവഹർലാൽ സർവകലാശാലയിലും അദ്ധ്യാപകനായി സേവനം അനുഷ്‌ടിച്ചതിനുശേഷം സംസ്‌കൃത സർവകലാശാലയിൽ വൈസ്‌ ചാൻസിലർ ആയാണ്‌ കേരളത്തിൽ മടങ്ങി എത്തിയത്‌.

സർവകലാശാലകൾ കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടത്‌ സംബന്ധിച്ച്‌ വ്യക്തമായ കാഴ്‌ചപ്പാടുകളുണ്ടായിരുന്നതുകൊണ്ട്‌ ഏറ്റവും ആധുനികമായ രീതിയിൽ സജ്ജീകരിക്കപ്പെട്ട ലൈബ്രറി, കേരളത്തിലെതന്നെ ഏറ്റവും മികച്ച ജേർണൽ വിഭാഗം, അഖിലേന്ത്യാതലത്തിലെ ഉന്നത വിദ്യാഭ്യാസഘടനയോടിണങ്ങുംവിധം കോഴ്‌സ്‌ നവീകരണം, വിശാലമായ അക്കാദമിക്‌ ബ്ലോക്ക്‌, വിദ്യാർത്ഥികൾക്കുളള ആക്‌ടിവിറ്റിസെന്റർ, ഗവേഷണ പഠനമേഖലയുടെ ചിട്ടപ്പെടുത്തൽ എന്നിങ്ങനെ നേട്ടങ്ങളുടെ പട്ടിക നിരത്താൻ സർവകലാശാലയ്‌ക്ക്‌ ഇന്ന്‌ കഴിയുന്നു.

ചരിതം തിരുത്തിയും വർഗീയവത്‌കരിച്ചും എൻ.സി.ഇ.ആർ.ടി, സി.ബി.എസ്‌.ഇ. തുടങ്ങിയ പന്ത്രണ്ടോളം കേന്ദ്ര ഏജൻസികൾ വഴിയും മുന്നൂറോളം സർവകലാശാലകൾവഴിയും കോടിക്കണക്കിനുളള ഇന്ത്യയിലെ വിദ്യാർത്ഥിസമൂഹത്തെ വഴിപിഴപ്പിക്കുവാനുളള അധികാരിവർഗ്ഗത്തിന്റെ കുടില തന്ത്രങ്ങളെ ആദരണീയവും അനുകരണീയവുമായ ഉജ്ജ്വലധൈഷണിക സത്യസന്ധതയോടെ, കടന്നാക്രമണഭീഷണികളെ തൃണവൽഗണിച്ചുകൊണ്ട്‌, ജനസമൂഹത്തെ സത്യാന്വേഷിക്കളാക്കുവാനുളള രണവേദിയിൽ മുൻനിരയിൽ നിൽക്കുന്ന ചരിത്രകാരനാണ്‌ ഡോ. കെ.എൻ. പണിക്കർ.

ഡിസംബർ 10ന്‌ സംസ്‌കൃതസർവകലാശാല വൈസ്‌ ചാൻസിലർ കാലാവധി പൂർത്തിയാക്കിയ പണിക്കർസാർ ഇപ്പോഴും അമേരിക്ക, ഇംഗ്ലണ്ട്‌, മെക്‌സിക്കോ, ബർലിൻ, ഫ്രാൻസ്‌, ക്യൂബ, ഇറ്റലി തുടങ്ങി വിവിധ രാജ്യങ്ങളിലെ സർവകലാശാലകളിൽ വിസിറ്റിംഗ്‌ പ്രൊഫസറായും കേരള കൗൺസിൽ ഫോർ ഹിസ്‌റ്റോറിക്കൽ റിസർച്ചിന്റെ ചെയർമാനായും സേവനം അനുഷ്‌ഠിക്കുന്നുണ്ട്‌. ജയ്‌പൂർ സ്വദേശിയും സഹപാഠിയുമായിരുന്ന ബഹുഃ ഉഷയാണ്‌ പണിക്കർസാറിന്റെ സഹധർമ്മിണി. രാഗിണി, ശാലിനി എന്നിവർ മക്കളും. ഈ ഭൂമിക്കാരൻ ഇനിയുളള ജീവിതകാലം മുഴുവൻ മാലോകർക്കായി കേരളത്തിൽ ചിലവഴിക്കാൻ ഇടയാകട്ടെ എന്ന്‌ നമുക്കാശിക്കാം.

കക്ഷിരാഷ്‌ട്രീയ കളിപ്പാവകളോ അക്കാദമിക്‌ പണ്‌ഡിതന്മാരോ അല്ല സംസ്‌കൃതചിത്തരെയാണ്‌ സർവകലാശാലകളിലും അക്കാദമികളിലും മുഖ്യസ്ഥാനത്ത്‌ നിയമിക്കപ്പെടേണ്ടത്‌ എന്നതിന്റെ ചരിത്ര ദൃഷ്‌ടാന്തമായിരിക്കുകയാണ്‌ ഡോ. കെ.എൻ. പണിക്കർ.

Generated from archived content: essay2_july_05.html Author: jeappy_velamanoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English