പ്രതീക്ഷ, കുന്നോളം! അവസരം കൺമുന്നിൽ. നൈറോബി കാത്തുനിൽക്കുന്നു. കൂടെ ദൈവം ഉണ്ട്. പല ചെറുപ്പക്കാർക്കും ഇത്തരം അവസ്ഥകളിൽ ഓരോ ദൈവവും കൂടെയുണ്ടാകും.
കയ്യിൽ ഏതെങ്കിലും ഒരു അയൽവക്കക്കാരന്റെയോ അകന്ന ബന്ധുവിന്റെയോ അഡ്രസ് കാണും. പോകുവാനുള്ള ധൈര്യംമാത്രമാണ് കൈമുതൽ!
അല്ല, ദൈവാധീനംകൊണ്ട് നന്നായവരുടെ ചരിത്രവും പ്രവാസികൾക്കുണ്ടല്ലോ. എന്റെ കാര്യത്തിൽ ചെറിയ വ്യത്യാസം, എനിക്കു ടിക്കറ്റ് തന്നു, ജോലിയും തന്നു ഡിക്രൂസ് സർ എന്നതാണ്.
തിരിഞ്ഞുനോക്കുമ്പോൾ ഞാൻ ചെയ്തപുണ്യം എന്റെ സ്വന്തമല്ല, മറ്റുള്ളവരുടെ പുണ്യം എന്റെ കയ്യിലേക്ക് കടമായി കിട്ടിയതാണ്…
ഡിക്രൂസ് സാറിനൊപ്പം അദ്ദേഹത്തിന്റെ കാറിൽ ഗമയിൽ ഇരിക്കുമ്പോൾ തീർച്ചയായും ഇത്തരം മനോവിചാരങ്ങളോ ദാർശനീകചിന്തകളോ മനസ്സിൽ ഉണ്ടായിരുന്നില്ല, സത്യം! ചുറ്റിലും കണ്ണോടിച്ചു കാഴ്ചകളെ ഉള്ളിലേക്കാവാഹിക്കുവാൻമാത്രമു ള്ള ത്വര അടങ്ങാത്ത ദാഹമായി.
നൈറോബി ഒറ്റനോട്ടത്തിൽ ഒരു ഇന്ത്യ തന്നെ. റോഡുകൾക്ക് ഇരുവശങ്ങളിലും സുന്ദരമായ പൂന്തോട്ടങ്ങൾ. പലനിറങ്ങളിൽ ബോഗൈൻവില്ലപ്പൂക്കൾ മുകളിലേക്ക് പടർന്നുകേറുന്നു. താഴെ നിത്യകല്യാണികളും പോപ്പികളും. ഊട്ടിയോ കൊടൈക്കനാലോ വിദ്യാർത്ഥിയായിരിക്കുമ്പോൾ കണ്ട കാഴ്ചകൾ. പല വീടുകളും കുന്നിൻചരുവുകളിൽ തന്നെ.
ഞാൻ അവിടെ വന്നിറങ്ങുന്ന കാലം ഡാനിയേൽ അരാപ് മോയ് (Daniel Arap Moi) എന്നൊരു നേതാവാണ് കെന്യയുടെ പ്രസിഡന്റ് (1978 – 2002). ഒരു അദ്ധ്യാപകനായിരുന്നു അദ്ദേഹം എന്നത് എനിക്കു വ്യക്തിപരമായ ഒരു സന്തോഷവും അഭിമാനവും നൽകി.
ആഫ്രിക്കൻ നാടുകളിൽ പലയിടത്തും അദ്ധ്യാപനവൃത്തിയിൽ കഴിയുന്നവർ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന കാഴ്ച ഒരു കൗതുകത്തോടെയാണ് ഞാനും നിരീക്ഷിച്ചത്. ല്സോത്തോയെ സംബന്ധിച്ചും അത് കുറെയൊക്കെ ശരിയുമായിരുന്നു.
കെന്യയുടെ ചരിത്രം, സംസ്കാരം ജീവിതരീതി തുടങ്ങിയവ ഗ്രീക്ക്, റോമൻ, സിറിയൻ, പെർഷ്യൻ അധിനിവേശവുമായി ബന്ധമുണ്ട്. പുരാതീനകാലം മുതലേ ആ നാടുകളുമായി ബന്ധപ്പെട്ടതിനാൽ, കിസ്വാഹിലി (സ്വാഹിലി എന്നും പറയും) എന്ന ഭാഷ അന്യഭാഷകളിൽനിന്നും കടംകൊണ്ട പദങ്ങൾ ഏറെയുണ്ടുതാനും (ഉദാ. കലാമു– പേന, അസ്‌കാരി – പട്ടാളക്കാരൻ, മ്വാളീമൂ – ടീച്ചർ തുടങ്ങിയ പദങ്ങൾക്ക് അറബിഭാഷയുമായി ബന്ധം ഉണ്ട്).
മോംബാസ എന്ന തീരപ്രദേശം വഴി പല ദേശക്കാരും കെന്യയിലേക്ക് വരികയും സാംസ്‌കാരികമായും ഭാഷാപരമായും പരസ്പരം ഇടകലരുകയും ചെയ്തിരുന്നതായി ചരിത്രം പറയുന്നു.
‘കലം’ തുടങ്ങിയ ഹിന്ദി പദങ്ങൾ ഭാരതീയരും അറബിനാട്ടിൽനിന്നും കടംകൊണ്ടിരുന്നുവല്ലോ. ഈ ഒരു അറിവുകൊണ്ട്, കെന്യയോട് ഒരു മാതൃബന്ധവും തോന്നിയിരുന്നു.
ബാണ്ടു (Bantu) ഗോത്രഭാഷയാണ് സ്വാഹിലി (Swahili). ആ ഭാഷയിൽ ആശയങ്ങൾ കൈമാറുന്ന നാടുകളിൽ കെന്യയ്ക്കൊപ്പം യുഗാണ്ട, താൻസാനിയ തുടങ്ങിയവയും ഉണ്ട്.
ഇവരുടെ നാട്ടിലേക്ക് ഏറെ പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഭാരതീയരും വന്നുചേർന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും കൂലികളായി വന്നുചേർന്നവരിൽ ഗുജറാത്തികളും പഞ്ചാബികളും ഏറെയുണ്ട്. അതുകൊണ്ടുതന്നെ ഏറെ ഗുരുദ്വാറുകളും ക്ഷേത്രങ്ങളും അവിടെ ഉണ്ടായിരുന്നു.
കിസുമുവിൽ ഞാൻ ജോലിചെയ്തിരുന്നകാലത്ത്, തൊട്ടടുത്തുള്ള ഗുരുദ്വാറിൽ ചില വെള്ളിയാഴ്‌ചകളിൽ ഉച്ചഭക്ഷണം അവിടെനിന്നായിരുന്നു. സ്വാദിഷ്ടമായ പഞ്ചാബി ചപ്പാത്തി, ഒരു പ്രത്യേക ചേരുവയിലുള്ള മാങ്ങാ അച്ചാർ, കാശ്മീരി പുലാവ്, ഖീർ അങ്ങനെ ചിലതെല്ലാം ആദ്യമായി സ്വാദറിഞ്ഞത് ഈ ഗുരുദ്വാറിൽ നിന്നുമായിരുന്നു.
സദ്യ കഴിഞ്ഞാൽ ചിലപ്പോൾ മധുരപലഹാരങ്ങൾ പൊതിഞ്ഞുകെട്ടിത്തരും പ്രായം ചെന്ന ചില പഞ്ചാബി അമ്മമാർ.
ആ സ്നേഹം ഇപ്പൊഴും ഓർമയിൽ നിറഞ്ഞുനിൽക്കുന്നുവല്ലോ! അവിടെനിന്നും പഠിച്ച പാഠങ്ങളിൽ ഒന്ന് അതായിരുന്നു, മതവും ജാതിയും ഏതായാലും ഭക്ഷണം നന്നായാൽ മതി, അത് സ്നേഹത്തോടെ വച്ചുനീട്ടിയാൽ മതി.
ഈ വികാരമായിരുന്നു എന്റെ ബർഗർ കവിതയിലും പിന്നീട് ഞാൻ എഴുതിയത്,
“വെൺമേഘപ്പാളിയിൽ നിന്നും
തൂളിവീണ ഒരു കാവ്യശകലംപോലെ,
ഒരു നറുനിലാവ് പോലെ,
ഒരു നെയ്ത്തിരിനാളംപോലെ
യവനനു നിവേദിച്ചു
അവൻ, പ്രസാദം…”.
ജീവൻ നിലനിർത്തുവാൻ മാത്രമല്ല, ജീവിതം മുൻപോട്ടുകൊണ്ടുപോകുവാനും ഭക്ഷണം വേണമല്ലോ. നിറഞ്ഞമനസ്സോടെ ഒരാൾ വച്ചുനീട്ടുമ്പോൾ ഒരു നൈവേദ്യംപോലെ കൈനീട്ടി വാങ്ങണം. ആഫ്രിക്കൻ സംസ്കാരത്തിലെ ആദ്യപാഠം അതാണ്.
========
സുതാര്യതയുള്ള എഴുത്ത്. പിന്നെയും പിന്നെയും വായിക്കാൻ പ്രേരിപ്പിക്കുന്നു. ആശംസകൾ.