ഇരുളിൽ നിന്നൊരു പുണ്യാളൻ

 

നാടുവിടുമ്പോൾ മാധവന്റെ മനസ് നൊന്തു. ബന്ധങ്ങൾ വേർപിടേണ്ടിവരുമല്ലോ എന്ന മനസ്സിലെ പരിഭവം ഹൃദയഭാരമേറ്റി. സുഹൃത്തുക്കൾ സമാധാനിപ്പിച്ചു.

“ആദ്യമായി വീട് വിട്ടു പോകുമ്പോൾ എല്ലാവർക്കും തോന്നും ഈ വിഷമങ്ങളൊക്കെ. കുറച്ചു കഴിയുമ്പോൾ  ബന്ധങ്ങളും, ബന്ധങ്ങളിൽ നിന്നുണർന്ന മധുരാനുഭവങ്ങളും ഓർമ്മകളും സ്വപ്നങ്ങളുമായി മാറും.”

സുഹൃത്തുക്കൾ പറഞ്ഞതിന്റെ പൊരുൾ മാധവനു മനസ്സിലാക്കാൻ ദിവസങ്ങൾ വേണ്ടിവന്നില്ല. അകൽച്ച മറന്നുറങ്ങുവാൻ വേണ്ടുന്ന “ഔഷധങ്ങൾ” വേണ്ടുവോളം ലഭ്യമായിരുന്നു പുതിയ കൂട്ടിലും കൂട്ടരിലും! എന്നാൽ അവയൊന്നും അവന്റെ മനസ്സിനെ മാറ്റിമറിക്കാൻ വേണ്ടത്ര വീര്യമുള്ളവയായിരുന്നില്ല.

നാളുകൾ കഴിഞ്ഞിട്ടും സ്വന്തം നാടിന്റെ ഓർമ്മകളുടെ അളവും, ആഴവും വളർന്ന മണ്ണിന്റെ ഗന്ധവും അവനിൽ ഏറിവന്നതെയുള്ളൂ. ഒറ്റയ്ക്കുള്ള ജീവിതം, പുറമെനിന്നുള്ള ഹോട്ടൽ ഭക്ഷണം, ഏകാന്തത നിറഞ്ഞ അന്തരീക്ഷം, യന്ത്രികത്വം നിറഞ്ഞ ദിനങ്ങൾ. അവന് എല്ലാം മടുത്തു.

മാസാമാസങ്ങൾകൊണ്ട് സംഭരിച്ച അവധികൾ നാണയങ്ങൾ കണക്കെ അവൻ എണ്ണി തിട്ടപ്പെടുത്തി വെച്ചു. അവധിനാളുകളുടെ കൂമ്പാരം ഒരു മാസം തികയുവാനും ജോലിക്ക് ഒരു വയസ് തികയുവാനും അവൻ കാത്തിരുന്നു. ചില്ലറയായി ഒന്നും ബാക്കി വയ്ക്കാതെ കിട്ടിയ അവധികളൊക്കെയും തുടച്ചെടുത്തുകൊണ്ട്
“പ്രവാസിക്കുട്ടൻ” നാട്ടിലേക്ക് തിരിച്ചു.

നാട്ടിലേക്ക് പോകുന്നതിനു മുൻപ് ചില കണക്കുകൂട്ടലുകൾ അവൻ എടുത്തിരുന്നു. ചെറുപ്പം മുതൽ ഭാഗികമായി അവനുണ്ടായിരുന്ന ഒരു കണ്ണിന്റെ കാഴ്ച്ചക്കുറവ് തന്റെ കണക്ക് കൂട്ടലിൽ ഒരു അനുഗ്രഹമായി! അവൻ തീരുമാനിച്ചു.

“തിരിച്ചു വരുമ്പോൾ ഇനി ഒറ്റയ്ക്ക് ഒരു വരവ് ഉണ്ടാവില്ല. തന്റെ വൈകല്യത്തെ മാനിച്ച് കൂട്ടിനൊരാളേയും കൂടി കൊണ്ട് വരണം. ഒരു സഹായി അല്ലെങ്കിൽ കുശിനിയിലെ പാചകക്കാരൻ എന്ന തസ്തികയിൽ. തനിക്ക് വിശ്വസിക്കാൻ പറ്റുന്ന എന്തിനും കഴിവുള്ള ഒരാളും അവന്റെ മനസ്സിൽ ഉണ്ടായിരുന്നു”

ശാരീരിക ബലഹീനത കാണിച്ച് പരസഹായത്തിനൊരാളെ വേണമെന്നു കാണിച്ചു ഇമിഗ്രേഷനിൽ അപേക്ഷ കൊണ്ടുത്താൽ, അപേക്ഷിച്ച ആവശ്യം പരിഗണയിലെടുത്ത് അപേക്ഷ പാസാക്കി കിട്ടിയാൽ തന്റെ ആഗ്രഹം സാധിക്കുമെന്ന് ചുരുങ്ങിയ കാലയളവിൽ അവൻ കണ്ടുപിടിച്ചിരുന്നു.  അതിനുള്ള എല്ലാ കരുക്കളും അവൻ നാട്ടിൽ പോകും മുൻപ് ചെയ്ത് അതിനുള്ള അനുവാദപത്രികയും കൈക്കലാക്കിയിരുന്നു.

ഇനി ചെറിയൊരു വഴിത്തിരിവ്. അവന്റെ മനസ്സിൽ ഒരാൾ ഉണ്ടായിരുന്നു എന്നു പറഞ്ഞില്ലേ? അത്  ആരാനെന്നല്ലേ? അതാണു “മണിക്കുട്ടൻ”. ആരാണീ മണിക്കുട്ടൻ? അത് കഥയിലെ കഥയാണ്.

മാധവനുണ്ടായിരുന്ന കണ്ണിന്റെ വൈകല്യം കൊണ്ടായിരുന്നോ എന്നറിയില്ല, ചെറുപ്പം മുതൽ, വികലാംഗൻ എന്ന പദത്തെ മാധവൻ കണ്ടിരുന്നത് മറ്റൊരു തരത്തിലാണു. വികലാംഗരെ മാധവൻ അനാഥരായാണു കണ്ടിരുന്നത്! കാരണം അവന്റെ നോട്ടത്തിൽ അനാഥത്വം ഒരു വൈകല്യമാണ്. അതിനുള്ള ന്യായീകരണം മാധവൻ ഇങ്ങിനെയാണു പറയുവാറുള്ളത്.

വൈകല്യം അന്ധനിലും ബധിരരിലും ഊമയിലും മറ്റ് അംഗവൈകല്യത്തിലും ഒതുങ്ങുന്നില്ല. മറിച്ച് ഭ്രാന്തരും അനാഥരും എന്തിനു നമ്മുടെ ആത്മാവിൽ പോലും മാധവൻ വൈകല്യം അല്ലെങ്കിൽ അനാഥത്വം കണ്ടിരുന്നു. എങ്ങിനെ എന്നല്ലേ? അവന്റെ വാദം വിചിത്രമായിരുന്നു.

മാധവൻ ചോദിക്കുമായിരുന്നു, “അന്ധൻ പറയില്ലേ കണ്ടു ഞാൻ എല്ലാ നിറങ്ങളും എന്‍റെ സങ്കൽപ്പത്തിൽ! ബധിരൻ പറയില്ലേ, കേട്ടു ഞാൻ എല്ലാ സ്വരങ്ങളും എന്‍റെ സങ്കൽപ്പത്തിൽ! ഊമ പറയില്ലേ, പറഞ്ഞു ഞാൻ എല്ലാ ഭാഷയും എന്‍റെ സങ്കൽപ്പത്തിൽ! അതു പോലെ, അനാഥരും പറയില്ലേ, താലോലിച്ചെന്നെ എല്ലാവരും എന്റെ സങ്കൽപ്പത്തിൽ?”

അതെ, അനാഥത്വം ഒരു വൈകല്യമായാണു മാധവൻ കണ്ടിരുന്നത്. അതുകൊണ്ടു തന്നെ അനാഥരെ കണ്ടാൽ മാധവനു ചെറുപ്പം മുതൽ ഒരു വല്ലാത്ത സഹാനുഭൂതിയാണ്.  അതായിരിക്കാം മണിക്കുട്ടനും മാധവന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.

മാധവന്റെ മഹാരാജാസ് പഠനകാലം. കോളേജിൽ നിന്നും വാരാന്ത്യത്തിൽ വീട്ടിൽ വരുന്നത് പതിവായിരുന്നു. ഐലന്‍റ എക്സ്പ്രസ് എറണാകുളം സൗത്തിൽ സമയത്തെത്തിയാൽ അധികം താമസിക്കാതെ വീട്ടിലെത്താം. എന്തോ ആ ദിവസം, വളരെ വൈകി. നല്ല തണുപ്പും. അത്ര വൈകിയതിനാൽ റെയിൽവെ സ്റ്റേഷനിൽ നിന്നും വീട്ടിലേക്കുള്ള ലാസ്റ്റ് ബസും പോയിക്കഴിഞ്ഞിരുന്നു. ആകെയുണ്ടായിരുന്ന ആശ്രയം ഓട്ടോറിക്ഷയായിരുന്നു. വീടെത്താൻ അരമണിക്കൂറെങ്കിലും എടുക്കും. വല്ലാത്ത ദാഹം തോന്നി. ആ സമയത്ത് മിക്ക കടകളും അടച്ചിരിക്കും. എന്നാലും ഡ്രൈവറോട് പറഞ്ഞു, ഏതെങ്കിലും കട തുറന്ന് കണ്ടാൽ ഒന്ന് നിർത്താൻ. ഭാഗ്യത്തിന് വീടെത്തും മുൻപ് തുറന്നിരിക്കുന്ന ഒരു കട കണ്ടു. കടയുടമ കട അടയ്ക്കുവാനുള്ള ഒരുക്കത്തിലാണ്.

ഓട്ടോയിൽ നിന്നിറങ്ങിയ അവൻ “സന്ദർശനോദ്ദേശം“ വെളിപ്പെടുത്തിയപ്പോൾ കടക്കാരൻ ചെട്ടിയാർ പറഞ്ഞു.

“അയ്യോ സാറേ, നാരങ്ങാ സർബത്തിന് ഐസില്ല. വെള്ളം ദാ ഇപ്പൊഴാ ഞാൻ കളഞ്ഞ് കലം അകത്ത് വെച്ചത്. കോളാ തരാം. തണുപ്പുണ്ടാവില്ല”.

അങ്ങിനെയായിക്കൊട്ടെ എന്നു മാധവൻ ആഗ്യം കാട്ടി. ആ സമയം കടത്തിണ്ണയിലെ ഇരുളിൽ നിന്നും തലയിൽ കൂടി മുണ്ടിട്ട ഒരു ചെറിയ ആൾ രൂപം അടുത്തേക്ക് നടന്നു വന്നു. അടുത്ത് വന്നപ്പോഴാണ് മനസ്സിലായത്. പുതച്ചിരിക്കുന്നത് മുണ്ടല്ല, ഒരു ചാക്കാണ്. നന്നായി വിറക്കുന്നുണ്ട്. പുതപ്പിനുള്ളിൽ നിന്ന് കൈ നീട്ടി വല്ലതും തരാനുള്ള ഭാവത്തിൽ,

“വല്ലതും തരണേ സാറേ. ഇന്നൊന്നും കഴിച്ചിട്ടില്ല സാറേ”.

ഇതുകേട്ട് കടയുടമ അലറി, “എടാ, നീ പോയില്ലേ? നിന്നോടല്ലേ പോകാൻ പറഞ്ഞത് പലവട്ടം? പോവാതെ ഒളിച്ചിരിക്യാ. ഞാൻ പോയിട്ട് വേണം നിനക്ക് എന്തെങ്കിലും കക്കാൻ”.

അതും പറഞ്ഞ് കടക്കാരൻ ചെട്ടിയാർ ഒരു ഇരുമ്പു കോലുമെടുത്ത് അവനെ ഓടിക്കാൻ ഒരുങ്ങി. ഇതു കണ്ട മാധവൻ പറഞ്ഞു.

“ വേണ്ട മാഷേ, അവന് വിശപ്പുണ്ടാവും. ഈ സമയത്ത് അവനെവിടെ പോയി കഴിക്കാനാ. ഇവനെ കണ്ടിട്ട് പാവമെന്നാ തോന്നണെ. അവനു ഒരു കോളയും ഒരു ബണ്ണും കൊടുത്തേക്ക്. പൈസ ഞാൻ തരാം”.

ഒരു കച്ചവടം കൂടി കിട്ടുമെന്നു കണ്ട കച്ചവടക്കാരൻ ഒന്നടങ്ങി. അകത്തു കയറി ഒരു കോള അനാഥനു കൊടുത്തു. ആർത്തിയോടെ ബണ്ണ് തിന്നുന്നത് കണ്ടപ്പോൾ മനസ്സിലായി അവനിന്നൊന്നും കഴിച്ചിട്ടില്ലെന്ന്. നിമിഷം കൊണ്ട് ബണ്ണ് ആ കുട്ടി തിന്നു.

“നിനക്ക് വിശപ്പ് മാറിയോ? ഒരെണ്ണം കൂടി വേണോ?”

ഒരെണ്ണം കൂടി എന്നു കൈകാട്ടി തലയാട്ടിയവൻ യാചിച്ചു. ഒരു ബണ്ണു കൂടി കടയുടമയെ കൊണ്ട് കൊടുപ്പിച്ചു.

കടക്കാരന് കാശു കൊടുക്കുന്നതിനിടയിൽ വിറച്ചു കൊണ്ട് നിൽക്കുന്ന അവനോട് മാധവൻ ചോദിച്ചു, “നീ എവിടുന്നാ? നിന്‍റെ വീടെവിടെയാ?”

അനാഥക്കുട്ടിയുടെ മറുപടി, “എനിക്കു നാടറിയില്ല സാർ. ഞാൻ ലോറികേറി വന്നതാ സാർ”

ബാക്കി മറുപടിയായി പറഞ്ഞത് ചെട്ടിയാരായിരുന്നു,“അവനിവിടൊക്കെ തെണ്ടി തിരിഞ്ഞു നടക്കുന്നവനാ സാറേ. ഒരു ചരക്കു ലോറീടെ മോളില് ഇവൻ എവിടെ നിന്നോ എങ്ങിനെയോ കയറി കൂടി. ചായ കുടിക്കാൻ ലോറി ഇവിടെ നിർത്തിയതാ. ക്ളീനർ ചരക്കിന്റെ കെട്ടു നോക്കാൻ ലോറീടെ മുകളിൽ കയറിയപ്പോ അവിടെ കിടന്നുറങ്ങുന്ന ഇവനെ കണ്ടു. ബലമായി ഡ്രൈവർ, ഇറക്കിയിട്ട് അവരങ്ങു പോയി. അങ്ങിനെ അവന്റെ നാട് ഇതായി”.

മാധവൻ അനാഥക്കുട്ടിയോട് ചോദിച്ചു, “നിന്‍റെ പേരെന്താ?”

“ പേരില്ല സാർ. ഇവരൊക്കെ വായി തോന്നീത് വിളിക്കും”

മാധവൻ വീണ്ടും, “നീ എവിടെ കിടക്കാൻ പോകുന്നു, ഈ തണുപ്പത്ത്?”

ആ കുട്ടി കടയുടമ കാണാതെ പതുക്കെ പറഞ്ഞു, “ഇവിടെ”.

മാധവൻ പറഞ്ഞു, “ഇല്ല. നീ ഇവിടെ ഉറങ്ങുന്നില്ല ഇന്ന്. നീ എന്‍റെ കൂടെ വാ”.

വീടില്ലാത്ത അവനെന്തു വ്യത്യാസം?

പക്ഷെ അതു കേട്ട കടയുടമ, “സൂക്ഷിക്കണേ സാറേ. വേലിയിലിരുന്ന പാമ്പിനെ എടുത്ത് തോളത്ത് വെച്ച പോലാവരുതേ. ഇവറ്റങ്ങൾക്ക് മോഷണം രക്തത്തിലുള്ളതാ”.

എന്തോ, മാധവന്റെ മനസ്സ് പറഞ്ഞു ഇവനൊരു പാവമാണെന്ന്. ആ രാത്രി അത്ര താമസിച്ച് വരുവാനും, അവിടെ ദാഹിച്ചു വെള്ളത്തിനായി നിർത്തുവാനും അവനെ കണ്ടുമുട്ടുവാനും എല്ലാം ഇടവന്നത് ഒരു ദൈവകല്പിതമായി തോന്നി. ഒരു നിമിത്തമായി മാധവൻ ആ കൂട്ടുമുട്ടലിനെ കണ്ടു.

ആ അനാഥക്കുട്ടിയെ മാധവൻ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിൽ പുറംപണിക്ക് ഒരാളെ വേണമെന്ന് അമ്മ പറഞ്ഞിരുന്നതും അവന്റെ മനസ്സിലുണ്ടായിരുന്നു. വഴിവക്കിൽ നിന്നും കിട്ടിയതാണെന്ന് പറഞ്ഞാൽ അമ്മ സമ്മതിക്കില്ലെന്ന് അവനറിയാമായിരുന്നു. അതുകൊണ്ട് മറ്റൊരു കെട്ടുകഥ ഒരു ജീവൻ രക്ഷിക്കാൻ വേണ്ടി പറഞ്ഞു. മാധവൻ അവനൊരു പേരും നൽകി. ആ പേരാണു “മണിക്കുട്ടൻ”. അങ്ങിനെ മണിക്കുട്ടനു വീടായി , മേൽവിലാസവുമായി.

അന്നു മുതൽ ഇക്കഴിഞ്ഞ വർഷം മാധവന്റെ അമ്മ, മരിക്കും വരെ ആ വീട്ടിലെ ഒരുകൊച്ചു വിശ്വസ്ത കാരണവരായി അവൻ കഴിഞ്ഞിരുന്നു. നീണ്ട 20 വർഷം. മണിക്കുട്ടൻ സ്വന്തം അമ്മയെപോലെ മാധവന്റെ അമ്മയെ നോക്കി പരിപാലിച്ചു. പുറമേ ഉള്ള ജോലികൾക്കായി വന്നവൻ അമ്മയുടെ സഹായം കൊണ്ട് ഒരു നല്ല പാചകക്കാരനുമായി. അമ്മ മരിച്ചു കഴിഞ്ഞ് വീടും പുരയിടവും നോക്കാൻ മാധവന്റെ അനിയത്തി അവനെ ഏർപ്പാടാക്കി.  അനിയത്തിയുടെ ഭർത്താവിൻറെ ഭവനം ഏറെ ദൂരത്തായിരുന്നതിനാൽ വല്ലപ്പോഴും പോയി വസ്തു നോക്കാനും കേടുപാടുകൾ തീർക്കാനും അനിയത്തിക്ക് ബുദ്ധിമുട്ടേറി. അവസാനം മക്കൾ വീടും പറമ്പും വിൽക്കാൻ തീരുമാനിച്ചു.  മണിക്കുട്ടനെ അവർ മറന്നില്ല. വസ്തുവിൽ അഞ്ചു സെൻറ് സ്ഥലവും മാധവൻ മണിക്കുട്ടനു വീട് വെക്കാനുള്ള പണവും നൽകി.

ഈ മണിക്കുട്ടനാണു  കഥയുടെ തുടക്കത്തിൽ പറഞ്ഞ നമ്മുടെ പ്രവാസികുമാരന്റെ മനസ്സിൽ ഉള്ളത്. ഈ മണിക്കുട്ടനെയാണു പ്രവാസിയായ മാധവൻ അവനോടൊപ്പം വിദേശത്തേക്ക് കൊണ്ടു പോകാനുള്ള തയ്യാറെടുപ്പോടെ വന്നിരിക്കുന്നത്. പ്രവാസി അങ്ങനെ നാട്ടിലെത്തി. യാത്രാക്ഷീണമെല്ലാം മാറിയപ്പോൾ അവൻ മണിക്കുട്ടന്റെ വാസഥലത്തെത്തി. ഗേറ്റ് അടച്ചിട്ടിരിക്കുന്നു. അയൽവക്കത്ത് തിരക്കി അവനെക്കുറിച്ച്.

അയൽവീട്ടിലെ സ്ത്രീ പറഞ്ഞു, “അവൻ അതിരാവിലെ പോവും. ഇനി സ്കൂൾ വിട്ട് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞിട്ടെ അവൻ വരൂ”.

മാധവൻ, “അല്ലാ അവൻ സ്കൂളിൽ പഠിക്കാൻ പോകുന്നുണ്ടോ?”

സ്ത്രീയുടെ മറുപടി, “അയ്യോ, മണിക്കുട്ടൻ പഠിക്കുന്നോന്നുമില്ല. മാണിക്യമുറ്റത്തെ പിള്ളാരെ അവനാ സ്കൂളീന്നു വിളിച്ചോണ്ടു വരുന്നെ. അതാ ഞാൻ പറഞ്ഞത് അവൻ വരുമ്പോൾ മണി മൂന്നു കഴിയുമെന്ന്”.

മാധവൻ വാച്ചിലേക്ക് നോക്കി. ഇനി രണ്ടു മണിക്കൂറെങ്കിലും കഴിയണം.

അവൻ സ്ത്രീയോടായി, “ശരി, ഞാൻ പോയിട്ട് വരാം. മണിക്കുട്ടൻ വന്നാൽ അമേരിക്കയിൽ നിന്നും മാധവേട്ടൻ കാണാൻ വന്നിരുന്നു, മൂന്നുമണിക്കു ശേഷം വരാം , ഇവിടെ കാത്തു നിൽക്കാൻ പറയണം”.

അവർ തലയാട്ടി. മാധവൻ കാറിൽ കയറി. കാറ് നീങ്ങി. ഭക്ഷണം കഴിച്ചിട്ട്, മണിക്കുട്ടനു പാർസലായി ഒരു പങ്കും, പിന്നെ വരും വഴി തുണിക്കടയിൽ കയറി, മൂന്നു മുണ്ടും, ബനിയനും ഷർട്ടും വാങ്ങി കുറച്ചു മണിക്കൂറുകൾക്ക് ശേഷം തിരിച്ചെത്തി.

അഞ്ചു സെൻറ് പുരയിടത്തിൽ പണിതിരിക്കുന്ന മണിക്കുട്ടന്റെ കൊച്ചുകൊട്ടാരം. ഇക്കുറി ഗേറ്റ് പൂട്ടിയിട്ടില്ല. മുൻവാതിൽ മുട്ടി വിളിച്ചു. മൂന്നാമത്തെ മുട്ടിനു വാതിൽ തുറന്നു. വീട്ടുടമ ആഗതനായി!

മണിക്കുട്ടൻ! കണ്ടതും മാധവൻ മണിക്കുട്ടനെ മാറോടണച്ചു. “എന്താ മണിക്കുട്ടാ, നീ വല്ലാണ്ട് ക്ഷീണീച്ചു പോയല്ലോ?” മാധവന്റെ മുഖവുര പരാതി മാതിരി…

മണിക്കുട്ടൻ ഒന്നും മിണ്ടിയില്ല. കാരണം അവനു പറയുവാനുള്ളത് ഒരു ഗദ്ഗദമായാണു പുറത്തു വന്നത്. മണിക്കുട്ടന്റെ കണ്ണു നിറഞ്ഞു, സന്തോഷംകൊണ്ട്. സ്വന്തമെന്ന് പറയാനാരുമില്ലവന്. എന്നാൽ അവന്റെ എല്ലാമെല്ലാമാണു മാധവേട്ടൻ. അവനൊരു ജീവിതം കൊടുത്ത ദൈവതുല്യനാണു മാധവേട്ടൻ. അവൻ ആ കാൽക്കൽ വീണു നമസ്കരിച്ചു.

“അയ്യ്യേ എന്തായിത് മണിക്കുട്ടാ, എണീക്ക്” മാധവേട്ടൻ അവനെ കൈപിടിച്ച് എഴുന്നേൽപ്പിച്ചു. അടുത്തുള്ള ബഞ്ചിൽ രണ്ടു പേരും ഇരുന്നു. മണിക്കുട്ടനു കൊണ്ടു വന്ന ഭക്ഷണവും തുണികളും കൊടുത്തു.

“മണിക്കുട്ടാ, നീ ഊണു കഴിച്ചോ”

മണിക്കുട്ടൻ ഇല്ലെന്നു തലയാട്ടി.

“ദാ, ഇതു കഴിക്ക്. നീ സമയത്ത് ഭക്ഷണം കഴിക്കാറില്ലേ? നമുക്ക് അകത്തിരുന്നു സംസാരിക്കാം”.

“മാധവേട്ടാ, അകത്തു ഇരിക്കാൻ ഒന്നും ഇല്ല. മാധവേട്ടൻ ഈ ബഞ്ചിൽ തന്നെ ഇരിക്ക്. ഞാൻ ഇറയത്തിരുന്നു കഴിച്ചോളാം”.

അവൻ ആർത്തിയോടെ ബിരിയാണി കഴിക്കുന്നത് കൗതുകത്തോടെ മാധവേട്ടൻ നോക്കിയിരുന്നു.

മണിക്കുട്ടൻ കഴിച്ചു കഴിഞ്ഞ് കൈ കഴുകി വന്നിരുന്നു. മാധവൻ താൻ വന്നതിൻറെ പ്രധാന കാരണം അവതരിപ്പിച്ചു.

“മണിക്കുട്ടാ, ഞാൻ വന്നത് നിന്നെ എന്റെ കൂടെ അമേരിക്കക്കു കൊണ്ടു പോകാനാ. നമുക്കിതൊക്കെ വിറ്റിട്ട് അവിടെ പോയി ഒരുമിച്ചു കഴിയാം. നിനക്ക് വരണ്ടേ മാധവേട്ടന്റെ കൂടെ. അവിടെ നിനക്ക് സുഖായി കഴിയാം?”

മണിക്കുട്ടൻ നിശബ്ദനായി മാധവനെ നോക്കി നിന്നു. ആ കണ്ണുകൾ പിന്നെയും നിറഞ്ഞു.

“നീ എന്താ കരയുകയാണോ ഒരു സന്തോഷ വർത്തമാനമല്ലേ ഞാൻ പറഞ്ഞത്. എന്താ നിനക്ക് ഏട്ടനോടൊത്ത് വരാൻ ഇഷ്ടമല്ലേ?”

അവൻ കണ്ണു തുടച്ചു കൊണ്ട്  പറഞ്ഞു, “മാധവേട്ടാ, ഏട്ടൻ പറഞ്ഞതിൽ പരം സന്തോഷൊള്ള മറ്റെന്തു കാര്യാ ഈ മണിക്കുട്ടനു കേൾക്കാൻ പ്റ്റ്യ. പക്ഷെ, മാധവേട്ടൻറെ ആഗ്രഹം സാധിച്ചു തരാൻ പറ്റണില്ല്യലോ എന്നോർത്തപ്പൊ സങ്കടായി. ഞാൻ അവിടെ വന്നു സുഖായി കഴിഞ്ഞാൽ ഇവിടെയുള്ളോരോ. അവരുടെ സുഖൊക്കെ പോവില്ലേ. അതു വേണ്ട മാധവേട്ടാ”.

മനസ്സിലായില്ലല്ലോ എന്ന ഭാവത്തിൽ മാധവൻ അവന്റെ മുഖത്തേക്ക് നോക്കി.

അവൻ തുടർന്നു, “ഈ മണിക്കുട്ടൻ ഇവിടം വിട്ട് പോയാലു മാണീക്യമുറ്റത്തെ ചേച്ചീടെ മക്കളെ സ്കൂളിലു കൊണ്ടു പോകാനും വിളിച്ചോണ്ടു വരാനും ആരാ? രാവിലെ ബേബിച്ഛായന്റെ കട തുറക്കാൻ ആരാ?

ഞാൻ പോന്നാലു അമ്മണിമാമയ്ക്കു ചന്തേന്നു മീൻ മേടിക്കാൻ ആരാ? ബദനി ആശ്രമത്തീന്നു പച്ചക്കറികളു ചന്തെ കൊണ്ടു കൊടുക്കാൻ പിന്നാരാ? കവലേലെ ചെട്ടിയാരുടെ കടേലു ചരക്കിറക്കാൻ പിന്നാരാ? പിന്നെ കിഴക്കേടത്തെ ദേവിച്ചേച്ചി രണ്ടാഴ്ചേലൊരിക്കെ വരുമ്പൊ ബസ് സ്റ്റോപ്പീന്നു ബാഗു വീട്ടീ കൊണ്ടോരാൻ ആരാ?” ബാക്കി പറയാൻ അവനെ മാധവേട്ടൻ അനുവദിച്ചില്ല. അവനെ വാരിയടുപ്പിച്ചു  കൈകൾകൊണ്ട് ആ വായ പൊത്തി.

മാധവേട്ടൻ ചോദിച്ചു, “എടാ. മണിക്കുട്ടാ, നീ മാത്രമെ ഉള്ളോ ഈ നാട്ടിലു നാട്ടാർക്ക് വേണ്ടി എല്ലാ പണിയുമെടുക്കാൻ? ഇതിനാണോ ഞാൻ നിനക്കൊരു ജീവിതം തന്നത്? എന്റെ അമ്മയ്ക്ക് വയറിൽ ജനിക്കാത്ത നിന്നെ എന്റെ അനുജനായി വളർത്തി വലുതാക്കിയത് ഇതിനാണോ? ഈ നാടിന്റെ വേലക്കാരനായി മാറിയ നിന്നെ കാണാനാണോ ഈ മാധവേട്ടൻ വന്നത്?

നിന്നോട് എന്തെങ്കിലും കച്ചവടം തുടങ്ങാനല്ലേ പറഞ്ഞത്? അതിനായി ഞാൻ അയച്ചു തന്ന പണം നീ എന്തു ചെയ്തു?”

മണിക്കുട്ടൻ മാധവേട്ടൻറെ മുഖത്ത് നോക്കി കൈ കൂപ്പിക്കൊണ്ട് പറഞ്ഞു, “ക്ഷമിക്കണം, മാധവേട്ടാ, ആ കാശു കവലേലെ ചെട്ടിയാർക്ക് കൊടുക്കേണ്ടി വന്നു. ചെട്ടിയാരുടെ പഴയ കട കത്തിപ്പോയി. പുതിയ കട കെട്ടാൻ പണം  ഇല്ലാതെ വയസ്സൻ ചെട്ടിയാരു വിഷമിക്കണത് കണ്ടപ്പോ ഞാൻ ആ പണം കൊടുത്തു”.

മാധവൻ അവനെ മാറോടണച്ചു. മാധവൻ പണ്ടവനെ ആദ്യമായി കണ്ട ദിവസമോർത്തു പോയി, അവനാപറഞ്ഞത് കേട്ടപ്പോൾ. അന്നു കൂരിരുട്ടിൽ നിന്നും ചെട്ടിയാരുടെ കടത്തിണ്ണയിലേക്ക് വന്ന ആൾരൂപം. അന്നവനെ ശപിച്ച് പറഞ്ഞ ആ ചെട്ടിയാർ! അവനൊരു കള്ളപരിശാണെന്നും, തക്കം കിട്ടിയാൽ കക്കുമെന്നും, അവനു താൻ ആഹാരം വാങ്ങി കൊടുത്തപ്പോൾ എതിർത്തവനുമായ ആ ചെട്ടിയാരെ ആണ് മണിക്കുട്ടൻ അങ്ങോട്ട്, തനിക്ക് ജീവിതം പടുത്തുയർത്താൻ കിട്ടിയ ആ പണം, കൊടുത്ത് സഹായിച്ചത്. ആ കടത്തിണ്ണയിൽ അന്നവനു കിടന്നുറങ്ങാൻ സമ്മതിക്കാതിരുന്ന ചെട്ടിയാർ…അവനെ അടിച്ചു പായിച്ച ചെട്ടിയാർ…

എന്നിട്ട് ആ ചെട്ടിയാർക്ക് ജീവിതമുണ്ടാക്കി കൊടുത്തിട് അവൻ മറ്റുള്ളവരുടെ അടിമയായി ജീവിതം കഴിക്കുന്നു. അവനൊരു പുതിയ ജീവിതത്തിനുള്ള വാഗ്ദാനം താൻ നൽകിയപ്പോഴും, അവനു വലുത് അവൻറെ വയറുനിറയാൻ ചില്ലിക്കാശ് നൽകുന്നവരാരോ അവരുടെ ജീവിതസുഖമാണു.

മാധവൻ അവനിൽനിന്നു അന്ന് പലതും മനസ്സിലാക്കി. യാചിച്ചു കിട്ടുന്ന ഭിക്ഷയാവരുത് സ്നേഹം, കാത്തിരുന്നു കിട്ടുന്ന വരമാകണം സ്നേഹം… നമുക്കേറ്റവും ഇഷ്ടപ്പെട്ടത് എന്നും കൈയ്യിൽ കൊണ്ടു നടക്കാൻ പറ്റില്ല. ചിലതൊക്കെ വിട്ടു കൊണ്ടുക്കേണ്ടി വരും. അതാണു ജീവിതം.

മറ്റുള്ളവരിലുള്ള വിശ്വാസം. അതു നേടിയെടുക്കാൻ കാലങ്ങൾ വേണ്ടി വരും. അതു നഷ്ടപ്പെടുത്താൻ ഒരു നിമിഷം മതി! ഏറ്റവും വലിയ ജീവിതവിജയം നമ്മൾ കാരണം മറ്റുള്ളവർ നൽകുന്ന ചിരിയാണു, അവരുടെ സന്തോഷമാണു! ചില ഒറ്റപ്പെടൽ നല്ലതാണ്, മനസ്സിൽ നല്ല ഒരു സ്ഥാനം നൽകിയവരുടെ മനസ്സിൽ നാം ആരായിരുന്നു എന്നു മനസ്സിലാക്കാൻ!

മാധവൻ, അന്നവിടെനിന്നു മണിക്കുട്ടനോട് വിട പറഞ്ഞിറങ്ങുമ്പോൾ ഒരു തീരുമാനം മനസിൽ എടുത്തിരുന്നു. “നീ എന്റെ അനിയൻ മാത്രമല്ല . നീ എൻറെ ഗുരു കൂടിയാണ്. കൂരിരുട്ടിൽ നിന്നു വന്ന എൻറെ പുണ്യാളൻ.

ഞാൻ തിരിച്ചു വരും. നിന്നെ കൊണ്ടു പോകാനല്ല. നിന്നോടൊപ്പം ജീവിച്ചു മതിവരാൻ. നീ ചുമക്കുന്ന ഭാരത്തിൽ ഒരിത്തിരി ചുമക്കാൻ. നിന്റെ കോർത്തു പിടിച്ച കൈപ്പത്തികൾ വിടർന്നു പോയെങ്കിലും ആ തൂവൽ സ്പർശം ഈ കൈകളിൽ ഉണ്ടാവും ഞാൻ തിരിച്ചു വരും വരെ”.

ആ വരവും മനസ്സിൽ ഓർത്ത് മാധവൻ കാറിൽ കയറി. കാറു നീങ്ങി. മനസ്സിലെ പുക പുറകോട്ടു തള്ളി പൊടി പറത്തിക്കൊണ്ട്…

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleബുക്കർ പുരസ്‌കാരം ‘ടൈം ഷെല്‍ട്ട’റിന്
Next articleകടന്നൽ പടയുടെ വരവ്
ജന്മനാല്‍ കപിലനൊരു ബ്രാഹ്മണന്‍. എന്നാല്‍ ഇന്നോ? ജീവിതത്തിന്‍റെ വഴിത്തിരുവുകളില്‍ അണിയിക്കപ്പെട്ട വിഭിന്ന മതാനുഷ്ഠാനങ്ങള്ക്ക് പാത്രീഭൂതനായി ജനിച്ച മണ്ണിന്റെ ഗന്ധം വെടിഞ്ഞു ഒരു പ്രവാസിയായി മാറിയ വെറുമൊരു മനുഷ്യജന്മം! ഈ ഇതളുകളിലെ സ്പന്ദനങ്ങള്‍ മാത്രം നികുഞ്ചത്തില്‍ ബാക്കി! ഒന്നുമാത്രം തോൾസഞ്ചിയിൽ നഷ്ടപ്പെടാതെ ഇത്രയും നാൾ കൊണ്ടു നടന്നു. എന്റെതെന്നു പറയാൻ എനിക്കിന്നും അവകാശപ്പെടുന്ന മഴിതീരാത്ത എന്റെ മഷിക്കുപ്പിയും, മഴിത്തണ്ടും പിന്നെ കുറേ എഴുത്തോലകളും. അക്ഷരാഭ്യാസം ശുദ്ധമായി തന്നെ അഭ്യസിപ്പിച്ച ആചാര്യന്മാരെ മനസ്സിൽ ധ്യാനിച്ച് വരദാനമായി കിട്ടിയ മഷിത്തണ്ടിൽ ബാക്കിയുള്ള മഷിത്തുള്ളികൾ ചാലിക്കുമ്പോൾ ഉതിരുന്ന അക്ഷരചിന്തകൾ ഇതാ എന്റെ എഴുത്തോലകളുടെ ഇതളുകളായി ഇവിടെ, മനസ്സിൽ കണ്ടത് മറക്കാതിരിക്കുവാൻ വേണ്ടി മാത്രം......

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here