ജന്മി

ഭൂമിയുടെ കുലുക്കം ഒരു വാര്‍ത്തയായി ടെലിവിഷനില്‍ പൊരിച്ചെടുത്ത ഇടവേളകളില്‍ ദീപന്‍ എഴുത്തുമായി മല്ലിട്ടു. ദീപന്റെ കഥകള്‍ക്കും കവിതകള്‍ക്കും ചേരികളിലെ മണ്ണിന്റെ ഗന്ധം വായനക്കാര്‍ക്ക് അനുഭവപ്പെട്ടിരുന്നു. കുഞ്ഞുനാള്‍ മുതല്‍ക്കേ എഴുത്തിനോട് അത്ര കമ്പമുള്ള ആളായിരുന്നില്ല ദീപന്‍. അമ്മയുടെ മരണത്തിനു ശേഷമാണ് ദീപന്‍ സങ്കീര്‍ണ്ണമായ എഴുത്തിലേക്കു തിരിഞ്ഞത്.

പാതിവഴിയില്‍ ആരോ ഉപേക്ഷിച്ചിട്ടു പോയ ഒരു വളര്‍ത്തു നായയുടെ രോദനം മനുഷ്യന്റെതായി തെറ്റിദ്ധരിച്ച രാത്രിയില്‍ വാതില്‍ തുറന്നതിന്റെ പിറ്റേന്നായിരുന്നു അമ്മ ലോകത്തോട് വിട പറഞ്ഞത്. ദീപന്‍ പിറ്റേന്ന് ഒരു കഥയെഴുതി. വെറും ഒരു കുറിപ്പ് പോലെയായിരുന്നു അത്. വായനക്കാരനതിനെ കഥയെന്നു തെറ്റിദ്ധരിച്ചുവത്രെ. ദീപന്‍ മറന്നെങ്കിലും മറ്റാരെക്കെയോ ചേര്‍ന്ന് ”ഒരു മടക്കയാത്ര” എന്ന് കഥക്കു പേരെഴുതി.

ദീപന്റെ കഥകളില്‍ വിഷം ഒലിച്ചിറങ്ങുന്ന നദികളും ഒരിക്കലും പൂക്കാത്ത മരങ്ങളും എല്ലുമുറിയെ പണിയെടുത്തിട്ടും വരുമാനമില്ലാത്ത അസ്ഥികൂടങ്ങളും നിറഞ്ഞു നിന്നു.

ദീപന്റെ അമ്മ ഒരു ഉന്നതകുലജാതയായിരുന്നു. അച്ഛന്‍ താഴ്ന്ന ജാതിയില്‍ പെട്ടവനും.
വേര്‍തിരിവിന്റെ പതിനെട്ടു പടിയും കണ്ടും കേട്ടും മരവിച്ച മനസില്‍ ദീപന് അഗ്നി തെളിയിക്കാന്‍ സാധിച്ചു. അന്തര്‍മുഖനായ വിപ്ലവകാരിയാണ് ദീപനെന്നു വായനക്കാര്‍ മുദ്ര കുത്തി.

ഓര്‍മ്മകളില്‍ തരം തിരിവു സ്ഥാനമുറപ്പിച്ചു. നിദ്രയില്‍ അലോസരപ്പെടുത്തുന്ന വിപ്ലവമുദ്രണങ്ങള്‍ മന്ത്രങ്ങളായി ദീപനെ എല്ലായ്പ്പോഴും ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ജാതിപരമായ ചേരി തിരിവുകളെ പറ്റിയും സാഹിത്യ ലോകത്തെ സ്വാതന്ത്ര്യ ഭേദനത്തെ കുറിച്ചും ദീപന്‍ എഴുതുമായിരുന്നു. അത്തരം എഴുത്തുകള്‍ ദീപന് വായനക്കാരെ നേടിക്കൊടുത്തിരുന്നു.

ദീപന്റെ ചിന്തകളില്‍ മുറ്റി നിന്നിരുന്ന വര്ണ്ണ വിവേചനത്വം ശക്തി പടര്‍ന്ന് കവിതകളില്‍ തരംഗം സൃഷ്ടിച്ചു. പത്തുവര്‍ഷം എഴുത്ത് മേഖലയില്‍ സജീവമായിരുന്നിട്ടും ദീപന് അവാര്‍ഡുകളൊന്നും ലഭിച്ചില്ല. ദീപന്‍ പലപ്പോഴും ഒരു ഒറ്റയാനായിരുന്നു. അതില്‍ അയാള്‍ ദു:ഖിച്ചതേയില്ല. ഏകാന്തതയില്‍ ദീപന്‍ ഹരം കണ്ടെത്തി. കുട്ടിക്കാലം മുതലേ വായനാശീലം കൂടുതലായിരുന്നു. മാതൃഭാഷയിലായിരുന്നു ദീപന്‍ എഴുതിയിരുന്നത്.

രേഷ്മയുമായുള്ള സൗഹൃദം ഇംഗ്ലീഷ് കവിതകള്‍ ചെറിയ തോതിലെഴുതാന്‍ ദീപനു സഹായമായി.

വിവിധതരം നീറ്റലുകളുടെയും വേദനകളുടേയും തീനാളങ്ങള്‍ക്കിടയിലാണ് അവരുടെ കുഗ്രാമത്തില്‍ നിന്ന് രേഷ്മയെ അവളുടെ പിതാവ് പഠിപ്പിക്കാനയച്ചത്. അതില്‍ അവള്‍ വിജയിച്ചു. ഒരു പത്ര സ്ഥാപനത്തില്‍ അവള്‍ക്കു ജോലി ലഭിച്ചിരുന്നു. ദീപനെ കാണാന്‍ കൃത്യമായ ഇടവേളകളില്ലാതെ അവള്‍ എത്തിച്ചേരുമായിരുന്നു. കുറച്ചു നേരം പരസ്പരം സംസാരിക്കും. ആശയങ്ങള്‍ പങ്കുവയ്ക്കും അമിതമായ ഇടപെടല്‍ ദീപനത് താത്പര്യമില്ലായിരുന്നു. സൗഹൃദം അതിര്‍ വരമ്പു കടക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. രേഷ്മയുടെ അച്ഛന്‍ പാടത്തെ ഒരു സാധാരണ തൊഴിലാളിയായിരുന്നു. എല്ലുമുറിയെ പണിയെടുത്ത് ഒടുവില്‍ മെലിഞ്ഞു. ചോര തുപ്പുന്ന റിക്ഷ വലിക്കുന്നവരും, ഫാക്ടറി തൊഴിലാളികളും ദീപന്റെ കഥകളില്‍ നിറയാന്‍ തുടങ്ങി. രേഷ്മ ഒരിക്കല്‍ പറഞ്ഞിരുന്നു.

ദീപന്റെ കഥകളിലൊരെണ്ണം തന്റെ അച്ഛനെപറ്റിയായിരിക്കും എന്ന്

രേഷ്മയും ദീപനും സമപ്രായക്കാരായിരുന്നു. ദീപന് കാര്‍ഷികവൃത്തിയില്‍ താത്പര്യവുമുണ്ടായിരുന്നു. അതില്‍ അയാള്‍ പൂര്‍ണ്ണ സംതൃപ്തനുമായിരുന്നു. അമ്മാവന്‍ ദാനം നല്കിയ പ്രദേശത്തെ പാടത്താണ് ദീപന്റെ കൃഷി. ചോളവയലുകളും റാഗിത്തോട്ടങ്ങളൂം ദീപനു സംതൃപ്തിയുളവാക്കേണ്ടതായിരുന്നുവെങ്കിലും ഒരു തരം അസ്വസ്ഥത സ്ഥിരമായി ബാധിച്ചിരുന്നു. ആ അസ്വസ്ഥതയ്ക്കു ഹേതു രേഷ്മ പറഞ്ഞ വാര്‍ത്തകളായിരുന്നു. ദീപന്റെ പാടത്തിലെ തൊഴിലാളികള്‍ക്ക് സമത്വം നില നിന്നിരുന്നു. സാധാരണയില്‍ കവിഞ്ഞ വരുമാനം അയാള്‍ നല്കിയിരുന്നു. ഉള്ളിന്റെയുള്ളില്‍ രേഷ്മയ്ക്ക് ദീപനോട് ഇഷ്ടം തോന്നിപ്പോകാറുണ്ട്. ആ ഇഷ്ടം പുറത്തു കാണിക്കാതിരിക്കാന്‍ കുറച്ചു ഗൗരവം നടിച്ച് രേഷ്മ സംസാരിക്കും.

അവരുടെ ഗ്രാമത്തിലെ രീതിയനുസരിച്ച് വിവാഹപ്രായം കഴിഞ്ഞ അവര്‍ക്കിടയില്‍ പ്രണയം വളരുന്നുണ്ടെന്ന് മുദ്ര കുത്താന്‍ പലരും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ദീപനോട് നേരിട്ടു തര്‍ക്കിക്കാന്‍ ആര്‍ക്കും ധൈര്യമില്ലായിരുന്നു. ഒരു മനോഹരമായ സൗഹൃദം തത്ക്കാലം ആരും അയാളില്‍ നിന്നും നേടിയില്ല. മദ്യത്തിനോട് ദീപനു വെറുപ്പായിരുന്നു. ഒരു ജന്മിയുടെ യാതൊരു വിധ ശീലങ്ങളും അയാളില്‍ ജന്മം കൊണ്ടില്ല എന്നതാണ് പരമ സത്യം.

പുഴക്കു നടുവില്‍ പാലം വന്നു. വികസനം വന്നില്ല. ജന്മിത്വം അതേ തീവ്രതയില്‍ നില കൊണ്ടു. ദീപന്റെ വീട്ടില്‍ അനുപമ എന്നൊരു കൊച്ചു പെണ്‍കുട്ടി അമ്മയെ സഹായിക്കാനായി വരാറുണ്ടായിരുന്നു. അവളുടെ പഠനച്ചിലവുകള്‍ ദീപന്‍ ഏറ്റെടുത്തു. സ്കൂള്‍ വിട്ടു കഴിഞ്ഞാല്‍ അവള്‍ ഇങ്ങോട്ടു ഓടി വരും. അമ്മ മരിച്ചതിനു ശേഷം ഇടക്കിടെ വരാറുണ്ട്. അവളുടെ അമ്മ ചില സമയങ്ങളില്‍ വന്നെത്തി നോക്കും. ആ സ്ത്രീ ഒരു തൂപ്പുകാരിയായിരുന്നു. സുരക്ഷിതത്വത്തിന് വേണ്ടി അവര്‍ മകളെ ദീപന്റെയടുത്തേക്കു അയച്ചിരുന്നത് സ്വന്തം ഭര്‍ത്താവിന്റെയടുത്ത് മകളെ തനിച്ചിരുത്താന്‍‍ അവര്‍ക്ക് ഭയം തോന്നിയിരുന്നു . മദ്യം തലക്കു പിടിച്ചാല്‍ സ്വബോധം നഷ്ടപ്പെട്ട് എന്തും ചെയ്യാമെന്ന അവസ്ഥ ദീപനും ഒരിക്കലത് ബോധ്യപ്പെട്ടിരുന്നു.

വായനക്കാr ദീപന്റെ കൃതികളെ ഏറ്റെടുക്കുമ്പോള്‍ ദീപന്‍ സ്വന്തം പിതാവിനെ ഓര്‍ക്കും വായില്‍ നിന്നും ചോരയൊഴുകിയാണ് അദ്ദേഹവും വിടപറഞ്ഞത്. ഒരു യഥാര്‍ത്ഥ തൊഴിലാളി എങ്ങിനെ ജീവിക്കണമെന്ന് ദീപനു വ്യക്തമാക്കിക്കൊടുത്തത് അച്ഛനായിരുന്നു. മാതാപിതാക്കളില്‍ നിന്നും ദീപനു ലാളന ലഭിച്ചിരുന്നില്ല. ഒറ്റ മകനായതുകൊണ്ട് നല്ല രീതിയില്‍ ശിക്ഷിച്ചും കൂടിയാണ് അമ്മ വളര്‍ത്തിയത്. അമ്മാവന്‍മാരുടെ പക്കല്‍ നിന്നും പലപ്പോഴും കഠിനമായ ശിക്ഷകള്‍ ദീപന്‍ ഏറ്റുവാങ്ങിയിരുന്നു. അമ്മാവന്മാരുടെ മക്കളെയും മരുമക്കളെയും കാണുമ്പോള്‍ പഴയ ചൂരല്‍ വടി കണക്കുകള്‍ അയാള്‍ ഓര്‍ക്കും. വിവിധ തരം അഭിപ്രായ വ്യത്യാസം കൊണ്ട് ദീപന്‍ അവരുമായി അടുത്തില്ല. കൂടുതല്‍ കൂലിയും അവകാശങ്ങളും തൊഴിലാളികള്‍ക്കു ദീപന്‍ നല്കിയിരുന്നതിനെ ഒരു വിഡ്ഡി മുതലാളിയെന്ന് അവര്‍ പരിഹസിച്ചിരുന്നു. രേഷ്മയുമായുള്ള സൗഹൃദവും അവര്‍ക്ക് പിടിച്ചില്ല. ഇളയ അമ്മാവനായിരുന്നു പിന്നെയും ഭേദം. ദീപനെ അയാള്‍ ഒരു മകനായി കണ്ടു ദീപന്റെ കഥകളെയും കവിതകളേയും പ്രോത്സാഹിപ്പിച്ചു. ഒരു പ്രതിഭയെന്ന നിലയില്‍ അംഗീകാരങ്ങള്‍ ദീപനു കിട്ടുമെന്ന പ്രതീക്ഷയോടെ അമ്മാവന്‍ ലോകത്തോടു വിട പറഞ്ഞു.

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഒരിക്കല്‍ രേഷ്മ ദീപന്റെ അടുത്തു വന്നു. അവള്‍ പത്രത്തിലെഴുതിയ ഒരു വാര്‍ത്ത ഭീഷണികളായി മാറിയിരിക്കുന്നു. എതിര്‍പ്പുകളുടെ സ്വരം. രേഷ്മ ആദ്യം ഭയപ്പെട്ടില്ല. പിടിച്ചു നില്ക്കാന്‍ വയ്യാത്തത്ര വിലക്കുകളായി അവ മാറി. ദീപന്‍ അവളെ ആശ്വസിപ്പിക്കാന്‍ തുനിഞ്ഞില്ല. പകരം ഒന്നു രണ്ടു ലേഖനങ്ങള്‍ അതെപറ്റിയെഴുതി മറ്റൊരു വാരികയില്‍ അയച്ചു. അവ പ്രസിദ്ധീകരിച്ചു വരുകയും ചെയ്തു. അവിടെയും എതിര്‍പ്പുകള്‍ക്ക് പഞ്ഞമില്ലാതായി. എങ്കിലും ദീപനെ ഭീഷണിപ്പെടുത്താന്‍ അധികമാരും തുനിഞ്ഞില്ല. യഥാര്ത്ഥത്തില്‍ സാമ്പത്തികമായി ദീപന്‍ ഉയര്‍ന്ന നിലയിലായിരുന്നു. അതെല്ലാം വന്‍കിട മുതലാളിമാര്‍ക്ക് അറിയാവുന്ന പരമമായ രഹസ്യമായിരുന്നു. ഗ്രാമത്തിലെ പുതിയ ഫാക്ടറിക്ക് അടിത്തറയിടാന്‍ ദീപനെ ക്ഷണിച്ചു. ദീപന് ആ ക്ഷണം നിരസിക്കേണ്ടതായി വന്നു. ഫാക്ടറിക്കെതിരെ സമരം നടത്താന്‍ വിധവകളായ തൊഴിലാളി സ്ത്രീകള്‍ ഒത്തു ചേര്ന്നു. അവര്‍ക്കു പരിസ്ഥിതി മലിനീകരണമായിരുന്നു മുഖ്യ വിഷയം.

ദീപന്‍ അവരെ പരസ്യമായി അനുഗമിച്ചു. പക്ഷെ ഫാക്ടറി നിര്മ്മാണം തുടര്‍ന്നു കൊണ്ടേയിരുന്നു. സമരത്തില്‍ രേഷ്മയും മാതാപിതാക്കളും മുദ്രാവാക്യം വിളിച്ചു. ഫലമുണ്ടായില്ല. പരാജിതരായി അവര്‍ പിന്‍വാങ്ങി.

ഇടക്കെപ്പോഴോ രേഷ്മക്കും ജീവിതത്തില്‍ മടുപ്പ് തോന്നി. ദീപന്‍ ഒന്നും ഉരിയാടിയില്ല. ഫാക്ടറിയില്‍ നിന്നു ഒലിച്ചിറങ്ങുന്ന രാസദ്രാവകങ്ങള്‍ പാടങ്ങളെ മലീമസമാക്കുന്നത് വേദനയോടെ രേഷ്മ മനസിലാക്കി. പാടത്തെ വിത്തുകളില്‍ വിഷം. ദീപന്‍ ആദ്യം മൗനിയായി. പിന്നെ എഴുതിത്തുടങ്ങി.

പത്ര റിപ്പോര്‍ട്ടുകളില്‍ ദീപന്റെ ലേഖനങ്ങള്‍ വന്നു തുടങ്ങി അതൊരു ആരവമായിരുന്നു.

പത്തു ശാസ്ത്രജ്ഞന്മാരെ വച്ച് ഗവേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവായി. രേഷ്മക്ക് അതിയായ ആഹ്ലാദം തോന്നി.

രണ്ടു വര്ഷത്തിനുള്ളില്‍ പഠന റിപ്പോര്ട്ട് തയാറായി. സമരം വിജയിക്കുമെന്ന് ഒരു പ്രതീക്ഷ. കോടതികളിലെ വരാന്തകളില്‍ നിരന്തരം സമരക്കാര്‍ കയറിയിറങ്ങി.

കോടതി വിധി തുഴഞ്ഞെത്തി. ഫാക്ടറി പൂട്ടി. ദീപന്‍ അന്നും ആഹ്ലാദിച്ചില്ല. നിര്‍വികാരതയോടെ തന്റെ എഴുത്തു മേശക്കരികില്‍ ദീപന്‍ മയങ്ങി.

പുറത്തു നല്ല മഴയുണ്ടായിരുന്നു. കനത്ത കുളിര്മ്മ.

ഫാക്ടറി മുന്പേ നല്കിയ വിഷ വിളകള്‍ അനുപമ കഴിച്ചിരിക്കുമെന്ന് ദീപന്‍ ഓര്‍ത്തു. കാരണം അവള്‍ക്ക് അസാധാരണമായ ഒരു രോഗം പിടിപെട്ടിരിക്കുന്നു. കയ്പ്പ് നിറഞ്ഞ ഛര്‍ട്ടി. ചുരുണ്ടു കൂടുന്ന കൈകാലുകള്‍ നടക്കാന്‍ വയ്യാത്ത അവസ്ഥ. ഇടക്കിടയ്ക്കു പനി. വലുപ്പം വയ്ക്കുന്ന തലയോട്. കുട്ടി എണീക്കുന്നില്ല.

എന്‍ഡോസള്‍ഫാനെ പറ്റി രേഷ്മയാണ് ആദ്യം ദീപനോടു പറഞ്ഞത്. കശുവണ്ടി തോട്ടങ്ങളില്‍ അത് തളിക്കുന്നത് കൗതുകത്തോടെ അല്പ്പം ഭയപ്പാടോടെ രേഷ്മ നോക്കിക്കണ്ടിരുന്നു.
എന്‍ഡോസള്‍ഫാനോട് കിട പിടിക്കുന്ന മറ്റെതോ രാസവസ്തുവാണ് ഫാക്ടറിയുടെ ബൈ പ്രൊഡക്ടായി ഒഴുകിയിരുന്നത്. പുഴകളില്‍ അവ നിറഞ്ഞു ലയിച്ചു. അനുപമക്കു പുറമെ മറ്റു പലര്‍ക്കും ഒരേ കിടപ്പ്, ഒരേ ഛര്‍ദ്ദി, ഗര്‍ഭിണികളുടെ മരണം. ദീപന്‍ ആകെ അസ്വസ്ഥനായി.

ഒരെഴുത്തുകാരന്‍ എന്ന നിലക്ക് ദീപന്‍ അസാധാരണനായിരുന്നു.

രേഷ്മ പറഞ്ഞു.

”ദീപനു മാത്രമേ എന്തെങ്കിലും ചെയ്യാനാകു ”

അസ്ഥികളില്‍ പിരിമുറുക്കം ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നു ഇതുവരെ ഇത്തരമൊരവസ്ഥ എത്തിച്ചേര്‍ന്നിട്ടില്ല. ദയനീയമായ നിലവിളി… ചുറ്റും ചോര പടര്‍ന്നിരിക്കുന്നു. തൂലിക വിതുമ്പി. മഞ്ഞ ഛര്‍ദ്ദിയുമായി സ്വര്‍ണ്ണ നാഗങ്ങള്‍ പത്തി വിടര്‍ത്തി നാലു ചുറ്റിലും വിഹരിക്കുന്നു. നിസ്സഹായമായ ഒരവസ്ഥ.

ദീപന്റെ മിഴികളില്‍ ചുവന്ന രാശി പടര്‍ന്നു പിടിച്ചു. പേന കൊണ്ടെഴുതാന്‍ പറ്റുന്നില്ല. കറുത്ത കൂരാക്കൂരിരുട്ട്. പ്രതികരിക്കാന്‍ കഴിയുന്നില്ല. മനസ്വസ്ഥത കൈ വിട്ടു പോയിരിക്കുന്നു.

ഫാക്ടറി കുറെ നാളത്തേക്കു പൂട്ടിരിക്കുന്നു … ഇനിയെന്ത്…? ഒരു പക്ഷെ നഷ്ട പരിഹാരത്തിനു കേസ് കൊടുക്കാം. ജീവിത നിരര്‍ത്ഥതയെ പറ്റി ദീപന്‍ ഒരു നിമിഷം ഓര്‍ത്തു പോയി എത്ര നഷ്ടപരിഹാരം കിട്ടിയാലും അനുപമയെ എഴുന്നേറ്റു നടത്തിക്കാന്‍ തനിക്കാവില്ല എന്ന സത്യം ഒരു ഞെട്ടലോടെ ദീപന്‍ തിരിച്ചറിഞ്ഞ് തുടങ്ങി.

വിദേശത്തു ചികിത്സ രേഷ്മയുടെ അച്ഛനാണ് ആശയം മുന്നോട്ടു വച്ചത്. ദീപന്‍ കുറച്ചുനേരം മൗനത്തിലാണ്ടു.

ആവാം ദീപന്‍ പറഞ്ഞു.

സന്ധ്യ മയങ്ങി.

നല്ല കാറ്റുണ്ടായിരുന്നു ഒരു നിലവിളി കേട്ടാണ് ദീപന്‍ ഉണര്‍ന്നത്. രേഷ്മയെ വിളിച്ചിട്ടു കിട്ടിയതുമില്ല. ഒരു ജൂബയുമെടുത്തിട്ട് ഓടിച്ചെന്നു. വെളീച്ചം കത്തുന്ന വിളക്കുള്ള കുടിലില്‍ അനുപമയുടെ അമ്മയായിരുന്നു.

അനക്കമില്ലാതെ ഒരു ശോഷിച്ച ശരീരം മൃതദേഹമായി മാറിയ നിഷ്ക്കളങ്കമായ കുഞ്ഞു മുഖം.

ദീപന്‍ വീണ്ടും മൗനത്തിലാണ്ടു. രേഷ്മ ദീപന്റെ ചുമലില്‍ തട്ടി.

”കഴിഞ്ഞു ”

ഇനിയും എന്തെങ്കിലും… അവള്‍ പറയാന്‍ ബാക്കി വച്ചത്……എന്തെങ്കിലും

രേഷ്മ വിതുമ്പിത്തുടങ്ങി.

ദീപന്‍ തിരികെ നടന്നു. പാടത്തെ വിളകള്‍ പരസ്പരം പോരടിച്ചു. വിള നിലം പോര്‍ക്കളം ആയി മാറുന്നു.

മഴ പെയ്തു തുടങ്ങി ആരവം മുഴക്കിക്കൊണ്ട് ഇടിമിന്നല്‍ കണ്ണുനീര്‍ മഴയില്‍ ലയിച്ചു.

രേഷ്മ അപ്പോഴും വിതുമ്പിക്കൊണ്ടിരുന്നു.

ദീപന്‍ തല കുനിച്ചിരുന്നു പഴയ മണമുള്ള മണ്ണില്‍ പുതിയ ആശയം ഉദിച്ചില്ല.

” ഈ നനഞ്ഞ മണ്ണില്‍
‘വികൃതമാക്കപ്പെട്ട കനത്തമഴയില്‍
നിന്നെ ഓര്‍ക്കുന്ന
മുഖ വര്‍ണ്ണങ്ങള്‍ക്കിടയില്‍
ചുരുണ്ടു കൂടിയ പക്ഷീ….ഞാനനറിയുന്നു
നിന്റെ വേദന നിറഞ്ഞ മൗനം
നിന്റെ ഹൃദയമിടിപ്പുകള്‍
നിന്റെ മരണം വീശിയ വഴികള്‍”

ആറ്റിയും കുറുക്കിയും വെട്ടിത്തിരുത്തിയ തന്റെ കവിതകള്‍ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിഞ്ഞ് അയാള്‍ കണ്ണുകളടച്ചു.

മൗനം…

പുറത്ത് നിലാവുണ്ടായിരുന്നു. അരണ്ട വെളിച്ചം തങ്ങി നിന്നിരുന്നു. പഴയ മണ്ണിന്റെ ഗന്ധം അപ്പോഴും ദീപന്റെ ശിരസില്‍ കുളിര്‍മ്മ പകരാനായി കാത്തു കിടന്നു. ദീപന്‍ പോലുമറിയാതെ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

2 COMMENTS

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here