ജനകല കഥാപുരസ്കാര സമർപ്പണം ഒക്ടോബർ ഒൻപതിന്

 

കഥാകൃത്ത് എൻ. പ്രദീപന്‍റെ സ്മരണ നിലനിര്‍ത്തുന്നതിനു വേണ്ടി ഏർപ്പെടുത്തിയ ജനകല കഥാപുരസ്കാരത്തിന് വി.എം. മൃദുലിന്റെ ‘കുളെ’ അർഹമായി. ആർ. ശ്യാം കൃഷ്ണന്‍റെ ‘മഹേഷിന്റെ‍ പ്രതികാരം’ എന്ന കഥയും ‘കുളെ’യ്ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ടു.
എൻ. പ്രഭാകരൻ ചെയർമാനും
നിരൂപകനായ എ. വി. പവിത്രൻ, ജനകല സെക്രട്ടറി രാജേഷ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് കഥകൾ തെരഞ്ഞെടുത്തത്.

‘വ്യക്തികളുടെ മരണാന്തരവും നിലനില്‍ക്കുകയും മനുഷ്യബന്ധങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന സ്നേഹത്തെക്കുറിച്ചുള്ള പ്രാദേശികവിശ്വാസമാണ്
മൃദുലിന്‍റെ കഥയുടെ പ്രമേയം. ഈ പ്രമേയത്തെ അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന അന്ധവിശ്വാസത്തെ ഓരത്തേക്ക് തള്ളിമാറ്റി സ്നേഹ സാക്ഷാത്കാരത്തിന്‍റെ, അതിഭാവുകത്വത്തിലേക്ക് വഴുതിവീഴാത്ത വൈകാരികാവിഷ്കാരമാക്കി മാറ്റുന്നതില്‍ കഥാകൃത്ത് കാണിച്ചിരിക്കുന്ന മികവ് പ്രശംസനീയമാണ്.

രചനാതന്ത്രം രചനയെത്തന്നെ കീഴ്പ്പെടുത്തി വികലവും ദുര്‍ബലവുമാക്കുന്ന പല സമകാലകഥകളില്‍ നിന്നും ഈ കഥ തീര്‍ത്തും വേറിട്ടുനില്‍ക്കുന്നു’വെന്ന്
അവാർഡ് സമിതി അഭിപ്രായപ്പെട്ടു.

‘ആഖ്യാനത്തിലെ അയത്നലാളിത്യം കൊണ്ടും പ്രമേയത്തിന്‍റെ പ്രസാദാത്മകത്വവും
ആര്‍ജവവും കൊണ്ടും മികച്ച വായനാനുഭവം വായനക്കാര്‍ക്ക് നല്‍കാനുള്ള പ്രാപ്തി കൈവരിച്ചിരിക്കുന്ന കഥയാണ് മഹേഷിന്‍റെ പ്രതികാരം.

മനുഷ്യനന്മയിലും ഏത് പ്രതികൂലസാഹചര്യത്തിലും ജീവിതത്തെ പുനര്‍നിര്‍മിക്കാനുള്ള മനുഷ്യന്‍റെ കഴിവിലുമുള്ള വിശ്വാസം ഒട്ടും
പ്രകടനപരമല്ലാത്ത രീതിയില്‍ ആവിഷ്കരിച്ചിരിക്കുന്ന ഈ കഥ വായനക്കാര്‍ക്ക് നല്‍കുന്ന ഓജസ്സ് വളരെ വലുതാണ്.’ സമിതി പറഞ്ഞു.
പതിനായിരം രൂപയും കെ.ആര്‍. വെങ്ങര രൂപകല്‍പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here