പൂജക്കെടുക്കാത്ത പൂവാണ് നീ
പൂമെത്തപോലൊരു തെറിയാണ് നീ
പൂമുഖത്തെത്തുന്ന മൂധേവി നീ
പൂനിലാക്കുടിലിലെ രതിദേവി നീ
പെണ്ണേ, നീ പെണ്ണാകാനെത്ര പണം വേണം
പെണ്ണേ, നീ വെണ്ണീറാകനെത്ര പെട്രോൾ വേണം
മതമില്ല നിന്റെ മാംസത്തിന്
മദമുള്ള വർണ്ണലിംഗത്തിന്
മാറിനടക്കണം നാറിനടക്കണം,
മൂത്രം മണക്കാത്ത രാത്രിവേണം
കണ്ണേ, നിനക്കൊളിക്കാനെത്ര മാളം വേണം
കണ്ണേ, നിന്നെ ദഹിപ്പിക്കാനെത്ര തോക്ക് വേണം
നീയോ കറുപ്പിന്റെ പ്രേതഭാവം
അവരോ വെളുപ്പിന്റെ പ്രേമഭാവം
ദളിതയാണെത്ര ലളിതമത്രേ
മുലകുടിക്കുംപോലെ സുഖമതെത്രേ
കറുപ്പിനായി സന്ധ്യയും വെളുപ്പിനായി പുലരിയും
ചോര ചൊരിയുന്ന വിതാനമൊന്നിൽ
എന്നും ബലിക്കായി നറുക്കുവീഴുന്നൊരു
പെണ്ണാണുനീ, ഒരുജാതിപെണ്ണാണുനീ.