ജാതകം

നാട്ടിലെ പുഴ വീട്ടുമുറ്റത്തെത്തിയപ്പോള്‍‍ കുമാരന്‍ ജോത്സ്യന്‍ ആദ്യം ചെയ്തത് എഴുതി വച്ചതും എഴുതിക്കൊണ്ടിരുന്നതുമായ എട്ടു ജാതകങ്ങള്‍ ഒരു പ്ലാസ്റ്റിക് കവറിലാക്കി കവടി സഞ്ചിയോടൊപ്പം ബാഗില്‍ വച്ച് രണ്ടാം നിലയിലേക്കു ചെല്ലുകയായിരുന്നു.

എട്ടില്‍ മൂന്നെണ്ണം നാട്ടിലെ പ്രമാണിമാരുടേയും നാലെണ്ണം അടുത്ത സുഹൃത്തുക്കളുടേയും ഒരെണ്ണം ബന്ധുവിന്റെയും മക്കളുടേതാണ്.

വെള്ളം രണ്ടാം നിലയിലേക്ക് എത്തി നോക്കി തുടങ്ങിയപ്പോള്‍ ജോത്സ്യര്‍ ഫോണെടുത്ത് സുഹൃത്തായ രാജനെ വിളിച്ചു.

” രാജാ വീട്ടില്‍ വെള്ളം കയറി ഞാനിപ്പോള്‍ വാട്ടര്‍ ടാങ്കിന്റെ മുകളിലാണ്. നിന്നോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം അറിയിക്കാനുണ്ട് ”

” രണ്ടാം നിലയും വാട്ടര്‍ ടാങ്കും ഇല്ലാത്തതിനാല്‍ ഞാന്‍ മുറ്റത്തെ പുളി മരത്തിന്റെ മുകളിലാണ് കുമാരേട്ടന്‍ കാര്യം പറയു. ബാറ്ററിയുടെ ചാര്‍ജ് ഏതു നിമിഷവും തീരും ”

” കുട്ടിയുടെ ജാതകം എഴുതീട്ടുണ്ട് രാജയോഗമുള്ള ജാതകമാണ് പഞ്ചഗ്രഹങ്ങള്‍ ഉച്ചത്തില്‍ ഗജകേസരിയോഗം പതിനൊന്നില്‍ ശനി സ്വന്തംരാശിയില്‍ .ഇത്രയും കേമമായ ജാതകം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല അല്ല കുട്ടിയിപ്പോള്‍‍ എവിടെയാണ്?”

” അറിയില്ല അവള്‍ അമ്മയോടൊപ്പമായിരുന്നു. ഞാന്‍ വീട്ടിലെത്തുമ്പോള്‍ രണ്ടു പേരുമില്ല. വള്ളത്തില്‍ കയറി ഏതെങ്കിലും ക്യാമ്പില്‍ എത്തിക്കാണും”

” അതിരിക്കട്ടെ , രാജന്റെ നക്ഷത്രം പറയു ”

” പൂരാടമാണെന്നു തോന്നുന്നു ധനുക്കൂറാണ് ”

” എങ്കില്‍ ശ്രദ്ധിക്കണം ജന്മശനിയാണ്. അഷ്ടമത്തില്‍ വ്യാഴവും. കയറിയിരിക്കുന്ന പുളിമരം ചെറുതോ വലുതോ?”

” ഇടത്തരം ”

”മുറുകെ പിടിച്ചിരുന്നോ കുട്ടിയുടെ ജാതകപ്രകാരം അച്ഛനു വലിയ ആയുസൊന്നും കാണുന്നില്ല. വളച്ചുകെട്ടാതെ പറഞ്ഞാല്‍ ചോറൂണിനു അച്ഛന്‍ ഉണ്ടാവില്ല എന്നു ചുരുക്കം”

” ജോത്സ്യരേ…”

” ഹലോ ഹലോ…രാജന്റെ ബാറ്ററി തീര്‍ന്നെന്നു തോന്നുന്നു ”

കുമാരന്‍ ജോത്സ്യര്‍ ബാഗില്‍നിന്നും അടുത്ത ജാതകം പുറത്തെടുത്തു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here