ഇനിയുള്ള ഓർമ്മ സൂരിയെ കാണാൻ പോയതാണ്.
നാട്ടിൽ ഞാൻ ട്യൂഷൻ എടുത്തിരുന്ന കുട്ടികളിൽ ഒരുവനായിരുന്നു മനോജ് (ഇന്ന് അവൻ ഡോ. മനോജ് ആണ്). ഇത്രയും വാചകമടിക്കുന്ന കുട്ടികൾ വേറെയില്ല ഞങ്ങടെ നാട്ടിൽ. പ്രസന്നവദനൻ, ഞാൻ ട്യൂഷൻ എടുക്കുമ്പോൾ അവൻ എന്നെ പലതും പഠിപ്പിച്ചു. എനിക്കു പ്രിയപ്പെട്ടവൻ.
അവന്റെ സ്വന്തം അമ്മാവനാണ് സൂരി. കിസുമുവിലായിരുന്നപ്പോൾ മനോജിന്റെ കത്തിൽ സൂരിയുടെ അഡ്രസ് ഉണ്ടായിരുന്നു. ആ മേൽവിലാസത്തിൽ എഴുതി, മറുപടിയും വന്നു.
അങ്ങനെ ഒരു ദിവസം സൂരിയെ കാണാൻ പുറപ്പെട്ടു. കിസുമുവിൽ നിന്നും കിറ്റാലെ. അവിടെ നിന്നും ടർക്വെൽ, ഏകദേശം 300 കിലോമീറ്റർ ദൂരെ എന്നാണോർമ്മ. കേൾക്കാൻ സുഖം. രണ്ടു ടാക്സി മാറിക്കേറണം. അടിപൊളി. പരിചയം ഇല്ലാത്ത നാട്ടിൽ, ഒറ്റയ്ക്ക്, ടാക്സിയിൽ. വരുംവരായ്ക അറിയാത്ത യാത്ര, ഒരു തൂവൽ പോലെ പറക്കാൻ എന്താ രസം! കെന്യയുടെ വിരിമാറിലൂടെ. ഇന്നും അത്തരം യാത്ര സ്വപ്നം കാണാറുണ്ട്. ആഫ്രിക്കൻ യാത്ര.
അതിന്റെ ഒരു സുഖം, വല്ലാത്തത് തന്നെ!
കിറ്റാലെ വരെയുള്ള യാത്ര പുതിയ അനുഭവമായിരുന്നു. പച്ചപ്പുകൾ കണ്ടു, പിന്നോട്ടോടുന്ന ഗ്രാമങ്ങളിലേക്ക് കണ്ണോടിച്ചു ടാക്സിയിൽ ഇരുന്നു. ടർക്വെലിലേക്കുള്ള യാത്ര കഠിനമായിരുന്നു. ഭൂപ്രകൃതി മാറി, വിജനമായ തരിശു ഭൂമിക്കിടയിലൂടെ, വളഞ്ഞു പുളഞ്ഞോടുന്ന പാമ്പ് പോലെ കറുത്ത റോഡ്, അതിലൂടെ ഒഴുകുന്ന ഞങ്ങളുടെ ടാക്സി. ഉത്കണ്ഠയുണ്ടായിരുന്നു മനസ്സുനിറയെ, എങ്കിലും കയ്യിലുള്ള അഡ്രസ്സും കാണാൻ പോകുന്നതൊരു ബന്ധുവിനെയുമാണ് എന്ന ചിന്തയും ധൈര്യമായിരുന്നു.
ടർക്വെൽ ഡാമിന്റെ പണി നടക്കുന്നതേ ഉണ്ടായിരുന്നുള്ളു. സൂരി അവിടെ ഫോർമാൻ.
അങ്ങനെ സൂരിയെ കണ്ടു. നാട്ടുകാരൻ, മരുമകന്റെ ട്യൂഷൻ മാസ്റ്റർ, ദൂരെനിന്നും വന്നയാൾ, മടുപ്പിക്കുന്ന തിരക്കിനിടയിൽ ഒരു മാറ്റം, കൗതുകം. അങ്ങനെ ഞാനും സൂരിയുടെ പരിചയവലയത്തിൽ പെട്ടു. സൂരിയുടെ വിടർന്ന ചിരിയും സ്നേഹം നിറഞ്ഞ പെരുമാറ്റവും മൃദുലഭാവവും കെന്യൻ ഓർമ്മകളെ മനോഹരമാക്കുന്നു.
രണ്ടുദിവസം പെട്ടെന്ന് കഴിഞ്ഞു. തിരികെ ഒരു യാത്ര. സൂരിയുടെ ഡ്രൈവർ കിറ്റാലെ വരെ കൊണ്ടുചെന്നാക്കി. സന്ധ്യ, അപരിചിതമായ നഗരം. പിറ്റേ ദിവസം രാവിലേ മാത്രമേ ടാക്സി ഉള്ളു. പെട്ടു.
പൊതുവെ, ടാക്സി റാങ്കുകൾ എല്ലാ തരികിടകളുടെയും കേളീസദനമാണ്. ആഫ്രിക്കൻ നഗരങ്ങളിലെ ടാക്സികളുടെ വിശ്രമകേന്ദ്രങ്ങളിൽ എന്തും നടക്കാം.
മദ്യവും വ്യഭിചാരവും അത്യാവശ്യം അടിപിടിയും സാധാരണ സംഭവം തന്നെ. അതിനു നടുവിലാണ് ഞാൻ ചെന്നുപെട്ടത്. അന്നത്തെ ചുറ്റുപാടിൽ ലോഡ്ജിൽ താമസിക്കുവാനും പാങ്ങില്ല. അതാലോചിച്ചില്ല എന്നതാണ് സത്യം.
പേടിയൊന്നും തോന്നിയില്ല. അറിവില്ലായ്മയും കൗതുകവും മാത്രമാണ് കൈമുതൽ.
അവിടെ വച്ചാണ് നാടൻ കെബാബ് (Kebab) ഉരുളക്കിഴങ്ങ് വറുത്തതിനൊപ്പം (French Fries) വിശപ്പോടെ ആസ്വദിച്ചത്.
അപരിചിതമായ ചുറ്റുപാടിൽ, അവിടെ ഉള്ളവരെ വിശ്വാസത്തിൽ എടുക്കുകയാണ് ഏറ്റവും പ്രധാനം. നമ്മളെ അവർ നോക്കിക്കോളും.
രാത്രിസുന്ദരികൾ സൗഹൃദത്തോടെ വിവരങ്ങൾ തിരക്കി. ഡ്രൈവർമാർ കരുതലോടെ ചുറ്റുമുണ്ടായിരുന്നു. ഞാൻ കയറേണ്ട ടാക്സിയ്ക്കകത്ത് ഇടയ്ക്ക് ചാരിക്കിടന്നു, തണുപ്പിനെ അടക്കി.
കിറ്റാലെയിലെ രാത്രി എനിക്ക് പുതിയ അനുഭവമായിരുന്നു.
നല്ല അനുഭവം,,
അന്ന് ഒറ്റത്തടിയായിരുന്നോ, അതാവും ഈ ധൈര്യത്തോടെയുള്ള യാത്ര,,
സ്നേഹം രാജേഷ് വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും
അതേ
മാഷേ ഇതൊരു സിനിമ ആക്കാമല്ലോ… വായനാസുഖം പറഞ്ഞറിയിക്കാൻ വയ്യ…. സുപ്പർ 🥰🥰അഭിനന്ദനങ്ങൾ 🌹
കൊള്ളാം ദേവൻ, സ്നേഹം
ഇത്ര മാറ്റർ മാത്രേ പറ്റൂ മാഷ് ഇത് ബുക്ക് ആക്കൂ.
Breakdown boring
എന്തുപറയട്ടെ, ദർശന.. പുസ്തകം ആവുമായിരിക്കും. പ്രാർത്ഥന
വായിച്ചു മാഷേ
പ്രവാസ ജീവിതത്തിന്റെ അനുഭവ പാഠങ്ങൾ
അതേ രേഖ, നന്ദി
വളരെ നല്ല വിശകലനം ഇനിയും വായിക്കുവാനുള്ള ജിജ്ഞാസ ഉണർത്തി. അനുമോദനങ്ങൾ