ജപ്തി

ബാങ്കുകാര്‍ നാളെ വീട് ജപ്തി ചെയ്യും. ചെണ്ട കൊട്ടിയുള്ള ആളെക്കൂട്ടല്‍‍ ഒഴിവാക്കാമെന്നു മാത്രമാണു മാനേജര്‍ ഉറപ്പു തന്നിട്ടുള്ളത്. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കിട്ടാക്കടം പെരുകുകയാണ്. ബാങ്കിനു പിടിച്ചു നില്‍ക്കണം.

” നമ്മള്‍ എങ്ങോട്ടു പോകും?”

അര്‍ദ്ധരാത്രിയോടടുത്തപ്പോള്‍‍ മൗനത്തിന്റെ മുദ്ര പൊട്ടിച്ച് അനിത ചോദിച്ചു. അപ്പുമണിക്ക് അതിനു മറുപടിയുണ്ടായില്ല .

അയാള്‍ കൂട്ട ആത്മഹത്യ ചെയ്ത കുടുംബങ്ങളെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ചായക്കട ചര്‍ച്ചയില്‍ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്നു വാദിച്ചിരുന്നവരില്‍ പ്രധാനിയായിരുന്നു അയാള്‍.

” നമുക്ക് ജീവിതം അവസാനിപ്പിക്കാം ” അയാളുടെ നെഞ്ച് തടവിക്കൊണ്ട് അനിത മന്ത്രിച്ചു.

ഒരു വിളറിയ പുഞ്ചിരിയായിരുന്നു അപ്പുണ്ണിയുടെ പ്രതികരണം.

” പുഴയില്‍ ചാടി മരിക്കാം ” അവള്‍ തുടര്‍ന്നു.

” ശരി അങ്ങനെ തന്നെ ആകട്ടെ കുട്ടികളെ ഉണര്ത്തണ്ട” അവളെ ചേര്‍ത്തണച്ചുകൊണ്ട് അയാള്‍ പറഞ്ഞു.

” പാലത്തില്‍ നിന്നും ചാടാം അല്ലേ?” അയാളുടെ മാറിലേക്കു ചാഞ്ഞു കൊണ്ട് അവള്‍ വിതുമ്പി.

വാതില്‍ ആരോ തട്ടുകയാണ്. അവര്‍ അമ്പരപ്പോടെ പരസ്പരം നോക്കി.

” ഈ നേരത്ത് ആരാണ്?”

അയാള്‍ ധൃതിയില്‍ പുറത്തേക്കു ചെന്നു.

മുറ്റത്ത് മൂന്നാലു പേര്‍ നില്‍ക്കുന്നു. അയല്‍ക്കാരാണ്. വാര്‍ഡ് മെമ്പര്‍ ലക്ഷ്മണനുമുണ്ട്.

” അപ്പുണ്ണിയേട്ടാ , പുര കവിഞ്ഞു ഏതു നിമിഷവും വെള്ളം കയറാം ഉടനെ ക്യാമ്പിലേക്കു മാറണം എന്റെ വീട് പാതിയും മുങ്ങി ”വാര്‍ഡ് മെമ്പര്‍ മുന്നോട്ടു വന്നു പറഞ്ഞു.

” എവിടെയാ ക്യാമ്പ് ”? അമ്പരപ്പില്‍ നിന്നുണര്‍ന്ന അപ്പുമണി തിരക്കി.

” പഞ്ചായത്ത് ഹാള്‍ വേഗം പുറപ്പെട്ടോളൂ ” അത്രയും പറഞ്ഞ് അവര്‍ മറ്റു വീട്ടുകാരെ അറിയിക്കാനായി ചെന്നു .

” ഇത് ദൈവത്തിന്റെ ഇടപെടലാണ്” കുട്ടികളെയുമെടുത്ത് വീടുവിട്ടിറങ്ങുമ്പോള്‍ അനിത വിങ്ങിപ്പൊട്ടി.

” പാലം ഒലിച്ചു പോയി പുഴയോരത്തെ വീടുകള്‍ പലതും മുങ്ങി ”ക്യാമ്പിലേക്കു നടക്കുമ്പോള്‍ കൂടെയുള്ളവര്‍ അവരോടു പറഞ്ഞു.

അവരെത്തുമ്പോള്‍ പഞ്ചായത്തു ഹാള്‍ നിറഞ്ഞിരുന്നു. ഹാളിന്റെ രണ്ടാം നിലയിലേക്കുള്ള ചവിട്ടു പടിയില്‍ താടിക്കു കൈ കൊടുത്ത് ഒരു പ്രതിമ കണക്കെ ഇരിക്കുന്ന ചെറുപ്പക്കാരനെ കണ്ട് അപ്പുമണി പൊടുന്നനെ നിന്നു.

” ബാങ്കുമാനേജരാണ്. സാറിന്റെ വീട് പുഴയെടുത്തു. ഒന്നരക്കോടി മുടക്കി വീടൂ വച്ചിട്ട് ഒരു മാസം തികച്ചായില്ല ..”

വാര്‍ഡുമെമ്പറുടെ വാക്കുകളില്‍ സഹതാപം നിറഞ്ഞു നിന്നു.

” ദൈവം ജപ്തി തുടങ്ങിയിരിക്കുന്നു.”
അപ്പുമണി മനസില്‍ മന്ത്രിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here