ഇയാള്‍ മരിച്ചത് ഇന്നലെയാണ്
ഇന്ന് ജഡം മറവുചെയ്യാന്‍ വേണ്ടി
ഫ്ലാറ്റിലെ ലിഫ്റ്റ് കേടായതുകൊണ്ട്
പ്ലാസ്റ്റിക് കയറില്‍ ശവം കെട്ടിയിറക്കി
കിണര്‍ വെള്ളം കിട്ടാനില്ലാത്തതുകൊണ്ട്
കുപ്പിവെള്ളം പൊട്ടിച്ചൊഴിച്ച് വായ്ക്കരിയിട്ടു
മരക്കഷണം കൂട്ടി ചിതയൊരുക്കാന്‍ തരപ്പെടാത്തതുകൊണ്ട്
മണ്ണുമാന്തി കുഴിയെടുത്ത് അതേ മണ്ണിട്ടു മൂടി പിരിഞ്ഞു
മരിക്കുന്നതിനുമുന്‍പ്
വിള തന്ന് വിശപ്പു മാറ്റിയ പാടത്ത്
വിപ്ലവത്തിന്റെ കൊടി കുത്തിയവന്‍
മലദൈവങ്ങളെ ആട്ടിപായിച്ച്
മല ചുരന്ന് മൈതാനമാക്കി മാമാങ്കം കളിച്ചവന്‍
പ്രകൃതിയുടെ സ്മാരകശിലകളെ ക്വാറിയാക്കി
തച്ചുടച്ചു വിറ്റെടുത്തു കോടീശ്വരനായവന്‍
വിളവില്ലാതെ വിണ്ടു കീറിയ പാടത്ത്
മല ചുരന്ന മണ്ണിട്ടു മൂടി
സ്മാരക ശിലകളടുക്കി മാളിക തീര്‍ത്തവന്‍
ഇന്നലെ മരിച്ചപ്പോള്‍
ഇന്ന് ജഡം മറവു ചെയ്യാന്‍………