സ്ത്രീപീഢനങ്ങളുടെ ഉത്തരവാദിത്വം സ്ത്രീയിൽ തന്നെ നിക്ഷിപ്തമാക്കുന്ന സദാചാരഗുണ്ടകളുടെ മേൽകോയ്മ പണ്ടുകാലങ്ങൾ മുതൽക്കേ നമ്മുടെ ഭാരതത്തിൽ നിലനിന്നുപോരുന്നു എന്നു പറയാം. സദാചാരത്തിനു ഏറ്റവും വിലകല്പിച്ചിരുന്ന യുഗമായിരുന്നു ത്രേതായുഗം. സർവ്വസുഖങ്ങളും ത്യജിച്ച് ഭർത്താവിനോടൊപ്പം ത്യാഗങ്ങൾ സഹിച്ചു് സദാചാരത്തിന്റെ കാവൽമാലാഖയായ, പഞ്ചകന്യകളിൽ ഒരാളായ സീതാദേവി ജീവിച്ചിരുന്നത് ഈ ത്രേതായുഗത്തിലായിരുന്നു. പതിവ്രതയായ സീതാദേവിയെ സംശയിച്ച് സദാചാരത്തിനു മുന്നിൽനിർത്തി ചോദ്യം ചെയ്ത് അവരെ നിർദ്ദയം ഉപേക്ഷിച്ച ഉത്തമപുരുഷനായ അവരുടെ ഭർത്താവ് ശ്രീരാമനും ജീവിച്ചിരുന്നത് ഈ കാലഘട്ടത്തിൽ ആണെന്നു പറയപ്പെടുന്നു.
തന്റെ സര്ഗാത്മകതകൊണ്ട് സീതയെ വ്യത്യസ്തമായി ചിന്തിപ്പിച്ച കുമാരനാശാൻ അദ്ദേഹത്തിന്റെ ‘ചിന്താവിഷ്ടയായ സീത’ എന്ന കാവ്യത്തിൽ സീതയിലൂടെ സമൂഹത്തോട് ഇങ്ങിനെ ചോദിയ്ക്കുന്നു ” നെടുനാൾ വിപിനത്തിൽ വാഴുവാനിടയായ് ഞങ്ങളതെന്റെ കുറ്റമോ? പടുരാക്ഷസചക്രവർത്തിയെന്നുടൽ മോഹിച്ചത് ഞാൻ പിഴച്ചതോ?”. ഈ ചോദ്യം കൃത്യമായ ഒരു ഉത്തരത്തിനായി ഇന്നത്തെ സമൂഹത്തിലും പ്രതിഫലിച്ചുകൊണ്ടേയിരിയ്ക്കുന്നു. ഇതിനൊരു ഉത്തമ ഉദാഹരണം, ഈ അടുത്ത കാലത്ത് സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച നിർഭയകേസിലെ പ്രതികളിൽ ഒരാളായ മുകേഷ് സിംഗിനെ ചോദ്യം ചെയ്തപ്പോൾ അയാൾ നിയമത്തിനോട് ചോദിച്ചത് ‘എന്തിനാണ് സ്ത്രീകൾ രാത്രി കാലങ്ങളിൽ പുറത്ത് ഇറങ്ങി നടക്കുന്നത്?’ എന്നാണ് . ഈ ചോദ്യത്തിൽ തന്നെ സ്വയം ചെയ്ത കുറ്റത്തെ കുറ്റമായി സമ്മതിയ്ക്കാതെ സ്ത്രീ രാത്രിസമയങ്ങളിൽ ഇറങ്ങിനടന്നതുകൊണ്ടാണ് അവളെ നിഷ്‌കരണം പീഢിപ്പിച്ചത് എന്ന് സ്ത്രീയിൽ കുറ്റം കെട്ടിവയ്ക്കാനുള്ള ചില പുരുഷന്മാരുടെ മനോഗതം പ്രകടമാകുന്നു.
ഭാരതത്തെ ‘ജനനി’ അല്ലെങ്കിൽ ഭാരതമാതാവായും, പ്രകൃതിയെ സ്ത്രീയായും, സ്ത്രീപുരുഷതുല്യത വിഭാവനം ചെയ്യുന്ന അർദ്ധനാരീശ്വരന്മാരായും, സ്ത്രീയെ ദേവിയായും, മഹാലക്ഷ്മിയായും കാണാൻ പഠിപ്പിച്ച ആർഷഭാരത സംസ്കാരത്തിന്റെ മടിത്തട്ടിൽ തന്നെയാണ് പുരുഷൻ സ്ത്രീയെ വെറും ഒരു കളിക്കോപ്പാക്കി ശാരീരിക ഉന്മാദത്തിനായി വിനിയോഗിച്ച് വലിച്ചെറിയുന്നത്. സദാചാരം എന്ന മനോഹരമായ വാക്കിലൂടെ സ്ത്രീയിൽ അതിരുവരമ്പുകൾ പണിതീർത്തത് പുരുഷമേധാവിത്വം അവരുടെ സൗകര്യങ്ങൾക്ക് വേണ്ടി, സ്വാർത്ഥതയ്ക്ക് വേണ്ടി മാത്രമാണ്. സ്ത്രീയിലെ ദൃഢനിശ്ചയവും മനോധൈര്യവും പുരുഷനേക്കാൾ ശക്തമാണെന്നതുകൊണ്ട് തന്നെയാകാം പുരുഷൻ അവൾക്ക് മുന്നിൽ സദാചാര അതിർവരമ്പുകൾ സൃഷ്ടിച്ചത്. സ്ത്രീ ആ അതിരുവരമ്പുകളെ മുറിച്ച് കടക്കരുത് എന്ന വിലക്കിയത് പുരുഷമേധാവിത്വത്തിൻറെ കാപട്യമാണ് (ഹിപ്പോക്രസിയാണ്).
ആ ത്രേതായുഗവും കഴിഞ്ഞു ഇന്നു നമ്മൾ എത്തിനിൽക്കുന്നത് കലിയുഗത്തിലാണ്. സ്ത്രീസമൂഹം അവളെ ബന്ധിച്ചിരുന്ന വിലക്കപ്പെട്ട ചങ്ങലകൾ മുറിച്ച് പുരുഷനോടൊപ്പം എത്തി നിൽക്കുന്ന കാലഘട്ടം. വിദ്യാഭ്യാസത്തിലോ, സ്വയം പര്യാപ്തതയിലോ ഇന്നവൾ പുരുഷനേക്കാൾ ഒട്ടും പിന്നിലല്ല. എന്നിട്ടും സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ അവൾ കൂടുതൽ ഭയപ്പെടേണ്ട ഒരു സാഹചര്യം നിലനിൽക്കുന്നു. ഇന്ന് സ്ത്രീകൾക്കെതിരെയുള്ള പുരുഷന്റെ അക്രമങ്ങൾ അഴിച്ചുവിടപ്പെട്ടിരിക്കുന്നു. സ്ത്രീ സ്വതന്ത്രയായതിനാലാണോ, പുരുഷനൊപ്പം സമൂഹത്തിലെ എല്ലാ തുറകളിലും അവളുടെ സാന്നിധ്യം ഉള്ളതിനാലോ ഇന്ന് ഇത്തരം ഒരു സ്ഥിതിവിശേഷം സംജാതമായിരിക്കുന്നത് എന്ന് ചിന്തിച്ചേക്കാം. പുരുഷസമൂഹം വരച്ചുവച്ചിരിക്കുന്ന അടിസ്ഥാനരഹിതമായ സദാചാരസമ്പ്രദായത്തെ ലംഘിക്കാനും അവൾ ധൈര്യം കാട്ടിയേക്കാം. ചില പുരുഷന്മാർ അവളോട് ചെയ്യുന്ന നെറികേടുകളെ മൂടിവച്ച് കൂടുതൽ വഷളാക്കാതെ അവനെ അതെല്ലാം വിരൽചൂണ്ടി കാണിക്കാൻ സ്ത്രീ മുന്നോട്ടുവരണം.
കലിയുഗത്തിൽ ധർമ്മം ഒറ്റക്കാലിൽ നിൽക്കുന്നുവെന്നാണ് സങ്കല്പം. അതായത് അത്രമാത്രം ധർമ്മത്തിന് ഉലച്ചിൽ ഉണ്ടാകുന്ന ഒരു കാലഘട്ടം. ഇന്ന് ധർമ്മത്തെക്കാൾ ശ്രേഷ്ഠമായി കണക്കാക്കപ്പെടുന്നത് ഹിപ്പോക്രസിയെയാണ്. ഇന്ന് നമ്മൾ ചുറ്റിലും കാണുന്നത് അരങ്ങിൽ സദാചാരത്തെക്കുറിച്ച് പ്രസംഗിച്ച് അണിയറയിൽ പോയി അതിനെ പിച്ചിച്ചീന്തുന്ന വ്യക്തിത്വങ്ങളെയാണ്. മാത്രമല്ല ചെയ്യുന്ന വൃത്തികേടുകളെ തെറ്റായി കാണാതിരിക്കുവാൻ സദാചാരം കാത്തുസൂക്ഷിക്കേണ്ടത് സ്ത്രീകളുടെ ചുമതലയാണെന്നും കുറ്റപ്പെടുത്തുന്നു. ഇതിനെ അതുപോലെ ശരിവച്ചുകൊടുക്കുന്ന പണക്കെട്ടുകൾ, സ്വാധീനങ്ങൾ മത-രാഷ്ട്രീയങ്ങൾ അതുംപോരാ എങ്കിൽ ലഹരിപദാർത്ഥങ്ങളുടെ അമിതമായ ഉപയോഗങ്ങൾ ഇവയാണ് ഇന്ന് വർദ്ധിച്ചുവരുന്ന സ്ത്രീ പീഢനങ്ങൾക്ക് നിദാനം.
ഇന്ന് സ്ത്രീകൾ അനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന പീഢനങ്ങളിൽ മറ്റൊരു പ്രധാന പങ്കുവഹിക്കുന്നത് സമൂഹ്യമാധ്യമങ്ങൾ ആണെന്ന് പറയാം. സമൂഹ്യമാധ്യമങ്ങളിൽ ആധുനിക സാങ്കേതികവിദ്യയുടെ കുതിച്ചു കയറ്റം ലൈംഗിക അരാജകത്വത്തിന് ഉത്തരവാദിയാകുന്നുണ്ട്. എന്നാൽ ഇവിടെയും പുരുഷമേധാവിത്വം കൈകുടഞ്ഞു എഴുനേറ്റുപോകുമ്പോൾ ഇരകളായി മാറി ജീവിതം വഴിമുട്ടുന്നത് സ്ത്രീകൾക്ക് തന്നെ. അതിനു കാരണം പുരുഷന്റെ ഇരട്ടത്താപ്പ് നയങ്ങൾതന്നെ. വാട്സാപ്പ്, ഫെയ്സ്ബൂക്, ഇൻസ്റ്റാഗ്രാം, തുടങ്ങിയ ജീവിതത്തിന്റെ ഭാഗമായി നിൽക്കുന്ന സാമൂഹിക മാധ്യമങ്ങളെ ചില കഴുകന്മാർ സ്ത്രീകൾക്കെതിരെയുള്ള കെണിയായി ഉപയോഗപ്പെടുത്തുന്നു. സാങ്കേതികവിദ്യകളാൽ ഇതിൽ നിന്നും എളുപ്പത്തിൽ ചോർത്തിയെടുക്കുന്ന സ്വകാര്യതകളെ ഇവർ സ്‌ത്രീയ്‌ക്കെതിരെയുള്ള ആയുധമാക്കിയെടുക്കുന്നു. അവിടെയും സ്ത്രീയുടെ സ്വകാര്യതയാണ് പ്രശ്നമായി മാറുന്നത് . പുരുഷൻ കാത്തുസൂക്ഷിക്കുന്ന സ്വകാര്യത അവനു പ്രകൃതി പതിച്ചു നല്കപ്പെട്ടതായി മാറുന്നു. വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾക്ക് അധികവും ഇരകളാകുന്നതും സ്ത്രീകൾ തന്നെ. ഇവ അകാരണമായ ആത്മഹത്യകളും, ആസിഡുപ്രയോഗങ്ങൾക്കും, വിഷാദരോഗങ്ങൾക്കും വഴിയൊരുക്കുന്നു. ‘വഞ്ചിക്കപ്പെട്ടു’ എന്ന് പറയുന്നത് എപ്പോഴും സ്ത്രീകളാണ്. ഒരിക്കലും പുരുഷൻ വഞ്ചിക്കപ്പെടുന്നില്ല. കാരണം ഇവിടെയും സദാചാരം കടിച്ചുകീറുന്നത് സ്ത്രീയുടെ ജീവിതത്തെയാണ്. എപ്പോഴും സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവൾ ആണെന്ന അർത്ഥത്തിൽ മനു പറഞ്ഞ “ന സ്ത്രീ സ്വാതന്ത്രമർഹതി” എന്ന ഉപദേശം ഇന്നത്തെ സമൂഹം അക്ഷരാർത്ഥത്തിൽ എടുത്തു സ്ത്രീയെ ബലിയാടാക്കുന്നു.
പീഢിപ്പിക്കപ്പെട്ട സ്ത്രീ നിയമംതേടി കോടതി മുറികളിൽ എത്തുമ്പോൾ അവിടെയും പീഢിപ്പിച്ച പുരുഷൻ സദാചാരം എന്ന ആയുധമെടുക്കുന്നു. മതിയായ തെളിവുകൾ ആവശ്യപ്പെടുന്നു. കാമവെറികൊണ്ട് അവിചാരിതമായി താൻ ചതിക്കപ്പെടുമ്പോൾ കോടതി മുമ്പാകെ സമർപ്പിക്കാൻ മതിയായ തെളിവുകൾക്കായി കോടതി വീണ്ടും പീഡിപ്പിക്കപ്പെട്ടവളെ കാലത്തിന് വിട്ടുകൊടുത്ത് കുറ്റക്കാരനായ പുരുഷനെ ജീവിതം ആസ്വദിക്കാൻ അനുവദിയ്ക്കുന്നു. അവളാൽ ഒരു കുറ്റവും ചെയ്തിട്ടില്ല എങ്കിലും പീഡിപ്പിക്കപ്പെട്ടവളുടെ ജീവിതം സമൂഹം കുപ്പത്തൊട്ടിയിൽ വലിച്ചെറിയുന്നു. പീഢിപ്പിക്കപ്പെടുന്ന സ്ത്രീക്ക് സമർപ്പിയ്ക്കാൻ കഴിയുന്നത് ഏതു സ്വാധീനത്തിനും വേണ്ടതുപോലെ തിരുത്തിയെഴുതാൻകഴിയുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് എന്ന ഒരു തുണ്ടുകടലാസുമാത്രം. ഒരുപക്ഷെ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചാലും (ഈയിടെ കേരളത്തിൽ നടന്ന കോവിഡ് രോഗം ബാധിച്ച സ്ത്രീയെ ആംബുലൻസിൽ പീഡിപ്പിച്ച ഡ്രൈവറിനെ സംരക്ഷിയ്ക്കാൻ ശ്രമിച്ചതുപോലെ) ‘പീഢനം നടന്നത് സ്ത്രീയുടെ ഉഭയസമ്മതത്തോടെ എന്ന വിധിയെഴുത്ത് നടത്തി കുറ്റവാളിയെ വെറുതെ വിടുന്നു. ഇതെല്ലം ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു.
സ്ത്രീക്കും പുരുഷനും തുല്യപങ്കാളിത്വം എന്ന് കൊട്ടിഘോഷിക്കപ്പെടുമ്പോൾ ഈ തുല്യത കാണപ്പെടുന്നത് ഭംഗിയായി എഴുതപ്പെട്ട കടലാസുകളിലും, പ്രസംഗ വേദികളിലും മാത്രമാണെന്നുള്ളത് ഒരു വസ്തുതയാണ്, ഇന്നും സ്ത്രീ അവളിൽ പുരുഷൻ അടിച്ചേല്പിക്കപ്പെട്ട അതിരുവരമ്പുകൾ മുറിച്ചുകടക്കുന്നത് പുരുഷമേധാവിത്വത്തിന് പലപ്പോഴും അംഗീകരിക്കാൻ കഴിയാറില്ല എന്നതാണ് സത്യം. ഒരു പുരുഷൻ അവന്റെ അധികാരപരിധിയിൽ വരുന്ന സ്ത്രീകളെയെങ്കിലും അവന്റേതായ ചട്ടക്കൂടിൽ ഒതുക്കി നിർത്താൻ ഇന്നും ശ്രമിക്കുന്നു എന്നതുതന്നെയാണ് ഇന്നും സ്ത്രീയ്ക് ലഭിയ്‌ക്കേണ്ടതായ സ്വാതന്ത്രം നഷ്ടമാകുന്നതിന്റെ പ്രധാന കാരണം. ഇത് അവൻ പലപ്പോഴും അവനിലെ ഹിപ്പോക്രസിയെ കാണിക്കാതെ സദാചാരത്തിന്റെ പേരിലാണ് നടത്തിയെടുക്കുന്നത് എന്നുമാത്രം.
ഒരുവശത്ത് സദാചാരവും മറുവശത്ത് ഹിപ്പോക്രസിയും ഇന്നും നിലനിക്കുന്നതുകൊണ്ടുതന്നെ പീഢിപ്പിക്കപ്പെടുന്ന ഒരു സ്ത്രീയുടെ ജീവിതം അവസാനംവരെ ദുരിതപൂർണ്ണമാകുന്നു എന്നത് വളരെ ക്രൂരമായ ഒരു ജീവിത സത്യമാണ്. പീഢിപ്പിക്കപ്പെട്ടവൾ സമൂഹത്തിൽ വിലക്കപ്പെട്ടവളാകുന്നു. അവൾ കാലത്തിനു പിന്നിൽ ജീവിതാവസാനംവരെ ഒറ്റപ്പെട്ടവളാകുന്നു. എന്നാൽ പീഢിപ്പിക്കുന്നത് പുരുഷനായതിനാൽ അവന്റെ ജീവിതത്തിൽ യാതൊരു വ്യത്യാസവും വരുന്നില്ല. അവരെ തളച്ചിടാൻ ശക്തമായ ശിക്ഷാനടപടികൾക്ക് മാത്രമേ കഴിയൂ. എന്നാൽ ഇത്തരം സംഭവങ്ങൾ ദിനംപ്രതി കുമിഞ്ഞുകൂടിയിട്ടും നീചപ്രവൃത്തികൾ ചെയ്യുന്നവന്റെ കൈപിടിച്ചുനിർത്താൻ ശക്തമായ ഒരു നിയമ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല എന്നുവേണമെങ്കിൽ പറയാം.
നശിക്കപ്പെടുന്നത് സംരക്ഷിക്കുന്നതുപോലെത്തന്നെ നശിക്കപ്പെടാതിരിക്കാൻ ശ്രദ്ധിയ്ക്കണം. അതിനായി വേണ്ടത് ശക്തമായ നിയമനടപടികൾ തന്നെ. നശിക്കപ്പെടാതിരിക്കാൻവേണ്ടത് ജനങ്ങളിൽ അവബോധം സൃഷ്ടിക്കപ്പെടുക എന്നതാണ്. അതിനായി ലൈംഗികത എന്നത് ലഹരി പദാർത്ഥങ്ങളെപ്പോലെ ഉന്മാദത്തിനുള്ള ഒരു വസ്തുവല്ല, ആരോഗ്യവും, സമൂഹത്തിന്റെ സന്തുലനാവസ്ഥ നിലനിർത്തുന്നതിനുള്ള പവിത്രമായ ഉപാ ധിയുമാണെന്ന ബോധം ജനങ്ങളിൽ വളർത്തണം. അതുപോലെത്തന്നെ സ്ത്രീ പുരുഷബന്ധങ്ങൾ പരസ്പരം അടിച്ചേല്പിക്കപ്പെടലാകാതെ പരസ്പര ബഹുമാനമായി മാറേണ്ടതുണ്ട്. പുരുഷന്റെ കയ്യിലെ ഒരു കളിക്കോപ്പല്ല അവളും സമൂഹത്തിൽ ബഹുമാനം അർഹിക്കപ്പെടുന്ന ഒരുവ്യക്തിയാണ് എന്ന തിരിച്ചറിവ് പുരുഷസമൂഹത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.
സ്ത്രീയുടെ ജീവനും അവളുടെ ജീവിതവും പുരുഷന്റെ ഔദാര്യമല്ല; അവൾക്കെതിരെ എന്തും ചെയ്യാനുള്ള അവകാശം പ്രകൃതി അവനിൽ നിക്ഷിപ്തമാക്കിയിട്ടില്ല. ‘പുരുഷൻ’ ആയതിനാൽ അവനിതെല്ലാം അനുവദിച്ചിരിക്കുന്നു എന്നത് ഹിപ്പോക്രാറ്റുകൾ ഉണ്ടാക്കിയെടുത്ത അവകാശമാണ് അല്ലെങ്കിൽ വിശ്വാസമാണ്. ചില സന്ദർഭങ്ങളിൽ മനുഷ്യാവകാശ കമ്മീഷൻ എന്ന നിയമസംഹിതയും കുറ്റവാളികൾക്ക് കഠിനശിക്ഷ നൽകുന്നതിൽ ഇളവ് നൽകാനുള്ള ഉപാധിയുമായി വരാറുണ്ട്. മറ്റു ചില സന്ദർഭങ്ങളിൽ സമൂഹത്തിന്റെ ഇടപെടലും അരോചകമായി തോന്നാറുണ്ട്.
നിർഭയ കേസിൽ കുറ്റവാളികളെ തൂക്കിലേറ്റാൻ വിധിക്കപ്പെട്ടപ്പോൾ ചില അമ്മമാർ കുറ്റവാളികളുടെ ജീവനുവേണ്ടി നിയമത്തോട് കെഞ്ചിയിരുന്നു. അതുപോലെത്തന്നെ ഹൈദരാബാദിലെ മൃഗഡോക്‌ടറെ പീഡിപ്പിച്ച് കരിച്ചുകൊന്ന കേസിലെ പ്രതികളെ പോലീസ് തോക്കിനിരക്കിരയാക്കിയപ്പോൾ അവരിൽ സത്യസന്ധന്മാർ ഉണ്ടായിരുന്നുവോ, അവരോടങ്ങിനെ ചെയ്യാൻ പാടില്ലായിരുന്നു എന്നു വിലപിച്ചവരുമുണ്ട്. ഇത്തരം പ്രതികരണത്തെ സമൂഹദ്രോഹം എന്ന് വിളിച്ചാൽ തെറ്റില്ല എന്ന് തോന്നുന്നു. കാരണം സ്ത്രീകളെ നിർദ്ദയം പീഡിപ്പിക്കപ്പെടുന്നവർ അനുകമ്പ അർഹിയ്ക്കപ്പെടുന്നവരല്ല. ഇവർക്ക് നൽകുന്ന ശിക്ഷ വരും തലമുറയെ ഇത്തരം പ്രവൃത്തികളിൽനിന്നും പിന്തിരിപ്പിയ്ക്കാൻ മാത്രം ശക്തമാകണം. സ്ത്രീസംരക്ഷണത്തിനായി കൂട്ടായ്മകളും (മി ടൂ തുടങ്ങിയവ) നിരവധി സംഘടനകളും മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും ഇനിയും അതിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം. സ്ത്രീയുടെ അന്തസ്സും ആഭിജാത്യവും വീണ്ടെടുക്കാൻ സ്ത്രീകൾ മാത്രമല്ല സ്ത്രീകൾക്കൊപ്പം പുരുഷന്മാരും പങ്കു ചേർന്നാൽ വിജയം സുനിശ്ചിതമാണ്.
ലേഖനം വായിച്ചു. അഭിനന്ദനങ്ങൾ!
അർദ്ധനാരീശ്വരസങ്കൽപം ഭാരതീയ poetic ജീനിയസിന്റെ മാത്രം മനോഹരമായ ഒരു സൃഷ്ടിയാണ്. പുരുഷന് വേറിട്ടൊരു അസ്തിത്വമില്ല. സ്ത്രീക്കും അങ്ങനെ തന്നെ. അവർ പരസ്പരപൂരകങ്ങളാണ്.
സമൂഹജീവിതത്തിലെ ലിംഗ ധ്രുവീകരണം ആശയതലത്തിൽ മാത്രം ഒതുങ്ങുന്നു. പുരുഷന്മാർ ലൈംഗീകതയെ സമീപിക്കുന്നത് തലച്ചോറിന്റെ ഓര്മകളിൽനിന്നും സുഖപ്രതീക്ഷകളിൽ നിന്നുമാണ്. ആറ്മാനുഭൂതികളുടെ തലത്തിൽനിന്നാണെങ്കിൽ ലൈംഗികത
ഒരിക്കലും ഒരു ശാപമാകില്ല. അതിൽ നിന്ന് വൈകൃതങ്ങൾ ഉണ്ടാവുകയുമില്ല.
സമഗ്രമായ ലൈംഗികത ഒരു പൂവിനെപ്പോലും നോവിക്കുവാൻ പ്രേരിപ്പിക്കുകയില്ല. എന്നാൽ fragmented and conditioned minds അത് പുരുഷന്റേതായാലും ശരി സ്ത്രീയുടേതായാലും ശരി
സമൂഹത്തിനു എന്നും ഒരു വിപത്തായിരിക്കും. ചതുർയുഗം എന്ന
സങ്കൽപ്പത്തിന് അതീതമായ ശാശ്വതസത്യമാണത്.
നമ്മൾ അല്പം ഒന്ന് മാറേണ്ടിയിരിക്കുന്നു. ജീവിതത്തിൽ സമഗ്രതയുടെ ശീലം അനുവർത്തിക്കാൻ നമ്മൾ ഓരോരുത്തരും തയ്യാറാകണം. സ്ത്രീ ആയാലും പുരുഷനായാലും ശരി, രതിമൂർച്ചയ്ക്കായുള്ള ദാഹത്തെ കേവലമൊരു വേഴ്ചയിൽ ഒതുക്കരുത്. ഒരു പൂവ്, ഒരു അമ്പിളിക്കീറ്, ഒരു മഞ്ഞുതുള്ളി, ഒരു അസ്തമനം, ഒരു കപ്പ് ചായ, ഒരു മഴവില്ലു, ഒരു നവജാതശിശുവിന്റെ മുഖം,
ഒരു സ്വർണ്ണമേഘം, ഒരു ഇളങ്കാറ്റ്, ഒരു ആപ്പിൾ ഇവയൊക്കെ സമഗ്രത
അഭ്യസിക്കാനുള്ള സാമഗ്രികളാണ്. യാന്ത്രികമായി ഒന്നും ആവർത്തിക്കേണ്ട ബാധ്യത മനുഷ്യനില്ല. പക്ഷെ സ്വയം ബന്ധനത്തിൽ കഴിയണമെന്ന വാശിയാണെങ്കിൽ, മത-രാഷ്ട്രീയ-കലാ കൂട്ടായ്മകൾക്കെന്നല്ല, ദൈവത്തിനുപോലും അവനെ രക്ഷിക്കാൻ കഴിയുകയുമില്ല.
Excellent narration.
Your inner thoughts are always great.
Keep it up. Expecting more……