പാപിയാണു ഞാൻ മഹാപാപി
ദേഹിക്കപ്പുറം ദേഹത്തെ കാക്കുന്നവൻ…
അസത്യത്തെ നിത്യവുമുരുവിട്ട്
സത്യമാക്കി മാറ്റുന്നവൻ
അമ്മിഞ്ഞപ്പാലിൻ മധുരവും
അക്ഷരമാലതൻ അനുഭൂതിയും
മറന്നുലകത്തെ ഉളളംകൈയ്യി-
ലൊതുക്കുവാൻ ശ്രമിക്കുന്നവൻ…
ഒടുവിലറിവ് തിരിച്ചറിവിന് വഴിമാറിയപ്പോൾ
ശരിയേത് തെറ്റേത്
വാദ പ്രതിവാദങ്ങൾ തുടരവേ
ഉത്തരം കിട്ടാതെ നിന്നു വിയർക്കുന്നതും ഞാൻ…
പാപിയാണു ഞാൻ മഹാപാപി
അതുറക്കെ വിളിച്ചുപറയണമെനിക്കെന്നാൽ
ആത്മതംബുരുവിൽ ശ്വാസം കിട്ടാതെ
കുടുങ്ങികിടക്കുകയാണ് വാക്കുകൾ
ആശിച്ചതെല്ലാം നേടിയെങ്കിലും
എന്നേ തോറ്റുപോയവൻ ഞാൻ
ഇന്നും തോറ്റുകൊണ്ടേയിരിക്കുന്നു ഞാൻ
ഇനിയുമെന്തിനോ തോൽക്കേണ്ടവനും ഞാനെങ്കിലും
വിജയിച്ചവനെന്നാരെയോ ബോധ്യപ്പെടുത്തുവാൻ
പളപളപ്പുളള വാക്കുകളും കളളമന്ദഹാസഛായങ്ങളും
വദനത്തിൽ ചാർത്തുവാൻ
വിധിക്കപ്പെട്ടവനും ഞാൻ…
അമ്മയെമറന്നച്ഛനെമറന്നു
സ്വയം മറന്നു മനപ്പൂർവ്വം
മനസാക്ഷിയെ മനസ്സിൻമടിത്തട്ടി-
ലൊളിപ്പിച്ചു പാരിനെ ജയിച്ചൊടുവിൽ
ജീവിതം വിജയമായിരുന്നുവെന്ന-
ടിവരയിട്ടുറപ്പിക്കുവാൻ
നേട്ടങ്ങളെ കൂട്ടിയും പെരുക്കിയും
കണക്കെടുപ്പ് നടത്തുമ്പോൾ
എന്നുളളിൽ നിന്നാരോയെന്നെ
പരിഹസിച്ചു വിളിക്കുന്നു
വിലപ്പെട്ടതെന്തോ നഷ്ടപ്പെടുത്തിയവൻ
എന്നുമെന്നും തോറ്റുകൊണ്ടേയിരിക്കുന്നവൻ….