ഇവിടെ എല്ലാവർക്കും സുഖം.

 445c49c9718858571ab08fbaf9c324e1
ഒന്നോർത്തു നോക്കിയാൽ
ഈ നിമിഷമെന്നതു അത്ര
ചെറുതൊന്നുമല്ല.
എവിടെയെങ്കിലും ഒരാൾ
മലയാളത്തിൽ
കാതുപൊട്ടുന്നതെറി പറഞ്ഞു
ആരെയോ
ഉറക്കുന്നുണ്ടാവും .
നാടു വിട്ടുപോയ
എന്റെയോ
നിങ്ങളുടെയോ
സുഹൃത്ത്
ഏതോ നാട്ടിലിരുന്നു
ബംഗാളി  മുഖത്തോടെ
മലയാളത്തെ
അയവെട്ടുന്നുണ്ടാവും .

വെറുതേ ഓർത്തുനോക്കൂ
ഈ നിമിഷമെന്നതു അത്ര
ലളിതമൊന്നുമല്ല.
കേരളത്തിൽ ഏതോ മൂശാരി
ആർക്കോ വെണ്ടി
അവസാന സമ്മാനം
നിർമ്മിക്കുകയാവും.

ആലയിൽ പഴുക്കുന്ന ഇരുംബ്‌
പകയും വിശപ്പും കൊണ്ടു
ചുവക്കുന്നുണ്ടാവും .

പെട്ടന്നു തീർക്കാൻ
എവിടെ വെട്ടണമെന്നു
കൂട്ടുകാരൻ ചെക്കൻ
തല പുകയ്ക്കുന്നുണ്ടാവും.
ഇതൊന്നുമോർക്കാതെ
നാളെത്തെ രക്തസാക്ഷി
ഒരു പുതിയ സ്വപ്നത്തിൽ
നൂലു കോർക്കുകയാവും .

ഒന്നോർത്തു നോക്കിയാൽ
ഈ നിമിഷം എന്നതു
കേരളം പോലെ പ്രബുദ്ധമാണു.

അധികം അകലയല്ലാത്ത
എവിടെയെങ്കിലും
മാനഭംഗപ്പെട്ട ഒരു സ്ത്രീ
കൊന്നു കളയുമെന്ന ഉറപ്പിൽ
വാവിട്ടു നിശബ്ദയാവുന്നുണ്ടാവും.

ബലാത്സംഗ വാർത്ത കണ്ടു
കല്ലെറിഞ്ഞു കൊല്ലണം
എന്നാക്രോശിച്ച ചെറുപ്പക്കാരൻ
പുതിയ വീഡിയോയിലെ മുഖം
അടുത്ത വീട്ടിലെ ചേച്ചിയുടെ
പോലെ എന്നു സുഹൃത്തുക്കൾക്ക്
പങ്കുവെക്കുന്നുണ്ടാവും .

അപ്പോഴും
പ്രണയം കൊണ്ടു കണ്ണു പൊട്ടിയ
രണ്ടുപേർ മാവേലി എക്സ്പ്രസ്സിൽ
തൊട്ടു തൊട്ടിരിക്കുന്നുണ്ടാവും.
എങ്കിലും
വെറിയോടെ പത്തു കണ്ണുകൾ
അവരെ ഉഴിയുന്നുണ്ടാവും.

പക്ഷേ ഒന്നു പറയാതെ വയ്യ
ഈ നിമിഷം എനിക്കും
ഇവിടെ എല്ലാവർക്കും സുഖം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here