ചില സാമൂഹ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷ്മതയോടെ ശ്രമിച്ചില്ലെങ്കില്‍ അതൊരു പക്ഷെ പ്രേക്ഷകരിലേക്ക് എത്തപ്പെട്ടു എന്നു വരില്ല. നല്ല കഥയും തിരക്കഥയും ഉണ്ടങ്കില്‍ പിന്നെ സംവിധായകന് ഏറെയൊന്നും പാടു പെടേണ്ടി വരില്ല.
കഥയോടൊപ്പം വിരസതയില്ലാതെ ഒരു പ്രേക്ഷകന്‍ സ്ക്രീനില്‍ കണ്ണും നട്ട് ഇരിക്കുന്നെങ്കില്‍ അതിലൊരു വലിയ പങ്ക് എഡിറ്റിംഗ് എന്ന കലയ്ക്ക് അവകാശപ്പെട്ടതു തന്നെ.
ഒന്നാം പകുതിയില്‍ നിറഞ്ഞാടിയത് സുരാജ് വെഞ്ഞാറമ്മൂട് തന്നെ ഹാസ്യവും നായകവേഷവും വില്ലന്‍വേഷവും എന്തിന് ഇതിലെ പോലെ സെമി. വില്ലന്‍ വേഷവും തന്റെ കയ്യില്‍ ഭദ്രമെന്ന് ഈ നടന്‍ തെളിയിച്ചുകൊണ്ടേ ഇരിക്കുന്നു. ഏതേതു സംവിധായകന്റെ കൈകളിലേയും ‘ടൂളായി’ പ്രവര്‍ത്തിക്കാനുള്ള ആര്‍ജ്ജവം ഇക്കാലം കൊണ്ട് സുരാജ് നേടിക്കഴിഞ്ഞു. ഒട്ടനവധി സംവിധായകരുടെ മിനുക്കുപണി കഴിഞ്ഞൊക്കെ എത്തിയതുകൊണ്ട് ആര്‍ക്കും ഈ നടന്റെ അഭിനയ പാടവം പ്രയോജനപ്പെടുത്താനാകും.
ഈ പുതിയ കാലത്ത് പ്രേക്ഷകരെ തിയറ്റുകളില്‍ എത്തിക്കണമെങ്കില്‍ സിനിമയില്‍ അവരാഗ്രഹിക്കുന്നതൊക്കെ കൊടുത്തേ തീരു.
സമകാലിക സംഭവങ്ങളെ കണ്ട് പ്രതികരിക്കാതെ നോക്കുകുത്തിയായി മാറിയ നമുക്ക് നേരെ തന്നെയാണ് ചില കഥാപാത്രങ്ങളുടെ ‘ ടാര്‍ഗറ്റ്’
നേര്‍ക്കു നേരെ നിന്ന് ആരോ ചോദ്യം ചെയ്യുന്ന പ്രതീതി ഓരോ പ്രേക്ഷകരിലുമുളവാക്കുന്നു.
അതിന്റെ നോവ് കുറച്ചു നേരമെങ്കിലും കുത്തി നോവിക്കും തീര്‍ച്ച.
രണ്ടാം പകുതിയില്‍ എത്തിയതു തന്നെ പ്രേക്ഷകര്‍ അറിഞ്ഞില്ല എന്നു വേണം പറയാന്‍. അത്രയേറെ ചടുലതയോടെ തന്നെയാണ് ഓരോ രംഗങ്ങളും തിമിര്‍ത്താടിയത്.
കര്‍ണാടക പശ്ചാത്തലമായ ചില സംഭവബഹുലമായ കാഴ്ചകള്‍ക്ക് ഈ ചിത്രത്തെ കേവലമൊരു മലയാള സിനിമ എന്ന വേലിക്കെട്ടില്‍ തളച്ചിടേണ്ടതല്ല. ഇത് അക്ഷരാര്ത്ഥത്തില്‍ ‘ ഒരു ഇന്ത്യന്‍ സിനിമ’ തന്നെ , അല്ല അങ്ങിനെ ആകണം.
നമ്മുടെയൊക്കെ കാമ്പസില്‍ നടുക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സമൂഹം അത് കണ്ട് മറക്കുമ്പോള്‍ തിരക്കഥാകാരന്റെ മനസില്‍ അത് നീറി നീറി കഴിഞ്ഞപ്പോള്‍ നല്ലൊരു സിനിമയായി.
ഡയലോഗ് പ്രസന്റേഷനില്‍ പൃഥിരാജ് പാകത നേടിക്കഴിഞ്ഞു എന്ന് ചിത്രം നമ്മോടു പറയാതെ പറയുന്നു. അല്ലാതെ തരമില്ലല്ലോ.
ഷമ്മി തിലകന്‍ എന്ന അഭിനയപ്രതിഭയോട് ‘കട്ടക്കു’ നിന്ന് അഭിനയിച്ച് പൊരുതാന്‍ ഒത്തിരി ആര്‍ജ്ജവം വേണം. നീതി നടപ്പാക്കുന്ന നിയമപാലകരെ, രാഷ്ട്രീയക്കാരെ, ഉദ്യോഗസ്ഥരെ നായകന്‍ പഞ്ച് ഡയലോഗിലൂടേ ആക്രമിക്കുമ്പോള്‍ താന്‍ ആഗ്രഹിച്ചത് നായകനില്‍ നിന്നു കേള്‍ക്കുന്ന നിസഹായരായ ജനം കയ്യടിക്കുന്നു. ഇവിടെ ഇപ്പോള്‍ നായകനും മറ്റു കഥാ പാത്രങ്ങളും നിസ്സംഗരായ പ്രേക്ഷകരെ തന്നെയാണ് പ്രതികൂട്ടില്‍ നിര്‍ത്തിപ്പൊരിക്കുന്നത് . അപ്പോഴും നാം കയ്യടിക്കുന്നു അല്ലാതെ നമുക്ക് നമ്മെ തിരുത്താന്‍ പറ്റില്ലല്ലോ.
ഒട്ടനവധി സിനിമാപ്രവര്‍ത്തകര്‍ക്ക് ജന്മം നല്‍കിയ നാടാണ് വൈപ്പിന്‍ കര. ഷാരീസ് മുഹമ്മദ് എന്ന ഈ എടവനക്കാട്കാരനെ ഇനി മലയാള സിനിമക്ക് കണ്ടില്ലെന്നു നടിച്ചു പോകാനാകില്ല.
ഏറെ സമയമൊന്നും സ്ക്രീനില്‍ ഇല്ലാത്ത ‘സബ മറിയം’ മമംദ മോഹന്‍ദാസ് ഗംഭീരമാക്കി.
ഷറഫ് എഴുതി ജോയ്സ് ജോയ് സംഗീതം നല്‍കി അഖില്‍ ജെ. ചന്ദ് പാടിയ ” ആളും തീ… എന്ന ഗാനം നീറ്റായി മനസില്‍ ഇപ്പോഴും ഉണ്ട്.
ഈ ചിത്രം മൊഴി മാറ്റി റീമേക്കായി സകല ഇന്ത്യന്‍ ഭാഷകളിലും എത്തപ്പെടണം. ഈ ചിത്രം ഒന്നു പരിചിന്തനം ചെയ്യുമ്പോള്‍ സിജോ ജോസ് ആന്റണി എന്ന സംവിധായകന്റെ കാര്യ പ്രാപ്തി , വിഷന്‍ , പ്രതിബദ്ധത നാം തിരിച്ചറിയുന്നു. കാലങ്ങളായി ജനം മനസില്‍ കൊണ്ടു നടക്കുന്ന പല വീര്‍പ്പുമുട്ടലുകളും ഓരോരോ കഥാപാത്രങ്ങള്‍ക്കായി വീതം വച്ച കൊടുത്തു സംവിധായകന്‍ മനസിനെ സ്വസ്ഥമാക്കാന്‍ ശ്രമിക്കുന്നു . ഈ സിനിമ ഒത്തിരി താക്കീതുകള്‍ , പാഠങ്ങള്‍ സമൂഹത്തിലെ വിവിധ തുറയില്‍ പെട്ടവര്‍ക്ക് നല്‍കുന്നുണ്ട്. ആര്‍ക്കും അതിലെ പച്ച പരമാര്‍ത്ഥ ക്കാഴ്ചകള്‍ കണ്ടു മറക്കാനാകില്ല.
ഈ ചിത്രം നിര്‍മ്മിക്കാനുള്ള ആര്‍ജ്ജവം കാണിച്ച പൃഥിരാജും അഭിനന്ദനം അര്‍ഹിക്കുന്നു. ചില സംവിധായകരുടെ പേരു മതി തീയറ്ററിലേക്കു ആളെ കൂട്ടാന്‍. ചിത്രം കണ്ടിറങ്ങുമ്പോള്‍ ഒരു ആത്മനിന്ദ ചിലര്‍ക്കെങ്കിലും അനുഭവിച്ചു കാണൂം. പ്രതികരണശേഷി നഷ്ടപ്പെട്ടു കഴിഞ്ഞവര്‍ക്ക് പ്രതികരിക്കുന്നവരുടെ മുന്നില്‍ തലതാഴ്ത്തേണ്ടി വരും എന്നു ചിത്രത്തിന്റെ ബാക്കിപത്രം.
ഈ ചിത്രം തിയറ്ററിനു പുറത്തു വരും നാളൂകളീല്‍ ചര്‍ച്ചയാകാതിരിക്കില്ല അത്രക്കു ‘ഡെപ്ത്തുണ്ട്’ ഇതിലെ കാഴ്ചകള്‍ക്ക്, ആക്രോശങ്ങള്‍ക്ക്, മൗനത്തിന്……….!