ഇസ്മയിലിന്നലെ വന്നുവോ വീണ്ടും
മുറിയിലിരുന്നുവോ,കഥകൾ പറഞ്ഞുവോ?
മനസ്സിലെ നിറയുന്ന കദനങ്ങളൊക്കെയും
മിഴികളിൽ കണ്ണുനീരായി തുളുമ്പിയോ?
മരുഭൂമിയിൽ കാറ്റ് വീശുന്ന രാത്രിയിൽ
ആദ്യമായ് നീ വന്നതിന്നുമുണ്ടോർമ്മയിൽ
പരിചയത്തിന്റെ തുടക്കമാ രാത്രിയിൽ
പരിദേവനത്തിന്റെ കഥയെത്ര രാത്രിയിൽ..
ദാരിദ്ര്യ ദുരിതങ്ങൾ തീരുന്ന നാളുകൾ
കടൽ കടന്നെത്തി നീ നിറയും പ്രതീക്ഷയായ്,
നിർഭാഗ്യ രേഖകൾ പായുന്ന പാതകൾ
നിശ്ചയമില്ലാതെ നീളുന്ന വേളകൾ
പാതയിൽ വീണു പൊലിഞ്ഞ നിൻ ജീവനും
ചോരയിൽ ചിതറിയ നിൻ സ്വപ്നബാക്കിയും
എങ്ങുമെത്താത്ത നിൻ മോഹങ്ങളും പെയ്തു-
തീരാതെ പോയ നിൻ ഹൃദയ ദാഹങ്ങളും..
ഇസ്മയിലിന്നലെ വന്നുവോ വീണ്ടും
മുറിയിലിരുന്നുവോ,കഥകൾ പറഞ്ഞുവോ
മനസ്സിലെ നിറയുന്ന കദനങ്ങളൊക്കെയും
മിഴികളിൽ കണ്ണുനീരായി തുളുമ്പിയോ?