ജിസാന്‍: ജിസാന്‍ ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (ജല) ഫേസ്ബുക്ക് ലൈവില്‍ സംഘടിപ്പിച്ച മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ പെയ്തിറങ്ങിയ വെര്‍ച്വല്‍ ഇശല്‍രാവും ഈദ്‌സംഗമവും പ്രവാസി മലയാളികള്‍ക്ക് ഗൃഹാതുരത്വം സമ്മാനിച്ച അപൂര്‍വ അനുഭവമായി. സൗദിയിലെ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകര്‍ പങ്കെടുത്ത ഇശല്‍ രാവും വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഗായകര്‍ അണിനിരന്ന ദേശീയ മാപ്പിളപ്പാട്ട് മല്‍സരവും ഈദ് ആഘോഷങ്ങളെ സംഗീത സാന്ദ്രമാക്കി. ആഘോഷ പരിപാടികളില്‍ എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍ മുഖ്യാതിഥിയായിരുന്നു. അനശ്വര ഗായകന്‍ മുഹമ്മദ് റഫി ‘ഇസ്സത്ത്’ എന്ന ചിത്രത്തിനു വേണ്ടി പാടിയ ഗാനം ആലപിച്ച് അദ്ദേഹം ഈദ് സംഗമം ഉദ്ഘാടനം ചെയ്തു. സംഗീതവും കലയും സാഹിത്യവും ജാതിക്കും മതത്തിനും എല്ലാ വിഭാഗീയതകള്‍ക്കും അതീതമായി മനുഷ്യനെ ഒന്നിപ്പിക്കുന്നവയാണെന്നും മാനവികതയും മനുഷ്യസ്‌നേഹവും ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ഒരുമയുടെ മഹത്തായ സന്ദേശമാണ് ഈദ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിക്കെതിരെ എല്ലാം മറന്ന് ഒരുമയോടെ മനുഷ്യ രാശിയൊന്നാകെ പോരാടേണ്ട ചരിത്ര ഘട്ടമാണിതെന്നും അടുത്ത ഈദാഘോഷത്തിനെങ്കിലും ശാരീരികമായി ഒരുമിക്കാന്‍ നമുക്ക് കഴിയട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇശൽ രാവും ഈദ് സംഗമവുമൊരുക്കി സൗദിയിൽ ‘ജല’ ജിസാൻ
ജല രക്ഷാധികാരിയും മാധ്യമ പ്രവർത്തകനുമായ താഹ കൊല്ലേത്ത് അധ്യക്ഷത വഹിച്ചു. ലോക കേരള സഭാംഗവും ജിസാന്‍ സര്‍വകലാശാല മെഡിക്കല്‍ കോളേജ് പ്രൊഫസറുമായ ഡോ.മുബാറക് സാനി അതിഥികളെയും ഗായകരെയും പരിചയപ്പെടുത്തി. പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും കേരള മാപ്പിളകലാ അക്കാദമി ഇശല്‍കൂട്ടം സംസ്ഥാന അധ്യക്ഷനുമായ മുഹമ്മദ് കുമ്പിടി മാപ്പിളപ്പാട്ടും മലയാളിയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ജിദ്ദ നവോദയ രക്ഷാധികാരി വി.കെ.അബ്ദുല്‍ റഊഫ്, പ്രസിഡന്റ് ഷിബു തിരുവനന്തപുരം, ദമാം നവോദയ രക്ഷാധികാരി സമിതി അംഗവും കൈരളി ടി.വി പ്രതിനിധിയുമായ എം.എം. നയീം, ലോക കേരളസഭാംഗം എ.എം.അബ്ദുല്ലക്കുട്ടി, ജല പ്രസിഡന്റ് എം.കെ. ഓമനക്കുട്ടന്‍, അസീര്‍ പ്രവാസി സംഘം രക്ഷാധികാരി ബാബു പരപ്പനങ്ങാടി, മാസ് തബൂക്ക് രക്ഷാധികാരി മാത്യു നെല്ലുവേലില്‍, നജ്‌റാന്‍ പ്രതിഭ രക്ഷാധികാരി ഷാനവാസ്, എം.എസ്. മോഹനന്‍, നാസര്‍ തിരുവനന്തപുരം, അന്‍വര്‍ കൊടിയത്തൂര്‍, നിഷീദ്കുമാര്‍, റസല്‍ കരുനാഗപ്പള്ളി, മുഹമ്മദ് കുഞ്ഞാപ്പ, മനോജ്കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജല ജനറല്‍ സെക്രട്ടറി വെന്നിയൂര്‍ ദേവന്‍ സ്വാഗതവും ഏരിയ സെക്രട്ടറി സലാം കൂട്ടായി നന്ദിയും പറഞ്ഞു. ഗായകരായ നൂഹ് ബീമാപ്പള്ളി, സോഫിയ സുനില്‍, റഹീം തിരുവനന്തപുരം എന്നിവര്‍ ഇശല്‍ രാവില്‍ ജനപ്രിയ മാപ്പിളപ്പാട്ടുകള്‍ ആലപിച്ചു. ഈദ് ആഘോഷത്തോടനുബന്ധിച്ച് ജല സൗദി ദേശീയ തലത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ മാപ്പിളപ്പാട്ട് മത്സരത്തില്‍ സൗദിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഇരുപതോളം ഗായകര്‍ പങ്കെടുത്തു. മാപ്പിളപ്പാട്ട് മത്സരത്തില്‍ സമീര്‍ കൂട്ടായി (മക്ക), ഖാദര്‍ ചെലവൂര്‍ (മദീന), നേഹ പുഷപരാജ് (റിയാദ്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കുമെന്ന് ജല ഭാരവാഹികള്‍ അറിയിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും ഗവേഷകനുമായ മുഹമ്മദ് കുമ്പിടി അധ്യക്ഷനായ വിദഗ്ധ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്. മാപ്പിളപ്പാട്ട് മല്‍സരം മികച്ച നിലവാരം പുലര്‍ത്തിയതായി സമിതി വിലയിരുത്തി.