ഇതൊരു മാരകരോഗം

venomous

 

 

ഗ്ലാസ്സിൽ പകർന്ന ഒന്ന് രണ്ടു തുള്ളികളെ സീമ വീൺദും നോക്കി. അതിൽ ഒരൽപ്പം വെള്ളം പകർന്നു . കുടിയ്ക്കാനായി പലവട്ടം ചുണ്ടിനോടടിപ്പിച്ചു. പെട്ടെന്നൊരു  നിമിഷം, ഒന്നും അറിയാതെ കൊച്ചരിപല്ലുകാട്ടി മുന്നിൽ ചിരിച്ച്  നിൽക്കുന്ന തന്റെ നാലുവയസ്സുകാരി  കിങ്ങിണിയുടെ രൂപവും, ‘എല്ലാ വിഷമവും ഈശ്വരൻ മാറ്റി തരുമമ്മേ’ എന്ന് പറഞ്ഞു എല്ലാം ദൈവത്തിലർപ്പിയ്ക്കുന്ന ആറു വയസ്സുകാരി കുട്ടുവിന്റേയും മുഖം തന്റെ കണ്ണുകളിൽ ഓടിവന്നു. ഇല്ല ഞാനവരെ ഒറ്റപ്പെടുത്തില്ല, അവരെ സമൂഹത്തിനു തട്ടികളിയ്ക്കാൻ നല്കില്ല അച്ഛനുണ്ടായാലും , ‘പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാകിലെന്നല്ലേ’   പ്രമാണം.പ്രത്യേകിച്ച്  പെൺകുട്ടികൾക്ക് ഒരമ്മയുടെ സാമീപ്യം എപ്പോഴും വേണം, ഒരമ്മയുടെ കൈകളിലല്ലാതെ മറ്റാരുടെ കൈകളിലും, പ്രത്യേകിച്ചും ഇന്നത്തെ സമൂഹത്തിൽ പെൺകുട്ടികൾ സുരക്ഷിതരല്ല.  ഈ പാഷാണം കഴിച്ച് അവസാനിപ്പിയ്ക്കാനുള്ളതല്ല എന്റെ ജീവിതം. ആത്മഹത്യ ഒരു ഭീരുത്വം തന്നെ. ഇല്ല എല്ലാറ്റിനേയും തരണം ചെയ്തു തന്നെ മുന്നോട്ടു വരണം, ഈ ഒരു ഉറച്ച തീരുമാനത്തിൽ എത്തി സീമ. മറ്റാരുടേയും കണ്ണിൽ പെടുംമുമ്പ് ആ വിഷകുപ്പിയും ഗ്ലാസും അടുത്തുള്ള ഒരു പൊട്ടകിണറ്റിലേയ്ക്കെറിഞ്ഞു . തന്റെ വിദ്യാഭ്യാസത്തിൽ കവിഞ്ഞ ബുദ്ധിയും വിവേകവുമുള്ള, സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന അവൾ. ഉടുത്തൊരുങ്ങി അവളെകണ്ടാൽ ഏതോ വലിയ വീട്ടിലെ പെണ്ണാണെന്നേ പറയൂ. ആരു കണ്ടാലും അവളെയൊന്നു നോക്കും.  ഈ സൗന്ദര്യമാണോ അവൾക്കൊരു ശാപമായത്? വിധി അവളുടെ അച്ഛനോടു കാണിച്ച ക്രൂരതയാൽ എട്ടാം ക്ലാസ്സിൽ പഠനം ഉപേക്ഷിയ്ക്കേണ്ടി വന്നവൾ. മൂന്നു പെൺകുട്ടികളുടെ ഉത്തരവാദിത്വത്തിൽ നിന്നും തന്റെ അമ്മയെ ആശ്വസിപ്പിയ്ക്കാനായി സ്വമനസ്സാൽ ഏറ്റെടുത്തുവാങ്ങിയ വരണമാല്യമാണോ അവൾക്കൊരു ഭാരമായത്?       ” ഒരൽപ്പം പണം കുറഞ്ഞുപ്പോയി എന്നതാണല്ലോ ദൈവമേ ഞാൻ ചെയ്ത അപരാധം എന്ന്  പറഞ്ഞു പ്രയാസം സഹിയ്ക്കാനാകാതെ വരുമ്പോൾ അവൾ സ്വയം വിതുമ്പാറുണ്ട് . ഉടൻ  തന്നെ അവളോർക്കും ഒരുപക്ഷേ തനിയ്ക്ക് മാത്രമല്ല വലിയ വീടുകളിലെ പെണ്ണുങ്ങൾക്കും തന്റെ  അവസ്ഥ ഉണ്ടായേക്കാം, പക്ഷെ പണം, പ്രതാപം സമൂഹത്തിലുള്ള അവരുടെ പിടിപാട് എന്നിവ അവരുടെ ഈ അവസ്ഥയെ സമൂഹത്തിൽനിന്നും  മറിച്ചുപിടിയ്ക്കുന്നതാകാം. എല്ലാറ്റിനേയും അതിജീവിച്ചു തന്റെ കുട്ടികൾക്ക് വേണ്ടി  ജീവിയ്ക്കണം ,അതായിരുന്നു സീമയുടെ അടിയുറച്ച തീരുമാനം.

വെളുത്ത് മെലിഞ്ഞ ശരീരം ഏതു സമയത്തും എണ്ണയിട്ടു മിനുക്കി ചീന്തി വച്ച കരിവണ്ടിനെ വെല്ലുന്ന മുടി, കൂടെ ജനിച്ചതാണോഎന്ന് തോന്നുംവിധം ഏതു കാലാവസ്ഥയിലും ഇട്ടു നടക്കുന്ന ‘കൂളിംഗ്-ഗ്ലാസ്,’ രണ്ടുവശങ്ങളിലേയ്ക്കായി പിരിച്ച് തേളിന്റെ കൊമ്പുപോലെ വളച്ചു വച്ചിരിയ്ക്കുന്ന കൊമ്പൻമീശ, അലക്കിതേച്ച വടിവൊത്ത നീളൻകൈ ഷർട്ട്, കൈ ഒരൽപ്പം തെറുത്തു മുകളിലേയ്ക്കു വച്ചിരിയ്ക്കുന്നു, എഴുതാനൊന്നും കാര്യമായി അറിയില്ലെങ്കിലും  ഷർട്ടിന്റെ പോക്കറ്റിൽ സ്ഥിരതാമസം പിടിച്ചിരിയ്ക്കുന്ന ഒരു പേന, അലക്കിതേച്ച പാന്റ്, അല്ലെങ്കിൽ വിദേശ സംസ്കാരത്തെ അനുകരിയ്ക്കുന്ന ഒരു തടിയൻ ജീൻസ്. സീമയുടെ ഭർത്താവ് വിനോദെന്ന വിനു. ‘ടിപ്ടോപ്പായി’ മാത്രമേ നിങ്ങൾക്കു വിനുവിനെ കാണാൻ കഴിയൂ. കെട്ടിടപണിയിൽ തേപ്പുപണിയാണു ഇവനുദ്ദ്യോഗമെന്നു ഇവനെകണ്ടാൽ  ആരും പറയില്ല. എല്ലാ ദിവസവും മുടങ്ങാതെ പണിയ്ക്കുപോയാൽ പണം കൂടിപോകുമൊ എന്ന ഭയമാണോ എന്നറിയില്ല. ദിവസവും പണിയ്ക്കുപോകുന്ന ഒരു സ്വഭാവം അവനില്ല. തനിയ്ക്ക് കള്ളുകുടിയ്ക്കാനും അത്യാവശ്യം വട്ടചിലവിനുമുള്ള പണത്തിനുമാത്രം പണിയ്ക്കു പോകുകയെന്നതാണു വിനുവിന്റെ  ശൈലി.

രാവിലെ എട്ടുമണിയാകുമ്പോൾ വീട്ടിലെ എല്ലാപണികളും കഴിഞ്ഞു ഒരു ഭക്ഷണ പാത്രവുമായി അടുത്തുള്ള കരിങ്കൽ മടയിലേയ്ക്കു യാത്രയാകും നമ്മുടെ സീമ. പിന്നീട് അന്തിമയങ്ങുമ്പോഴാണു തിരിച്ചെത്തുന്നത്. കരിങ്കൽ തലയിലേറ്റി ലോറികളിലേയ്ക്കും അത് പൊടിയ്ക്കുന്ന മെഷിനിലേയ്ക്കും നിറയ്ക്കുന്ന ജോലിയാണവൾ ചെയ്യുന്നത്. താൻ ജോലിചെയ്തില്ലെങ്കിൽ തന്റെ കുഞ്ഞുങ്ങൾക്കായി അടുപ്പുപുകയില്ല എന്ന സത്യം അവളുടെ ശരീരത്തെ ഒരിയ്ക്കലും തളർത്താറില്ല .  കഠിനമായ ഈ കരിങ്കൽ തുണ്ടുകൾ പലപ്പേഴും ഭ്രാന്തമായ മനുഷ്യന്റെ മനസ്സിനേക്കാൾ മാർദ്ദവമുള്ളതാണെന്നവൾക്ക് തോന്നാറുണ്ട്  . കഠിനമായ ഈ ജോലി കഴിഞ്ഞു അന്തിമയങ്ങുമ്പോൾ വീട്ടിലേയ്ക്കുവേണ്ടുന്ന സാധങ്ങളുമായി അവളെത്തും. പിന്നെ ആഹാരം പാകം ചെയ്യണം, കുട്ടികളുടെ കാര്യങ്ങൾ ചെയ്യണം, അതൊന്നുമല്ല പ്രധാനം അതുവരെ തന്റെ കുഞ്ഞുങ്ങളെ നോക്കിയ അമ്മായിയമ്മയ്ക്ക് പ്രത്യേക ശ്രദ്ധ നല്കണം അല്ലെങ്കിൽ അതൊരു മഹാ അപരാധമാകും, ഇതിനിടയിൽ മദ്യലഹരിയിൽ നാലുകാലിലോ അല്ലാതെയോ വരുന്ന ഭര്ത്താവിന്റെ ആഗമനമായി. വന്നുകയറുമ്പോഴേയ്ക്കും വേണ്ട  രീതിയിലുള്ള പരിചരണം വേണം. അതിനുശേഷം അമ്മയും മകനും തമ്മിലുള്ള കുശലം പറച്ചിൽ. മരുമകളെകുറിച്ചെന്തെങ്കിലും മകന്റെ കാതിൽ നിറച്ച് അവർ തമ്മിലുള്ള വഴക്ക് കേട്ടാൽ പട്ടുമെത്തയിൽ കിടന്നുറഞ്ഞുന്ന സംതൃപ്തിയിൽ കിടന്നുറങ്ങാൻ ശീലിച്ച അമ്മായിയമ്മ. പിന്നെ കലാപരിപാടികൾ ആരംഭിയ്ക്കുകയാണു ” എടീ നീ ഇന്ന് ആരുടെകൂടെയായിരുന്നെടീ രാവിലെ മുതൽ? ആരാണു നിന്നെ അന്വേഷിച്ച് ഇവിടെ വന്നത്? അവനാരാ? എന്നെ മഠയനാക്കുകയൊന്നും വേണ്ട” . ആദ്യമെല്ലാം ഈ ഒഴുകിവരുന്ന ചോദ്യ പ്രവാഹത്തിനു ഒന്നുരണ്ടു വാക്കിലെങ്കിലും ഉത്തരം പറയാൻ സീമ ശ്രമിച്ചു. ഉത്തരം പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അടുത്ത നടപടി അടിതന്നെ.  പിന്നീട് സീമ ഉത്തരം പറയാനൊന്നും മുതിരാറില്ല.  അവിശ്വാസംകൊണ്ട് ഭ്രാന്തുപിടിച്ച ഒരു മനുഷ്യൻ ഒരു ദിവസമല്ല എല്ലാ ദിവസവും എന്തെങ്കിലും   ഒരു വിഷയത്തിൽ തുടുങ്ങും. അവസാനിപ്പിയ്ക്കുന്നത് ഈ അവിശ്വാസത്തിൽ തന്നെ. പിന്നെ കുട്ടികളുടെ കൂട്ട നിലവിളി തുടങ്ങുംവരെ അടിതന്നെ. ആദ്യമെല്ലമം അയൽകാർ ഓടിവന്നു തടയാറുണ്ട് . പകലുമുഴുവാൻ എല്ലുമുറിയെ പണിയെടുത്ത് വരുന്ന ഇവളെ എന്തിനാണിങ്ങിനെ പട്ടിയെപ്പോലെ തല്ലുന്നതെന്നവർ ചോദിയ്ക്കാറുണ്ട് . ഇത് ഞാനും എന്റെ ഭാര്യയും തമ്മിലുള്ള പ്രശ്നം എന്തിനിതിൽ ഇടപെടുന്നുവെന്നായിരുന്നു വിനുവിന്റെ ഉത്തരം. പിരിമുറുക്കം കൂടുതലുള്ള ദിവസമാണെങ്കിൽ സഹായിയ്ക്കാൻ വന്ന മാന്യന്മാരുടെ പേരെടുത്ത് വിനു ചോദിയ്ക്കും  “ആഹാ …അപ്പോൾ നീ ഇവന്റെ കൂടെയായിരുന്നുവല്ലേ?” ഇതുകേട്ട പലരും അവനെ കൈ വയ്ക്കാൻ ഒരുങ്ങിയതാണ്. പക്ഷെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളേയും സീമയേയും ഓർത്തവർ വെറുതെവിട്ടു. ഇതൊരു നിത്യസംഭവമായി അയൽവാസികൾക്ക്. പിന്നെ മാന്യന്മാരൊന്നും ഈ  പ്രശ്നത്തിൽ ഇടപെടാറില്ല. സുന്ദരിയായ ഭാര്യ തന്നെ ചതിയ്ക്കുന്നുവെന്ന അവിശ്വാസം പലപ്പോഴും അവളെ പിന്തുടരാൻവരെ അവനെ പ്രേരിപ്പിയ്ക്കുംവിധം ഭാന്തമായി മാറ്റി

 

അന്നും പതിവുപോലെ ഒരു കാരണത്തിൽ തുടങ്ങി ഇതേ സംശയം പൊറുതിമുട്ടിയ അവൾ പറഞ്ഞു ‘ നിങ്ങളെപ്പോലെ ഒരുവന്റെ കൂടെ താമസിയ്ക്കുന്നതിലും ഭേദം ഏതെങ്കിലും   നട്ടെല്ലുള്ളവന്റെ കൂടെപ്പോയി കുട്ടികളേയും കൊണ്ട് ജീവിയ്ക്കുന്നതാണു” പറഞ്ഞു തീരും മുമ്പേ അമ്മായിയമ്മ അതിനെ പിൻതാങ്ങി ” കണ്ടില്ലേ അവളുടെ മനസ്സിലിരുപ്പ്! നിന്നെക്കാൾ ഭംഗിയുള്ള ആരെയെങ്കിലും കണ്ടുകാണും അവൾ” ഇതുകൂടെ കേട്ടപ്പോൾ മദ്യലഹരിയിൽ മുഴുഭാന്തനായി മാറിയ വിനു മതിയാകുംവരെ തലയ്ക്കും ശരീരത്തിലുമായി അവളെ തല്ലി. കുട്ടികളുടെ രോദനമൊന്നും അന്നവന് ഒരു പ്രശ്നമായില്ല   ഒരു റബ്ബർ പൈപ്പുപോലെ അവൾ അതെല്ലാം സഹിച്ചു. അസഹനീയമായ ശരീരമാസകലമുള്ള വേദനകൊണ്ട് അവൾക്ക് കണ്ണടയ്ക്കാൻ കഴിഞ്ഞില്ല.

ഒന്നും അറിയാത്തമട്ടിൽ പ്രഭാത സൂര്യൻ അന്നും ഉദിച്ചുപൊങ്ങി. ശരീരം തീരെ അനുവദിച്ചിരുന്നില്ല. എന്നാലും സീമ അന്നും പതിവുപോലെ പണിയ്ക്കായി ഇറങ്ങിതിരിച്ചു. താൻ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇത്രയും സഹിയ്ക്കേണ്ടി വന്നതെന്ന ചോദ്യം അവളുടെ മനസ്സിനെ അലട്ടികൊണ്ടിരുന്നു. തലയിൽ കയറ്റിവച്ച കരിങ്കൽ കഷണങ്ങൾക്ക് അവളുടെ മനസ്സിനോളം ഭാരം തോന്നിയില്ല.  ഒന്ന് രണ്ടു പ്രാവശ്യം തലയിൽ കല്ലേറ്റി   അവൾ നടന്നു. അടുത്തതവണ തലയിലേറ്റിയപ്പോൾ കണ്ണിലെന്തോ ഒരു ഇരുട്ടുപടരുന്നതുപോലെ അവൾക്കനുഭവപ്പെട്ടു. കാലിടറി തലയിലേറ്റിയ കരിങ്കല്ലുമായി അവൾ നിലംപതിച്ചു. എല്ലാവരും ചേർന്നവളെ ആശുപത്രിയിൽ എത്തിച്ചു. തലേദിവസം തലയ്ക്കേറ്റ പ്രഹരത്തിന്റെയോ, അതോ തലയിൽ വീണ കരിങ്കൽകൊണ്ടോ തലയ്ക്കേറ്റ ക്ഷതം ഒരുപക്ഷെ അവളുടെ ജീവനുതന്നെ അപകടമായേയ്ക്കാം എന്ന ഢോക്ടറുടെ വാക്കുകൾ എല്ലാവരേയും ഞെട്ടിപ്പിച്ചു. സംഭവമറിഞ്ഞ് ഓടികൂടിയവരിൽ വിനുവും ഉണ്ടായിരുന്നു ,പ്രത്യേക മുറിയിലേയ്ക്കവളെ കൊണ്ടുപോകുന്നതിനിടയിൽ അവനവളെത്തന്നെ ഉറ്റുനോക്കി   പക്ഷെ അവന്റെ നോട്ടത്തിനെ പ്രതികരിയ്ക്കാൻ അവളുടെ അടഞ്ഞ കണ്ണുകൾക്ക് ശേഷിയില്ലായിരുന്നു. തന്റെ രണ്ടുവശങ്ങളിലായി വിങ്ങി പൊട്ടികരയുന്ന തന്റെ പിഞ്ചോമനകളുടെ മുഖം വിനുവിലെ മനുഷ്യനെ ഉണർത്തി .  ‘സംശയരോഗം’  അതിനിതുവരെ   ഒരു മരുന്നുകണ്ടെത്താൻ ഒരു ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല. പരസ്പരം വിശ്വാസമാണ് ഏതു ബന്ധങ്ങളുടേയും അടിത്തറ. സംശയരോഗം ആർക്കുപിടിച്ചാലും  മാരകം തന്നെ. സ്വയം തെറ്റ് മനസ്സിലാക്കിയ വിനുവിന്റെ ജീവിതത്തിൽ കുറെ നഷ്ടങ്ങൾക്കുശേഷം ഒരു പുതിയ സൂര്യോദയമുണ്ടായി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

2 COMMENTS

  1. ഗുരുവചനങ്ങള്‍ നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക. ശാന്തിയും സമാധാനവും ലഭിക്കും.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here