ഇവിടെ രാമായണം ആവർത്തിയ്ക്കുന്നു

23311_1437117691

ഹിന്ദു പുരാണങ്ങളിൽ രാമായണത്തിന് എന്താണ് പ്രാധാന്യം? ഹൈന്ദവ വിശ്വാസപ്രകാരം മാതൃകാ പുരുഷന്റെയും സ്ത്രീയുടെയും മുർദ്ധന്യ ഭാവങ്ങളാണ് ശ്രീരാമചന്ദ്രനും സീതാദേവിയും .

ത്യാഗവീരൻ, ദയാവീരൻ, പരാക്രമവീരൻ, വിദ്യാവീരൻ , ധൈര്യവീരൻ എന്നീ അഞ്ചു ഉത്തമ ഗുണങ്ങളുള്ള സർവ്വോത്തമനായ പുരുഷസങ്കല്പമാണ് ശ്രീരാമചന്ദ്രനെക്കുറിച്ച് ഹൈന്ദവ മനസ്സുകളിൽ പ്രതിഷ്ടിച്ചിരിയ്ക്കുന്നത് . അതുപോലെതന്നെ ക്ഷമയും പാതിവൃത്യവും സഹിഷ്ണുതയുംകൊണ്ട് സ്ത്രീജന്മത്തിന്റെ പൂർണ്ണ സ്വരൂപമാണ് സീതാദേവി.

മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമചന്ദ്രനെന്ന നൃപൻറെ ജീവിത യാത്രയിലൂടെ സാധാരണ മനുഷ്യന്റെ ഏറ്റകുറച്ചിലുകളുള്ള ജീവിത പാതയെയാണ് രാമായണം എന്നതിലൂടെ വാത്മീകി ചിത്രീരീകരിച്ചിരിയ്ക്കുന്നത്. സാധാരണ മനുഷ്യന് തന്റെ ജീവിതത്തിലെ നിർണ്ണായക തീരുമാനങ്ങൾ എടുക്കുമ്പോഴും വളരെ പ്രയാസമേറിയ നിമിഷങ്ങളെ തരണം ചെയ്യുമ്പോഴും അവനു ചിന്തിയ്ക്കാൻ, വിലയിരുത്താൻ കുറെ സാഹചര്യങ്ങൾ ഒരിക്കിയിരിയ്ക്കുകയാണ് രാമായണം.

അനവധി സവിശേഷ ഗുണങ്ങളാൽ ഉത്തമ പുരുഷനാണ് ശ്രീരാമചന്ദ്രനെങ്കിലും, തന്റെ പ്രിയപത്നി അപഹരിയ്ക്കപ്പെട്ടു മറ്റൊരുവന്റെ തടങ്കലിൽ കുറച്ചുകാലം താമസിച്ച് തിരിച്ചുവന്നപ്പോൾ അവളുടെ ചാരിത്ര്യത്തെ സംശയിച്ചുകൊണ്ടും, ഒരു വെളുത്തേടനും പത്നിയുമായുള്ള വളരെ കുറച്ച് നേരത്തെ സംഭാഷണം സ്വാധീനിച്ച് ഗർഭിണിയായ തന്റെ ധർമ്മപത്നിയെ പറഞ്ഞു ചതിച്ച് കാട്ടിൽ കൊണ്ടുപോയി വെട്ടിക്കൊന്നു വരാൻ സഹോദരനോട് പറഞ്ഞതിലൂടെയും ശ്രീരാമനിലെ പച്ചയായ പുരുഷനെ എടുത്തുകാണിയ്ക്കുന്നു. സീതാദേവിയാണെങ്കിൽ തന്റെ ചാരിത്രത്തെ ചോദ്യം ചെയ്യപെട്ടിട്ടും, തന്നിലെ മാതൃത്വത്തെ സംശയിച്ചപ്പോഴും പുരുഷന്റെ കൽപ്പനയ്‌ക്കെതിരെ ശബ്ദമുയർത്താതെ, ഭർത്താവെന്ന സൗഭാഗ്യത്തിനായി തന്റെ വ്യക്തിത്വത്തെ പുരുഷന്റെ കാല്കൽവച്ച് നമസ്കരിയ്ക്കുന്നു.

എന്നാൽ നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും, തലമുറകളായി രാമായണത്തെ ഒരു പവിത്ര ഗ്രന്ഥമായി കണക്കാക്കിയിട്ടും ആ ഗ്രന്ഥത്തിന്റെ ഉദ്ദേശശുദ്ധിയെ ഇന്നും അർത്ഥതവത്താക്കാൻ കഴിഞ്ഞിട്ടുണ്ടോ?

ഇവിടെ ഇന്നും ജനിച്ചു വീഴുന്നത് അനേകായിരം സീതമാർ തന്നെയല്ലേ? അടുക്കളയുടെ നാല് ചുമരുകൾക്കുള്ളിൽ നിന്നും മോചിയ്ക്കപ്പെട്ടിട്ടും, സ്ത്രീ സ്വാതന്ത്രം എന്ന് വിളിച്ച് കൂവിയിട്ടും, ഏതു തുറകളിലും മുൻഗണന നൽകിയിട്ടും, അടുക്കള മുതൽ ബഹിരാകാശംവരെ പുരുഷനൊപ്പം നിൽക്കാൻ തന്റേടം കാണിച്ചിട്ടും ഇന്നും പുരുഷന് സ്ത്രീ അടിമയല്ലേ? അവൾക്കിന്നും വിലക്കുകളും, പരിമിതികളും കല്പിയ്ക്കുന്നില്ലേ? പുരുഷന്റെ ആധിപത്യത്തിൽ നിന്നും സ്ത്രീ പൂർണ്ണ വിമുക്തയാണോ? ത്രേതായുഗത്തിൽ രാജ്യധർമ്മത്തിന്റെ പേരിൽ സ്ത്രീചാരിത്യം ചോദിയ്ക്കപ്പെട്ടുവെങ്കിൽ, ഇന്ന് ലഹരിയ്ക്കും സ്വാർത്ഥമോഹങ്ങൾക്കും സുഖത്തിനും വേണ്ടി സ്ത്രീയെ അടിമപ്പെടുത്തുകയല്ലേ ഇവിടെ രാമന്മാർ? ഇതിനെതിരെ ശരിയാംവിധം പ്രതികരിയ്ക്കാൻ ഇന്നും സ്ത്രീ പ്രാപ്തയാണോ? കേരളത്തിൽ നടന്ന കോലാഹലം സൃഷ്ടിച്ച സൂര്യനെല്ലി കേസ് ഇതിനുദാഹരണമല്ലേ? പതിനാറു വയസ്സുകാരി പെൺകുട്ടിയെ അവൾ താമസിച്ചിരുന്ന ഹോസ്റ്റലിൽ നിന്നും വിവാഹമെന്ന വ്യാമോഹം നൽകി തട്ടിക്കൊണ്ടുപോയി 37 പ്രാവശ്യം കാമസംതൃപ്തിയ്ക്കായി വിനിയോഗിയ്ക്കപ്പെട്ടപ്പോഴും ശക്തമായി പ്രതികരിയ്ക്കാൻ പെൺകുട്ടി പ്രാപ്തയായോ? ഇനി പ്രതികരിച്ച സാഹചര്യത്തിൽതന്നെ കുറ്റക്കാർ യാതൊരു നിയമ നടപടിയ്ക്കും പിടികൊടുക്കാതെ, രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും മറയിൽ സമൂഹത്തിൽ ഞെളിഞ്ഞു നടക്കുകയും, പീഢിയ്ക്കപ്പെട്ട സ്ത്രീ സമൂഹത്തിന്റെ പരിഹാസ പാത്രമായി കോടതിയിലും, പോലീസ്സ്റേഷനുകളിലും കയറിയിറങ്ങി, മുറവിളികൂട്ടി നീതിയ്ക്കുവേണ്ടി അലയേണ്ടിവരുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്. ഇവർ ജീവിത ലക്ഷ്യങ്ങളില്ലാതെ കാട്ടിലുപേക്ഷിയ്ക്കപ്പെട്ട സീതമാർ തന്നെയല്ലേ? 2016 ൽ കേരളത്തിൽ നടന്ന, കയ്യിലുള്ള സാധനങ്ങൾ മോഷണം ചെയ്ത്, കാമസംതൃപ്തിയ്ക്കായി അവളെ ഉപയോഗിച്ച് കൊലപ്പെടുത്തി റെയിൽവേ പാളത്തിൽ തള്ളിയ സൗമ്യ കേസ്സു ഇത്തരം ഒരു സംഭവത്തിനുദാഹരണമല്ലേ? സംശയത്തിന്റെ പേരിൽ ആത്മഹത്യകളും, കൊലപാതകങ്ങളും, സ്ത്രീയായി ജനിച്ചു എന്നതുകൊണ്ട് രണ്ടും മുന്നും വയസ്സിൽ കാമപ്പിശാചുകൾക്ക് അടിമപ്പെടുന്ന പിഞ്ചു കുട്ടികളുടെ കഥകളും ഇവിടെ അന്യമല്ലല്ലോ?

നമുക്ക് ചുറ്റിലും സംഭവിയ്ക്കുന്ന ഓരോ സംഭവവികാസങ്ങളിൽനിന്നും സീത മാത്രമല്ല രാമായണത്തിലെ ഓരോ സ്വഭാവങ്ങളും ഇവിടെ ആവർത്തിയ്ക്കുന്നതായി കാണാം. മാധ്യമങ്ങളിൽ ഇന്നും ചൂടാറാതെ നിലനിൽക്കുന്ന നടിയെ ആക്രമിച്ച കേസിൽ, വെളിപ്പെടുത്തിയ വിവരങ്ങൾ വച്ച് നോക്കിയാൽ, ഇവിടെ പ്രതികാരദാഹിയായ ഒരു രാവണനില്ലേ?
ഇന്നത്തെ രാഷ്രീയരംഗത്ത് നോക്കിയാൽ അധികാരമോഹങ്ങൾക്കും, ആഗ്രഹ സാഫല്യങ്ങൾക്കും, രാഷ്ട്രത്തിനും, ജനങ്ങൾക്കും വേണ്ടി നിസ്വാർത്ഥത സേവനം അനുഷ്ഠിയ്ക്കുന്ന നിഷ്കളങ്കരായ രാമന്മാർ ഇന്നും കാട്ടിലേക്ക് അയയ്ക്കപ്പെടുന്നില്ലേ? പണത്തിനുവേണ്ടി, ആഡംബരങ്ങൾക്കുവേണ്ടി സുഖസൗകര്യങ്ങൾക്കുവേണ്ടി , അധികാരത്തിനുവേണ്ടി വ്യാമോഹമെന്ന, മോഹനവാഗ്ദാനമെന്ന സ്വർണ്ണമാനിനു പിറകെ സ്വയം മറന്നു മനുഷ്യൻ പലായനം ചെയ്യുന്നില്ലേ?

അതിനാൽ ഇന്നത്തെ സമൂഹത്തിലെ ഓരോ സീതാമാരും നല്ലൊരു കുടുംബത്തിനുവേണ്ടി സീതാദേവിയിലെ സത്ഗുണങ്ങളാകുന്ന ക്ഷമയും സഹിഷ്ണുതയും സ്വീകാര്യമാക്കി, അടിമത്വത്തിനെതിരെ, അടിച്ചമർത്തുന്നതിനെതിരെ സമൂഹത്തിലെ മനുഷ്യ പിശാചുക്കൾക്കുനേരെ പല്ലും, നഖവും ഉപയോഗിച്ച് പ്രതികരിയ്ക്കണം. പ്രതികാരദാഹത്തിനുവേണ്ടി തട്ടിക്കൊണ്ടുപോകൽ നടത്തുന്ന രാവണന്മാർ പരിണിത ഫലം യുദ്ധമാണെന്നും അധികാരമോഹത്തിനുവേണ്ടിയും സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടിയും മര്യാദ രാമന്മാരെ കാട്ടിലയയ്ക്കുന്ന അജീർണ്ണ രാഷ്ട്രീയത്തോടു പിന്തുണച്ചാൽ നമ്മുടെ രാജ്യം അനന്യായപ്പെട്ടുപോകുമെന്നതും ഓർക്കണം. അതിനാൽ രാമായണത്തെ വെറും ഒരു പുരാണ പുസ്തകമെന്ന നിലയിൽ മാത്രം കണക്കാക്കാതെ രാമായണത്തിന്റെ ശരിയായ പൊരുൾ മനസ്സിലാക്കി, അതിലെ സാഹചര്യങ്ങളെ വിലയിരുത്തി പഠിച്ച്, ചിന്തിച്ച് നല്ല വശങ്ങളെ നിത്യജീവിതത്തിൽ പ്രയോഗികമാക്കി ഈ മഹത് ഗ്രന്ഥത്തിന്റെ ഉദ്ദേശശുദ്ധിയെ ശരിയായ അർത്ഥത്തിൽ ചുഷണം ചെയ്യാൻ ഹൈന്ദവ സമുദായങ്ങൾക്ക് കഴിയുന്നതിലൂടെ മാത്രമേ രാമായണമെന്ന പുരാണത്തിന്റെ രാമായണമാസാചരണത്തിന്റെ , രാമായണ വായനയുടെ ഉദ്ദേശശുദ്ധിയെ സാക്ഷാത്കരിയ്ക്കാനാകു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here