ഒരിടത്ത് ഒരിടത്ത് പക്ഷികളും മൃഗങ്ങളും മാത്രം പാർത്തിരുന്ന ഒരു നാടുണ്ടായിരുന്നു . ജന്തുസ്ഥാൻ !
പൊന്നോണക്കാലം വന്നതോടെ ജന്തുസ്ഥാനിലെ പക്ഷികൾക്കും മൃഗങ്ങൾക്കുമെല്ലാം വലിയ ഉത്സാഹമായി. മുളന്തത്തകൾ പച്ചക്കൊടിയുടുത്ത് ഓണക്കുമ്മി കളിച്ചു. മഞ്ഞക്കിളികൾ മഞ്ഞപ്പുടവയണിഞ്ഞ് ഓണക്കുര വയിട്ടു.
വെളുമ്പൻ കരടിയും മക്കളും ഏത്തക്കുല വാങ്ങാൻ ചാത്തന്നൂർക്കു പോയി . ചിരികണ്ടാനനയും ചങ്ങാതിമാരും പുത്തൻ ജുബ്ബയുമണിഞ്ഞ് വടംവലി മത്സരത്തിന് തയാറായി നിന്നു . എന്തിനു പറയുന്നു , കാട്ടിലെങ്ങും ഓണത്തിന്റെ തിക്കും ബഹളവും തുടങ്ങി.
തിരുവോണദിവസം പുലർച്ചക്ക് മഞ്ചാടിക്കുന്നിന്റെ താഴ്വരയിൽ പൂക്കളമത്സരം നടത്താമെന്ന് എല്ലാവരും ചേർന്ന് തീരുമാനിച്ചു . ഒന്നാം സമ്മാനമായി ഒരു കുല പൂവൻ പഴം കൊടുക്കുമെന്നും അറിയിച്ചു .
മത്സരത്തിൽ പങ്കെടുക്കാൻ ജന്തുസ്ഥാനിലെ ജന്തുക്കളെല്ലാം തയാറെടുപ്പ് തുടങ്ങി.
ചിരിക്കണ്ടനാന ഉറക്കെ ചിന്നം വിളിച്ചുകൊണ്ട് പറഞ്ഞു.
” കൈതപ്പൂകുലകൊണ്ട് ഞാനൊരു
നക്ഷത്രക്കളമുണ്ടാക്കും
ആരും കണ്ടാൽ കൊതിച്ച് പോകും
രസികൻ പൂക്കളമുണ്ടാക്കും!”
കൈതപ്പൂക്കൾ ശേഖരിക്കാൻ മണിയൻ കരടിയെയും മക്കളെയും സഹായിക്കാമെന്ന് ചമ്പൂക്കാവിലെ ചെമ്പോത്തമ്മാവൻ വാക്കുകൊടുത്തു . കൈതപ്പുഴക്കായലിന്റെ തീരത്തുനിന്ന് ധാരാളം കൈതപ്പൂക്കൾ ശേഖരിക്കാമെന്ന് അമ്മാവൻ നേരത്തെ കണക്കുകൂട്ടി .
ഇങ്ങനെ . ഓരോ മൃഗങ്ങളും പക്ഷികളും മറ്റു ജന്തുക്കളും വീറോടെ പൂക്കളമത്സരത്തിനു തയാറെടുത്തുകൊണ്ടിരുന്നു. പൂക്കളമത്സരത്തിന്റെ തലേ ദിവസമായി . മാനുകളും മുയലുകളും മയിലുകളും കുയിലുകളുമെല്ലാം കുന്നും മലയും കേറിയിറങ്ങി പൂക്കൾ ശേഖരിക്കാൻ തുടങ്ങി. എന്ത് പറയാൻ ? ഒടുവിൽ കാട്ടിലും മേട്ടിലും വിരിഞ്ഞു നിന്നിരുന്ന ഓണപ്പൂക്കൾ മുഴുവൻ നുള്ളിത്തീർന്നു
അപ്പോഴാണ് അകലെയെങ്ങോ തീറ്റ തേ ടാൻ പോയ കീരൻ അണ്ണാൻ തിരിച്ചെത്തിയത്. പൂക്കളമത്സരത്തിൽ പങ്കെടുക്കണമെന്ന് അവൻ വലിയ മോഹമുണ്ടായിരുന്നു. പക്ഷെ അതിനു പൂവെവിടെ?
” കഷ്ടം കഷ്ടം ! പൂക്കളമെഴുതാൻ
ഇനിയുമൊരൊറ്റപ്പൂവില്ല !
എല്ലാ പൂവും നുള്ളിയെടുത്തു
ജന്തുസഥാനിലെ വില്ലന്മാർ!
അണ്ണാൻ കീരൻ സങ്കടം സഹിക്കാനാവാതെ കുന്നിൻ ചരുവിലിരുന്ന് കരയാൻ തുടങ്ങി. അവന്റെ കരച്ചിലും പറച്ചിലും കേട്ട് മഞ്ഞ നിറമുള്ള ഒരു കുഞ്ഞിക്കിളി അവിടെ പറന്നെത്തി . ഒരു പൊന്നോണക്കിളി യായിരുന്നു അത്. ഓണാക്കിളി പറഞ്ഞു .
കരയാതെന്ന്‌റെ ചങ്ങാതി നീ
കരൾ നൊന്തിങ്ങനെ കരയാതെ
ഓണപ്പൂക്കളമുണ്ടാക്കാനായി
പാവം നിന്നെ സഹായിക്കാം”
പിറ്റേന്ന് പുലർച്ചക്ക് ഓണക്കിളി അണ്ണാൻ കീരനെ മറ്റാരും കടന്നു ചെല്ലാത്ത കാണാക്കുന്നിലേക്കു കൂട്ടിക്കൊണ്ടു പോയി . അവിടെ നിറയെ വെളുവെളുത്ത തുമ്പപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് അണ്ണാൻ കീരൻ കണ്ടു .
അണ്ണാൻ കീരനും ഓണക്കിളിയും ചേർന്ന് ഒരു വലിയ കൊട്ട നിറയെ തുമ്പപ്പൂക്കൾ നുള്ളിയെടുത്ത് മഞ്ചാടിക്കുന്നിന്റെ താഴ്വരയിലെത്തി .
അപ്പോഴേക്കും അവിടെ പൂക്കളമത്സരം തുടങ്ങിക്കഴിഞ്ഞിരുന്നു. ചിരികണ്ടനാനയുടെ ആനപ്പൂക്കളവും മണിയൻ കരടിയുടെ കൈതപ്പൂക്കളവുമെല്ലാം തിളങ്ങി നിൽക്കുന്നത് അണ്ണാൻ കീരൻ കണ്ടു .
ഈ വമ്പന്മാരെയെല്ലാം തോൽപ്പിക്കാൻ തനിക്കു കഴിയില്ലെന്ന് അണ്ണാൻ കീരന് ഒറ്റനോട്ടത്തിൽ മനസിലായി. എന്നാലും ഓണക്കിളിയുടെ സഹായത്തോടെ അണ്ണാൻ കീരൻ ഒരു തുമ്പപ്പൂക്കളമുണ്ടാക്കി.
മാവേലി മുത്തച്ഛൻ വന്നെത്തുന്നതിനു തൊട്ടു മുമ്പാണ് അണ്ണാൻ കീരന്റെ ഓണപ്പൂക്കളം പൂർത്തിയായത്. മുത്തച്ഛൻ സന്തോഷത്തോടെ പൂക്കളങ്ങൾക്കു നടുവിൽ വന്നു നിന്നു. അപ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.
” ഓണത്തപ്പാ, മുതു മുത്തപ്പാ
ചൊല്ലുക നല്ലൊരു കളമേത് ?
ഒന്നാം സ്ഥാനം നൽകാൻ പറ്റിയ
ചന്തമെഴുന്നൊരു കളമേത്?
മാവേലി മുത്തച്ഛൻ ഓരോ കളത്തിലേക്കും ശ്രദ്ധയോടെ കണ്ണോടിച്ചു. ആനയുടെ ആനപ്പൂക്കളവും കരടിയുടെ കൈതപ്പൂക്കളവും ചിഞ്ചുക്കുരങ്ങന്റെ ചെത്തിപ്പൂക്കളവുമെല്ലാം കണ്ട് അദ്ദേഹത്തിന്റെ കണ്ണുകൾ അണ്ണാൻ കീരന്റെ തുമ്പക്കളത്തിൽ വന്നു കുടുങ്ങി നിന്നു . അദ്ദേഹം പറഞ്ഞു
” തുമ്പപ്പൂക്കൾ കൊണ്ടുണ്ടാക്കിയി
ഇക്കള മെന്തൊരു കെങ്കേമം!
ഇതിനാണല്ലോ ഒന്നാം സ്ഥാനം
ആരാണിതിന്റെ അവകാശി ?
പെട്ടന്ന് അണ്ണാൻ കീരൻ മാവേലി മുത്തച്ഛന്റെ മുന്നിലേക്ക് കടന്നു വന്നു . അദ്ദേഹം അവനെ പൊക്കിയെടുത്ത് തന്റെ തോളിലിരുത്തി. ഈ രംഗം കണ്ട് പക്ഷികളും മൃഗങ്ങളും ജന്തുക്കളുമെല്ലാം ജയാരവങ്ങൾ മുഴക്കിക്കൊണ്ട് തുള്ളിച്ചാടി ! ഒന്നാം സമ്മാനമായ ഒരു കുല പൂവൻ പഴം മുത്തച്ഛൻ അവനു സമ്മാനിച്ചു . സന്തോഷത്തോടെ അണ്ണാൻ കീരൻ ചങ്ങാതിമാരോടൊപ്പം പയ്യെപ്പയ്യെ വീട്ടിലേക്കു നടന്നു.