This post is part of the series ഇരുണ്ടഭൂഖണ്ടത്തിന്റെ മാറില്‍ വലതു കാല്‍ വച്ച്
Other posts in this series:
- ഇരുണ്ടഭൂഖണ്ടത്തിന്റെ മാറില്‍ വലതു കാല്‍ വച്ച് -മുപ്പത്
- ഇരുണ്ടഭൂഖണ്ടത്തിന്റെ മാറില്‍ വലതു കാല്‍ വച്ച് – ഇരുപത്തിയൊന്‍പത് (Current)

LCD പിന്നെയും പിളർന്ന് ഡെമോക്രറ്റിക് കോൺഗ്രസ് (DC), ഓൾ ബസോത്തോ കോൺഗ്രസ് (ABC) ആയി പിരിഞ്ഞ്, പാർട്ടികൾ പിന്നെയും വേറെ ഉണ്ടായി. ഓരോ പിളർപ്പും സാധാരണ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് സംഭവിക്കുക. അങ്ങനെ ഇവിടത്തെ രാഷ്ട്രീയവും കൂടിക്കുഴഞ്ഞ ഒരു അവിയൽ പരുവമാണ്.
നമ്മുടെ കേരള മോഡൽ പോലെ, പല പാർട്ടികൾ ഒരുമിച്ച് കൈകോർക്കുന്ന ഒരു രീതിയും ഉണ്ട്. ഭൂരിപക്ഷം ചേർന്നു സർക്കാർ രൂപീകരിക്കുവാൻ അത് ആവശ്യവുമാണ്. ഒറ്റ രാഷ്ട്രീയപാർട്ടിക്ക് ഭൂരിപക്ഷം കിട്ടുന്ന അവസ്ഥ ഇന്നത്തെ സ്വതന്ത്ര ജനാധിപത്യരാഷ്ട്രങ്ങളിൽ അത്ര എളുപ്പവുമല്ല. എല്ലാവർക്കും പ്രാതിനിധ്യം ഉണ്ടാവുക എന്നതും നല്ലതാണല്ലോ, അങ്ങനെയാവുമ്പോൾ ന്യൂനപക്ഷത്തിന്റെ സ്വരവും ശ്രദ്ധിക്കപ്പെടും.
ഈ വിപ്ലവം ഒതുങ്ങിയപ്പോൾ നാടാകെ മാറി എന്നുപറയാം. വളരെയേറെ കെട്ടിടങ്ങൾ മസേരുവിൽ പ്രത്യക്ഷമായത് ഒരു പുനരുദ്ധാരണത്തിന്റെ ഭാഗമായിട്ടായിരുന്നു. മുൻപെല്ലാം മിക്കവാറും അതിർത്തി കടന്നു സൗത്ത് ആഫ്രിക്കയിലെ ലേഡിബ്രാന്റിൽ പൊയ്ക്കൊണ്ടിരുന്നു. ഇരുപത് കിലോമീറ്റർ ദൂരെയുള്ള ആ കൊച്ചുപട്ടണത്തിൽ ശനിയാഴ്ചകളിൽ ഒരു ഡ്രൈവ് പതിവാണ്, പലർക്കും. അവിടെവച്ചാവും മസേരുവിലെ പരിചിതവലയങ്ങളെ കണ്ടു സൗഹൃദം പുതുക്കുക.
ല്സോത്തോയിലെ രാഷ്‌ടീയപ്രശ്നങ്ങൾ ഒതുങ്ങിയതിനുശേഷം അത്ഭുതകരമായി മസേരു വളർന്നു. സാമ്പത്തികമായി ലേഡിബ്രാന്റിന് അതൊരു അടിയായിരുന്നു. ജോലി, ഷോപ്പിംഗ്, ബാങ്കിംഗ്, ഒരു ദിവസത്തെ വിനോദം എന്നിങ്ങനെ പലേ കാര്യങ്ങൾക്കും വളരെയധികം ആളുകൾ സൗത്ത് ആഫ്രിക്കയിലെ ആ നഗരത്തിലേക്കായിരുന്നു ഒഴുകിയിരുന്നത്. ഇന്ന് ആ ഒഴുക്ക് ഇങ്ങോട്ടാണ്.
വലിയൊരു കൊടുങ്കാറ്റിനുശേഷം, ജീവിതം വലിയ അല്ലലില്ലാതെ കഴിയുന്ന ഘട്ടത്തിലാണ് ഡേവിഡ് മക്കേയ് (David Mackay) എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനെ പരിചയപ്പെടുന്നത്.
കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കുവാനുള്ള അവസരം എനിക്ക് കിട്ടിയത് 2002 ജൂലൈ മാസത്തിൽ. ആദ്യത്തെ കോൺഫറൻസ് അനുഭവം. അന്നാണ് നീൽ ജോഫ്രേ ട്യൂറോക്കിനെ (Neil Geoffrey Turrok) പരിചയപ്പെട്ടത്. ല്സോത്തോയിൽ നിന്നും ഒരാൾ വന്നിരിക്കുന്നു എന്നു മുൻകൂട്ടിയറിഞ്ഞു തേടിപ്പിടിച്ചുവന്നതാണ്.
സംഭവം എന്താന്നുവച്ചാൽ, നീലിന്റെ പിതാവ് സൌത്ത് ആഫ്രിക്കൻ സമരങ്ങളിൽ പങ്കെടുത്ത ഒരു പോരാളി ആയിരുന്നു. ആ ഘട്ടത്തിൽ മറ്റേതൊരു വിപ്ലവകാരികളെയും പോലെ, അറസ്റ്റ് ഒഴിവാക്കാൻ ല്സോത്തോയിൽ അദ്ദേഹം കുറച്ചുനാൾ താമസമാക്കി. ഈ ഘട്ടത്തിൽ വിദ്യാർഥി ആയിരുന്ന നീൽ പഠിക്കുവാൻ ചേർന്നത് സെയ്ന്റ് ജോസഫ് സ്‌കൂളിലായിരുന്നു. അങ്ങനെ ല്സോത്തോയുമായി ഒരു ആത്മബന്ധം നീലിനുണ്ട്. നീലിന്റെ പിതാവ് രാഷ്ട്രീയാഭയം തേടി ഇംഗ്ലണ്ടിൽ എത്തിയപ്പോൾ, നീൽ അവിടെയെത്തി പഠനം തുടർന്നു. ഉപരിപഠനം നടത്തിയത് Cosmology യിൽ. ഞാൻ കാണുന്ന വേളയിൽ അദ്ദേഹം കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ പ്രഫസ്സർ ആയിരുന്നു.
ആഫ്രിക്കയോടുള്ള ആത്മബന്ധം കൊണ്ട് AIMS (African Institute for Maths and Science) എന്ന പേരിൽ സൗത്ത് ആഫ്രിക്കയിലെ കേപ്പ് ടൗണിൽ ഒരു വിദ്യാഭ്യാസസ്ഥാപനം തുടങ്ങിയിരുന്നു നീലും അക്കാദമിക തലത്തിലെ സുഹൃത്തുക്കളും കൂടി. ല്സോത്തോയിൽ അതിന്റെ ഒരു ശാഖ തുടങ്ങുവാനുള്ള സാധ്യത അറിയണം. ഇതാണ് നീലിന്റെ മോഹം. മനോഹരമായ ഒരു അവസരമാണ് നാടിനുവേണ്ടി ഉണ്ടായിരിക്കുന്നത്. നിർഭാഗ്യവശാൽ എനിക്ക് ഇവിടെയുള്ള ഏക സർവ്വകലാശാലയുമായി (NUL) എനിക്ക് അധികം ബന്ധവുമില്ല. അത് വേറൊരു ലോകമാണ്. എങ്കിലും ഒന്നു ശ്രമിക്കാമെന്ന് ഞാനും കരുതി.
ഇന്റർനെറ്റ് ഇവിടെ സാർവ്വത്രികമായിട്ടില്ല. ഒരു പുതിയ ലോകം വിരൽത്തുമ്പിൽ വിരിഞ്ഞുവരുന്നു. അതിലൂടെയുള്ള സംവേദനം ബഹുദൂരം അതിവേഗം തന്നെയാണ്, സംശയം വേണ്ട!
കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ കോൺഫറൻസ് പങ്കെടുത്തു. ഒരു വല്ലാത്ത ലോകമാണ് അവിടെ. പറയാനും ഏറെയുണ്ട്. ഓർമ്മയിലുള്ള കാംബ്രിഡ്ജ് അതിസുന്ദരമാണ്. അവിടെയുള്ള Botanical Garden, ഒരു വിദ്യാർത്ഥി രൂപകല്പന ചെയ്ത കൊച്ചുപാലം, പ്രാർത്ഥനാലയം എല്ലാം ഓർമ്മയിലുണ്ട്. ഏതു നിമിഷവും തുള്ളിത്തുളുമ്പുന്ന മഴമേഘങ്ങൾ മറ്റൊരനുഭവം ആയിരുന്നു. അന്ന് സെൽ ഫോൺ ക്യാമറ ഇല്ല. കൈയിൽ ഒരു പൊട്ട ക്യാമറ ഉണ്ടായിരുന്നു. പലതും അതിൽ ഒപ്പിയെടുത്തു, ഓർമ്മയ്ക്കായി.
കോൺഫറൻസിൽ പങ്കെടുത്തവരിൽ ഓർമ്മയിൽ തങ്ങുന്ന മറ്റൊരു മുഖം എഡിന്റേതാണ്, എഡ് ആപ്പിൾഗേറ്റ് (Ed Applegate). അധ്യാപകനായി അവൻ ചേർന്നേയുള്ളു. പിന്നീട് അവൻ പുരോഹിതമാർഗ്ഗം സ്വീകരിച്ചു USA യിലേക്ക് കുടിയേറി. അവന്റെ മാതാപിതാക്കൾ സൗത്ത് ആഫ്രിക്കയിൽ ഒരു NGO പ്രസ്ഥാനം തുടങ്ങി താഴേക്കിടയിലുള്ള ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. എഡ് പറഞ്ഞ ഒരു കാര്യം മനസ്സിൽ കിടപ്പുണ്ട്, ലോകത്തിലെ ഏറ്റവും സമ്പന്നമായ നാടാണ് ഇംഗ്ലണ്ട്! അപ്പോൾ തോന്നിയ വികാരം രോഷമായിരുന്നു. കള്ളന്മാർ! ലോകത്തുള്ളതെല്ലാം കവർന്നെടുത്തു തനതാക്കിയിട്ട്… മിണ്ടിയില്ല, ഒന്നും.
എഡ് പ്രസന്നവദനനായ ഒരു നല്ല യുവാവാണ്. അവൻ ചില ഭാഗങ്ങളിൽ കൊണ്ടുപോയി ചരിത്രപരമായ പ്രാധാന്യം പറഞ്ഞതന്നു. ഓരോ കല്ലിനുമുണ്ട് അവരുടെ കഥ പറയാൻ. എല്ലാ സ്മാരകങ്ങളും ഭംഗിയായി സൂക്ഷിച്ചുവച്ചിരിക്കുന്നു. ഭൂതകാലത്തോട് ഇത്രയും അഭിനിവേശമുള്ള ജനത വേറെയുണ്ടാവില്ല.
അവിടെയാണ്, നമ്മൾ ഒരു ലോകപരാജയം എന്നു തോന്നുന്നത്. പണ്ട്, ഗാമ കാപ്പാട് കടപ്പുറത്ത് വന്നപ്പോൾ ഓർമ്മയ്ക്കായെന്നോ നാട്ടിയ കല്ല് ദേശാഭിമാനത്തിന്റെ പേരിൽ കുറേ ചെറുപ്പക്കാർ പിഴുതുമാറ്റിയ ആധുനിക ചരിത്രവും നമുക്കുണ്ട്. ചരിത്രത്തോടുള്ള ബഹുമാനം കാത്തുസൂക്ഷിക്കേണ്ടത് ഒരു ആവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ കാംബ്രിഡ്ജ് അനുഭവം പലതുകൊണ്ടും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാനും സഹായിച്ചു.
തുടർന്ന് വായിക്കുക :
ഇരുണ്ടഭൂഖണ്ടത്തിന്റെ മാറില്‍ വലതു കാല്‍ വച്ച് -മുപ്പത്
Click this button or press Ctrl+G to toggle between Malayalam and English