തുരുത്ത്

തൊടിയിലെ മൂവാണ്ടൻ മാവിൻ ചുവട്ടിലായിരുന്നു രണ്ടു ചൂരൽ കസേരകളും മുന്നിലൊരു ചെറുമേശയുമായി ഞങ്ങളുടെ ഇരിപ്പിടം ഒരുക്കിയിരുന്നത് .ഓടിട്ട ആ പഴയ ഇരുനില വീടിന്റെ ഏകദേശം നൂറു മീറ്റർ അകലെയായിട്ടാണ് നിള ഒഴുകുന്നത് .ഒരേക്കറിന് മുകളിൽ മാവും പ്ലാവും മറ്റു തണൽ വൃക്ഷങ്ങളുമായി മനസ്സിന് കുളിർമയേകുന്ന പുരയിടം. ഉച്ചവെയിൽ മാഞ്ഞു തുടങ്ങുന്നതേയുള്ളൂ പക്ഷെ മാവിൻചുവടും ഞങ്ങളിരിക്കുന്ന ഇടവും മീന വെയിൽ എത്തിനോക്കാൻ മെനക്കെട്ടില്ല . തെല്ലകലെ മറ്റൊരു മരച്ചുവട്ടിൽ കുറച്ചു കുട്ടികൾ കളിക്കുന്നു ..

എഴുത്തുകളിലൂടെയും സംഭാഷണങ്ങളിലൂടെയും ഒരുപാടറിഞ്ഞിരുന്ന ആ സ്ഥലം ഒട്ടും അപരിചിതമായി തോന്നിയില്ല. തണുത്തകാറ്റടിക്കുന്നുണ്ടായിരുന്നു നിളയിൽ നിന്നും ,മുന്നിലിരിക്കുന്ന ബിയർ കുപ്പി തലോടിക്കൊണ്ട് ഒന്നും മിണ്ടാതെ ഏറെനേരം ഞങ്ങളിരുന്നു. ആതിഥേയയോട് ആവശ്യപ്പെട്ട ഏക കാര്യവും അത് മാത്രമായിരുന്നു ,മൂന്നു ബിയർ … അവൾ ഏതോ സഹ അദ്ധ്യാപകനെക്കൊണ്ട് വാങ്ങിപ്പിച്ചു വീട്ടിലെ ഫ്രിഡ്ജിൽ വച്ചിരിക്കുകയായിരുന്നു. വെറുതെ അവളുടെ സ്നേഹത്തിന്റെ ആഴം അളക്കാൻ വേണ്ടിമാത്രം ആവശ്യപ്പെട്ടതായിരുന്നു. പക്ഷെ അവളിവിടെയും തോൽപ്പിച്ചു കളഞ്ഞു . തികഞ്ഞ സസ്യബുക് ആയിരുന്ന അവളെനിക്ക് വേണ്ടി അത്താഴത്തിനൊരുക്കിയിരുന്ന മാംസവിഭവങ്ങളും അവളുടെ കൈകൊണ്ടു ജീവിതത്തിൽ ആദ്യമായി ഉണ്ടാക്കിയതാണത്രേ . വിചിത്രമായ സ്നേഹ പരിണാമങ്ങൾ ..

അവിടവിടായി വെള്ളക്കെട്ടുകൾ മാത്രമായി ശോഷിച്ചു എല്ലും തോലുമായ ഒരു വൃദ്ധയെ ഓർമ്മിപ്പിക്കുന്ന നിള …ബീർ കുപ്പി പൊട്ടിക്കാൻ തോന്നിയില്ല. അവളും ഞാനും ഇതുവരെ സംസാരിച്ചു തുടങ്ങിയിട്ടില്ല. രണ്ടുപേരുടെയും കണ്ണുകൾ നിളയിലേക്കായിരുന്നു..
നിറം മങ്ങിയ കോട്ടൺ സാരിയും ആ വലിയ കണ്ണുകൾക്ക് ചേരാത്ത ചെറിയ കണ്ണടയും ഏതോ കവയിത്രിയെ ഓർമിപ്പിച്ചു . കുപ്പിയിലെ തണുപ്പിന്റെ തുള്ളികൾ ഇടതുകൈയിലൂടെ മേശ വിരിയിലേക്ക് ഇറ്റിറ്റു വീണുകൊണ്ടിരുന്നു.

“ഒരുപാട് എഴുതുന്ന ആളാണല്ലോ ..ഇപ്പോൾ എന്തുപറ്റി .ഒന്നും മിണ്ടാതെ”
ബിയർ ഗ്ലാസ്സിലേക്കു പകരുമ്പോൾ മൗനത്തിനു വിരാമമിട്ടു …
“മാഷ് തുടങ്ങട്ടെ എന്ന് കരുതി ..ഞാനൊരവസരം തന്നതല്ലേ”
അവൾ ചിരിച്ചു
“ഇതാണോ അതോ ?” ഗ്ലാസ്സുയർത്തികാണിച്ചുകൊണ്ടു ചോദിച്ചു
“ഇഷ്ടപ്പെട്ടോ ..ഈ സ്ഥലവും ഞങ്ങളെയും ..?”
“പിന്നെന്താ ..”
പിന്നീടവൾ കലപില സംസാരിച്ചുകൊണ്ടു ഒരു കൊച്ചുകുട്ടി ആയി മാറി .ബിയർ നുണഞ്ഞുകൊണ്ടു ഞാനവളെ സാകൂതം ശ്രവിച്ചു കൊണ്ടിരുന്നു .
ഇവിടെ നിന്നും പുഴയിലേക്കിറങ്ങാമോ .. ഇടയിൽക്കയറി ചോദിച്ചു
ഇല്ല .അപ്പുറത്തുകൂടിയാണ് വഴി. നമുക്ക് അങ്ങാടിയിലൂടെ പോവാം അമ്പലത്തിനടുത്തുള്ള മണൽത്തിട്ടകളാണ് ഇപ്പോഴെനിക്ക് പ്രിയം ..

നാളുകൾക്കു മുമ്പവൾ എഴുതിയിരുന്നത് ഓർമ്മ വന്നു …

നിളയിപ്പോൾ ഒരു മരുഭൂമിയാണ് മാഷേ….
മണൽത്തിട്ടകൾ വൈകുന്നേരവും ചുട്ടുപഴുത്താണിരിക്കുന്നത്..
അവിടവിടായി കെട്ടിനിൽക്കുന്ന വെള്ളക്കുഴികൾ കാണുമ്പോൾ എന്തൊക്കെയോ മനസ്സിൽ വരുന്നു …
നിളയ്ക്കായി പെയ്യാൻ മഴമേഘങ്ങൾ ഇന്നും മടിച്ചു നിൽക്കുകയാണ് . പെയ്ത്തിനായി നൊട്ടി നുണഞ്ഞു കാത്തിരിക്കുന്ന നിളയെ നോക്കാതെ അവ കിഴക്കിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു…
മാഷു വരുമ്പോൾ നമുക്കൊരുമിച്ചു നടക്കണം.. ഈ മണൽതിട്ടയിലൂടെ ,നഗ്നപാദരായി …
പൊള്ളിക്കില്ല എന്ന് വാക്ക് തന്നിട്ടുണ്ട് അവരെനിക്ക് …
എഴുത്തങ്ങനെ നീണ്ടുപോകുന്നു …

“ദേവി വീട്ടിൽ പോവുന്നില്ലേ വിഷുവിന്..?”
“ഇല്ല ..” മറുപടി അവൾ ഒറ്റവാക്കിൽ ഒതുക്കി
പിന്നീട് കാരണം തിരക്കാൻ തോന്നിയില്ല .അല്ലെങ്കിലും അവൾ ഇങ്ങോട്ടു പറയുന്ന കാര്യങ്ങൾ അല്ലാതെ ഒന്നും അറിയില്ല ഇതുവരെ. അവളുടെ മനസ്സിനെ ചികഞ്ഞു നോക്കാൻ തോന്നിയിട്ടുമില്ല
തൂലികയിൽ തുടങ്ങിയ സൗഹൃദം ,അവളുടെ മനസ്സിന്റെ സഞ്ചാരപഥങ്ങൾക്കനുസൃതമായി എപ്പോൾ വേണമെങ്കിലും വഴിമാറിപ്പോയേക്കാം എന്നറിയാവുന്നതുകൊണ്ടു തന്നെ .
തന്റെ ഏതൊക്കെയോ എഴുത്തുകൾ ഏതോ രീതിയിൽ സ്വാധീനിക്കപ്പെട്ടവൾ വിഭ്രമാത്മകതയുടെ വലയം ഭേദിച്ചുകൊണ്ട് എപ്പോൾ വേണമെങ്കിലും വെളിയിലെത്താം. അതുവരെ മാത്രമുള്ള ഒരു ബന്ധം ..

രണ്ടു ബിയറുകൾ നൽകിയ രസകരമായ ചെറു ലഹരിയിൽ ഞങ്ങൾ നടക്കാനിറങ്ങി . ലാപ്ടോപ്പിൽ നിന്നും തലയുയർത്തികൊണ്ട് അദ്ദേഹം ചെറുചിരിയോടെ അനുവാദം നൽകി .ആറുവയസ്സുകാരി മാളു കൂടെ വരാൻ വാശി പിടിച്ചെങ്കിലും ദേവി സമ്മതിച്ചില്ല .ഇടവഴിയിലൂടെ റോഡിലേക്കിറങ്ങി . അസ്തമയം ആവാൻ തുടങ്ങിയിരുന്നു. അപ്പോൾ
എതിരെ വന്ന കിളരം കുറഞ്ഞ വൃദ്ധൻ ഭവ്യതയോടെ നിന്നു
“ടീച്ചറുടെ നാട്ടുകാരനാവും ല്ലെ ..?”
ദേവി വെറുതെ തലയാട്ടുക മാത്രം ചെയ്തു
“പുറപ്പെടായോ ..” അയാൾ കുശലം വിടുന്ന മട്ടില്ല
ആണെന്നോ അല്ലെന്നോ അറിയാത്ത വിധം തലയാട്ടി നടന്നു

ഓടിട്ട കുറെ പഴഞ്ചൻ കെട്ടിടങ്ങൾ മാത്രമുള്ള അങ്ങാടി പതിറ്റാണ്ടുകൾക്ക് പിന്നോട്ട് മനസ്സുപായിച്ചു. ചായക്കടയുടെ അരമതിലിൽ ഇരുന്നു ചായകുടിക്കുന്ന ആളുകൾ ഞങ്ങളെ മാറി മാറി നോക്കുന്നുണ്ടായിരുന്നു . വലതുവശം നീണ്ടുകിടക്കുന്ന പാടശേഖരങ്ങളാണ്. ഓടിട്ട കെട്ടിടങ്ങൾക്കപ്പുറം തെങ്ങിൻ തോപ്പുകളും കാമുകിൻതോപ്പുകളും നീണ്ടു കിടക്കുന്നു .

ആൽത്തറയ്ക്കു മുന്നിലെത്തിയപ്പോൾ ഒരു നിമിഷം നിന്ന് പരസ്പരം നോക്കി . അവളുടെ എഴുത്തുകളിൽ നിറഞ്ഞു നിന്നിരുന്ന അരയാൽ
നൂറ്റാണ്ടുകളുടെ ചരിത്രത്തിനു സാക്ഷിയായ ആൽമുത്തശ്ശി ഇനിയും തലമുറകളെ വരവേൽക്കാനായി മണ്ണിനെ ചുറ്റിപ്പിണഞ്ഞുകൊണ്ടു നീങ്ങുന്നു. ക്ഷേത്രമുറ്റം ഭക്തരാൽ സമൃദ്ധമാണ്. പരിവേദനങ്ങളുടെ ഭാണ്ഡക്കെട്ടഴിക്കാനായി കാത്തു നിൽക്കുന്നവരും ,അവയ്ക്കുള്ള വില നിശ്ചയിക്കുന്ന ദൈവത്തിന്റെ കാവൽക്കാരും മുറ്റം സമൃദ്ധമാക്കുന്നു.
അകത്തെവിടെയോ ഉറങ്ങുന്ന ശില്പിയുടെ കരവിരുത്. നടക്കല്ലുകളിറങ്ങി ഞങ്ങൾ നിളയിലെത്തി .നീണ്ടു കിടക്കുന്ന മണൽത്തിട്ടകൾ തന്നെയാണിപ്പോൾ നിള.

ഈ വഴിത്താരയാത്രയും ഞങ്ങളൊന്നും മിണ്ടാതെയാണ് നടന്നതെന്ന് അത്ഭുതത്തോടെ ഓർത്തു. നഗ്നപാദരായി നടക്കുമ്പോൾ അവളും ഞാനും കൈകോർത്തു പിടിച്ചിരുന്നു . ആരാണാദ്യം കൈപിടിച്ചതെന്ന് അറിയില്ല. കുറച്ചു ദൂരം ചെന്നപ്പോൾ കൈകൾ പരസ്പരബന്ധിതമായിരുന്നു .

ഇരുളാൻ തുടങ്ങിയിരുന്നു അപ്പോൾ. ഒരു മണൽതിട്ടയിൽ ഇരിക്കുമ്പോഴും കൈകൾ കോർത്തുപിടിച്ചിരുന്നു . കുട്ടികൾ കളി കഴിഞ്ഞു വീട്ടിലേക്കോടുന്ന തിരക്കിലായിരുന്നു .അകലെ കുളിക്കടവിൽ ആരൊക്കെയോ കുളിക്കുന്നു. ഞങ്ങൾ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല . രണ്ടു നദികളുടെ സംഗമസ്ഥാനത്തായിരുന്നു ഞങ്ങളപ്പോൾ.വലിയൊരു നദിയിലേക്കു വന്നു ചേരുന്ന കൊച്ചു നദി. പിന്നീട് തിരിച്ചറിയാൻ കഴിയാത്ത വിധം ഇഴുകിച്ചേർന്നവ യാത്ര തുടരുന്നു .
ചെറു നദിയിലെ മാലിന്യങ്ങളെയും പോഷകങ്ങളെയും ഒരുപോലെ സ്വാംശീകരിച്ചെടുക്കുന്ന നിള..

“ഞാൻ ആരാണെന്നദ്ദേഹം നിന്നോട് ചോദിച്ചില്ലേ ഇതുവരെ ..?”
“ഇല്ല.. എന്നതാണ് സത്യം മാഷെ ..”
“അതെന്താ ….” ബാക്കി മുഴുമിക്കാൻ തോന്നിയില്ല .
“അതിലൊന്നും അദ്ദേഹത്തിന് ഒട്ടും …”
അവൾ അർധോക്തിയിൽ നിർത്തി ..
“മാളു ചോദിച്ചില്ലേ …”
“ഒരു മാമൻ ആണെന്ന് പറഞ്ഞു . ആ ചോദ്യം പോലും അദ്ദേഹത്തിൽ നിന്നും ഉണ്ടായില്ല ..

വീണ്ടും നിശബ്ദതയുടെ ചില നിമിഷങ്ങൾ . അവൾ വാചാലയായി എന്തൊക്കെയോ സംസാരിക്കുന്നു . പുസ്തകങ്ങളെക്കുറിച്,അവൾ എഴുതിയിരുന്ന അവളുടെ ചെറുപ്പകാലത്തെക്കുറിച്,അവളുടെ കൂട്ടുകാരെക്കുറിച് അങ്ങനെ എന്തൊക്കെയോ ..

ഒന്നിലും മനസ്സ് നിൽക്കുന്നില്ല എല്ലാത്തിനും മൂളുന്നുണ്ടെങ്കിലും ..

“ഞാൻ നിന്റെ ആരാണ് ..?” ചോദ്യം കടുപ്പമുള്ളതായിരുന്നു
അവൾ ഒന്നും മിണ്ടിയില്ല .കോർത്തുവച്ച കൈകളുടെ ബലം കുറയുന്നപോലെ തോന്നി .. ചോദ്യം മാറ്റി ഞാൻ വീണ്ടും ആവർത്തിച്ചു

“എന്നോടുള്ള ദേവിയുടെ ബന്ധത്തെ എന്തുപേരിട്ടു വിളിക്കാം ..”

അവൾ ദീർഘമായ മറുചോദ്യം കൊണ്ടാണതിനെ നേരിട്ടത്

“ശരീരങ്ങൾ തമ്മിൽ ചേരുന്നതിനെ കാമവും
മനസ്സുകൾ തമ്മിൽ ചേരുന്നതിനെ പ്രണയമെന്നും
വിളിക്കുവാനാണെനിക്കിഷ്ടം ….
എങ്കിൽ ആത്മാക്കൾ തമ്മിൽ ചേരുന്നതിനെ എന്തുവിളിക്കാം..
ലയനം….?
സമർപ്പണം ….?
നമ്മുടെ ഭാഷ എത്രയോ ചെറുതാണ്
ആത്മാക്കളുടെ ആലിംഗനം നിർവചിക്കാനാവാതെ
അക്ഷര മുറ്റം പരസ്പരം കലഹിക്കുന്നു..
ഉടലാഴങ്ങളിൽ സീൽക്കാരങ്ങൾ മറുപടിയാവുമ്പോൾ
മനസ്സിന് വിങ്ങൽ പൊലിപ്പു നൽകുമ്പോൾ …
ആത്മാവിന്റെ പൂർത്തീകരണത്തിന് ഞാനെന്തു പേര് നൽകും ?
അതുപോലെ ഇതിനും ഉത്തരം നല്കാൻ ഞാനില്ല മാഷെ …”

അവളുടെ കൈകൾ എന്റെ കയ്യിൽ നിന്നും വേർപെട്ടു. അവൾ അകലെയെങ്ങോ മിഴികൾനട്ടുകൊണ്ടിരിക്കുകയാണ് . ഞാൻ ആ കൈകളെടുത്തു മടിയിൽവച്ചുകൊണ്ടു മെല്ലെ തലോടി ..

“ഓരോ മനസ്സുകളും ഓരോ തുരുത്തിലാണ് ദേവീ
ഏകാന്തവാസം അനുഭവിക്കുന്ന …
ഓരോ …
തുരുത്തിൽ ..
വിളിപ്പാടകലെ ഒരുപാടുപേരുണ്ടെങ്കിലും
വിളിപ്പുറം വരാൻ …..
ഒരു പക്ഷെ ..ആരും …. ”

അവൾ പുഞ്ചിരിച്ചു . ഇരുട്ട് പരന്നതുകൊണ്ട് കവിളിലെ തുള്ളികൾ എന്നെ മറഞ്ഞു നിന്നു

” ഈ തുരുത്തിനു ചുറ്റും
ആഴമേറിയ കിടങ്ങുകളാണ് …മാഷേ
വരാനോ..
വന്നാൽ തിരിച്ചുപോകാനോ
ആർക്കും കഴിയാത്ത വിധം
ഒറ്റപ്പെട്ടുകിടക്കുന്നു …
ഇതു പോലെ
ചില തുരുത്തുകൾ ….
അല്ല, പല തുരുത്തുകളും …”

അകലെനിന്നും ഏതോ തീവണ്ടിയുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു അപ്പോൾ. ബാഗിൽ നിന്നും അവൾക്കായി വാങ്ങിയ സമ്മാനപ്പൊതി പുറത്തെടുത്തു . ഏറേമുക്കാലും വാടിപ്പോയ കുറെ മുല്ലപ്പൂക്കളായിരുന്നു ആ പൊതിയിൽ . അവളതു മടിയിൽ വിതറി .
മണൽപ്പറമ്പാകെ മുല്ലപ്പൂമണമായിരുന്നു അപ്പോൾ ..

“ഞാനീ പുഴ കടന്നു അക്കരെക്കു പോകുകയാണ് .അവിടെ എന്റെ തീവണ്ടി ചൂളംവിളി തുടങ്ങിയിരിക്കുന്നു . ഇനിയും വൈകിയാൽ ഒരുപക്ഷെ ..ഞാൻ …
അദ്ദേഹത്തോട് പറയൂ ഞാൻ പോയെന്ന് . മാളുവിനോടും ..”

“പോവാൻ തീരുമാനിച്ചോ മാഷ് ..?”
“പോവാതെ പിന്നെ ..” ചിരിയോടെയാണ് പറഞ്ഞത് .അവളെ നോക്കാതെ പുഴയുടെ നേരെ നടന്നു . ആഴങ്ങളില്ലാത്ത പുഴ കടന്ന് എത്രയും പെട്ടെന്ന് അക്കരെയെത്തണം …

“നിർമലാ …”
ടോർച്ചിന്റെ വെട്ടം അവളുടെ മുല്ലപ്പൂക്കളിലാണ് പതിച്ചത്
അവൾ തലയുയർത്തി നോക്കി .
“നിനക്കിനിയും വീട്ടിലേക്കു വരാനായില്ലേ .. ഈയിടെയായി ഒരുപാടു വൈകുന്നു നീ ..” അദ്ദേഹം അടുത്തെത്തി .
“ഈ ഇരുട്ടത്ത് നിന്റെ നിളയ്ക്ക് കാവലാണോ .. വാ പോകാം..”അദ്ദേഹം ചിരിച്ചു ..

അദ്ദേഹത്തിന്റെ തോളിൽ തല ചായ്ച്ചു കൊണ്ടവൾ മണൽതിട്ടയിലൂടെ നടന്നു .അവളുടെ മടിയിൽ നിന്നും വീഴുന്ന മുല്ലപ്പൂവുകൾ മണൽത്തിട്ടകളിൽ വെള്ളച്ചായം പൂശി .

പുഴ കടന്ന് നടന്നു നീങ്ങുകയായിരുന്നു അയാളപ്പോൾ …

അകലെ നിന്നും തീവണ്ടിയുടെ ചൂളം വിളി കേൾക്കാം ….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസുഭാഷ് ചന്ദ്രന്റെ ഒന്നര മണിക്കൂറിന് അവാർഡ്
Next articleനുറുങ്ങു കവിത പുരസ്‌കാരം കളത്തറ ഗോപന്
നിശാന്ത് .കെ മലപ്പുറം ജില്ലയിലെ ചുങ്കത്തറ എന്ന പ്രദേശത്ത് 1982 ഏപ്രിൽ 6 ന് ജനനം.പിതാവ് കൂത്രാടൻ ഉസ്മാൻ ,മാതാവ് സൗദാബി. എഴുത്തിനോട് ചെറുപ്പം മുതലേ അഭിനിവേശം. ബിരുദാനന്തര ബിരുദത്തിനു ശേഷം പാരലൽ കോളേജ് ,പ്രൈവറ് സ്‌കൂൾ തുടങ്ങിയവയിൽ അധ്യാപക ജോലി .ഇപ്പോൾ യൂണിമണി ഫിനാൻഷ്യൽ സെർവീസസിൽ ബ്രാഞ്ച് മാനേജർ ആയി ജോലി ചെയ്യുന്നു. "ഫത്തേ ദർവാസാ ,ജീവിതം മുഴങ്ങുന്നിടം" എന്ന പേരിൽ ഒരു ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഭാര്യ റൈഹാനത്ത് ,മക്കൾ അനഘ ,ആദി

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here