കോഡിഡ് കാരണം ഉണ്ടായ രണ്ടു വർഷത്തെ ഇടവേളക്കു ശേഷം
ഇറ്റ്ഫോക്കിന് വീണ്ടും തിരി തെളിഞ്ഞു.
പാലസ് ഗ്രൗണ്ടിലെ പവലിയന്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ സിനിമാ താരം പ്രകാശ് രാജ് മുഖ്യാതിഥിയായി. റവന്യൂമന്ത്രി കെ രാജന്‍ ഇറ്റ്‌ഫോക് ബുള്ളറ്റിന്‍ സെക്കന്റ് ബെല്‍ സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ പി ആര്‍ പുഷ്പവതിക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ഫെസ്റ്റിവല്‍ ടീഷര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഏറ്റുവാങ്ങി. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഫെസ്റ്റിവല്‍ ബാഗ് പി ബാലചന്ദ്രന്‍ എംഎല്‍എക്ക് നല്‍കി പ്രകാശനം ചെയ്തു. ടി എന്‍ പ്രതാപന്‍ എംപി ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്തു. മേയര്‍ എം കെ വര്‍ഗീസ് പുസ്തകം ഏറ്റുവാങ്ങി.
സമകാലിക രാഷ്ട്രീയ-സാമൂഹിക അവസ്ഥകള്‍ ചര്‍ച്ച ചെയ്ത മൂന്ന് നാടകങ്ങളാണ് ആദ്യദിനം ഇറ്റ്‌ഫോക്കിലൂടെ സംവദിച്ചത്. അതുല്‍ കുമാര്‍ സംവിധാനം ചെയ്ത ടേക്കിങ്ങ് സൈഡ്‌സ് എന്ന നാടകത്തിലൂടെ ദേശീയ നാടകങ്ങള്‍ക്ക് കെ ടി മുഹമ്മദ് തിയറ്ററില്‍ തുടക്കമായി. ഇന്ത്യന്‍ അടിയന്തരാവസ്ഥ കാലഘട്ടത്തിലെ അഞ്ച് സ്ത്രീ കഥാപാത്രങ്ങളിലൂടെ അരങ്ങിലെത്തിച്ച കെ എസ് പ്രതാപന്റെ നിലവിളികള്‍ മര്‍മ്മരങ്ങള്‍ ആക്രോശങ്ങള്‍ എന്ന നാടകത്തിലൂടെ ബ്ലാക്ക് ബോക്‌സ് തിയേറ്ററില്‍ മലയാള നാടകങ്ങള്‍ക്ക് തുടക്കമായി.