ഇരുണ്ട ഭൂഖണ്ഡത്തിന്റെ മാറിൽ വലതുകാൽ വച്ച്

This post is part of the series ഓർമ്മകളിലൂടെ...

 

 

 

 

 

 

പുഴയുടെ എഴുത്തുകാരില്‍ സ്ഥിരം സാന്നിധ്യമായ അജയ് നാരായണന്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച, അധികം ആരും തന്നെ കൂടുതല്‍ അറിയപ്പെടാത്ത കെനിയ എന്ന രാജ്യത്തെക്കുറിച്ചും, തുടര്‍ന്ന് ലെസോതോ യിൽ 1991 മുതൽ തുടര്‍ന്ന ജീവിതത്തിന്റെ   ഭാഷ, സംസ്ക്കാരം, തുടങ്ങി നാനാവിധ മേഖലകളെക്കുറിച്ചും   അനേകം അറിവുകള്‍ നമുക്കായി പങ്കുവയ്ക്കുന്നു. ഔദ്യോഗികജീവിതത്തിലെ ഒട്ടേറെ അനുഭവങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.സൗത്ത് ആഫ്രിക്കന്‍ ചരിത്രത്തിന്റെ ചെറിയ രസകരമായ നുറുങ്ങുകളിലൂടെ നമുക്കും സഞ്ചരിക്കാം

————————————————————————————————–

കാലം! ജീവിതത്തിന്റെ അനുസ്യൂതപ്രവാഹത്തിൽ കാലം ഒരു കടങ്കഥയായി മാറി. തിരിഞ്ഞുനോക്കുമ്പോൾ ആദ്യം ഓർക്കേണ്ടത് എന്താവാം? എന്തിനോർക്കണം?

അതിജീവനത്തിന്റെ ഭാഗമായി ആഫ്രിക്കൻ മണ്ണിൽ ആദ്യമായി കാലുകുത്തുമ്പോൾ എന്തായിരുന്നു മനസ്സിൽ അലയടിച്ച വികാരവിചാരങ്ങൾ? ഓർത്തെടുക്കുക ശ്രമകരമാണ്. ഓർക്കാൻ ഒരുപാടുണ്ടുതാനും.

1988 ഏപ്രിൽ, വിഷുവിനുമുൻപേ ആണ് കൊച്ചിയിൽ നിന്നും ബോംബെയിലേക്ക് ഇന്ത്യൻ എയർവേസ്ന്റെ ഫ്ലൈറ്റിൽ രാവിലെ ബോംബെയ്ക്ക് പറന്നത്. ആദ്യത്തെ വിമാനയാത്ര! അവിടെ നിന്നും കെന്യഎയർവേസ്ന്റെ ഫ്ലൈറ്റിൽ കയറി നൈറോബിയിലേക്ക്.

പുതിയ ഭൂഖണ്ഡം, രാജ്യം, സംസ്കാരം, ഭാഷ ആർഷഭാരതസംസ്കാരത്തിന്റെ വർണ്ണപ്രഭയിൽ കുളിച്ച കിനാക്കളുമായി ഇരുണ്ട ഭൂഖണ്ഡമെന്ന് വായിച്ചറിഞ്ഞ നാട്ടിലേക്ക് നീലമേഘങ്ങൾക്കിടയിലൂടെ ഒരു യാത്ര! രണ്ടുകാലിൽ നില്ക്കാൻ, അസ്തിത്വം തേടിയുള്ള ഒരു യാത്ര.

എന്തൊക്കെ ആയിരുന്നു മനസ്സിൽ അന്നുണ്ടായിരുന്നത് എന്നോർത്തെടുക്കുക ശ്രമകരമാണ്. അന്യനാട്ടിലേക്ക്, ഒറ്റയ്ക്ക്. പക്ഷേ, പേടി ഉണ്ടായിരുന്നില്ല, കൗതുകം ഏറെയുണ്ടായിരുന്നുതാനും.

പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങളിലൂടെ മനസ്സിൽ വരച്ച ഛായാചിത്രമുണ്ട്. ഇരുണ്ട ഭൂഖണ്ഡം, മനുഷ്യരെ തിന്നുന്ന കാട്ടുജാതികൾ, പരിഷ്കാരം തൊട്ടുതീണ്ടാത്തവർ…  നൈജീരിയയിൽ താമസിച്ചിരുന്ന ഒരു കുട്ടി അവധിക്കു നാട്ടിൽ വന്നപ്പോൾ ട്യൂഷൻ എടുക്കാൻ എനിക്കവസരം ലഭിച്ചിരുന്നു. സമ്പന്നമായ നൈജീരിയയെ കുറിച്ച് അന്നെന്തോ പൊട്ടുംപൊടിയും കേട്ടിരുന്നു. ആഫ്രിക്കയുടെ മറ്റൊരുവശം. ഇദി അമീനെക്കുറിച്ചും കേട്ടിരുന്നു. വെള്ളക്കാരെ തച്ചോടിച്ച ധീരൻ!

“ഇരുണ്ട കരയിലെ വരണ്ട മണ്ണിൽ
കുഴച്ചെടുത്തൊരു രൂപം
ആര്യനു സ്വർണച്ചിറകു വിരിക്കാൻ
പടച്ചെടുത്തൊരു കാതൽ… “

അങ്ങനെ ഒരു മിശ്രിതരൂപത്തിലാണ് എന്റെ മനസ്സിലെ ആഫ്രിക്ക ഉണ്ടായിരുന്നത്. ഇത്തരുണത്തിലുള്ള ഒരു മണ്ണിലേക്ക് ഇതാ, ഞാനും വരുന്നു!

ആഫ്രിക്കൻമണ്ണിൽ കാലുകുത്തിയപ്പോൾ കണ്ടതോ, മറ്റൊരുലോകം! മലയാളം മാത്രം എഴുതി, വായിച്ചു, ചിന്തിച്ചു ജീവിച്ച ഒരു യുവാവിന്റെ സ്വപ്നത്തിനുമപ്പുറമായിരുന്നു കെനിയൻ മുഖങ്ങൾ! എല്ലാം പുതുമയോടെ കണ്ണുനിറച്ചു കണ്ടു. പേടിയോടെ അറിഞ്ഞു. അനുഭവിച്ചു. ഇരുണ്ട ഭൂഖണ്ഡത്തിന്റെ മനസ്സു കണ്ടു. അറിവും ക്ഷമയും നിറഞ്ഞ സംസ്കാരം മനസ്സിലാക്കാനും ശ്രമിച്ചു.

നൈറോബി ഒരു വല്ലാത്ത അനുഭവം സമ്മാനിച്ചു. തിരക്കിട്ട വീഥികൾ, അംബരചുംബികളായ ഭംഗിയുള്ള കെട്ടിടങ്ങൾ, എങ്ങും പുഷ്പങ്ങൾ.
ഊട്ടിയും മൂന്നാറും വീണ്ടും കണ്ടതുപോലെയൊരു അനുഭൂതി. ഇന്ത്യൻ വംശജർ കൊളോനിയൽ കാലത്തുതന്നെ കൊച്ചുകൊച്ചു വ്യവസായശ്രേണികളിലൂടെ കെന്യയുടെ സാമ്പത്തികമായ മുഖ്യധാരയിൽ എത്തിയിരുന്നു. ബ്രിട്ടീഷുകാർ കെന്യ വിട്ടപ്പോൾ ഇന്ത്യൻ വംശജർക്കു കൂടുതൽ അവസരങ്ങൾ കൈവന്നു.
അങ്ങനെയുള്ള നാട്ടിലേക്കാണ് ഞാനും ഒരു അധ്യാപകനായി, ഒരു ഇന്ത്യൻ വംശജന്റെ വിദ്യാലയശ്രേണികളിലൊന്നിൽ നിയമിതനായി നൈറോബിയിൽ വലതുകാലുവച്ചിറങ്ങിയത്.

നൈറോബിയിൽ രണ്ടു ദിവസം. അവിടെനിന്നും മെറു എന്ന ഒരു കൊച്ചുപട്ടണത്തിൽ രണ്ടുമാസം. പിന്നെ കിസുമു എന്ന നഗരത്തിൽ മൂന്നുവർഷം. അതിനിടയിൽ കെന്യയിലെ ആഭ്യന്തരകലഹം, ജീവനുപോലും അപകടം ഉണ്ടാവുന്ന സ്ഥിതി.
മലയാളികൾ സൗത്ത് ആഫ്രിക്കയിലേക്ക്, പുതിയ മേച്ചിൽപുറങ്ങൾ തേടി, പറക്കുന്ന കാലം. നെൽസൺ മണ്ടേല എന്ന മഹാപുരുഷൻ ജയിലിൽ തന്നെ. അധികാരക്കൈമാറ്റം അത്യന്താപേക്ഷിതമായ ഒരാവശ്യമായി അപ്പാർത്തേയ്ഡ് ഭരണകൂടത്തിനു തോന്നിത്തുടങ്ങിയ കാലം!

ല്സോത്തോ എന്ന കൊച്ചു രാജ്യത്തിലേക്ക് കടന്നാൽ അവിടെനിന്നും സൗത്ത് ആഫ്രിക്കയിലേക്ക് കടക്കാം. അതായിരുന്നു എന്റെയും ലക്ഷ്യം. സ്വർണത്തിന്റെയും വജ്രത്തിന്റെയും നാട്. അവസരങ്ങളുടെ നാട്. സമ്പത്തിന്റെ നാട്!

അങ്ങനെ, 1991 ഓഗസ്റ്റ്ൽ ല്സോത്തോ എന്ന നാട്ടിലേക്ക് പറന്നു. പുതിയഭൂമി, പുതിയ ആകാശം.അവിടെ എത്തിയതിൽ പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. അവസരങ്ങളുടെ പച്ചപ്പുൽമേടുകൾ തേടി എങ്ങോട്ടും കറങ്ങിയില്ല. കിട്ടിയതുകൊണ്ട് ആഘോഷിച്ചു. വല്ലാത്ത ഒരു നാടാണ് ല്സോത്തോ. എല്ലാം തന്നു. ജോലി സംബന്ധമായ, പഠനസംബന്ധമായ അവസരങ്ങൾ തേടിയെത്തിയപ്പോൾ കൈനീട്ടി വാങ്ങി പ്രസാദം! പ്രപിതാക്കൾ ചെയ്ത പുണ്യമാകാം.

ഇന്നിപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, ഭാരതീയ-ആഫ്രിക്കൻ സംസ്കാരത്തിന്റെ ഒരു സങ്കരമാണ് എന്റെ മൂല്യങ്ങളും വിശ്വാസങ്ങളും പെരുമാറ്റരീതികളും എന്നു കരുതുന്നു. മലയാളമണ്ണിൽ ജനിച്ചുവളർന്ന്, മലയാളത്തിൽ മാത്രം ചിന്തിച്ചിരുന്ന ഒരു സാധാരണ മലയാളി, കാലം കടന്നുപോയപ്പോൾ മറ്റൊരു രീതിയിൽ ചിന്തിച്ചു തുടങ്ങി. മലയാളം മറന്നേപോയി. കടന്നുവന്ന വഴികളും മാറിപ്പോയി. മുപ്പതുവർഷങ്ങൾക്കുള്ളിൽ ലോകം തന്നെ മാറിപ്പോയി, പിന്നെയാണോ ഒരു സാധാരണ ചെറുപ്പക്കാരന്റെ മനസ്സ്!

മുടങ്ങാതെ നടന്ന ഒരേയൊരു പ്രക്രിയ, പഠനമായിരുന്നു. അറിയുവാനും മനസ്സിലാക്കുവാനുമുള്ള ത്വര മനുഷ്യന് ജന്മസിദ്ധമാണ്. എന്റെ പലേ എഴുത്തുകളിലും കടന്നുവന്ന ബുദ്ധൻ, രാമൻ തുടങ്ങിയ ബിംബങ്ങളിലൂടെ എന്റെതന്നെ മനസ്സാണ് വരച്ചിട്ടുള്ളത്. അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. അപ്പോൾ, നടന്നുവന്ന പാതകളെ പിൻതള്ളി, മുന്നോട്ടു സ്വയം ഒരു പാത തീർത്തുകൊണ്ടേയിരുന്നു, ഞാൻ! ആ തിരക്കിൽ, പലതും മറന്നു. മലയാളഭാഷയും… എന്നു ഞാൻ കരുതി. എങ്കിലും, അത്ഭുതകരമെന്നു പറയാം. അതായിരുന്നില്ല വാസ്തവം!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസമുദ്ര സുന്ദരി
Next articleചൈത്രം
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

2 COMMENTS

  1. വളരെയധികം ഇഷ്ട്ടപ്പെട്ടു. അജയ്സാറിന്റെ ആഫ്രിക്കൻ ഓർമ്മയെഴുത്ത്. സുന്ദരം. പ്രവാസിയാകുന്ന മലയാളിയ്ക്ക് പ്രചോദനം നൽകുന്നവരികൾ. സാറിന് ആശംസകൾ.

  2. അതെ ഇരുണ്ടഭൂഖണ്ഡത്തിൻ്റെ മനസ്സുകണ്ടു കെനിയെകുറിച്ച് കൂടുതലറിയാൻ കാത്തിരിക്കുന്നു തുടരട്ടെ ഈ യാത്ര ആശംസകൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English