നല്ല വേനൽക്കാലം തുടങ്ങി. ഉച്ചയൂണുകഴിഞ്ഞു ഓഫീസ്സിൽ നിന്നും പുറത്തിറങ്ങി കമ്പനിയുടെ ഗേറ്റുവരെ നടക്കുക പതിവാണ്. പുറത്ത് കട്ടികൂടിയ വെയിലാണ്.
കമ്പനിക്കു വെളിയിൽ വഴിയോരംചേർന്നു കൂട്ടിയിട്ടിരിക്കുന്ന വേസ്റ്റുകളിൽ ചിക്കിചികഞ്ഞു വേസ്റ്റു പെറുക്കുന്നന്നയാൾ. വേസ്റ്റിൽ കാന്തം ചലിപ്പിച്ച് അതിൽനിന്നും ലോഹം അയാൾ വേർതിരിച്ചെടുക്കുന്നു. കൊടും ചൂടിൽ നിന്ന് അയാൾ ആ ജോലി ചെയ്തില്ലെങ്കിൽ ഒരുപക്ഷെ അയാളുടെ അന്നം മുട്ടുമെന്നയാൾക്കുറപ്പുള്ളതുകൊണ്ടാണ് അയാൾ ചൂടിനെ തെല്ലും വകവെയ്ക്കാതെ അത്തരം ജോലിചെയ്യുന്നത്.
അയാളൂടെ കൈകാലുകൾ ശോഷിച്ചിരുന്നു. കണ്ണുകൾ ഉള്ളിലേക്ക് കുഴിഞ്ഞിരുന്നു. കീറിപ്പറിഞ്ഞ ഒരു പാന്റും ഷർട്ടുമാണ് അയാൾ ഇട്ടിരിക്കുന്നത്. കൈകൾ രണ്ടിലും പൊടിപിടിച്ചിരിക്കുന്നു. ഭിക്ഷ യാചിക്കുന്നവർക്ക് ഇതിലും നല്ല വരുമാനം കിട്ടും. പക്ഷെ അയാളുടെ അത്മാഭിമാനം അയാൾ കാക്കുന്നത് അദ്ധ്വാനിച്ചു ജീവിക്കുന്നതിലാണ്.
താഴെത്തട്ടിൽ ക്ലേശങ്ങൾ അനുഭവിക്കുന്നവരെ നമ്മളും നമ്മുടെ ഭരണകൂടങ്ങളും കണ്ടില്ലെന്നു നടിക്കുന്ന എത്രയെത്ര സംഗതികൾ നമുക്കു ചുറ്റുമുണ്ടെന്നു സ്വയം പറഞ്ഞ്കൊണ്ട് ഞാൻ ഓഫീസ്സിലേക്കു മടങ്ങി.
എന്റെ മുന്നിൽ വന്നുനിന്ന് ജാദാവ് തല ചൊറിയാൻതുടങ്ങി. എനിക്കപ്പോൾതന്നെ കാര്യം മനസ്സിലായി. പൈസ കടം ചോദിക്കാൻ അല്ലതെ മറ്റൊന്നിനുമല്ലെന്ന് .
“ ജാദാവ് തും കിസ്സിലിയെ മേരെ സാംനെ കടാഹോക്കർ ശിർ കുച്ലാരഹാ ഹെ…? “(ജാദാവ് എന്തിനാണ് നീ എന്റെ മുന്നിൽനിന്ന് തല ചൊറിയുന്നത്)
“സർ ദാഡി കർനെക്കാ ഹെ…മുജെ പച്ചാസ് റുപ്പിയ ചാഹിയെ..“” ( സർ എനിക്കു താടി വടിക്കുവാൻ അൻപതു രൂപ വേണം..)
ഞാൻ ജാദാവിന്റെ മുഖത്തോട്ടു നോക്കി. നരച്ച താടി രോമവും മീശയും ധാരാളമായി വളർന്നിരിക്കുന്നു. ചിലപ്പോഴൊക്കെ മാസത്തിൽ രണ്ടു തവണ അല്ലെങ്കിൽ ഒരു തവണ മാത്രമാണ് ജാദാവ് താടി വടിക്കാറുള്ളു. കടം വാങ്ങിപ്പോകുന്ന പൈസയെല്ലാം അയാൾ നാടൻ ചാരായം കുടിക്കുന്നതിന് ഉപയോഗിക്കും. ഇനി നിവർത്തികേടുകൊണ്ടെന്നപോലെ താടി വടിച്ചിട്ടു വന്നാൽ ജാദാവിന് ഏഴഴകായിരിക്കും. ഒരാഴ്ചത്തേയ്ക്ക് സായ്പ്പിന്റെ മുഖം പോലെയുണ്ടായിരിക്കും അയാളുടെ മുഖം കണ്ടാൽ.
പലപ്പോഴായി വാങ്ങിയ പൈസയെല്ലാംചേർന്ന് എത്രയായെന്നു കണക്കുകൂട്ടി ഞാൻ ജാദാവിന് പറഞ്ഞു കൊടുക്കും.
അപ്പോഴെല്ലാം ജാദാവ് പറയും “ സാബ് അഗലെ തൻകാ കാ ദിൻ ആപ് കാ സബ് ഉദാർ ചുകാദൂംഗ..” ( സാബ് അടുത്ത ശമ്പളം കിട്ടുന്ന ദിവസ്സം താങ്കളുടെ എല്ലാ കടവും തീർത്തു തന്നുകൊളളാം…)
അയാളുടെ മുഖത്തു കളളച്ചിരി വിരിയുന്നത് ഞാൻ ശ്രദ്ധിച്ചു.
എനിക്കറിയാം അവൻ ആ പൈസ തരാൻ പോകുന്നില്ലെന്ന്.
ഞാൻ പറഞ്ഞു “ തും കഫി നഹി വാപസ് ലൗട്ടേഗ യെഹ് പൈസ..” (നീ ഒരിക്കലും തിരിച്ചു തരില്ല ആ പൈസ..)
“ നഹി സാബ്… മെ കസംസെ ബോൽത്താഹും ഇസ് ബാർ മെ ആപ് കാ പൈസ ലൗട്ട്കറി രെഹൂംഗാ…” (ഇല്ല സാർ ഞാൻ സ്ത്യമായിട്ടും പറയുന്നു ഇത്തവണ ഞാൻ താങ്കളുടെ പൈസ തിരിച്ചു തന്നിരിക്കും).
പിറ്റേന്ന് രാവിലെതന്നെ ജാദവ് എന്റെ അടുത്തു വന്നു. അന്നു ചെയ്തുതീർക്കേണ്ട പ്രധാന ജോലികൾ എന്തൊക്കെയാണെന്ന് ഡയറിയിൽ കുറിക്കുകയായിരുന്നപ്പോൾ.
ഞാൻ അയാളെ അടിമുടി നോക്കി. മുടിവെട്ടി മീശയും താടിയും വടിച്ച് വൃത്തിയ്ക്കാണ് ജാദാവ് വന്നിരിക്കുന്നത്. പൈസ വാങ്ങിയത് ദുരുപയോഗം ചെയ്തില്ല എന്നു കാണിക്കാൻ കൂടിയായിരുന്നു ആ വരവിന്റെ ഉദ്ദേശം.
അയാൾ എന്റെ ടേബിളും കസേരയും കമ്പ്യുട്ടറും തുടച്ച് വൃത്തിയാക്കി. പിന്നെ അക്വവാ ഗാർഡിൽ നിന്നും ഒരു കുപ്പി വെള്ളവും നിറച്ച് എന്റെ മേശപ്പുറത്തുവെച്ചു.
ഞാനൊരു അന്യനാട്ടുകാരനാണെങ്കിലും എന്നെ അയാൾ വളരെ ബഹുമാനിച്ചിരുന്നു. വല്ലപ്പോഴും ഇത്തിരി പൈസകൊടുക്കുന്നതുകൊണ്ടോ അല്ലെങ്കിൽ കൊടുത്തകാശ് തിരിച്ചു ചോദിക്കാതിരിക്കുന്നതുകൊണ്ടോ അല്ല. ഒരുപക്ഷെ ഞാൻ അയാളോട് പെരുമാറുന്ന രീതി അയാൾക്ക് ഹൃദ്യമായതുകൊണ്ടായിരിക്കാം.
ഒരാൾ പറഞ പണി ചെയ്തുതീർക്കുമ്പോഴായിരിക്കും അടുത്ത ഡിപ്പാർട്ട്മെന്റിലെ ഹെഡ്ഢ് മറ്റൊരു ജോലി പറയുന്നത്. അങ്ങനെയുളള സമയങ്ങളിൽ ഞാൻ അയാളെ ശ്രദ്ധിക്കാറുണ്ട് അയാളുടെ പ്രതികരണമെന്തായിരിക്കും എന്നാറിയാൻ. മുഖത്ത് ഒട്ടും നീരസ്സത്തിന്റെ ലാഞ്ചനപോലും വരുത്താതെ അയാൾ സസന്തോഷം അടുത്ത ജോലി ഏറ്റെടുക്കുന്നതു കാണുമ്പോൾ അയാളെ പ്രതി എനിക്ക് ഗർവ്വ് തോന്നാറുണ്ട്. എന്റെ ദിനമ്പ്രതിയുളള ജോലികൾക്കും അതൊരുത്തേജനം തന്നെയായിരുന്നു.
നമ്മൾ നമ്മളിൽനിന്നു പഠിക്കാതെ മറ്റുള്ളവരെക്കണ്ട് അവരുടെ നല്ലകാര്യങ്ങൾ ജീവിതത്തിൽ പകർത്താൻ തയ്യാറാകണം. ഒരുപക്ഷെ അയാളുടെ സ്ഥിതിയെന്തുതന്നെയായിക്കൊള്ളട്ടെ.
ഒരുവർഷം മുമ്പാണ് അയാളുടെ രണ്ടാണ്മക്കളിൽ ഒരാൾ മരിച്ചത്. മൂത്തവൻ മാതാപിതാക്കളുടെ കാര്യം അത്രകണ്ട് നോക്കിയിരുന്നില്ല. രണ്ടാമത്തവൻ ജാദാവിന്റെ തനി സ്വരൂപമായിരുന്നു. എല്ലാത്തിനും മിടുക്കനും. അതുകൊണ്ടായിരിക്കും ജാദാവ് മിക്കപ്പോഴും ആകുട്ടിയുടെ കാര്യം എന്റെയടുത്ത് ആവർത്തിച്ചു പറയാറുളളത്.
അവൻ അന്ന് സൈക്കിളിൽ ജോലിസ്ഥലത്തുനിന്നു മടങുകയായിരുന്നു. അതുവഴി പോയ വണ്ടിയുടെ ടെയിൽ ബോർഡ് പൂട്ടുന്ന ചങ്ങല അഴിഞു കിടക്കുകയായിരുന്നു. വണ്ടി ഓടുന്ന സ്പീഡുകൊണ്ട് ആ ചങ്ങല ശൂന്യതയിൽ ഇളകിയാടുന്നുണ്ടായിരുന്നു. ചങ്ങലയുടെ കൊളുത്ത് കുട്ടിയുമായി ഉടക്കി. കുറെ ദൂരം റോഡിൽക്കൂടി കുട്ടിയെ വലിച്ചിഴച്ചു. വണ്ടി നിർത്തുമ്പോൾ കുട്ടി മരണപ്പെട്ടിരുന്നു.
കർമ്മങ്ങളെല്ലാം കഴിഞ് ജാദാവ് ഓഫീസ്സിൽ ജോലിക്ക് തിരിച്ചുവന്നു. എന്റെ മേശയ്ക്ക് മുന്നിൽ വന്നുനിന്നയാൾ വിളിച്ചു “ സാബ്..”
ഞാൻ തലയുയർത്തി നോക്കി. എന്റെ ആശ്വാസവാക്കിനായി കാത്തുനിൽക്കുന്നതിനു മുമ്പേ എന്റെ മാറോടൊട്ടി കരയണമെന്ന് അയാൾക്കു തോന്നിയ നിമിഷങ്ങൾ. ഒരു കുട്ടിയെപ്പോലെ അയാളെ ഞാൻ എന്റെ മാറിൽ ചേർത്തുപിടിച്ചു. ദു:ഖത്തിന്റെ ഒരപാരപാരാവാര പരവശതയോടും ഗദ്ഗദത്തോടുംകൂടി എന്റെ മാറിൽചാരി അയാൾ ഒരുകുട്ടിയെപ്പോലെ എണ്ണിപ്പെറുക്കി കരഞു.
“ മേര ലാൽ ഗെയ സാബ്…..മുജെ ചോട്ക്കർ…. മേര ലാൽ ഗയാ സാബ്…” ( എന്റെ പൊന്നു മോൻ പോയി സാബ്…എന്നെ വിട്ടു… എന്റെ പൊന്നുമോൻ പോയി സാബ്….. )
വിഷമം ഉള്ളിലൊതുക്കി ഞാൻ അയാളെ സാന്ത്വനപ്പെടുത്തി.
കുറെനാളുകൾക്കു ശേഷമാണ് മകൻവിട്ടുപോയ ആഘാതത്തിൽനിന്നും അയാൾ തിരിച്ചുവന്നത്. അതുപോലെതന്നെ സ്വതസിദ്ധമായ പഴയ പുഞ്ചിരിയും അയാളുടെ മുഖത്ത് തിരിച്ചുകൊണ്ടുവന്നത്.
ട്രക്കിൽ എത്തുന്ന സാധനങ്ങൾ ഇറക്കാൻ ആരും പറയാതെ തന്നെ ജാദാവ് ഓടിയെത്തും. ലക്ഷ്യം ഒന്നു മാത്രമേയുള്ളു ജോലി കഴിയുമ്പോഴേക്കും ഒരു ഗ്ലാസ് ചാരായത്തിനുള്ളത് ഉണ്ടാക്കണം. അല്പം മത്തനാകണം. എല്ലാം മറക്കണം കുട്ടിയുടെ വിയോഗം വീട്ടിലെ കഷ്ടതകൾ അങ്ങനെ പലതും അയാൾക്കു മറക്കണം.
ഇത്രയേറെ ദുഖങ്ങൾ ഉള്ളിലൊതുക്കി എങ്ങനെ അയാൾ മുഖം വിടർത്തി ചിരിക്കുന്നുവെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഞാനും അയാളെക്കണ്ട് കുറെയൊക്കെ പഠിക്കാൻ ശ്രമിച്ചു.
എന്റെ വിഷമ സന്ധികളിൽ ഞാൻ ഓർക്കുന്നത് ദൈവത്തിനുപകരം ജാദാവിനെയാണ്. കാരണം ജാദാവിനു ദൈവംകൊടുത്ത ഒരു സവിശേഷതയാണ് ഏതു പ്രതിസന്ധിയിലും മുഖംവിടർത്തി മന്ദഹസ്സിക്കുകയെന്നത്.
പാതി ബോധത്തിൽ വീട്ടിലേയ്ക്കുള്ള വഴിയെ തനിയെ നടക്കും. പലതും പിറുപിറുത്ത് സ്വയം പഴിച്ചുകൊണ്ടുളള നടത്തം.
വീട്ടിലെത്തിയാൽ ബാജ്‌റകൊണ്ടുള്ള റൊട്ടിയും വഴുതനങ്ങ ചുട്ട് പച്ചമുളകും ചേർത്തിടിച്ചുണ്ടാക്കിയ ബേങ്കൻ ബറുത്തയുംകൂട്ടി ഭക്ഷണംകഴിക്കണം. അയാളുടെ ആദിവസ്സത്തിന്റെ അന്ത്യവും അതൊടെ കഴിയും.
ഉറക്കത്തിലും അയാൾ പിറുപിറുത്തുകൊണ്ടിരിക്കും. ഒന്നുകിൽ തന്റെ പിരിഞ്ഞുപോയ മകനെക്കുറിച്ചുളള വ്യാകുലതകൾ അല്ലെങ്കിൽ അന്നു കമ്പനിയിൽ വഴക്കുപറഞ്ഞ സാബിനോടുളള ദേഷ്യം.
ഈയിടെയായി ജാദാവിന് അല്പം കുടി കൂടിയിട്ടുണ്ട്. രാത്രിയിൽ കുടിച്ചതിന്റെ പറ്റ് ഇപ്പോഴും വിട്ടു മാറിയിട്ടില്ലെന്നുതോന്നുന്നു. അസിസ്റ്റന്റിനോട് തട്ടിക്കയറി സംസാരിക്കുകയും പറയുന്നത് അനുസ്സരിക്കുന്നുമില്ല എന്നു പറഞ്ഞ് അസ്സിസ്റ്റന്റ് എന്നോട് പരാതി പറഞ്ഞു. ഞാൻ റൗണ്ടിനു വരുമ്പോൾ ജാദാവിനെ എന്റെ മുന്നിൽ കൊണ്ടുവരാൻ പറഞ്ഞ് അസിസ്റ്റന്റിനെ സമാധാനിപ്പിച്ചു വിട്ടു.
രാവിലത്തെ തിരക്കുപിടിച്ച ജോലിയിൽനിന്നു അയാസംകിട്ടിയപ്പോൾ ഫാക്ടറിയിൽ റൗണ്ടിനുപോയി. സാധനങ്ങൾ അതിന്റെ യഥാസ്ഥാനത്തും ചിട്ടയിലുമാണോവെച്ചിരിക്കുന്നത് സാധനങ്ങളുടെ വരവുപോക്ക് കൃത്യമായി രേഖപ്പെടുത്തുന്നുണ്ടോ എന്നുംമ്മറ്റും കണ്ണോടിച്ചു ഞാൻ ഫാക്ടറിയിൽകൂടി നടന്നു. അപ്പോൾ അസിസ്റ്റന്റ് ജാദാവിനെ ഒരു കുറ്റക്കാരനെയെന്നപോലെ എന്റെ മുന്നിൽ ഹാജരാക്കി. ജാദാവ് എന്നിൽനിന്നും പത്തടിവാര അകലെ കുറ്റം ചെയ്തവനെപ്പോലെനിന്നു. ചാരായത്തിന്റെ മണം നന്നായ് അയാളിൽ നിന്നും ആഗമിക്കുന്നുണ്ടായിരുന്നു. വായിൽവന്ന ചീത്തയെല്ലാം ഞാൻ അയാളെ വിളിച്ചു. ഒന്നും മിണ്ടാതെ താഴോട്ടു നോക്കി ജാദാവ്നിന്നു.
“ ദോ നമ്പർ കാ പൈസ ബഹുത്ത് മിൽ രഹാഹെ തുംകോ അഭി……. ഇസ്ലിയെ ഇത്നാ പീത്തേഹൊ തും…!” ( മറ്റിനത്തിൽ നിനക്കിപ്പോൾ ധാരാളം പൈസ കിട്ടുന്നുണ്ട് അതുകൊണ്ടാണ് ഇത്രയും കുടിക്കുന്നത് നീ…!) ദേഷ്യപ്പെട്ട് ഉച്ചത്തിലാണ് അതു പറഞ്ഞത്.
ജാദാവ് ഒരക്ഷരം പോലും ഉരിയാടാതെ എനിക്കു മുന്നിൽ നിന്നു.
“ചോർ കി തരഹ് ക്യോം കടാഹെ മേരെ സാംനെ…ജാക്കർ കാം കരോ….!!” (കള്ളനെപ്പോലെ എന്തിനാണ് എന്റെ മുന്നിൽ നിൽക്കുന്നത്….പോയി ജോലി ചെയ്യൂ…)
അയാൾ അസിസ്റ്റന്റിന്റെപിന്നാലെ ഒരുഅനുസരണയുള്ള സിംഹത്തേപ്പോലെ അനുഗമിക്കുന്നതുകണ്ട് ഞാൻ ഒഫീസ്സിലേക്ക് മടങ്ങി.
ജാദാവ് ഒരു മുക്കുടിയൻ ആകാൻ കാരണം ഒരുപക്ഷെയെന്നല്ല നൂറു ശതമാനവും കാരണക്കാരൻ ദേശ്മുഖാണ്. ദേശ്മുഖിന്റെ കയ്യിൻനിന്നു കിട്ടുന്ന അന്യായമായ പൈസകൊണ്ടാണ് മിക്കപ്പോഴും ജാദാവ് കുടിക്കാറുള്ളത്.
കമ്പനിയിൽനിന്ന് എന്തെങ്കിലും അനധികൃതമായി കടത്താൻ ഉപയോഗിക്കുന്നത് ജാദാവിനെയാണ്. ജാദാവില്ലാത്തപ്പോൾ പവാറിനെയും.
കഠിനമുള്ളതും ദൈർഘ്യമേറിയതുമായ ഒരു ജോലിയാണ് വർഷാവസ്സാനം സർവ്വസാധനങ്ങളുടെയും കണക്കെടുക്കുക എന്നത്. പലരും ഒഴിവുകഴിവുകൾ പറഞ്ഞ് അന്നു ലീവെടുക്കാൻനോക്കും. പക്ഷെ കമ്പനിയുടെ ബൈലോ പ്രകാരം അങ്ങനെയുള്ള ദിവസ്സങ്ങളിൽ ആരും ലീവെടുക്കാൻ പാടില്ല.
ജാദാവ് അത്തരത്തിലുള്ള സന്ദർഭങ്ങളിൽ ഒരിക്കലും ഫാക്ടറിയിൽ വരാതിരുന്നിട്ടില്ല. വരാതിരുന്നാൽ അയാൾക്കാണ് നഷ്ടം. അന്നെല്ലാവരിൽനിന്നും തരാതരം അല്ലറചില്ലറ വാങ്ങിയെടുക്കുന്ന ദിവസ്സ്മാണ്.
ജാദാവിനെ ഒരിക്കലും ജോലിചെയ്ത് തളർന്നു കണ്ടിട്ടില്ല. ചീത്തവിളിച്ചാലും മുൻവശത്തെ പല്ലുകൊഴിഞ്ഞ മോണകാട്ടി ചിരിക്കുകമാത്രംചെയ്യും.
രാത്രി ഒൻപതുമണിയെങ്കിലുമാകും കണക്കെടുപ്പുകഴിയുമ്പോൾ. ഇടയ്ക്കിടയ്ക്ക് ക്യാന്റീനിൽ ന്നിന്നെത്തുന്ന വടാപ്പാവ് വയറുനിറയെ ജാദാവ് കഴിക്കും. അത്രയും പണിക്കാരിൽ ആത്മാർത്ഥമായി ജോലിചെയ്യുന്ന പണിക്കാരൻ ജാദാവുമാത്രമായിരുന്നു.
കണക്കെടുപ്പുള്ള നാളുകളിൽ ജാദാവിനു കൈമടക്ക് കിട്ടുമെന്നറിയാം. എല്ലാ ഡിപ്പാർട്ട്മെന്റ് മേധാവികളിൽനിന്നും കുറെശെയായി കൈമടക്കുകൾ കൈക്കലാക്കും. അവസ്സാനം എന്റെ അടുത്തും വരും. തലയിൽ ചൊറിഞുള്ള ഒരേനില്പുതന്നെ. എല്ലാവരുടെ കയ്യിൽ നിന്നും വാങ്ങിക്കൂട്ടിയതിനു മൊത്തം കുടിക്കരുതെന്ന് ഞാൻ ഉപദേശിച്ച് എന്റെ വക കൈമടക്കും കൊടുത്തു വിടും.
“ ജാദാവ് തും മേരെസെ പൈസ ലേനെക്കെ അലാവ കഭി വാപ്പസ് നഹി ദേത്താ…..!?” (ജാദാവ് നീ എന്നിൽ നിന്നു പൈസ വാങുന്നതല്ലാതെ ഒരിക്കലും തിരിച്ചുതരാറില്ലല്ലോ…!!.
“ സാബ് മെ ആപ്കാ പൈസ ഏക് ദിൻ ജരൂർ വാപ്പസ് ദേഗാ…..യെഹ് ജാദാവ് കാ വചൻ ഹെ….!” (സാർ ഞാൻ താങ്കളുടെ പൈസ ഒരു ദിവസം തീർച്ചയായും തിരിച്ചുതരും…ഇത് ജാദാവിന്റെ വാക്കാണ്…!)
പൊകുന്ന വഴിവക്കിലുള്ള ചാരായക്കടയിൽനിന്നു മൂക്കറ്റം കുടിയ്ക്കും. പിന്നെ ഉറയ്ക്കാത്ത കാലുകളൊടെയുള്ള ചുവടുവെപ്പ്. ചിലപ്പോൾ കയ്യിലുള്ള സൈക്കിൾ വഴിയോരത്ത് ഉപേക്ഷിക്കാറാണ് പതിവ്.
ഇളയമകൻ മരിക്കുന്നതിനുമുമ്പ് അവൻ വഴിയോരത്തുകൂടി ചെന്ന് സൈക്കിൾ എടുത്തുകൊണ്ടുപോകും. അതിനിന്നവൻ ഇല്ലല്ലോ എന്ന് ജാദാവ് പലപ്പോഴും കുണ്ഠിതപ്പെട്ടുകണ്ടിട്ടുണ്ട്.
സൈക്കിൾ വഴിയരികിൽ ഉപേക്ഷിച്ച് പിന്നെ കുറുക്കു വഴിയിലൂടെയായിരിക്കും നടത്തം. റെയിവെ ഗേറ്റുംകടന്ന് ദത്തമന്ദിരവും ധർമ്മപുരിയും താണ്ടിയാണുപോകുന്നത്. ധർമ്മപുരിയിൽ നിന്നും അല്പം പ്രസാദം കഴിക്കും.
ഒരു മറാഠി മനുഷ്യൻ തന്റെ സ്വന്ത പറമ്പിൽ അമ്പലംകെട്ടിയിരിക്കുകയാണ്. നിത്യേന അവിടെ പലരും സദ്യവട്ടങ്ങൾ നേർച്ചയായി നടത്താറുണ്ട്. ആർക്കും അവിടെപ്പോയി പ്രസാദമോ അല്ലെങ്കിൽ ഭക്ഷണമോകഴിക്കാം. ജാദാവ് ദിവസ്സവും അവിടെനിന്നും പ്രസാദം കഴിച്ചിട്ടാണ് പോകാറ്. പിന്നെ നീളുന്നതീവണ്ടിപ്പാതയ്ക്കരുകിൽകൂടി നടക്കും. അതാണ് എളുപ്പവഴിയെന്ന് പറ്റുപിടിച്ചിട്ടുണ്ടെങ്കിലും അയാൾക്കറിയാം.
നീണ്ട ഹോറൺ അടിച്ച് തീവണ്ടി ഇരമ്പിപ്പായുമ്പോഴും അയാൾ നിർഭയം അതിനരികിൽകൂടി നടനു നീങും.
ചിലപ്പോൾ വഴിയിൽ കിടന്നുമയങും. അപ്പോഴൊക്കെ ഇളയമകനായിരുന്നു തേടിവന്ന് അച്ചനെ വീട്ടിൽ കൂട്ടിപ്പൊയിരുന്നത്.
ശനിയാഴ്ച കമ്പനിക്ക് അവധിയുള്ള ദിവസ്സമണ്. പവർ കട്ടുള്ള ദിവസ്സം ശനിയാഴ്ചയാണ്. അതുകൊണ്ടാണ് അന്നു കമ്പനികൾക്കവധിയും.
ഏകദേശം പതിനൊന്നു മണിക്കാണ് എച്ച് ആർ ഡി മാനേജരുടെ മൊബൈൽ ഫോൺ എനിക്കു വരുന്നത്. എന്റെ കാൽക്കീഴിൽനിന്ന് ഭൂമിമാറിപ്പോയ പ്രതീതിയായിരുന്നപ്പോൾ. തലയ്ക്ക് പെരുപ്പുകയറിയതുപോലെയും. അയാൾ പറയുന്നത് ഞാൻ മൗനമായികേട്ടുനിന്നു. ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല.
ദേശ്മുഖിന്റെ ആജ്ഞപ്രകാരം തലേദിവസ്സം അയാൾ സാധനങൾ അന്യായമായി കടത്തുന്ന വണ്ടിയിൽപോയി. തിരിച്ചെത്തിയപ്പോൾ പതിവിലേറെ കൈമടക്ക് ദേശ്മുഖ് ജാദാവിനു കൊടു ത്തിട്ടുണ്ടാവണം.
പതിവുള്ള ചാരായക്കടയിൽനിന്നും പതിവിലും കൂടുതൽ അയാൾ കുടിച്ചു.
പുറത്തുപോകും അതിനാൽ ചിലപ്പോഴായിരിക്കും രാത്രി മടങ്ങിയെത്തുകയുള്ളു എന്നു വീട്ടിൽ പറഞിട്ടാണ് ജാദാവ് പോയത്. അതുകൊണ്ട് അന്ന് വീട്ടിൽ ആരും അയാളെക്കുറിച്ച് തിരക്കിയില്ല.
കുടിച്ച് മത്തനായ അയാൾ നീളുന്ന റെയിൽപ്പാളത്തിൽകൂടി നടന്നു. നാട്ടുവെളിച്ചം നന്നായുണ്ടായിരുന്നു. കിക്കർ എന്ന മുൾച്ചെടികൾനിറഞ്ഞ വിജനമായ പ്രദേശത്തുകൂടിയാണ് റെയിൽപ്പാത കടന്നുപൊകുന്നത്. നാട്ടുവെളിച്ചത്തിൽ മിന്നുന്ന സമാന്തര റെയിൽപ്പാളം. അതിനു നടുവിൽകൂടി ജാദാവ് ഉറയ്ക്കാത്ത ചുവടുകളുമായി നടന്നു.
മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ അയാളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ജാദാവ് മുഖം വിടർത്തി വെളുക്കെ ചിരിക്കാറുള്ളതുപോലെ.
പകൽ മുഴുവൻ കഷ്ടപ്പെട്ടതിന്റെയും ട്രക്കിലിരുന്നു ദീർഘദൂരം സഞ്ചരിച്ചതിന്റെയും ക്ഷീണം അയാളെ തളർത്തിയിരുന്നു.
പരിസരം മറന്നയാൾ അവിടെ റെയിൽപ്പാളത്തിൽ തലചായ്ച്ചു കിടന്നുറങി. ട്രെയിൻ ചൂളംവിളിച്ച് കടന്നുപോയി. ഒപ്പം അയാളുടെ ജീവനും എടുത്തുപോയി.
ഇപ്പോൾ ആനക്ഷത്രഗണങ്ങൾക്കിടയിൽ ഒരുമിന്നുന്നനക്ഷത്രമായി ജാദാവും ചേർന്നു ചിരിക്കുന്നുണ്ടാവും ഈ ജഗത്തിലെ വികൃതി കുലത്തെ നോക്കി.
ഞാൻ ചെല്ലുമ്പോൾ അയാളെ ചിതയിൽ വെച്ചിരുന്നു..
ചിതയ്ക്ക് തീ ആളിപ്പടരുമ്പോൾ എന്റെ മനസ്സിലും തീ ആളിപ്പടർന്നു തുടങ്ങിയിരുന്നു.
അയാൾ എപ്പോഴും പറയാറുള്ള വാക്കുകൾ എന്റെ മനസ്സിന്റെ തിരശ്ശീലയിൽ കൂടി നിശ്ചലമായി കടന്നുപോയി.
“ സാബ് മെ ആപ്കാ പൈസ ഏക് ദിൻ ജരൂർ വാപ്പസ് ദേഗാ…..യെഹ് ജാദാവ് കാ വചൻ ഹെ….!” (സാർ ഞാൻ താങ്കളുടെ പൈസ ഒരു ദിവസം തീർച്ചയായും തിരിച്ചുതരും…ഇത് ജാദാവിന്റെ വാക്കാണ്…!)
അയാൾ എനിക്കു രണ്ടു പാഠങ്ങൾ തന്നിട്ടാണ് പോയിരിക്കുന്നത്. ഏതു പ്രതിസന്ധിയിലും തളരാത്ത മനസ്സും ചിരിക്കുന്ന മുഖവുമായി മുന്നേറുക എന്നത് പിന്നെ മദ്യപാനം പരാജയത്തിലേക്കും മരണത്തിലേയ്ക്കുമുള്ള വഴിയാണെന്നതും.
വർഷങൾ കഴിഞിട്ടും അയാളുടെ ചേഷ്ടകൾ എന്റെ കണ്മുമ്പിൽ തെളിയാറുണ്ട്. കഠിനമായ പരാധീനതകൾ അനുഭവിച്ചിട്ടും എല്ലാ ദുഖവും മനസ്സിലൊതുക്കി ചിരിക്കുന്ന മുഖവുമായി നിൽക്കുന്ന ജാദാവ് ഹൃദയത്തിൽ നിന്നും ഒരിക്കലും മാഞ്ഞുപോകില്ല.
അയാൾ അറിയതെ ഞാൻ അയാളെക്കണ്ടു പഠിച്ച കുറെപ്പാഠങ്ങളും എന്നിൽ ബാക്കിയായ് നിന്നു.
ചില സംഭാഷണങ്ങള്‍ വളരെ ഹൃദയ സ്പര്‍ശി ആയിരുന്നു.ഉദാഹരണം ജാദവ് മരിച്ചു പോയ തന്‍റെ മകനെ പറ്റി പറയുന്നത്