മരുഭൂമിയിൽ ഗതിയില്ലാതെ അലഞ്ഞിരുന്ന എനിക്കു ദാഹജലവുമായി വന്നൊരു മാലാഖയായിരുന്നു തമ്പിസ്സാർ. എന്റെ ഗുരു.
ഒരവസരമാണ് അദ്ദേഹം നീട്ടിയത്. അദ്ദേഹത്തിനു ഒരു സുഹൃത്തുണ്ട്, കെന്യയിൽ. ശ്രീ. ഡിക്രൂസ്. അദ്ദേഹം വിചാരിച്ചാൽ അധ്യാപകനായി ജോലി കിട്ടും. കേട്ട് തൊഴുതു നിന്നു.
ജീവിതത്തിൽ ആദ്യമായി കൈവന്ന സുവർണ്ണാവസരം. വർഷം 1988.
വെള്ളത്തിൽ മുങ്ങിത്താഴുന്ന അവസ്ഥയിലായിരുന്നല്ലോ ഞാൻ. സാറിന്റെ ഉറ്റസുഹൃത്ത്, ഡിക്രൂസ് കെന്യയിലെ ഒരു വിദ്യാലയ ശ്രേണിയുടെ വലിയ ഒരു കണ്ണിയും നൈറോബിയിലെ ഒരു സ്ക്കൂളിന്റെ പ്രിൻസിപ്പലും ആയിരുന്നു.
തമ്പിസ്സറിന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന് ഞാൻ കാര്യങ്ങൾ കാണിച്ചു കത്തെഴുതി. സർട്ടിഫിക്കറ്റുകളുടെ കോപ്പികളും. കാര്യങ്ങൾ എടുപിടീന്ന് നടന്നു. സ്വന്തം നാട്ടീന്നു പോകാൻ എന്നേ തയ്യാറായ മനസ്സ്!
1988 മെയ് മാസം മൂന്നാം തീയതി. ആദ്യമായി വിമാനത്തിൽ കയറിയപ്പോൾ, കൊച്ചി ഐലണ്ടിൽ നിന്നും ബോംബെയിലേക്ക് പറന്നപ്പോൾ മനസ്സ് മന്ത്രിച്ചത് ഓർമയുണ്ട്,
“ഇതാ, സ്വർണച്ചിറകുമായ് ഞാൻ വരുന്നു, കാത്തിരിക്കുക… ”
വാക്കുകളാൽ മിനാരം പണിത, കിനാവിൽ കവിതകൾ നെയ്ത, നിലാവിൽ പ്രണയം വായിച്ചെടുത്ത ഒരു സാധാരണ ചെറുപ്പക്കാരൻ. അത്യാവശ്യം ഇംഗ്ലീഷ് പറഞ്ഞു പിടിച്ചുനിൽക്കാം. ഫ്ലൈറ്റിൽ പ്രത്യേകിച്ചൊരു തടസ്സവുമുണ്ടായില്ല. യെസ്, നോ എന്നൊക്കെ കാച്ചിയാൽ മതിയല്ലോ.
ഡിക്രൂസ് സർ ടിക്കറ്റ് അയച്ചുതന്നിരുന്നു. ദൈവത്തിന്റെ കയ്യൊപ്പുപതിഞ്ഞ ടിക്കറ്റ്!
ബോംബെ ഇന്റർനാഷണൽ എയർപോർട്ടിൽ കസ്റ്റംസ് ക്ലീയറൻസ് കഴിഞ്ഞ് ലോഞ്ചിൽ ഇരുന്നപ്പോൾ മനസ്സ് കിടുങ്ങി. പലനിറത്തിലും രൂപത്തിലും ഭാവത്തിലും ഒരുപാട് മനുഷ്യർ. പലനാട്ടിൽ നിന്നും വന്നു ഏതൊക്കെയോ നാടുകളിലേക്ക് പോകുവാൻ താൽക്കാലികമായ ഒരു വിശ്രമവേദി. അത്രേയുള്ളു ഏതൊരു എയർപോർട്ടിലെയും ലൗഞ്ചുകൾ.
ചുറ്റിലും നോക്കി. പല മുഖങ്ങൾ. കൗതുകത്തോടെ അറിഞ്ഞു. അവരിൽ ആഫ്രിക്കൻ മുഖമുള്ളവർ അനവധി. വലിയ ശരീരം, മിക്കവാറും ഉരുണ്ട മുഖത്ത് തടിച്ച ചുണ്ടും ചെറിയ കണ്ണുകളും. ചുരുണ്ടമുടിയങ്ങനെ കാണുമ്പോൾ, ഒന്നു തൊട്ടു നോക്കിയാലോ എന്ന് തോന്നിപ്പോയി.
സ്ഥിരം സിനിമാപ്പാട്ടുമൂളുന്ന രീതിയുണ്ടായിരുന്നു അന്ന് (ഇന്നും!). അവരെക്കണ്ടപ്പോൾ മൂളിയോ, തൊട്ടേനെ ഞാൻ മനസ്സുകൊണ്ട്…, ആവോ, ആർക്കറിയാം.
ആഫ്രിക്കയെ അറിയണം. ഇനി അതാണ് ജീവിതം. അറിയണമെങ്കിലോ ആഫ്രിക്കൻ മനുഷ്യരെ പഠിക്കണം.
പ്രധാനമായും മൂന്നുതരം മനുഷ്യരാശികളാണത്രേ ഭൂമിയിൽ ഉള്ളത്. നെഗ്രോയിഡ്, കോക്കസോയ്ഡ്, മോംഗലോയ്ഡ്.
ജീവിക്കുന്ന മണ്ണിനും അന്തരീക്ഷത്തിനും അനുസരിച്ചു ചില മാറ്റങ്ങൾ ശരീരത്തിനും മനസ്സിനും ഉണ്ടാകും, അതിജീവനത്തിനത്യാവശ്യം തന്നെ. ആഫ്രിക്കൻ മണ്ണിലേക്ക് സൂര്യനിൽ നിന്നും പതിക്കുന്ന അൾട്രാ-വയലറ്റ് രശ്മികളെ അതിജീവിക്കാൻ മെലോനിൻ എന്ന പിഗ്മെന്റ് ഒരു സുരക്ഷാവലയം ആണ്. അതുകൊണ്ട് ആഫ്രിക്കൻ മക്കൾക്ക് ഇരുണ്ടനിറം അത്യന്താപേക്ഷിതമാണ്.
യൂറോപ്പിലെ മനുഷ്യർക്ക് അതിന്റെ ആവശ്യമില്ലാത്തതിനാൽ വിളറിയ തൊലിയാണ് അവർക്കുള്ളത്. അവരെന്നിട്ടും വരേണ്യരായി സ്വയം കരുതി. മറ്റു വംശജരെ അടിമകളാക്കി.
അങ്ങനെയുള്ള ആഫ്രിക്കൻമണ്ണിലേക്കിതാ ഞാൻ വരുന്നു. നിങ്ങടെ മണ്ണിലേക്ക്.
പണ്ട്, എട്ടാംക്ലാസ്സിൽ (St. George High School, Edappally) ആഫ്രിക്കയുടെ ചരിത്രം സാമൂഹ്യപാഠത്തിൽ സിസ്റ്റർ ആൻസി പഠിപ്പിക്കുമ്പോൾ അയൽക്കാരനും കളിക്കൂട്ടുകാരനുമായ ജോർജ്കുട്ടിയുമായി സ്വകാര്യം പറഞ്ഞതും ഓർമ്മ വരുന്നു.
‘ഇരുണ്ട ഭൂഖണ്ഡത്തിൽ നമുക്കുപോകാം. ഡോക്ടർ ആയി പാവപ്പെട്ട ആ മനുഷ്യരെ ചികിൽസിക്കാൻ, സഹായിക്കാൻ…!’
അവനും തലകുലുക്കി. പൊന്നിൻനാവോ കരിനാവോ പേക്കിനാവോ…, ആഫ്രിക്കയുടെ നെഞ്ചിലേക്കിതാ ഞാനും വരുന്നു. അറിയാത്ത ഭാഷയും സംസ്കാരവും ചരിത്രവുമുള്ള നാട്ടിലേക്ക്. ഡോക്ടർ അല്ല. നിങ്ങളെ ചികിൽസിക്കുവാനും അല്ല. എനിക്കു ജീവിക്കാൻ, രണ്ടുകാലിൽ നിൽക്കാൻ മാത്രം! ജന്മം തന്ന നാടിനോട് വിട.
കയ്യിലുള്ളത് കുറച്ചു ബിരുദങ്ങൾ. പിടിച്ചുനിന്നേ മതിയാകൂ എന്ന വാശിയും കൈമുതലായി ഒപ്പം കൂട്ടി.
“വിടപറയും മുൻപൊരു വിഷാദഗീതം കൂടിയുണ്ടോ”, മനസ്സേ? ഇല്ല! ഉത്കണ്ഠാകുലമായിരുന്നു മനസ്സ് എന്ന് തോന്നുന്നു. മൂളിപ്പാട്ടു പാടുവാനുള്ള മൂഡില്ലായിരുന്നു.
പിറ്റേദിവസം മെയ് 4നു രാവിലെ നൈറോബിയിൽ ഫ്ലൈറ്റ് ലാൻഡ്ചെയ്തു. കസ്റ്റംസ് ഓഫീസിനു മുൻപിൽ വരിയിൽ ചേർന്നപ്പോഴാണ് സംഗതിയുടെ ഗൗരവം ഉള്ളിൽ ആഴ്ന്നിറങ്ങിയത്. ഒറ്റയ്ക്ക്, അന്യനാട്ടിൽ. അതിന്റെ ചൂടിൽ നന്നായി വിയർത്തു. എങ്കിലും ആത്മവിശ്വാസം പുഞ്ചിരിയിൽ നിറച്ചുവച്ചു.
നൈറോബി വിമാനത്താവളത്തിൽ ഡിക്രൂസ് സർ എന്നെ കാത്തുനിൽപ്പുണ്ടായിരുന്നു.
കറുത്ത കരുത്തുറ്റ മണ്ണിൽ കാലുകുത്തുമ്പോൾ തോന്നിയ ആശ്വാസം വലുതായിരുന്നു. കൂടെ ഒരാളുണ്ട്. എല്ലാം അദ്ദേഹം നോക്കിക്കൊള്ളും. അല്ലെങ്കിലും, കൈപിടിച്ചു നടത്താൻ ആളുണ്ടെങ്കിൽ നിങ്ങൾ ഒഴുക്കിനൊത്തു പോയാൽ മതി. ഗതിവിഗതികൾ നിങ്ങളുടെ നിയന്ത്രണത്തിൽ അല്ലേയല്ല!