ജീൻസ് ധരിച്ച പെൺകുട്ടി

 

 

 

 

 

 

 

 

തൻറെ മുന്നിലെ ബെഞ്ചിൽ ഇരിക്കുന്ന പാന്റ്സ് ധരിച്ച കുട്ടിയെ തന്നെ അവൻ വളരെ കൊതിയോടെ നോക്കി കൊണ്ടിരുന്നു. സ്വന്തം മനസ്സിലെ ഒരു ആഗ്രഹം ആണ്, ഒരു പ്രാവശ്യമെങ്കിലും പാന്റ്സ് ധരിക്കണമെന്നത്. വല്ലാത്ത മോഹമായിരുന്നു അത്. പാന്റ്സ് ധരിച്ച് കാണാൻ എന്തൊരു രസമാണ്.

മോഹങ്ങൾ ഒരുപാട് അക്കാലത്ത് ഉണ്ടായിരുന്നെങ്കിലും അവയൊക്കെ മോഹിക്കാൻ മാത്രമേ വിധിക്കപ്പെട്ടിട്ടുള്ളൂ. ഇപ്പോൾ ആലോചിക്കുമ്പോൾ, വെറും നിസ്സാരമായി സാധിക്കുന്ന ഒരു മോഹമായിരുന്നു പാൻറ്സ് ധരിക്കുക എന്നത്. എന്നാൽ അന്ന് അത് സാധിച്ചില്ല. അതിൻറെ കാരണം പലതാകാം. അവ മനസ്സിലാക്കുന്നത് ഇപ്പോഴാണ്.

ക്ലാസ്സിൽ പാന്റ്സ് ധരിച്ച കുട്ടികളെ അന്ന് കാണാൻ കഴിയില്ല. വല്ലപ്പോഴും ഏതെങ്കിലും ഒരു കുട്ടി ധരിച്ചു വന്നെങ്കിൽ ആയി. അതും എപ്പോഴും ഉണ്ടാവില്ല. ഒരു പക്ഷേ അവർക്കും ആകെക്കൂടി ഒരു പാന്റ്സ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ…എന്നാണ് ഇല്ലാത്തവരുടെ വിചാരം. മുട്ടോളം തികയാത്ത ട്രൗസറും, മുണ്ടും, മറ്റുമൊക്കെയാണ് എല്ലാവരുടെയും വേഷം. ഏകീകരണ വസ്ത്ര സംവിധാനം അന്ന് പള്ളിക്കൂടങ്ങളിൽ ഉണ്ടായിരുന്നില്ല. പലതരം നിറങ്ങളിലുള്ള കുപ്പായങ്ങളും ബനിയനുമൊക്കെയാണ് എല്ലാവരും ധരിക്കുന്നത്.

പാന്റ്സ് ധരിക്കുന്നത് വ്യാപകമായിരുന്നില്ല അപ്പോൾ. ജീവിത രീതിയിലെ ശൈലിയുടെ അടിസ്ഥാനത്തിൽ അസ്വീകാര്യമായതുകൊണ്ടോ, സാധാരണക്കാരന്റെ വരുമാനംകൊണ്ട് കൈപിടിയിലൊതുങ്ങാത്തത് കൊണ്ടോ ആയിരിക്കാം. കാലങ്ങൾക്കിപ്പുറം ആണ് ഏകീകരിച്ച ഉടുപ്പ് സമ്പ്രദായത്തിലേക്ക് പള്ളിക്കൂടങ്ങൾ കടന്നുവരുന്നത്. അപ്പോഴേക്കും ചെറിയ രീതിയിലൊക്കെ ജനങ്ങളുടെ ജീവിതനിലവാരത്തിൽ മാറ്റങ്ങളുണ്ടായിട്ടുണ്ട് എന്ന് പറയാം.

പാന്റ്സ് ധരിക്കുന്ന ശീലം കീഴടക്കുന്നത് പുരുഷന്മാരിലാണ്. വളരെ സാവകാശത്തിൽ ആണ് ഇത് സ്ത്രീകളിലേക്ക് സ്വീകാര്യമാകുന്നത്. എന്നാലും മലയാളി മങ്കമാർ ഇവയൊന്നും, ഇപ്പോഴും ഒരു പൊതു വസ്ത്രമായി സ്വീകരിച്ചിട്ടില്ലെങ്കിലും, ടിനേജുകൾ ജീൻസ്, ഷർട്ട് സംവിധാനത്തിലേക്ക് ചേക്കേറിയിട്ടുണ്ടെന്ന് പറയാം.

ഫോട്ടോ എടുക്കാനായി ചങ്ങാതിയോട് പാന്റ്സ് കടം വാങ്ങിയത് ഇപ്പോഴും ഒരു ഉൾ കുളിർമ്മയോടെ ഓർത്തുപോവുകയാണ്. ഉത്തരേന്ത്യൻ കുഗ്രാമങ്ങളിൽ ചില സ്ഥലങ്ങളിൽ സ്ത്രീകൾക്ക് ജീൻസ് ധരിക്കുന്നതിന് പ്രാദേശികമായി ഇപ്പോഴും വിലക്ക് നിലനിൽക്കുന്നുണ്ട്. എന്നാൽ അതിൻറെ പേരിൽ കൊലപാതകങ്ങൾ വരെ സംഭവിക്കുന്നു എന്ന് അറിയുമ്പോൾ, ആശ്ചര്യപ്പെട്ടു പോവുകയാണ്. ഒരു പാന്റ്സ് ധരിച്ച് വിലസി നടക്കാൻ കൊതിച്ച, കുഞ്ഞു നാളുകളിലേക്കുള്ള ഒരു മടക്കം, ഇനി ഒരിക്കലും സാധ്യമല്ലല്ലോ. അതേ മോഹം തന്നെയായിരിക്കില്ലേ…നമ്മുടെ നേഹ പാസ്വാനും?…… അതിന് നൽകേണ്ടി വന്ന വില…..

“നേഹ പാസ്വാൻ” നല്ല ഭംഗിയുള്ള ഒരു ജീൻസും ടോപ്പും ധരിച്ച് യാത്രക്കൊരുങ്ങുകയാണ്. തന്റെ അവസാന യാത്രക്കുള്ള ഒരുക്കമാണിതെന്ന്, അവൾ അറിഞ്ഞിരുന്നില്ല. റെയിൽവേ സ്റ്റേഷനിലെത്തി തീവണ്ടിയിൽ കയറി യാത്ര ആരംഭിച്ചു. ജനാലയുടെ വശത്തിരുന്ന് പുറംകാഴ്ചകൾ കണ്ട്, ആസ്വദിച്ചാണ് യാത്ര ചെയ്യുന്നത്. ഒരുപാട് മോഹങ്ങൾ ആ യൗവ്വന മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഇരുമ്പു പാളവും ചക്രവും തമ്മിലടിച്ചുയരുന്ന ടക് ടക് ശബ്ദവും, തീവണ്ടിയുടെ യന്ത്ര ശബ്ദവും ഒട്ടും അവളെ അലോസരപ്പെടുത്തുന്നില്ല. പുഴകളും, പാലങ്ങളും, കുന്നുകളും, കാടുകളുമെല്ലാം യാത്രയിലുടനീളം സുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്നുണ്ടെങ്കിലും, അവളുടെ സ്വപ്നം മുഴുവനും തന്റെ കുഗ്രാമത്തിൽ തന്നെയാണ്. എത്രയും പെട്ടെന്ന് അവിടെ എത്തണം. ആ ഗ്രാമം മുഴുവൻ പാറി കളിക്കണം, ഓടി കളിക്കണം, കൂട്ടുകാരുടെ കൂടെ ചേരണം, അവരോടൊപ്പം സംസാരിക്കണം.

ഇടയ്ക്കിടെ വന്നു പോകാറുള്ള ഒരു നാട് മാത്രമാണ് അവൾക്ക് തൻറെ ജന്മ ഗ്രാമം. ഗ്രാമവും പരിസരവും വളരെയേറെ ഇഷ്ടമാണ് അവൾക്ക്. അവിടെയെത്തിയാൽ മണിക്കൂറുകളോളം അവൾ വീടിനുപുറത്ത് കൂട്ടുകാരോടൊപ്പം ചെലവഴിക്കും. അതാണ് അവളുടെ “സാവ്റെജി ഖർഗ്” വില്ലേജ്. ഉത്തർപ്രദേശിലെ “ദിയോറിയ” ജില്ലയിലാണ് ഈ ഗ്രാമം. 450 ഓളം വീടുകൾ ഈ ഗ്രാമത്തിലുണ്ട്.

നേഹ വളർന്നതും താമസിക്കുന്നതും പഞ്ചാബിലാണ്. തൻറെ രക്ഷിതാക്കളോടൊപ്പം ലുധിയാനയിലാണ് അവൾ കഴിയുന്നത്. അത് അവളുടെ സംസ്കാരത്തിലും വസ്ത്ര ധാരണത്തിലും പ്രകടമാണ്. അച്ഛന് ജോലി അവിടെ ആയതിനാൽ കുടുംബസമേതം അവൾ അവിടെ തന്നെയായിരുന്നു. ഇത്തവണ നാട്ടിലേക്ക് വരുന്നത് അച്ഛനില്ലാതെയാണ്. അമ്മയും സഹോദരനും അവളും മാത്രം.
തൻറെ ഗ്രാമത്തിൽ മുത്തച്ഛനും, അമ്മാവന്മാരും മറ്റു ബന്ധുക്കളുമൊക്കെയുണ്ട്.

ട്രെയിൻ യാത്ര കഴിഞ്ഞ് റോഡ് മാർഗം ആ കുടുംബം, അവസാനത്തെ പാലമായ “പത്താൻവ” പാലവും കടന്ന്, തങ്ങളുടെ ജന്മ ഗ്രാമത്തിൽ, ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും എത്തിച്ചേർന്നു. തന്റെ മൃതദേഹം തൂങ്ങി നിൽക്കുവാനുള്ള കൊളുത്തുകളായിരുന്നു ആ പാലമെന്ന്…….പാവം…അവളറിഞ്ഞില്ല.

ദിവസങ്ങളും കാലങ്ങളും മനുഷ്യരിലും പ്രകൃതിയിലും മാറ്റങ്ങൾ വരുത്തുന്നത് പെട്ടെന്നാണല്ലോ…? പ്രായം മനുഷ്യരുടെ ആകർഷണീയമായ വിശേഷണമാണ്. നമ്മുടെ നേഹ പഴയത് പോലെയുള്ള കുട്ടിയല്ല. ഇപ്പോൾ 17 വയസ്സുള്ള കൗമാരക്കാരിയായ യുവതിയാണ്. അവളെ സംബന്ധിച്ചിടത്തോളം പാറിക്കളിച്ചു ഉല്ലസിച്ച് നടക്കേണ്ട സമയം. തന്റെ ഗ്രാമത്തിലേക്കുള്ള വരവ് തന്നെ ഒരു ഉല്ലാസ യാത്രയാണ് അവൾക്ക്. ഇഷ്ടപ്പെട്ടതും സുന്ദരവുമായ വസ്ത്രങ്ങൾ ധരിച്ച് അവൾ അവിടെ പാറി നടക്കാൻ തുടങ്ങി. ആ യൗവനത്തിന്റെ ചിറകുകൾ അവിടെ വിടർന്നു വന്നു.

“ലുധിയാന”യിൽ അവൾ ശീലിച്ചത് പോലെ തനിക്കിഷ്ടപ്പെട്ട ജീൻസും ടോപ്പും ധരിച്ച് അവൾ തൻറെ കൂട്ടുകാരുടെ അടുത്തേക്ക് പോയി. അവരോടൊപ്പം കളിയും സംസാരവും നേരംപോക്കുമായി ദിവസങ്ങൾ കൊഴിഞ്ഞു പോയി. ജീൻസും ടോപ്പും ധരിച്ച് പുറത്തേക്ക് പോകുന്നത് ശ്രദ്ധയിൽപെട്ട അമ്മാവന്മാർ, അത് ധരിക്കരുതെന്ന് ഉപദേശിച്ചു. ഗ്രാമീണ സംസ്കാരത്തോട് അനുയോജ്യമായ വസ്ത്ര ധാരണം മാത്രമേ പാടുള്ളൂ എന്ന് ശാസനയും നൽകി. പക്ഷേ യൗവനം തുളുമ്പുന്ന നേഹക്ക് ഈ ഉപദേശത്തിലെ കാര്യങ്ങളോട് യോജിക്കാൻ വിസമ്മതമായിരുന്നു. ആ മനസ്സ് അതിനെ കാര്യമായി എടുത്തില്ല. ഗ്രാമത്തിലെ സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനോട് ഗ്രാമവാസികൾക്ക് വിയോജിപ്പ് ആയിരുന്നു. അതിൻറെ ഗൗരവം ഉൾക്കൊള്ളാൻ മാത്രം അപക്വം ആയിരിക്കണം നേഹയുടെ മനസ്സ്. അവൾ ജീൻസ് ധരിച്ച് പുറത്തുപോകുന്നത് തുടർന്നു. എന്നാൽ ഇത് സഹിക്കാത്ത അമ്മാവന്മാർ അവളുടെ അമ്മക്ക് മുന്നറിയിപ്പു നൽകി. പക്ഷേ നേഹ എന്ന പൂമ്പാറ്റ ജീൻസും ടോപ്പും അണിഞ്ഞ് മുന്നറിയിപ്പുകൾ അവഗണിച്ച് ഗൃഹത്തിന് പുറത്ത് പാറിപ്പറക്കുന്നത് തുടർന്നുകൊണ്ടേയിരുന്നു.

അന്നും പതിവുപോലെ പൂമ്പാറ്റ വീടിനു പുറത്തു പോയി. മണിക്കൂറുകൾ ഒന്നും രണ്ടും മൂന്നും ആയി കൊഴിഞ്ഞുപോയി. ഇത് ശ്രദ്ധയിൽപെട്ട അമ്മാവൻമാർക്ക് കലി വരികയുണ്ടായി. തങ്ങളുടെ മുന്നറിയിപ്പുകൾ തുടർച്ചയായി അവഗണിച്ചു കൊണ്ടിരിക്കുന്ന പൂമ്പാറ്റയെ അവർ വിളിച്ചു വീട്ടിലേക്ക് വരുത്തി. ഉഗ്ര കോപത്താൽ ഉറഞ്ഞു തുള്ളുകയായിരുന്ന അമ്മാവന്മാർ, ആ പൂമ്പാറ്റയുടെ മേൽ വിഷയം ചീറ്റാൻ തുടങ്ങി. ജീൻസ് ധരിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ, ശക്തമായ ഒരു പ്രഹരം അവൾക്ക് ഏൽക്കുകയുണ്ടായി. അതിൻറെ ആഘാതത്തിൽ ഭിത്തിയോട് ചേർന്ന് തലയിടിച്ച് വീണ നേഹയുടെ, തലയിൽനിന്നും രക്തം വാർന്നൊലിച്ച്, അവൾ അബോധാവസ്ഥയിലായി. ഏറെ നേരം കഴിയുന്നതിനു മുമ്പ് തന്നെ ആ പൂമ്പാറ്റയുടെ ഇരു ചിറകുകളും അറ്റു വീണു ശ്വാസം നിലച്ചു. തനിക്കിഷ്ടപ്പെട്ട ഗ്രാമത്തിൽ, തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ച് അന്ത്യശ്വാസം വലിക്കുകയുണ്ടായി.

സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനെതിരെ ചില പ്രമുഖർ മുമ്പും രംഗത്തുവന്നിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് സ്വാതി തിരുനാൾ സംഗീത കോളേജിൽ സംഘടിപ്പിച്ച “ശുചിത്വകേരളം, സുന്ദരകേരളം” പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രശസ്ത ഗായകൻ കെ ജെ യേശുദാസ്, സ്ത്രീകൾ ജീൻസ്, ലെഗ്ഗിൻസ് പോലുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്ന് പറയുകയുണ്ടായി. ഈ പ്രസ്താവന അങ്ങേയറ്റം അപരിഷ്കൃതം ആണെന്ന് “മഹിളാ കോൺഗ്രസ്” അധ്യക്ഷ “ബിന്ദു കൃഷ്ണ”യും, ഇത് അങ്ങേയറ്റം തരംതാണതാണെന്ന് “അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ” സംസ്ഥാന പ്രസിഡണ്ട് ടി എൻ “സീമ”യും പ്രതികരിക്കുകയുണ്ടായി.

സ്ത്രീകളുടെ ജീൻസ് ധാരണം സംബന്ധിച്ച വ്യക്തിപരമായ കാഴ്ചപ്പാടാണ് യേശുദാസ് പങ്കിട്ടത്. ചുരുക്കത്തിൽ വ്യക്തിപരമായും, ഗോത്ര പരമായും, പ്രാദേശിക പരമായും ബന്ധപ്പെട്ട ഒരു ഗൗരവതരമായ പ്രശ്നം തന്നെയാണിത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. “നേഹ പാസ്വാൻ” എന്ന പൂമ്പാറ്റയുടെ ജീവ ത്യാഗം തന്നെ ഒരു ജീൻസിനെച്ചൊല്ലിയാണെന്നത്, അത്യന്തം ദുഃഖകരമാണ്.

അവിചാരിതമായുണ്ടായ വികാര പ്രക്ഷോഭത്തിന്റെ വേലിയേറ്റത്തിന് മുന്നിൽ, ആ കൊച്ചു മിടുക്കിയെ ശക്തമായി അടിച്ചു താഴെയിട്ടപ്പോൾ, മരണം അവർ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, അരുതാത്തത് സംഭവിച്ചിരിക്കുന്നു. ഇനി എന്ത് ചെയ്യും? മൃതദേഹം ആരും കാണാത്ത സ്ഥലത്തേക്ക് വലിച്ചെറിയാൻ അവർ തീരുമാനിച്ചു.

നേഹ തൻറെ ഗ്രാമത്തിലേക്ക് വരുന്ന വഴിയിൽ അവസാനമായി കടന്ന പാലമാണ് ‘പത്താൻവ’ പാലം. അമ്മാവന്മാർ അവളുടെ മൃതദേഹം ഒരു ഓട്ടോറിക്ഷയിൽ കയറ്റി പത്താൻവ പാലത്തിനു മുകളിൽ എത്തി. വെപ്രാളത്തോടെയും, ധൃതി പിടിച്ചും ആയിരിക്കണം, അവർ ആ മൃതദേഹത്തെ താഴേക്ക് വലിച്ചെറിഞ്ഞു.

മരണത്തോടെ തോറ്റു കൊടുക്കുവാൻ നേഹ തയ്യാറായിരുന്നില്ല. പത്താൻവ പാലത്തിൻറെ ആഴിയിൽ ചെന്ന് വിസ്മൃതിയിലേക്ക് പോകേണ്ടിയിരുന്ന നേഹയുടെ മൃതദേഹം, ആ പാലത്തിൻറെ ഇരുമ്പ് റോയിൽ, ഒരു കാലിൽ കുടുങ്ങി താഴേക്ക് വീഴാതെ തൂങ്ങിയിരുന്നു. പെട്ടെന്ന് തന്നെ ഗ്രാമത്തിലേക്ക് തിരിച്ചു പോയ അമ്മാവൻമാർ ഈ രംഗം കണ്ടിട്ടില്ലായിരിക്കണം.

അല്പസമയത്തിനകം അതുവഴി കടന്നുപോയ മറ്റു യാത്രികർ പാലത്തിൽ തൂങ്ങി നിൽക്കുന്ന മൃതദേഹം കാണുകയും, പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി, മൃതദേഹം തിരിച്ചറിഞ്ഞ് കൊലയാളികളെ ബന്ധനസ്ഥരാക്കിയതോടെ “ജീൻസ് ബട്ടർഫ്ലൈ” യുടെ വിയോഗം ലോകമറിയുകയായിരുന്നു. ജീൻസ് ധരിച്ചതിന് ഒരു ജീവനാണ് വിലയെങ്കിൽ, മനുഷ്യത്വം ഇവിടെ, ഇനിയും, ഇപ്പോഴും ജനിച്ചിട്ടില്ല എന്ന് തന്നെ പറയേണ്ടിവരും.

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here